ADVERTISEMENT

തെക്ക് കിഴക്കനേഷ്യയിലെ കടൽ ജിപ്സികളായ (Sea Nomads) ജനവിഭാഗമാണ് ബജാവു (Bajao /Sama- Bajao/Bajo). തെക്കൻ ഫിലിപ്പീൻസിൽ ഉദ്ഭവിച്ചെന്ന് കരുതുന്ന ഈ കടൽ ഗോത്രവർഗക്കാർ പസിഫിക് സമുദ്രത്തിലെ സുലു ദ്വീപ് സമൂഹങ്ങളിലും ഇന്തൊനീഷ്യയിലും മലേഷ്യയിലും കടലിനെ ആശ്രയിച്ചു ജീവിക്കുന്നു. ആയിരത്തോളം വർഷങ്ങളായി ഈ രാജ്യത്തെ കടലുകളിൽ ജീവിക്കുന്നുവെങ്കിലും 10 ലക്ഷത്തോളം വരുന്ന ജനവിഭാഗത്തെ പൗരന്മാരായി അംഗീകരിക്കാൻ ഈ രാജ്യങ്ങളൊന്നും പൂർണമായും തയാറായിട്ടില്ല. മീൻപിടിത്തത്തിലൂടെയും കടൽ വിഭവ ശേഖരണത്തിലൂടെയും ഉപജീവനം നടത്തുന്ന ഇവർ കടലിൽ ജനിച്ച് കടലിൽ ജീവിച്ച് കടലിൽ മരിക്കുന്നു. പ്രത്യേകം തയാറാക്കിയ വള്ളങ്ങളിൽ ആണ് താമസം. മത്സ്യവും മറ്റു കടൽ വിഭവങ്ങളും വിൽക്കാൻ മാത്രമേ കരയിലേക്ക് വരാറുള്ളു.

വെള്ളത്തിനിടയിൽ 13 മിനിറ്റ് 
ജനിതകമായി ലഭിച്ച കഴിവുകൾ മൂലം കടലിനടിയിൽ ആഴത്തിൽ മുങ്ങി മത്സ്യങ്ങളെ വേട്ടയാടാനും കടൽ വിഭവങ്ങൾ ശേഖരിക്കുവാനും ഇവർക്ക് സവിശേഷമായ കഴിവുണ്ട്. ഒരു സാധാരണ മനുഷ്യന് പരമാവധി മൂന്ന് മിനിറ്റ് മാത്രമാണ് വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചുനിൽക്കാൻ സാധിക്കുന്നത്. എന്നാൽ ബജാവു വിഭാഗത്തിൽപെട്ടവർ വെള്ളത്തിൽ 200 അടി ആഴത്തിൽ 13 മിനിറ്റ് വരെ ശ്വാസം പിടിച്ചുനിൽക്കാറുണ്ട്.

സാധാരണ മനുഷ്യർക്കുള്ളതിനേക്കാൾ ഇരട്ടി വലുപ്പമുള്ള പ്ലീഹയുടെ സാന്നിധ്യമാണ് ഈ  കഴിവ് നൽകുന്നതെന്ന് ചില പഠനങ്ങൾ പറയുന്നു. കടലിനടിയിൽ കൂടുതൽ സമയം ചിലവിടേണ്ടി വരുന്ന സീലുകൾക്കും പ്ലീഹയുടെ വലുപ്പം താരതമ്യേന കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സാധാരണ മുങ്ങൽ വിദഗ്ധർ ശ്വസന ഉപകരണങ്ങളുമായി കടലിനടിയിലേക്ക് പോകുമ്പോൾ ഇവർ സ്വതന്ത്രമായി കടലാഴം തേടുന്നു. ദിവസം കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും ഇവർ കടലിൽ ആയിരിക്കും.

