90–ാം വയസ്സിലും പെരുമാൾ മലകയറി; അയ്യനെ കാണാൻ
Mail This Article
നേരെ നിൽക്കാൻ ദേഹബലം ഇല്ലെങ്കിലും 90ാം വയസ്സിലും നടന്നു നീലിമലയും അപ്പാച്ചിമേടും കയറി അയ്യപ്പ ദർശനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പോണ്ടിച്ചേരി സ്വദേശി പെരുമാൾ. വാർധക്യത്തെ തുടർന്ന് പെരുമാളിന്റെ ദേഹം 90 ഡിഗ്രി വളഞ്ഞു. കൂനിയാണു നടക്കുന്നത്. നിവർന്നു നിൽക്കാനും കഴിയില്ല . എങ്കിലും ശബരിമല എത്തി അയ്യപ്പ ദർശനം നടത്തണമെന്നത് അതിയായ ആഗ്രഹമായിരുന്നു. 4 വർഷമായി മണ്ഡല കാലത്ത് വ്രതം നോക്കിയെങ്കിലും സന്നിധാനത്ത് എത്തി ദർശനം നടത്താൻ കഴിഞ്ഞില്ല.
ഇത്തവണ പെരുമാളിന്റെ ആഗ്രഹം സഫലമാക്കാൻ ജേഷ്ഠസഹോദരന്റെ മകൻ മുരുകേശൻ തയാറായി. പോണ്ടിച്ചേരിയിൽ നിന്നു കെട്ടുനിറച്ച് ശനിയാഴ്ച പുറപ്പെട്ടു. ഇന്നലെ പുലർച്ചെ പമ്പയിൽ എത്തി. രണ്ടര മണിക്കൂർ കൊണ്ട് മലകയറി. നീലിമലയും അപ്പാച്ചിമേടും കയറിയപ്പോൾ 8 സ്ഥലത്ത് ഇരുന്നു വിശ്രമിച്ചു. അല്ലാതെ കുഴപ്പം ഒന്നും ഇല്ലെന്ന് മുരുകേശൻ ഓർക്കുന്നു,പതിനെട്ടാംപടി കയറി വന്ന പെരുമാളിനു ഉദ്യോഗസ്ഥർ ദർശനത്തിനു പ്രത്യേക സൗകര്യം ഒരുക്കി. ദർശനത്തിനു ശേഷം കേന്ദ്ര ദുരന്തനിവാരണ സേനാംഗങ്ങൾ തിരുമുറ്റത്തു നിന്ന് എടുത്ത് സ്റ്റാഫ് ഗേറ്റ് വഴി താഴെ ഇറക്കി. നടന്നാണ് പെരുമാൾ മലയിറങ്ങിയതും.