ADVERTISEMENT

ഫെങ് ഷൂയി പ്രകാരം ചില പ്രത്യേക മൃഗങ്ങളുടെ രൂപങ്ങൾ വീട്ടിൽ വയ്ക്കുന്നത് ഗുണഫലങ്ങളെ ആകർഷിക്കും. പച്ചനിറത്തിലുള്ള വ്യാളിയുടെയും ചുവന്ന ഫീനിക്സിന്റെയും വെളുത്ത കടുവയുടെയും കറുത്ത ആമയുടെയുമൊക്കെ രൂപങ്ങളാണ് അവയിൽ എടുത്തുപറയേണ്ടത്. ഇതിൽ തന്നെ ആമകൾക്ക് വളരെയധികം മുൻതൂക്കവും നൽകുന്നുണ്ട്. ചൈനീസ് വാസ്തുശാസ്ത്ര പ്രകാരം ദീർഘായുസ്സിന്റെ പ്രതീകവും ആത്മീയതയ്ക്ക് പ്രാധാന്യമുള്ള ജീവിയുമായാണ് ആമയെ കണക്കാക്കുന്നത്. ആരോഗ്യത്തോടൊപ്പം വീടിനുള്ളിൽ പോസിറ്റിവിറ്റിയും നിറയ്ക്കാൻ കൃത്യമായി ഇടങ്ങളിൽ ആമയെ വയ്ക്കുന്നതിലൂടെ സാധിക്കും.

ആമകളെ വയ്ക്കേണ്ട ഇടം

സമ്പത്തിനെയാണ് ആമ സൂചിപ്പിക്കുന്നത്. വീട്ടിലോ ഓഫീസിലോ സ്ഫടികത്തിൽ തീർത്ത ആമയുടെ പ്രതിമ വയ്ക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടാനുള്ള ഊർജ്ജവും സാമ്പത്തിക സ്ഥിതിക്ക് അനുകൂലമായ അന്തരീക്ഷവും സൃഷ്ടിക്കപ്പെടുന്നു. വാസ്തു സംബന്ധമായ ദോഷങ്ങളെ അകറ്റിനിർത്താനും ഇത് സഹായിക്കും. വടക്കു ദിക്കിന് അഭിമുഖമായി ഇത്തരം ആമ പ്രതിമകൾ വയ്ക്കുന്നതാണ് ഏറ്റവും അനുയോജ്യം. 

തടിയിൽ തീർത്ത ആമയാണെങ്കിൽ കിഴക്കു ദിക്കിനോ തെക്കു-കിഴക്കു ദിക്കിനോ അഭിമുഖമായി വയ്ക്കാം. ലോഹത്തിൽ തീർത്ത ആമയെ വടക്ക്, വടക്കു പടിഞ്ഞാറ് എന്നീ ദിശകളിലാണ് വയ്ക്കേണ്ടത്. ഇവ പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ ഏകാഗ്രത നൽകാൻ സഹായിക്കും. കല്ലിൽ തീർത്ത രൂപം പടിഞ്ഞാറ് ഭാഗത്തേയ്ക്ക് തിരിച്ചു വയ്ക്കണം. മണ്ണിലാണ് തീർത്തിരിക്കുന്നതെങ്കിൽ വടക്കു-കിഴക്ക്, തെക്കു-പടിഞ്ഞാറ് എന്നിവ അനുയോജ്യമാണ്. 

വ്യത്യസ്ത ഇടങ്ങളിൽ ആമയെ വയ്ക്കുന്നതിന്റെ ഗുണങ്ങൾ

• കിടപ്പുമുറിയിൽ ആമയെ സൂക്ഷിച്ചാൽ ഉറക്കമില്ലായ്മ, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളെ ലഘൂകരിക്കാൻ അത് സഹായിക്കും.

• സമ്പത്തിന്റെ ദിക്കായതുകൊണ്ടുതന്നെ വടക്കേ മൂലയിൽ ആമയെ വയ്ക്കുന്നത് ധന നേട്ടത്തിനും തൊഴിൽ മേഖലയിലെ പുരോഗതിക്കും വഴിതെളിക്കും.

• പ്രധാന വാതിലിനു സമീപം ആമ പ്രതിമ സ്ഥാപിക്കുന്നത് നെഗറ്റീവ് എനർജി അകറ്റിനിർത്താൻ സഹായിക്കുന്നു.

