ADVERTISEMENT

വനത്തിലെ ഒരു പിടി മണ്ണോ കടലിലെ ഒരു കുമ്പിൾ വെള്ളമോ പരിശോധിച്ച് അവിടെ കഴിയുന്ന ജീവികൾ ഏതൊക്കെയാണെന്ന് കണ്ടെത്താനായാലോ. ‘പരിസ്ഥിതി ഡിഎൻഎ’ അഥവാ ഇ– ഡിഎൻഎ (environmental DNA- eDNA) ഉപയോഗിച്ച് ജീവികളുടെ വൈവിധ്യം കണ്ടെത്തുന്ന ഈ രീതി വിസ്മയങ്ങൾ സൃഷ്ടിക്കുകയാണ്.

∙എന്താണ് ഇ- ഡിഎൻഎ 
ജീവജാലങ്ങൾ ചുറ്റുപാടും ജനിതക മുദ്രകൾ അവശേഷിപ്പിക്കുന്നുണ്ട്. അത് മണ്ണിലാവാം, കുടിക്കുകയോ കുളിക്കുകയോ കഴിയുകയോ ചെയ്യുന്ന ജലാശയങ്ങളിലാവാം, മഞ്ഞിലാവാം,  പൊടിപടലങ്ങളിൽ പോലുമാകാം. പൊഴിയുന്ന ചർമകോശങ്ങൾ, കഫം, ഉമിനീർ, ബീജം തുടങ്ങിയ ശരീരസ്രവങ്ങൾ, കാഷ്‌ഠം, മൂത്രം, രക്തം, മൃതശരീരം എന്നിവയൊക്കെ ഇ-ഡിഎൻഎയുടെ സ്രോതസ്സുകളാണ്. ഇത്തരം അവശിഷ്ടങ്ങളിലുള്ള കോശങ്ങളിലും സംയുക്ത കോശങ്ങളുടെ തുണ്ടുകളിലും  ഇവയൊക്കെ അടിഞ്ഞുകൂടുന്ന ബാക്റ്റീരിയകളുടെ  പാടകളിലുമൊക്കെ (bacterial biofilm) ഇ-ഡിഎൻഎ കാണപ്പെടും. ഇ- ഡിഎൻഎ വേർതിരിക്കുന്നതിനും അപഗ്രഥിക്കുന്നതിനുമുള്ള ശാസ്ത്രീയ രീതികൾ ഇപ്പോൾ വികസിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിക്കുന്ന ബയോളജിക്കൽ കോഡാണല്ലോ ഡിഎൻഎ. ഇ-ഡിഎൻഎ പരിശോധനയിലൂടെ ആ പ്രദേശത്തുള്ള സസ്തനികൾ മുതൽ സൂക്ഷ്മജീവികളുടെ വരെയുള്ളവരുടെ സാന്നിധ്യം വെളിപ്പെടുന്നു.

∙ഇലയിലൊളിപ്പിച്ച കാട് 
വന്യജീവികൾ നിക്ഷേപിക്കുന്ന സ്രവങ്ങളും ത്വക് കോശങ്ങളുമൊക്കെ വായുവിൽ തങ്ങിനിൽക്കുന്നു. അവ പിന്നീട് ഇലകളിലും മണ്ണിലുമൊക്കെ അടിയും. കൂടാതെ, ശരീരം ഉരസുമ്പോഴും അതൊക്കെ ഇലകളിൽ പറ്റിപ്പിടിക്കാൻ ഇടയുണ്ട്. അങ്ങനെ ഇലകളുടെ പ്രതലം ഇ -ഡിഎൻഎയുടെ നല്ല സ്രോതസ്സായി മാറുന്നു. യുഗാണ്ടയിലെ ഗവേഷകർ 'ചിവാലെ’ വന്യജീവിസങ്കേതത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽനിന്ന്, ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപടലങ്ങൾ സ്വാബ് ഉപയോഗിച്ച് ശേഖരിച്ചു. തുടർന്ന് ഇ-ഡിഎൻഎ വേർതിരിച്ച് പഠനവിധേയമാക്കി. ഇതിലൂടെ 50 ജീവിവർഗങ്ങളുടെ (genera) സാന്നിധ്യം നിർണയിക്കാൻ കഴിഞ്ഞു. ചിലതിനെ സ്പീഷീസ് തലത്തിൽപോലും തിരിച്ചറിയാനായി. വർഷങ്ങൾ എടുത്ത് നിർണയിക്കേണ്ട ഇക്കാര്യം ഇ -ഡിഎൻഎ പരിശോധനയിലൂടെ പെട്ടെന്ന് സാധ്യമായി. 

