കർക്കടത്തിലെ സവിശേഷമായ മുപ്പെട്ടു വെള്ളി , ഇങ്ങനെ മഹാലക്ഷ്മിയെ ഭജിച്ചാൽ സാമ്പത്തിക അഭിവൃദ്ധി
Mail This Article
ഇന്ന് കർക്കടമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച , അതായത് മുപ്പെട്ടു വെള്ളി ദിനം. ഈ ദിനത്തിൽ ലക്ഷ്മീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ സഹായകമാകും എന്നാണ് വിശ്വാസം. സാമ്പത്തിക ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കാത്തവർ വിരളമാണ്. കരുതലോടെ ജീവിച്ചാലും ചില സമയങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടാം. ലക്ഷ്മീദേവിയ്ക്ക് പ്രാധാന്യമുള്ള ഈ ദിനത്തിൽ ലക്ഷ്മീ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് സവിശേഷ ഫലദായകമാണ് .
സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ' ഓം ശ്രിയൈ നമ: ' എന്ന മന്ത്രം 108 തവണ ജപിക്കുക. ലളിതാസഹസ്രനാമം, കനകധാരാസ്തോത്രം എന്നിവ പാരായണം ചെയ്യുക . സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും മഹാലക്ഷ്മ്യഷ്ടകം മൂന്ന് തവണ ജപിക്കുക. ദേവീമാഹാത്മ്യം, മഹാലക്ഷ്മീ സ്തവം എന്നിവ ജപിക്കുന്നതും അത്യുത്തമം.
മഹാലക്ഷ്മീ പ്രീതികരമായ മന്ത്രങ്ങളിൽ ഏറ്റവും പ്രധാനമാണ് മഹാലക്ഷ്മ്യഷ്ടകം. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാര്‍ക്കും തുല്യപ്രാധാന്യത്തോടെ വേണം ഇത് ജപിക്കാൻ. ധനലക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്രമോചനവും ധൈര്യലക്ഷ്മിയാൽ അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാൽ അറിവും കീർത്തിലക്ഷ്മിയാൽ സമൃദ്ധിയും വിജയലക്ഷ്മിയാൽ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാൽ സ്ഥാനമാനവും നമുക്ക് ലഭിക്കും എന്നാണ് വിശ്വാസം . നിലവിളക്കിന് തെളിച്ചു നമസ്കരിച്ചു ശേഷം അതിനു മുന്നിലിരുന്നു ജപിക്കുന്നത് അതീവ ഫലദായകമാണ്.
( ധനലക്ഷ്മി- ധനലബ്ധി /ഐശ്വര്യം )
നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
(ധാന്യലക്ഷ്മിധാന്യലബ്ധി/ദാരിദ്ര്യരാഹിത്യം)
നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
സർവപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
(ധൈര്യലക്ഷ്മി - ധൈര്യലബ്ധി /അംഗീകാരം)
സർവജ്ഞേ സർവവരദേ, സർവദുഷ്ടഭയങ്കരീ
സർവദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
(ശൗര്യലക്ഷ്മി - ശൌര്യലബ്ധി /ആത്മവീര്യം)
സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
മന്ത്രമൂര്‍ത്തേ സദാ ദേവീ മഹാലക്ഷ്മീ നമോസ്തു തേ
(വിദ്യാലക്ഷ്മി - വിദ്യാലബ്ധി / അഭിവൃദ്ധി)
ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
(കീർത്തിലക്ഷ്മി കീര്‍ത്തിലബ്ധി/വൈപുല്യം)
സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
(വിജയലക്ഷ്മി - വിജയലബ്ധി / ശാന്തി)
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
( രാജലക്ഷ്മി -രാജലബ്ധി / സ്ഥാനമാനം )
ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതർ മഹാലക്ഷ്മീ നമോസ്തുതേ
English Summary : Significance of Muppettu Velli in Karkidakam