ADVERTISEMENT

കണ്ടകശ്ശനി കൊണ്ടേ പോകൂ എന്നൊരു ചൊല്ലുണ്ട്, ശനിയുടെ അപഹാരകാലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കണ്ടകശ്ശനിയെ പറ്റി എല്ലാവർക്കും അറിയാം. എന്നാൽ കണ്ടകശ്ശനിയോളം വരില്ലെങ്കിലും ശനിയുടെ അപഹാരകാലമായ ഏഴരശ്ശനിയെ പറ്റി അധികം ആർക്കും അറിവില്ല.

ഒരാള്‍ ജനിച്ച കൂറിന്റെ പന്ത്രണ്ടിലും ജനിച്ചകൂറിലും ജനനക്കൂറിന്റെ രണ്ടിലും ഗ്രഹചാരവശാല്‍ ശനി വരുന്ന തുടര്‍ച്ചയായ ഏഴരവര്‍ഷത്തെയാണ്‌ ഏഴരശ്ശനി എന്നു പറയുന്നത്‌. എന്നാൽ എല്ലാ ശനിദശയും ഭയക്കേണ്ട ഒന്നല്ല, ഒരു വ്യക്തിയുടെ ഗ്രഹനിലയില്‍ ശനി ഇഷ്‌്‌ഭാവത്തിലാണ്‌ സ്ഥിതി ചെയ്യുന്നതെങ്കില്‍ അയാളുടെ ജീവിതത്തില്‍ ഏറ്റവുമധികം ഗുണഫലങ്ങള്‍ ലഭിക്കുന്നത്‌ ശനിദശാകാലത്തായിരിക്കും.

എന്നാൽ ഏതൊരു ശനിദശ കാലത്തെയും പോലെ ഏഴരശ്ശനിയിലും ചില ദോഷങ്ങൾ സ്വാഭാവികമാണ്. പൊതുവായ ചില ഫലങ്ങൾ ഇപ്രകാരമാണ്. എല്ലാ കാര്യങ്ങള്‍ക്കും തടസ്സം നേരിടുക, വലിയ രീതിയിലുള്ള അലസത, സമയനഷ്ടം, ധനനഷ്ടം, ദാരിദ്ര്യം, താൻ ആരുമല്ലെന്ന തോന്നൽ, സ്ഥാനം നഷ്ടപ്പെടുക, മറ്റുള്ളവരാല്‍ അപമാനിക്കപ്പെടുക, ജോലിനഷ്ടപ്പെടുക, അർഹത ഉണ്ടായിട്ടും ജോലി ലഭിക്കാന്‍ താമസം, അന്യദേശത്ത്‌ ജോലി ലഭിക്കുക, മുന്‍കോപം, ദുഷിച്ച ചിന്തകള്‍, കുറ്റം ഏല്‍ക്കേണ്ടി വരിക, ബന്ധുക്കളും മാതാപിതാക്കളും ഭാര്യാപുത്രാദികളുമായി കലഹം, കേസില്‍ അകപ്പെടുക, കോടതി കയറുക, ജയില്‍വാസം, വീടിനു കേടുപാടുകള്‍ സംഭവിക്കുക, വീടു വില്‍ക്കേണ്ടി വരിക, രോഗം, മരണം എന്നിവയെല്ലാം തന്നെ ഏഴരശ്ശനിയുടെ ഫലങ്ങളാണ്.

എന്നാൽ ഏഴരശ്ശനിക്കാലത്തിലൂടെ കടന്നു പോയെന്നുകരുതി ഇവയെല്ലാം തന്നെ അനുഭവിക്കണം എന്നില്ല. ഇവിടെയും ദശാപഹാരങ്ങള്‍ നല്ലതാണെങ്കില്‍ ദോഷം കുറഞ്ഞിരിക്കും. അതിനാൽ ഭയക്കേണ്ട കാര്യമില്ല. ശനിദശ വിദ്യാഭ്യാസക്കാലത്ത്‌ വരികയാണെങ്കില്‍ വിദ്യാഭ്യാസത്തില്‍ മടി കാണിക്കാം. അപ്പോഴപ്പോള്‍ പരിഹാരം ചെയ്യണം. 19 കൊല്ലമാണ്‌ ശനിദശ. ശനിദശകഴിയുന്ന സമയം ശനി ആ വ്യക്തിക്ക് ഗുണം ചെയ്യും എന്ന് പറയപ്പെടുന്നു.

പരിഹാരങ്ങള്‍
ശനിയുടെ ദോഷങ്ങൾ കുറയ്ക്കാൻ പരിഹാരമാർഗങ്ങൾ ചെയ്യാം. ശനിപ്രീതി വരുത്തുക, ഹനുമാനെ സേവിക്കുക, ശാസ്‌താവിന്‌ എള്ളുതിരി കത്തിയ്‌ക്കുക. കറുത്ത എള്ളും, വെള്ള തുണിയും കഴുകി ഉണക്കി പൂജാമുറിയില്‍ സൂക്ഷിയ്‌ക്കുന്നത് മികച്ച ഫലം ചെയ്യും. ശനിയാഴ്‌ച രാവിലെ ഒരു ചെറിയ എള്ളുകിഴി ഉണ്ടാക്കി എള്ളെണ്ണയില്‍ മുക്കിപ്പിഴിഞ്ഞ്‌ മണ്‍വിളക്കില്‍ വെച്ച്‌ കത്തിക്കുന്നത് ഗുണം ചെയ്യും. എള്ളുതിരി കത്തുന്ന ഗന്ധം ശ്വസിക്കുന്നത് ശനിദോഷം കുറയ്ക്കും എന്നും പറയപ്പെടുന്നു. കറുപ്പ്, നീല വസ്ത്രങ്ങൾ ധരിക്കുന്നതും നല്ലതാണ്.

English Summary:

The Effects of Ezhara Shani Dosha And Its Remedies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com