∙സർവയിടത്തും ഇ-ഡിഎൻഎ
മഞ്ഞിലെ കാൽപാടുകളിൽ നിന്നു ശേഖരിച്ച ഇ-ഡിഎൻഎ പരിശോധിച്ച് ധ്രുവക്കരടിയുടെ ഏകദേശ എണ്ണവും ഇരകളുടെ ലഭ്യതയുമുൾപ്പെടെ നിർണയിക്കാൻ WWF ഗവേഷകർക്ക് സാധിച്ചു. ഫ്ലോറിഡയിലെ ഗവേഷകരാകട്ടെ തീരത്തെ മണലും കടൽവെള്ളവും ശേഖരിക്കുകയും ഇ-ഡിഎൻഎ നിരീക്ഷിച്ച് കടലാമകളുടെ തൽസ്ഥിതി കണ്ടെത്തുകയും ചെയ്തു.  ആമസോൺ നദിയിലെയും, ഒഡിഷയിലെ ചിൽക്ക തടാകത്തിലെയും ജൈവവൈവിധ്യം നിർണയിക്കാനും അധിനിവേശ മത്സ്യങ്ങളുടെ സാന്നിധ്യം കണ്ടെത്താനും ഇ- ഡിഎൻഎ പരിശോധന 
ഉപയോഗപ്പെടുന്നുണ്ട്. 

∙വീണ്ടും വിൻസ്റ്റൻസ് ഗോൾഡൻ മോൾ
തെക്കേ അമേരിക്കയിൽ കാണപ്പെട്ടിരുന്ന എലിവർഗത്തിൽപ്പെട്ട 'വിൻസ്റ്റൻസ് ഗോൾഡൻ മോൾ ' 1943ൽ വംശമറ്റതായി പ്രഖ്യാപിക്കപ്പെട്ടു. ജീവിതം ഏറക്കുറെ മണ്ണിനടിയിൽ കഴിച്ചുകൂട്ടുന്ന ജീവിയാണിത്. ഇ-ഡിഎൻഎ സാങ്കേതികവിദ്യ വികസിച്ച ശേഷം ഒരു സംഘം ഗവേഷകർ ഈ ജീവി ഉണ്ടായിരുന്ന പ്രദേശങ്ങളിൽ കുഴികളുണ്ടാക്കി മണ്ണുസാമ്പിളുകൾ ശേഖരിച്ചു. ഗവേഷകരെ വിസ്മയിപ്പിച്ചുകൊണ്ട് 'വിൻസ്റ്റൻസ് ഗോൾഡൻ മോളിന്റെ' ഇ-ഡിഎൻഎ അതിൽ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ വംശമറ്റതായി കരുതിയിരുന്ന ഗോൾഡൻ മോളിനെ 80 വർഷത്തിനുശേഷം ഗവേഷകർ നേരിട്ട് കണ്ടു. മനുഷ്യരും നിരന്തരമായി ഇ-ഡിഎൻഎ 
നിക്ഷേപിക്കുന്നുണ്ട് കേട്ടോ. പരിശോധിക്കാൻ പര്യാപ്തമല്ലാത്ത വിധം ശിഥിലമായതാണ് ഇ–ഡിഎൻഎ എന്ന ധാരണ ഇപ്പോൾ ഇല്ല. 
കുറ്റാന്വേഷണത്തിലുൾപ്പെടെ വലിയ മാറ്റങ്ങളാണ് ഇ– ഡിഎൻഎ കൊണ്ടുവരാൻ പോകുന്നത്.

English Summary:

Unlocking biodiversity secrets with environmental DNA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com