ADVERTISEMENT

ധനു 1 മുതൽ 29 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

അശ്വതി:
ആരോഗ്യപരമായി ചില വൈഷമ്യങ്ങൾ ഉണ്ടായേക്കാം. അലർജി രോഗങ്ങൾ കൂടുതൽ ബുദ്ധിമുട്ടിക്കും. ജോലി സ്ഥലങ്ങളിൽ നിന്നും അപ്രിയ അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത. വാഹനയാത്ര നന്നായി ശ്രദ്ധിച്ചു ചെയ്യുക. ശത്രുക്കളെ കരുതിയിരിക്കുക.

ഭരണി: പകർച വ്യാധികളാൽ ദോഷാനുഭവങ്ങൾ ഉണ്ടാകും. അപ്രതീക്ഷിതമായി കൈവരുന്ന മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. സാമ്പത്തിക ഇടപാടിൽ പിഴവുകൾ വരാതെ നോക്കണം. അസ്ഥിരോഗങ്ങൾ വർധിക്കും. ഈശ്വര ഭജനം മുടങ്ങാതെ നടത്തുവാൻ ശ്രദ്ധിക്കുക.

കാർത്തിക: പ്രയോജനമില്ലാത്ത കാര്യങ്ങളിൽെപട്ട് സമയനഷ്ടവും സാമ്പത്തിക നഷ്ടവും സഹിക്കേണ്ടതായി വരും. സർക്കാർ ഉദ്യോഗസ്ഥർക്ക് അശ്രദ്ധ കൊണ്ട് സ്ഥാനചലനം ഏൽക്കേണ്ടതായി വരാൻ സാധ്യത. ലോൺ അടവുകൾ മുടങ്ങാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കണം. വ്യവഹാരങ്ങൾ തീർപ്പക്കാതെ വരും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. നന്നായി ഈശ്വര ഭജനം നടത്തുക.

രോഹിണി: സുഹൃത്തുക്കളിൽ നിന്നും ക്ലേശാനുഭവങ്ങൾ ഉണ്ടാകാം. ജോലിസ്ഥലത്ത് വിരസത വരാതെ നോക്കണം. ഉദരസംബന്ധമായ രോഗങ്ങൾ ശല്യം ചെയ്തേക്കാം. പങ്കാളിയുടെ സഹായ സഹകരണം ഉണ്ടാകും. അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കണം.

മകയിരം: ഊർജസ്വലതയോടെ പ്രവർത്തിച്ച് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ പരിശ്രമിക്കുന്നത് ഫലപ്രാപ്തിയുണ്ടാകും. അപവാദങ്ങളിൽപെട്ട് ദോഷാനുഭവം ഉണ്ടാകാം എന്നത് കൊണ്ട് ശ്രദ്ധിക്കുക. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. പല കാര്യങ്ങളും ഇഷ്ടാനുസരണം കൊണ്ടുപോകുവാൻ കഴിഞ്ഞെന്ന് വരില്ല.

തിരുവാതിര: ചെലവ് അധികരിച്ചു വരുന്നതാകുന്നു. എന്നാൽ അവസരങ്ങൾ നന്നായി ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് അലസതയും ഉദാസീന മനോഭാവവും ഉണ്ടാകുമെങ്കിലും ഈശ്വരാധീനത്താൽ പുന: പരീക്ഷയിൽ വിജയം ഉണ്ടാകും.

പുണർതം: ബന്ധുക്കൾ മുഖാന്തരം ഗുണലഭ്യതയുണ്ടാകും. ആഗ്രഹാനുസരണമുള്ള വിവാഹം നടത്താൻ സാധിക്കും. മാതാപിതാക്കളുടെ സന്തോഷത്തിനും അനുഗ്രഹത്തിനും പാത്രീഭവിക്കാൻ ഇടവരും. കലാകാരൻമാർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. കൃഷി ആദായപ്രദമായി തീരും.

പൂയം: തൊഴിൽ രംഗത്ത് പുതിയ ഓഫറുകൾ വരും. ഗൃഹനിർമാണം, വിവാഹം, വിദേശയാത്ര പരിപാടികൾ ഇവകളും സാധൂകരിക്കപ്പെടാം. എന്നാൽ വാഹന സഞ്ചാരത്തിലോ ഉപയോഗത്തിലോ കരുതലുകൾ വേണ്ടതായി കാണുന്നു. പരീക്ഷകളിൽ മികവ് പുലർത്തും.

ആയില്യം: സാമ്പത്തിക അഭിവൃദ്ധിയും പുതിയ തൊഴിൽ അവസരങ്ങളുടെ ലഭ്യതയും കാണുന്നു. സന്താനങ്ങളെ കൊണ്ട് ഉന്നതിയുണ്ടാകും. എല്ലാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ശ്രേയസ്സ് ഉണ്ടാകുന്ന സമയം. പുതുതായി ഭൂമി ക്രയവിക്രയം ചെയ്യാനും ഗൃഹനിർമാണത്തിനും അവസരം ലഭിക്കും.

