ADVERTISEMENT

മഴ മാറി നിന്ന കർക്കടകപ്പുലരിയിൽ വടക്കുന്നാഥ ക്ഷേത്രത്തിൽ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി ആനയൂട്ട്. ക്ഷേത്രവളപ്പിൽ തെക്കേഗോപുര നടയ്ക്കു സമീപമായി നിരന്നു നിന്ന ആനകളെ സമൃദ്ധമായി ഉൗട്ടിയതോടെ തെളിഞ്ഞ മാനം പോലെ ജനങ്ങളുടെ മനവും നിറഞ്ഞു. തിരുവമ്പാടി ലക്ഷ്മിക്കുട്ടി എന്ന പിടിയാനയ്ക്ക് ആദ്യ ഉരുള നൽകി വടക്കുന്നാഥ ക്ഷേത്രം മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി രാവിലെ 9.30ന് ആനയൂട്ടിനു തുടക്കമിട്ടു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, എറണാകുളം ശിവകുമാർ, കുട്ടൻകുളങ്ങര അർജുനൻ, പുതുപ്പള്ളി കേശവൻ തുടങ്ങി 52 ആനകൾ പങ്കെടുത്തു. 5 പിടിയാനകളുമുണ്ടായിരുന്നു. സുഖചികിത്സയ്ക്കിടെ പ്രത്യേക അനുമതിയോടെ ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളും ആനയൂട്ടിനെത്തി. 

ശർക്കര, നെയ്യ്, നാളികേരം, കരിമ്പ്, അരി എന്നിവ ചേർത്ത പ്രത്യേക ആയുർവേദ ഉരുളയും പലതരം പഴങ്ങളുമാണ് ആനകൾക്കു നൽകിയത്. പുലർച്ചെ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്ട്രദ്രവ്യ മഹാഗണപതി ഹോമത്തോടെയായിരുന്നു ചടങ്ങുകൾക്കു തുടക്കം. 7500 പേർക്ക് അന്നദാനവും ഒരുക്കിയിരുന്നു.‌ അവധി ദിനമായതിനാൽ സ്കൂൾ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ആനയൂട്ട് കാണാനെത്തിയത്.

മന്ത്രി കെ.രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ എംപി, പി.ബാലചന്ദ്രൻ എംഎൽഎ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ, അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, കലക്ടർ വി.ആർ. കൃഷ്ണതേജ, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി.കെ.വിജയൻ, വ്യവസായ പ്രമുഖരായ ടി.എസ്. കല്യാണരാമൻ, ടി.എസ്. പട്ടാഭിരാമൻ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി.എ. സുന്ദർമേനോൻ, സെക്രട്ടറി കെ.ഗിരീഷ്, കൊച്ചിൻ ദേവസ്വം സെക്രട്ടറി ബിന്ദു, വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ, ദേവസ്വം മാനേജർ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

Content Summary: Aanayoottu of Sree Vadakkunnathan Temple on July 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com