ADVERTISEMENT

ചില മനുഷ്യരുണ്ട്,  അവർ ഒരു പവർ ഹൗസ് ആണ്. ചുറ്റുമുള്ളവർക്കെല്ലാം എനർജി പകർന്ന് ഒരു ഓളം തന്നെയങ്ങ് സൃഷ്ടിക്കും. അതിന് പ്രായവ്യത്യാസമൊന്നുമില്ല. കുട്ടികൾക്കൊപ്പം അവർ കുട്ടികളാകും. പ്രായമായവർക്ക് ഒപ്പം അവരുടെ കമ്പനിയാകും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് അത്തരത്തിലൊരു വിഡിയോ ആണ്. വിഡിയോയിൽ ആടിത്തിമിർക്കുന്നത് നമ്മുടെയെല്ലാം പ്രിയപ്പെട്ട നടി നസ്രിയ ആണ്. നസ്രിയയ്ക്ക് ഒപ്പം ചുവടുവെക്കുന്നത് എല്ലാവർക്കും പ്രിയപ്പെട്ട ഒരു മിടുക്കനാണ്. മറ്റാരുമല്ല, നമ്മുടെ റയാൻ രാജ് സാർജ. കോവിഡ് കാലത്ത് നമ്മിൽ നിന്ന് വേർപിരിഞ്ഞു പോയ ചിരഞ്ജീവി സർജയുടെയും പ്രിയനടി മേഘ്നയുടെയും മകൻ.

കഴിഞ്ഞ ദിവസമായിരുന്നു നസ്രിയയുടെ പിറന്നാൾ. ജന്മദിന ആശംസകൾ നേർന്ന് മേഘ്ന പങ്കുവെച്ച വിഡിയോ ആണ് പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയത്. ചുവന്ന നിറത്തിലുള്ള പാൻ്റ്സും ബനിയനുമാണ് റയാന്റെ വേഷം. അയഞ്ഞ പാന്റ്സും ഓപ്പൺ ഷർട്ടുമാണ് നസ്രിയയുടെ വേഷം. നസ്രിയ ചുവടു വയ്ക്കുന്നതിനൊപ്പം ആടി തിമിർക്കുകയാണ് കുഞ്ഞു റയാനും. 'എന്റെ പ്രിയപ്പെട്ട ബേബി ഗേളിന് ജന്മദിനാശംസകൾ. നീയും റയാനും ചേർന്നാടിയ നൃത്തച്ചുവടുകൾ അവസാനം അപ് ലോഡ് ചെയ്യുകയാണ്. ലവ് യു നചുക്ക' - വിഡിയോ പങ്കുവെച്ച് മേഘ്ന കുറിച്ചത് ഇങ്ങനെ.

2013ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന മലയാളച്ചിത്രത്തിലാണ് നസ്രിയയും മേഘ്നയും ഒരുമിച്ച് അഭിനയിച്ചത്. അന്നുമുതലുള്ള സൗഹൃദമാണ് ഇരുവരുടേതും. അപ്രതീക്ഷിതമായി ചിരഞ്ജീവി സാർജെയുടെ വിയോഗം ഉണ്ടായപ്പോൾ മേഘ്നയ്ക്ക് ധൈര്യം പകർന്നു കൂടെ നിന്ന സുഹൃത്തുക്കൾ ആയിരുന്നു നസ്രിയയും അനന്യയും. ചിരഞ്ജീവി മരിക്കുന്ന സമയത്ത് മേഘ്ന ഗർഭിണി ആയിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം മേഘ്ന കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. കുഞ്ഞു റയാൻ ഉണ്ടായ സമയത്ത് മേഘ്നയെയും കുഞ്ഞിനെയും കാണാൻ നസ്രിയയും ഫഹദും ബംഗളൂരുവിൽ എത്തിയിരുന്നു.

ഇവർക്കിടയിൽ ഇടയ്ക്കിടെ സൗഹൃദസന്ദർശനങ്ങൾ ഉണ്ടാകാറുണ്ട്. അത്തരമൊരു സന്ദർശനവേളയിൽ പകർത്തിയ വിഡിയോ ആണ് നസ്രിയയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മേഘ്ന ഇത്തവണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 2020 ഒക്ടോബർ 22നായിരുന്നു റയാന്റെ ജനനം. മൂന്നു വയസുകാരനായ റയാന്റെ രസകരമായ വിഡിയോകൾ മേഘ്ന സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ജൂനിയർ ചിരഞ്ജീവി എന്നതിന്റെ ചുരുക്കപ്പേരായ ജൂനിയർ സി എന്നാണ് ആരാധകർ റയാനെ വിളിക്കുന്നത്. അതേസമയം, വീട്ടുകാരും സുഹൃത്തുക്കളും വ്യത്യസ്തമായ ഓമനപ്പേരുകൾ കുഞ്ഞു റയാനെ വിളിക്കാറുണ്ട്.

മേഘ്ന പങ്കുവെച്ച വിഡിയോ ആരാധകരും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. നിരവധി പേർ നസ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. കുട്ടിത്തം നിറഞ്ഞതെന്നും ഹൃദയം തൊടുന്നതെന്നുമാണ് ആരാധകർ വിഡിയോയെ വിശേഷിപ്പിച്ചത്. നസ്രിയയ്ക്ക് പിറന്നാൾ ആശംസ നേരാനും ആരാധകർ മറന്നില്ല. കുഞ്ഞ് റയാൻ സൂപ്പറായി ഡാൻസ് ചെയ്യുന്നുണ്ടെന്നും ഇനിയും ഇങ്ങനെ മുന്നോട്ട് പോകട്ടെയെന്നും ആരാധകർ ആശംസിക്കുന്നു.

English Summary:

Nazriya and Baby Ryan's Adorable Dance Video Goes Viral as Meghna Raj Shares Birthday Love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com