ആഴങ്ങളിലെ സൂപ്പർ കാഴ്ച 
മ്യാൻമർ, തായ്‌ലൻഡ്, ആൻഡമാൻ നിക്കോബാർ ഭാഗത്തായി പരന്നുകിടക്കുന്ന എണ്ണൂറോളം ചെറുദ്വീപുകളിലായി താമസിക്കുന്ന ജനവിഭാഗമാണ് മോകെൻ( Moken). ഇവർക്ക് കടലിനടിയിലെ കാഴ്ചശക്തി വളരെ കൂടുതലാണ്. ഒരു ഡോൾഫിനെ പോലെ ഇവർക്ക് കടലിനടിവശം കാണാൻ സാധിക്കുമത്രേ. കടലിനടിയിൽ പോയി വിഭവങ്ങൾ വേഗത്തിൽ ശേഖരിക്കുന്നു. ഇത് ജനിതകമായി ലഭിച്ച കഴിവല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രായോഗിക പരിശീലനത്തിലൂടെ ആണ് ഈ സവിശേഷ കഴിവ് വികസിപ്പിച്ചെടുക്കുന്നത്. 2004 ഡിസംബർ 26ന് സർവനാശം വിതച്ച സുനാമിയെ കടൽ നിരീക്ഷണത്തിലൂടെയും കടലിന്റെ ചലനങ്ങളിലുള്ള പരിചയത്തിലൂടെയും വലിയ ജീവഹാനി ഇല്ലാതെ അതിജീവിക്കാൻ ഇവർക്കായി. സിംഗപ്പൂർ, മലേഷ്യ, ഇന്തൊനീഷ്യ ഭാഗത്തെ ദ്വീപുകളിൽ കാണപ്പെടുന്ന സമാനമായ മറ്റൊരു കടൽ ഗോത്രവർഗമാണ് ഒറാങ് ലോട്ട്.

ഒളിംപിക്സിലും ബജാവു 
സമാ-ബജാവു വർഗത്തിൽ നിന്നും ഫിലിപ്പീൻസിനെ പ്രതിനിധീകരിച്ച് 1954, 1958,1962 ഏഷ്യൻ ഗെയിംസുകളിൽ നീന്തൽ മത്സരത്തിൽ പങ്കെടുത്ത്, ഒരു വെള്ളിയും അഞ്ചു വെങ്കലവും നേടിയ നീന്തൽ താരമാണ് ബാന സൈലാനി. 1956,1960 ഒളിംപിക്സുകളിലും പങ്കെടുത്തു. ഒട്ടേറെ കലാകാരന്മാരും ഇവർക്കിടയിലുണ്ട്. ബോട്ട് നിർമാണത്തിൽ പ്രത്യേക വൈദഗ്ധ്യവും ഇവർക്കുണ്ട്.

വെള്ളത്തിലെ മറ്റ് ചില ആശാന്മാർ
ജലത്തിന്റെ പ്രതലബലം പ്രയോജനപ്പെടുത്തി ജലോപരിതലത്തിലൂടെ നടക്കുന്ന ഒരു ജീവിയാണ് വെള്ളത്തിലാശാൻ (Water strider/water bug/water skater). Hemiptera ഓഡറിൽ Gerridae കുടുംബത്തിൽപെട്ട ഇവയെ തടാകങ്ങളിലും കുളങ്ങളിലും പുഴകളിലും കിണറുകളിലുമൊക്കെ കാണാറുണ്ട്. ബൈബിൾ പ്രകാരം വെള്ളത്തിന് മുകളിൽക്കൂടി യേശുക്രിസ്തു നടന്ന കഥ അനുസ്മരിച്ച് വെള്ളത്തിലാശാനെ Jesus bug എന്ന് വിളിക്കാറുണ്ട്.  വെള്ളത്തിലൂടെ തെന്നി നീങ്ങുന്ന common basilisk (Basiliscus basiliscus)എന്ന പല്ലി വർഗവും Jesus Christ lizard എന്ന് അറിയപ്പെടുന്നു. ജലോപരിതലത്തിലൂടെ നടക്കാൻ കഴിവുള്ള ജക്കാനപക്ഷികള്‍ക്ക് Jesus bird എന്നും പേരുണ്ട്.

English Summary:

The Incredible Underwater World of the Bajau: Southeast Asia's Sea Gypsies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com