സ്കൂൾ യൂണിഫോമിൽ ‘എക്സ്പ്രഷൻ വാരിവിതറി’ ഡാൻസ്; വൈറലായ കൊച്ചുമിടുക്കി കോഴിക്കോട്ടുണ്ട്
Mail This Article
സ്കൂൾ യൂണിഫോമിൽ ‘എക്സ്പ്രഷൻസ് വാരിവിതറി’ മതിമറന്ന് ഡാൻസ് കളിക്കുന്ന ഒരു കൊച്ചു പെൺകുട്ടി. സമൂഹ മാധ്യമങ്ങളിൽ ഈ വിഡിയോ വൈറലായിട്ട് കുറച്ച് നാളുകളായി. കോഴിക്കോട് ദേവഗിരി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ആർദ്ര നാരായൺ ആണ് ഈ വിഡിയോയിലെ മിടുക്കി. സ്കൂൾ ആനുവൽ ഡേയുടെ റിഹേഴ്സൽ സമയത്ത് പകർത്തിയ വിഡിയോയാണ് വൈറലായത്.
സ്കൂളിലെ ക്ലാസിക്കൽ ഡാൻസ് ട്രെയിനർ ബിനുലാൽ ആയിരുന്നു ആർദ്രയുടെ ഡാൻസ് വിഡിയോ എടുത്തത്. അത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദിവസം തന്നെ പത്തുലക്ഷം വ്യൂസ് ലഭിച്ചു.
എന്നാൽ, തന്റെ ഡാൻസ് വൈറലായ വിവരം ഈ കൊച്ചുമിടുക്കി അറിഞ്ഞത് അമ്മ ബിന്ദു പറഞ്ഞപ്പോഴായിരുന്നു. വിഡിയോ കണ്ടപ്പോൾ സർപ്രൈസ് ആയെന്നും ഡാൻസ് വൈറലായതിനു ശേഷം തന്നെ അഭിനന്ദിച്ച് കുറേ കോളുകൾ അമ്മയ്ക്ക് വന്നെന്നും ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കവെ ആർദ്ര പറഞ്ഞു. ഡാൻസ് കളിക്കാനും പഠിക്കാനും ഇഷ്ടമുള്ള ആർദ്രയ്ക്ക് ചിത്രം വരയ്ക്കാനും പാട്ടുപാടാനും ഇഷ്ടമാണ്. സിനിമയിൽ അഭിനയിക്കാനും താൽപര്യമുണ്ടെന്ന് ആർദ്ര പറയുന്നു.
നഴ്സറി ക്ലാസ് മുതൽ ഡാൻസ് പഠിക്കുന്ന ആർദ്ര കോഴിക്കോടുള്ള 99 മൂവ്സ് ഡാൻസ് സ്റ്റുഡിയോയിലാണ് ഡാൻസ് അഭ്യസിക്കുന്നത്. ട്രെയിനർ പ്രവീൺ കെ.ഗോപാൽ ആണ് സിനിമാറ്റിക് ഡാൻസ് പരിശീലിപ്പിക്കുന്നത്. പ്രിയ ശിഷ്യയെക്കുറിച്ച് പറയുമ്പോൾ നൂറു നാവാണ് പ്രവീണിന്. ‘‘ഡാൻസ് പെട്ടെന്ന് പഠിക്കും എന്നാൽ കുറച്ച് ഓവർ എക്സൈറ്റ്മെന്റ് ഉണ്ട്.’’ മുഖത്തെ എക്സ്പ്രഷൻസ് ട്രെയിനിങ് കൊടുത്തതാണോയെന്ന ചോദ്യത്തിന്, അത് ജന്മനാ ലഭിച്ചതാണെന്നും ദൈവം കൊടുത്ത കഴിവാണെന്നും ആയിരുന്നു പ്രവീണിന്റെ മറുപടി. വഴക്കു പറഞ്ഞാൽ സങ്കടമാകുന്നത് കൊണ്ട് വഴക്ക് പറയാറില്ലെന്നും അധ്യാപകൻ ചെറുചിരിയോടെ പറയുന്നു.
ദേവഗിരി സ്കൂളിൽ പത്തു വർഷമായി ഡാൻസ് ട്രെയിനറാണ് പ്രവീൺ. ആർദ്രയുടെ ഡാൻസ് വൈറലായതിനു ശേഷം മറ്റു സംസ്ഥാനങ്ങളിൽനിന്ന് അടക്കം അന്വേഷണളുണ്ടാകുന്നുണ്ടെന്ന് പ്രവീൺ പറഞ്ഞു. ആർദ്ര ഫോക്കും ക്ലാസിക്കലും സിനിമാറ്റിക്കും ചെയ്യുമെങ്കിലും സിനിമാറ്റിക് ചെയ്യുന്നതാണ് തനിക്ക് ഇഷ്ടമെന്നും കുട്ടി കൂടുതൽ ഇൻവോൾവ് ആയി ചെയ്യുന്നത് അതാണെന്നും പ്രവീൺ പറഞ്ഞു. ഡാൻസ് വൈറലായതിന് ശേഷമാണ് ആർദ്രയ്ക്കായി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അതും വളരെവേഗം ഹിറ്റായി മാറി.