ADVERTISEMENT

വെഞ്ചാമരം വീശലെന്ന കലയെ അടുത്തറിയാം

സ്റ്റെപ് 1
പൂരം എഴുന്നള്ളിപ്പിൽ മേളത്തിനു കാലം മാറുമ്പോഴാണു വെഞ്ചാമരം ഉയർത്തേണ്ടത്. പഞ്ചവാദ്യത്തിലാണെങ്കിൽ ഓരോ താളവട്ടം തുടങ്ങുമ്പോഴും വെഞ്ചാമരം വീശണം. ആനപ്പുറത്തു കോലമേന്തുന്നയാളുടെയും കുടപിടിക്കുന്നയാളുടെയും പിന്നിലാണു വെഞ്ചാമരം വീശുന്നയാളുടെ സ്ഥാനം. അതിനും പിന്നിൽ ആലവട്ടമേന്തുന്നയാൾ.

സ്റ്റെപ് 2
മേളത്തിനു കാലം മാറുന്നതിന്റെ സൂചനയായി കൊമ്പു വിളികേൾക്കും. വെഞ്ചാമരം ഏന്തുന്നയാൾ ഈ സമയം ആനപ്പുറത്ത് ഇരുവശത്തേക്കും കാലുകളുറപ്പിച്ചു നില തെറ്റാതെ നിൽക്കണം. ഇരുകൈകളിലുമായി താഴേക്കു തൂക്കിയിട്ട വെഞ്ചാമരം താളത്തിലൊന്നാട്ടി മുന്നിലേക്കു വീശി മുകളിലേക്കുയർത്തണം. മെല്ലെയൊന്നു കുലുക്കി കറക്കുമ്പോൾ വെഞ്ചാമരം പൂങ്കുല പോലെ വിടരും. ആലവട്ടവും പിന്നിലുയരും.

സ്റ്റെപ് 3
ഏതാനും നിമിഷത്തിനു ശേഷം വെഞ്ചാമരം തിരികെ താഴേക്കു വീശിയെടുത്തു പിന്നിലേക്കു കൊണ്ടുപോകണം. കൈക്കുഴകൾ കറക്കി വെഞ്ചാമരത്തെ പിന്നിലൂടെ ഉയർത്തിപ്പിടിക്കണം. ആനയുടെ മുതുകിന്റെ ഇരുവശത്തുമായിരിക്കും വെഞ്ചാമരം ഉയർന്നു നിൽക്കുക. ഈ സമയമെല്ലാം ആലവട്ടം പിന്നിൽ ഉയർന്നു നിശ്ചലമായി നിൽക്കും. 

സ്റ്റെപ് 4
പിന്നിലുയർന്നു നിൽക്കുന്ന വെഞ്ചാമരത്തെ താഴ്ത്തിവീശിയ ശേഷം മുന്നിലേക്ക് ഉയർത്തണം. വെഞ്ചാമരത്തിന്റെ കതിര് (പിടി) വീശുന്നയാളുടെ തലയ്ക്കു മുകളിൽ നിൽക്കണം. കൈക്കുഴ ഉപയോഗിച്ചു വെഞ്ചാമരം ഇരു ദിശയിലേക്കും കറക്ക‍ിക്കുലുക്കുമ്പോൾ ചാമരം വിടർന്നു നിൽക്കും.

സ്റ്റെപ് 5
വെഞ്ചാമരം താഴ്ത്തുന്ന ഘട്ടമാണിത്. ഉയർത്തുന്നതും വീശുന്നതും പിന്നിലേക്കു കറക്കുന്നതുമെല്ലാം അൽപം വേഗത്തിലാണെങ്കിലും താഴ്ത്തുന്നതു കലാപരമായി വേഗം കുറച്ചാണ്. വെഞ്ചാമരം താഴ്ത്തി താഴേക്കു തൂക്കിയിട‍ും, കാലം വീണ്ടും മാറുംവരെ. കൂട്ടിക്കൊട്ടലിന്റെ എണ്ണമനുസരിച്ച് ഓരോ എഴുന്നള്ളിപ്പിനും വെഞ്ചാമരം വീശുന്നതിന്റെ എണ്ണവും മാറും. വെഞ്ചാമരം താഴുമ്പോൾ ആലവട്ടവും ഒപ്പം താഴും.

English Summary:

Mastering the Traditional Art of Waving the Venjaram at Pooram Festivals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com