• ലോഹത്തിൽ തീർത്ത ആമ പ്രതിമയുടെ പാദം മുങ്ങത്തക്ക വിധത്തിൽ വെള്ളത്തിൽ സ്ഥാപിക്കുന്നത് സന്തോഷവും അഭിവൃദ്ധിയും കുടുംബത്തിൽ വന്നു നിറയുന്നതിന് സഹായിക്കും.

അനുയോജ്യമായ ആമയെ തെരഞ്ഞെടുക്കാം

അലങ്കാര വസ്തുക്കൾ എന്ന നിലയിലും ഭാഗ്യചിഹ്നങ്ങൾ എന്ന നിലയിലും വ്യത്യസ്ത തരത്തിലുള്ള ആമ പ്രതിമകൾ വിപണിയിൽ ഇപ്പോൾ സുലഭമാണ്. ഒരെണ്ണം മാത്രമുള്ളതും ഒന്നിലധികം എണ്ണം ഒരുമിച്ച് നിൽക്കുന്നതുമെല്ലാം ഇതിൽ ഉൾപ്പെടും. കുടുംബ ബന്ധത്തിൽ ദൃഢത ഇല്ലാത്ത അവസ്ഥയാണെങ്കിൽ ഇരട്ട ആമകളെയാണ് വീട്ടിൽ വയ്ക്കേണ്ടത്. ചെറുതും വലുതുമായ ആമകൾ ഉൾപ്പെടുന്ന ഒരു കുടുംബത്തെ സൂചിപ്പിക്കുന്ന രൂപങ്ങളുമുണ്ട്. അവ തെക്കുപടിഞ്ഞാറ് ദിശയിൽ വയ്ക്കുന്നത് കുടുംബാന്തരീക്ഷം മെച്ചപ്പെടുത്താൻ സഹായിക്കും. തൊഴിൽ മേഖലയിലെ ഉയർച്ചയ്ക്കായി ചൈനീസ് നാണയം വായിൽ വച്ചിരിക്കുന്ന രൂപത്തിലുള്ള ആമയുടെ പ്രതിമ ലിവിങ് റൂമിലോ ജോലി ചെയ്യുന്ന സ്ഥലത്തോ വയ്ക്കുന്നത് ഗുണം ചെയ്യും. പെൺ ആമയുടെ രൂപം വിശേഷിച്ചും കുടുംബത്തെയും കുട്ടികളെയും പ്രതിനിധാനം ചെയ്യുന്നു. കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ പ്രതിമ വയ്ക്കാവുന്നതാണ്. 

ആമയെ വയ്ക്കാൻ അനുയോജ്യമായ ദിനങ്ങൾ

വാസ്തുവിദഗ്ധരുടെ അഭിപ്രായങ്ങൾ പ്രകാരം ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളാണ് വീടിനുള്ളിൽ അമ്മയുടെ പ്രതിമ വയ്ക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിനങ്ങൾ.

സമ്പത്തും സന്തോഷവും നിറയുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ ആയുസ്സിനും ആരോഗ്യത്തിനും ഒരു കവചമായി പ്രവർത്തിക്കാനുള്ള സിദ്ധിയും ആമകൾക്ക് ഉണ്ടെന്നാണ് ഫെങ് ഷൂയി പ്രകാരമുള്ള വിശ്വാസം. കുടുംബാംഗങ്ങൾക്കിടയിലെ അസ്വാരസ്യങ്ങൾക്ക് അവസാനം കുറിക്കാനും കുടുംബ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാനും ആമയുടെ സാന്നിധ്യം സഹായിക്കും.

ഇവയ്ക്ക് പുറമേ ആമയുടെ പെയിന്റിങോ മറ്റു കലാസൃഷ്ടികളോ സ്ഥാപിക്കുന്നതും വീടിനുള്ളിൽ പോസിറ്റീവ് ഊർജ്ജം നിറയാൻ സഹായകമാണ്. അതുകൊണ്ടുതന്നെ വേണ്ടപ്പെട്ടവർക്ക് ഗൃഹപ്രവേശ സമയത്ത് സമ്മാനങ്ങൾ നൽകാൻ ഏറ്റവും ഉചിതമായ ഒന്നുകൂടിയാണ് ആമകൾ. എന്നാൽ ബാത്റൂം, അടുക്കള എന്നിവിടങ്ങളിൽ ഒരിക്കലും ആമയെ സ്ഥാപിക്കരുത്.

English Summary:

Feng Shui tortoise: Vastu tips to bring wealth and luck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com