ADVERTISEMENT

1997 ആണു കാലം...ശാന്തസമുദ്രത്തിലെ വിദൂരമേഖലയിൽ നിന്ന് വലിയ ഒരു ശബ്ദം ഉയ‍ർന്നു കേട്ടു.നീലത്തിമിംഗലം പുറപ്പെടുവിപ്പിക്കുന്ന ശബ്ദത്തേക്കാൾ തീവ്രമായ ശബ്ദം. ഇതോടെ ഇവിടെ ഏതോ വലിയ കടൽജീവി താമസിക്കുന്നുണ്ടെന്നു പ്രചാരണം ഉയർന്നു അതല്ല, മറിച്ച് വമ്പനൊരു രാക്ഷസക്കണവയാണ് ശബ്ദമുണ്ടാക്കിയതെന്ന് അഭ്യൂഹമുണ്ടായി. എന്നാൽ ജീവികൾക്കാർക്കും തന്നെ ഇത്രയുമൊരു വലിയ ശബ്ദം ഉണ്ടാക്കാൻ സാധ്യമല്ലെന്ന് ശാസ്ത്രജ്ഞർ അക്കാലത്തു തന്നെ പറഞ്ഞിരുന്നു.

Representative image. Photo Credits:: : JGrandfailure/ istock.com
Representative image. Photo Credits:: : JGrandfailure/ istock.com

ആ ശബ്ദം വന്ന മേഖലയ്ക്കൊരു പ്രത്യേകതയുണ്ടായിരുന്നു. അതായിരുന്നു പോയിന്റ് നെമോ.ശാന്തസമുദ്രത്തിൽ തീരങ്ങളിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. ഷൂൾസ് വേണിന്റെ ‘ട്വന്റി തൗസൻഡ് ലീഗ്സ് അണ്ടർ ദ സീ’ എന്ന വിഖ്യാത നോവലിലെ പ്രധാന കഥാപാത്രമായ ക്യാപ്റ്റൻ നെമോയിൽ നിന്നാണു മേഖലയ്ക്ക് ആ പേരു കൊടുതിരിക്കുന്നത്. ഇങ്ങോട്ടേക്ക് അധികം ആരും എത്താറില്ല. ഇതു വഴി പോകുന്ന കപ്പലുകളും കുറവ്. ഡൂസി ഐലൻഡ്, മോടു ന്യൂയി, മഹേ‍ർ ഐലൻഡ് എന്നീ മൂന്ന് ദ്വീപുകളുടെ നടുക്കായി ഓരോന്നിൽ നിന്നും ഏകദേശം 1600 കിലോമീറ്റർ ദൂരമകലെയാണ് പോയിന്റ് നെമോ സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നു കര കണ്ടെത്തുക വളരെ പ്രയാസമാണെന്ന് അർഥം.

പോയിന്റ് നെമോ കണ്ടെത്തിയിട്ട് 30 വർഷമായതേയുള്ളുവെങ്കിലും ഏതാണ്ട് ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് എച്ച്പി ലൗക്രാഫ്റ്റ് എന്ന എഴുത്തുകാരൻ 1960കളിൽ ഒരു നോവലെഴുതിയിട്ടുണ്ടായിരുന്നു.ഇതിൽ പ്രദേശത്ത് തുൾഹു എന്ന ഭീകരൻ കടൽജീവി ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം എഴുതിവച്ചു. ഏതായാലും 1997ൽ ശബ്ദമുയർന്നതോടെ പോയിന്റ് നെമോയ്ക്കു സമീപത്തു നിന്ന് .തുൾഹു സത്യമാണെന്നു വരെ ചിലർ പ്രവചിച്ചു.എന്നാൽ ശബ്ദം ഏതോ മഞ്ഞുമല പൊട്ടിയതു മൂലമുണ്ടായതാണെന്നു പിന്നീടു കാരണമുയർത്തിക്കാട്ടി. എന്നാൽ ഇന്നും ഇക്കാര്യത്തിൽ യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ട്.

അതിശക്തമായ തരംഗശക്തിയുള്ള ജലവും പോഷണ രാസ മൂലകങ്ങളുടെ കുറവുമുള്ള പോയിന്റ് നെമോയിൽ ജീവികൾ തീരെയില്ല എന്നതാണു സത്യം. ചിലയിനം ബാക്ടീരിയകളും യെറ്റി എന്നു പേരുള്ള ഞണ്ടുകളുമാണ് ഇവിടെ വാസം. ഇതൊരു കരപ്രദേശമല്ലാത്തതിനാൽ മുൻപ് ഇതിനെപ്പറ്റി വലിയ അറിവുകളോ ചിന്തകളോ ഒന്നുമില്ലായിരുന്നു. 1992ൽ ഒരു ക്രൊയേഷ്യൻ സർവേ എൻജിനീയറായ ഹ്രോവ്ജെ ലൂക്കാട്ടെലയാണ് ഈ സ്ഥലം കംപ്യൂട്ടർ അധിഷ്ഠിത പഠനങ്ങളുടെ പിൻബലത്തിൽ കണ്ടെത്തിയത്. പോയിന്റ് നെമോയിൽ നിന്ന് ഏറ്റവും അടുത്തുള്ള മനുഷ്യൻ കുറഞ്ഞത് 1600 കിലോമീറ്റർ അകലെയാകും നിൽക്കുന്നത്. എന്നാൽ ഇതിനു മുകളിലൂടെ ഇടയ്ക്കിടെ പോകുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികർ 416 കിലോമീറ്റർ അകലെ മാത്രമാണ് നിലനിൽക്കുന്നത്. അങ്ങനെ നോക്കിയാൽ പോയിന്റ് നെമോയോട് ഏറ്റവും അടുത്തു നിൽക്കുന്ന മനുഷ്യർ ബഹിരാകാശയാത്രികരാണെന്നു പറയാം.

തീരങ്ങളിൽ നിന്ന് ഒരുപാട് അകലെ സ്ഥിതി ചെയ്യുന്നതിനാലാണ് ബഹിരാകാശ ഏജൻസികൾക്കു പോയിന്റ് നെമോ പ്രിയപ്പെട്ടതാകുന്നത്.പ്രത്യേകിച്ച് റഷ്യയുടെ റോസ്കോമോസ്, യൂറോപ്യൻ യൂണിയന്റെ ഇഎസ്എ, ജപ്പാന്റെ ജാക്സ എന്നീ ഏജൻസികൾക്ക്. അവരുടെ ഉപയോഗശൂന്യമായ റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളുമൊക്കെ ധൈര്യമായി ഇവിടെ ഉപേക്ഷിക്കാം. ഇവ ഒഴുക്കിൽ പെട്ട് ഏതെങ്കിലും തീരത്തു ചെന്നുകയറാനുള്ള സാധ്യത വിദൂരമാണ്. ഇവിടെ നൂറുകണക്കിന് ബഹിരാകാശ വാഹനങ്ങൾ ഇത്തരത്തിൽ കിടപ്പുണ്ടെന്നാണു പറയപ്പെടുന്നത്. പഴയ റഷ്യൻ സ്പേസ് സ്റ്റേഷനായ മിറും ഇക്കൂട്ടത്തിലുണ്ട്.

English Summary:

Unveiling the deep sea mystery of point nemo's unearthly noise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com