മകം: ആരോഗ്യപരമായി ചില പ്രശ്നങ്ങൾ അലട്ടും. പ്രഷർ, ഷുഗർ ഇവ വർധിക്കാതെ നോക്കണം. ദേഷ്യം അല്‍പം അധികരിക്കും. പെട്ടെന്നുള്ള തീരുമാനങ്ങളെ കൊണ്ട് പിന്നീട് ദുരിതാനുഭവങ്ങൾ വരാം. ദീർഘയാത്രകൾ കഴിവതും കുറയ്ക്കുക. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

പൂരം: പ്രതിസന്ധികളും പ്രയാസങ്ങളും അഭിമുഖീകരിക്കേണ്ടതായി വരും. അലർജി, ആസ്മ അസ്ഥിരോഗങ്ങൾ ഇവ വർധിക്കാനുള്ള സാധ്യത ഉണ്ട്. ആരുമായും കലഹത്തിന് പോവരുത്. അപകീർത്തി ഭയം കാണുന്നു. വാഹനങ്ങൾക്ക് പണികൾ ആവശ്യമായി വരാം.

ഉത്രം: സംസാരത്തിൽ വളരെയധികം ശ്രദ്ധയും സൗമ്യതയും ശീലിക്കേണ്ടതായുണ്ട്. വിദ്യാർഥികൾക്ക് അലസതയും ശ്രദ്ധക്കുറവും ഉണ്ടാകാൻ ഇടയുണ്ട്. മാതാപിതാക്കളുടെ മാനസികമായ പിന്തുണ ആവശ്യമാണ്. മുറിവുകൾ സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക.

അത്തം: ശത്രു ശല്യം കൂടും. ഷെയർ ഇടപാടുകളിൽ നഷ്ടം വരാൻ സാധ്യത. സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ നോക്കണം. ധനപരമായ കാര്യങ്ങളിൽ കുറച്ച് ഞെരുക്കം ഉണ്ടാകും.

ചിത്തിര: തൊഴിൽ മേഖലയിൽ തടസ്സങ്ങളുണ്ടാക്കുവാൻ ശത്രുക്കൾ ശ്രമിക്കും. രാഷ്ട്രീയപ്രവർത്തകർക്ക് അണികളിൽ നിന്ന് എതിർപ്പ് നേരിടേണ്ടിവരും. കുടുംബത്തിൽ പരസ്പരം വാക്കുതർക്കങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. സന്താനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാതെ നോക്കണം.

ചോതി: വളരെയധികം മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്ന മാസമാണ്. ജീവിതത്തിൽ ചിട്ടയും ഉത്തരവാദിത്തബോധവും ഉണ്ടാകും. ആഡംബര വസ്തുക്കൾ പലതും സ്വന്തമാക്കും. വശ്യമായ പെരുമാറ്റവും ഊർജസ്വലമായ മാനസിക വ്യാപാരവും സമൂഹത്തിൽ മാന്യമായ സ്ഥാനം നേടി തരും. കുടുംബസമേതം ക്ഷേത്ര ദർശനവും ഉല്ലാസ യാത്രകളും സംഘടിപ്പിക്കും.

വിശാഖം: എല്ലാ മേഖലകളിലും അസ്ഥിരത അനുഭവപ്പെടുന്ന മാസമാണിത്. പറയുന്ന എല്ലാ കാര്യങ്ങളും മറ്റുള്ളവർക്കിടയിൽ തെറ്റിദ്ധാരണ വളർത്തുന്നവ ആയിരിക്കും. ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും ബഹുമാനത്തോടെ പെരുമാറുക.

അനിഴം: ശത്രുക്കളുടെ എതിർപ്പ് രൂക്ഷമാകും. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. കൈയിൽ പണം ഉണ്ടെങ്കിലും അത് ശരിയായി വിനിയോഗിക്കാനാവാതെ മനസ്സ് കുഴങ്ങും. ജലം, അഗ്നി എന്നിവയിൽ നിന്നും അപകടങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം.

തൃക്കേട്ട: ചെയ്യുന്ന ജോലിയിൽ ആത്മാർഥതയും സമർപണവും ഉണ്ടാക്കാൻ ശ്രമിക്കുക. പല എതിർപ്പുകൾ നേരിടേണ്ടി വരുമെങ്കിലും മാനസികമായ ശക്തി കൊണ്ട് എല്ലാം ഇല്ലാതാകും. മാതാപിതാക്കളുടെ അനുഗ്രഹവും പിന്തുണയും നേടുക. ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.

മൂലം: അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്തും. വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും. ചില ദുഷ്പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഈശ്വരാധീനം വർധിപ്പിക്കാൻ ശ്രമിക്കണം. സംസാരത്തിൽ നിയന്ത്രണം ഇല്ലെങ്കിൽ നല്ല ബന്ധങ്ങളിൽ പാളിച്ച സംഭവിക്കും.

