ആറ്റുകാൽ പൊങ്കാല; ദേവിയുടെ ഇഷ്ട വഴിപാടിനായി ലക്ഷം നാരികൾ അനന്തപുരിയിൽ
Mail This Article
നാടും നഗരവും ഉണർത്തി ആറ്റുകാൽ പൊങ്കാലയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കവെ പൊങ്കാല വിഭവങ്ങൾ ഒരുക്കാനുള്ള തയാറെടുപ്പിലാണു ഭക്തർ. തെരളിയുണ്ടാക്കാനുള്ള ഇലകളും ഈർക്കിലുകളുമെല്ലാം മുക്കിലും മൂലയിലും നിരന്നുകഴിഞ്ഞു. തെരളിയപ്പം, മണ്ടപ്പുറ്റ്, പൊങ്കാലപ്പായസം, വെള്ളപ്പായസം എന്നിവയാണ് പൊങ്കാലയിലെ പ്രധാന വിഭവങ്ങൾ. നഗരത്തിലെ കടകളിലും മാർജിൻ ഫ്രീ ഷോപ്പുകളിലും പൊങ്കാല സാധനങ്ങൾ വാങ്ങാനുള്ള തിരക്കാണ്. ബിഗ്ഷോപ്പറുകളിൽ പ്രത്യേക വിലക്കിഴിവിൽ പൊങ്കാല സാധനങ്ങൾ കിട്ടും. ക്ഷേത്ര പരിസരത്തും പത്തു കിലോമീറ്റർ ചുറ്റളവിലും നിരവധി കടകൾ ഇതിനായി പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
പൊങ്കാലപ്പായസം
ആറ്റുകാൽ പൊങ്കാലയിലെ പ്രധാന വഴിപാടുകളിലൊന്നാണ് പൊങ്കാല പായസം. മൺകലത്തിലാണ് പൊങ്കാല. കാര്യസാധ്യത്തിനായി 1000 മൺകലത്തിലും നൂറു മൺകലത്തിലും വരെ പൊങ്കാലയിടുന്നവരുണ്ട്. നിലത്ത് അടുപ്പുകൂട്ടി പുത്തൻകലത്തിലാണ് പൊങ്കാലയിടുന്നത്. പച്ചരി (ചമ്പാപച്ചരിയാണെങ്കിൽ നല്ലത്), കാൽക്കിലോ അരിക്ക് അരക്കിലോ ശർക്കര, തേങ്ങ ചിരകിയത്, കലത്തിന്രെ വലുപ്പം അനുസരിച്ച് വെളളം, നെയ്യ്, കിസ്മിസ്, ഏലയ്ക്ക എന്നിവ വേണം. പാത്രത്തിൽ വെള്ളം തിളയ്ക്കുമ്പോൾ അരിയിടണം. അരിവെന്തു കഴിയുമ്പോൾ ശർക്കരയിടണം. ഇതുവറ്റി വരാറാകുമ്പോൾ തേങ്ങ ചിരകിയത് ചേർക്കാം.ശേഷം ഏലയ്ക്കാപ്പൊടി, കിസ്മിസ്, നെയ്യ് എന്നിവ ചേർക്കണം. ഇവയെല്ലാം ഇളക്കി കലത്തിൽവച്ച് വേവിച്ചെടുക്കാം.
തെരളിയപ്പം
ആറ്റുകാൽദേവിയുടെ ഇഷ്ട വഴിപാടുകളിലൊന്നാണ് തെരളിയപ്പം. കാര്യസാധ്യത്തിനു ഉത്തമ വഴിപാടെന്നാണ് വിശ്വാസം. അരിപ്പൊടി, ശർക്കര, പഴയം, ഏലയ്ക്കാപ്പൊടി, തെരളിയില എന്നിവയാണ് തെരളിയപ്പം ഉണ്ടാക്കാൻ വേണ്ടത്. വറുത്ത അരിപ്പൊടിയിൽ ചീകിയ രണ്ടു കപ്പ് ശർക്കര ചേർക്കണം. ചെറുചൂടുവെള്ളത്തിൽ ഇതു കുഴച്ചെടുക്കണം. അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർക്കണം. ഇവ കുഴച്ച് തെരളിയിലയിൽ നിറയ്ക്കണം. തെരളിയില കുമ്പിൾ പോലെയും മടക്കിയുമെടുക്കാം. ഓരോ തെരളിയപ്പവും ഈർക്കിലിൽ മാലപ്പോലെ കോർത്തെടുക്കുന്നവരുമുണ്ട്. ഇഡലി പാത്രത്തിലാണു വേവിച്ചെടുക്കേണ്ടത്. നല്ലതുപോലെ വെന്തശേഷം പുറത്തെടുക്കാം.
മണ്ടപ്പുറ്റ്
തലവേദന വരുന്നവർക്കുള്ള നേർച്ചയാണ് മണ്ടപ്പുറ്റ്. ചെറുപയർ വറുത്തു പൊടിച്ചത്, അരിപ്പൊടി, ശർക്കര, തേങ്ങ ചിരകിയത്, ഏലയ്ക്കാപ്പൊടി എന്നിവയാണ് വേണ്ട വിഭവങ്ങൾ. വറുത്തുപൊടിച്ച ചെറുപയറിലേക്ക് പാകത്തിനു ചിരകിയ ശർക്കരയും അരിപ്പൊടിയും ചേർക്കണം. അര മുതൽ മുക്കാൽ ടീസ്പൂൺ വരെ ഏലയ്ക്കാപ്പൊടിയും ചേർക്കാം. ചെറുചൂടുവെള്ളത്തിൽ എല്ലാം കുഴച്ച് കൈകൊണ്ട് വലിയ ഉരുളയാക്കിയെടുക്കണം. ഇവ ആവിയിൽ വേവിച്ചെടുക്കാം. ഇരുപത് മിനിറ്റ് സമയം വേവാൻ വേണ്ടിവരും.
വെള്ളപ്പായസം
വിവിധ നേർച്ചകൾക്കായി വെള്ളപ്പായസം നേരുന്നവരുണ്ട്. ചമ്പാ പച്ചരിയും അരമുറി തേങ്ങയുമാണ് തയ്യാറാക്കാൻ വേണ്ടത്. കലത്തിൽ വെള്ളം തിളച്ച് വരുമ്പോൾ അരിയിടാം. അരി മുക്കാൽ ഭാഗമായിവെന്ത് കഴിയുമ്പോൾ തേങ്ങയിടാം. വേണമെങ്കിൽ നെയ്യും ചേർക്കാം. വറ്റിവരുമ്പോൾ അടച്ചുവയ്ക്കണം.