ADVERTISEMENT

ഏറെ പ്രത്യേകതകളുള്ള രാജ്യമാണ് ജപ്പാൻ. രണ്ടാംലോകയുദ്ധത്തിൽ ഒരു വൻശക്തിയായി ഏഷ്യയിൽ നിന്നു പങ്കെടുത്ത ഒരേയൊരു രാജ്യമാണ് ജപ്പാൻ. ഏറെ വിനാശകാരിയായ അണുബോംബ് യുദ്ധത്തിൽ വീണ ഒരേയൊരു രാജ്യവും ജപ്പാനാണ്. സുനാമി, ഭൂചലനം തുടങ്ങി ഒട്ടേറെ പ്രകൃതിദുരന്തങ്ങൾ ജപ്പാനെ വേട്ടയാടുന്നു. എന്നാൽ ഇത്രയും പ്രതിസന്ധികൾക്കിടയിലും ജപ്പാൻ വലിയ തിരിച്ചുവരവുകൾ നടത്തി ലോകത്ത് തലയുയർത്തി നിൽക്കുന്നു. ഉത്പാദന വ്യവസായമേഖലയിലേക്ക് ഒരു വലിയ ശക്തിയായി ഉയർന്നുവന്ന ആദ്യ ഏഷ്യൻ രാജ്യവും ജപ്പാൻ തന്നെ. ജപ്പാന്റെ മികവിനുള്ള അംഗീകാരം ലോകത്തെ എല്ലാ രാജ്യങ്ങളും നൽകുന്നുണ്ട്. ‘അവനാള് ജപ്പാനാ’ എന്ന ഒരു പ്രയോഗം നമ്മുടെ സമൂഹത്തിൽ പോലുമുണ്ടായിരുന്നു.

ജപ്പാനെ പറ്റി ഇപ്പോൾ ഒരു കൗതുകപഠനം പുറത്തുവന്നിട്ടുണ്ട്. ജപ്പാനിലെ തന്നെ ടൊഹോകു സർവകലാശാല നടത്തിയ ഒരു കംപ്യൂട്ടർ സിമുലേഷൻ പഠനമാണ് ഇത്. ഈ പഠനപ്രകാരം 2531 ആകുമ്പോൾ, അതായത് ഏകദേശം 507 വർഷങ്ങൾ കഴിയുമ്പോൾ, ജപ്പാനിലെ എല്ലാവരുടെയും കുടുംബപ്പേര് അഥവാ സർനെയിം ഒന്നാകും. സാറ്റോ എന്നായിരിക്കുമത്രേ ആ രണ്ടാംപേര്.

ജപ്പാനിൽ വിവാഹം കഴിയുന്ന സ്ത്രീകളിൽ 96 ശതമാനവും ഭർത്താവിന്റെ കുടുംബപ്പേര് ഏറ്റെടുക്കുകയാണ് പതിവ്. 2023ൽ നടത്തിയ ഒരു കണക്കെടുപ്പിൽ ജപ്പാനിലെ ഏറ്റവും പ്രശസ്തമായ കുടുംബപ്പേര് സാറ്റോ എന്നാണെന്നു തെളിഞ്ഞിരുന്നു. മൊത്തം ജനസംഖ്യയിൽ 1.529 ശതമാനം പേർക്കാണ് ഈ രണ്ടാംപേരുള്ളത്. എന്നാൽ 2022 മുതൽ 2023 വരെയുള്ള കാലയളവിൽ ഈ കുടുംബപ്പേര് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 1.0083 മടങ്ങ് വർധനയുണ്ടായെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഈ വർധനവിന്‌റെ തോത് പരിഗണിച്ചാൽ 2531ൽ എല്ലാവരുടെയും രണ്ടാംപേര് സാറ്റോ എന്നാകുമെന്നാണ് ഗവേഷകർ പറയുന്നത്.

എന്നാൽ ഇതൊരു അതിശയോക്തിപരമായ പഠനമാണെന്നു മറ്റു ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. വർധനവിന്റെ തോത് മാത്രം കണക്കുകൂട്ടി ഇങ്ങനെ ഒരു നിഗമനത്തിലെത്താൻ സാധിക്കുകയില്ലെന്നും മറ്റനേകം മാനദണ്ഡങ്ങൾ പരിഗണിക്കേണ്ടിവരുമെന്നും അവർ പറയുന്നു. ജപ്പാനിലെ പല രണ്ടാംപേരുകളും ലോകമെങ്ങും പ്രശസ്തമാണ്. ഹോണ്ട, സുസുക്കി, ടൊയോട്ട...അങ്ങനെ എത്രയെത്ര പേരുകൾ.

English Summary:

Japanese universal surname forecast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com