പൂരാടം: ദേഹത്തിനും മനസ്സിനും സുഖം തോന്നാത്ത അവസ്ഥ ഉണ്ടാകും. ഈശ്വരീയമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. സന്താനങ്ങളുടെ അഭ്യുന്നതിക്ക് വേണ്ടി അശ്രാന്ത പരിശ്രമം നടത്തും. ചില നിസ്സാര കാരണങ്ങളാൽ ഉദ്ദേശിച്ച പോലെ ധനം വന്നു ചേരില്ല. വിദ്യാർഥികൾ അലസത വെടിയണം.

ഉത്രാടം: ബന്ധുക്കൾ പരിസരവാസികൾ ഇത്യാദികളിൽ നിന്നും കലഹം, വിദ്വേഷം എന്നിവയുണ്ടാകാം. ചില സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാവാതെ നോക്കണം. രക്തജന്യമായ രോഗങ്ങൾ പിടിപെടാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം. ആരുമായും വാക്ക് തർക്കത്തിന് പോവരുത്. വരവും ചെലവും തമ്മിൽ യോജിച്ചു പോകുന്നതിൽ നന്നെ പ്രയാസപ്പെടും.

തിരുവോണം: പിതൃസ്വത്തിന് വേണ്ടിയുള്ള തർക്കങ്ങളോ കലഹങ്ങളോ ഉണ്ടാവാൻ സാധ്യത. ലോൺ മുടങ്ങാൻ സാധ്യത. കർമരംഗത്ത് ആലസ്യം വരാതെ നോക്കണം. എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യുക. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുക. മാനസിക പിരിമുറുക്കം കുറക്കാൻ ക്ഷേത്ര ദർശനം നടത്തുക.

അവിട്ടം: ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ത്യാഗങ്ങൾ സഹിക്കേണ്ടി വരും. യാത്രകൾ കഴിവതും കുറയ്ക്കുക. ശത്രു ഭേദമന്യേ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കരുത്. ഓഹരി ഇടപാടുകൾ സൂക്ഷിച്ചു ചെയ്യണം. ആലോചന ഇല്ലാത്ത സംഭാക്ഷണങ്ങളും എടുത്തു ചാട്ടങ്ങളും വേണ്ട.

ചതയം: പുതിയ തൊഴിൽ സംരംഭങ്ങളിൽ പ്രവേശിക്കാൻ സാധിക്കും. വിദേശരാജ്യങ്ങളിൽ പഠനം പ്രതീക്ഷിക്കുന്നവർക്കും ജോലി ആഗ്രഹിക്കുന്നവർക്കും അതിനുള്ള അവസരങ്ങൾ ലഭിക്കും. വിവാഹം നടക്കും. എഴുത്തുകാരുടെ സൃഷ്ടികൾക്ക് നല്ല അംഗീകാരം ലഭിക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ചില വിശേഷപ്പെട്ട വസ്തുക്കളുടെ ലഭ്യതയും കാണുന്നു.

പൂരൂരുട്ടാതി: ജോലി ലഭ്യതയ്ക്കായുള്ള അന്വേഷണങ്ങൾ ഫലവത്താകും. നിലവിലുള്ള ജോലികൾ കൂടുതൽ വിപുലമാക്കുകയും അവസര ലഭ്യതയ്ക്കായി പരിശ്രമിക്കുകയും ചെയ്യും. പശു, നാല്‍ക്കാലി സംരക്ഷകർക്കും കൃഷിക്കാർക്കും പുരോഗതിയുണ്ടാകും. കരുത്തും ഊർജസ്വലതയും കൈവരും.

ഉത്തൃട്ടാതി: ടെസ്റ്റുകളോ അഭിമുഖ പരീക്ഷകളോ വിജയത്തിലേക്കുള്ള പടവുകളായി വർത്തിക്കാൻ ഇടവരും. ചില യാത്രകൾ ആവശ്യമായി വരും. ചിട്ടി, ലോൺ ഇവ ലഭിക്കും. ഗൃഹനിർമാണം തുടങ്ങും. സ്ഥലം വാങ്ങാനുള്ള തീരുമാനങ്ങൾ നടപ്പാകും. ലക്ഷ്യബോധത്തോടു കൂടി കാര്യങ്ങൾ നീക്കും.

രേവതി: ചില നേട്ടങ്ങളെ ലഭിക്കുന്ന സമയമായി കാണുന്നു. ഇന്റർവ്യൂകളിൽ വിജയം വരിക്കുന്നതും പ്രതീക്ഷിച്ചിരുന്ന ഉദ്യോഗം ലഭിക്കുന്നതുമാകുന്നു. ഗൃഹനിർമാണം, വസ്തു വാങ്ങൽ, പുതിയ കരാറുകൾ തരപ്പെടുന്നതും മുടങ്ങിക്കിടന്ന ധനാഗമം വന്നുഭവിക്കുന്നതുമാണ്. എല്ലാരംഗങ്ങളിൽ വർത്തിക്കുന്നവർക്കും അഭിവൃദ്ധി ഫലം.

ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി : പിണറായി
കണ്ണൂർ ജില്ല
Email ID: prabhaseenacp@gmail.com
ഫോൺ: 9961442256

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com