കൂളാണ് ഇൗ സ്കൂൾ; അതും ഒരൊറ്റ എസി പോലുമില്ലാതെ!
Mail This Article
കൊടുംചൂടും പൊടിക്കാറ്റുമുള്ള താർ മരുഭൂമിയിൽ വിയർത്തൊഴുകാതെയിരുന്ന് പഠിക്കാൻ, ചെറുതണുപ്പും ഇളംകാറ്റുമുള്ള ഒരു സ്കൂൾ, അതും ഒരൊറ്റ എസി പോലുമില്ലാതെ! അദ്ഭുതപ്പെടുത്തുന്ന ഈ ആർക്കിടെക്ചറൽ വണ്ടറുള്ളത് രാജസ്ഥാനിൽ ജയ്സൽമിറിലെ സൽക്കയിലാണ്- രാജ്കുമാരി രത്‌നാവതി ഗേൾസ് സ്കൂൾ. കെജി മുതൽ 10 വരെയുള്ള ക്ലാസുകളിലായി നാനൂറിലേറെ പേർക്കു പഠിക്കാവുന്ന ഈ സ്കൂളിൽ, ഏതു ക്ലാസ്മുറിയിലിരുന്നാലും ഇളംകാറ്റ് തഴുകും. എന്നാൽ, ആർക്കും നേരിട്ട് വെയിലേൽക്കുകയുമില്ല. 50 ഡിഗ്രി സെൽഷ്യസ് താപനിലയെ വരെ ഈസിയായി ചെറുക്കാൻ സാധിക്കുന്ന ഇക്കോ-ഫ്രൻഡ്‌ലി രൂപകൽപനയാണ് സ്കൂളിന്റെ പ്രധാന പ്രത്യേകത.
ഉൾഗ്രാമങ്ങളിലെ പിന്നാക്ക കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കു മികച്ച വിദ്യാഭ്യാസം സൗജന്യമായി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ചിത്ത (സിഐടിടിഎ) എന്ന സന്നദ്ധസംഘടന നൽകിയ സാമ്പത്തിക, വിദ്യാഭ്യാസ സഹായങ്ങളോടെയാണ് ഈ സ്കൂൾ തുടങ്ങിയത്. ഇന്ത്യയുടെ ‘ഗോൾഡൻ സിറ്റി’യിൽ ഒരുക്കുന്ന ഗ്യാൻ സെന്റർ പ്രോജക്ടിന്റെ ഭാഗമായി 10 മാസം കൊണ്ട് നിർമിച്ച സ്കൂളിൽ, 2023ലാണ് ക്ലാസുകൾ ആരംഭിച്ചത്. സിഐടിടിഎ സ്ഥാപകൻ മൈക്കൽ ഡോബേയുടെ ആശയമായ ഈ സ്കൂളിനായി കെട്ടിടത്തിന്റെ ഡിസൈൻ സൗജന്യമായി തയാറാക്കിയത് ന്യൂയോർക്ക് ആസ്ഥാനമായ ഡയാന കെല്ലോഗ് ആർക്കിടെക്ട്സ് എന്ന കമ്പനിയാണ്. പാരമ്പര്യത്തനിമയോടൊപ്പം ആധുനിക രീതികൾകൂടി കോർത്തിണക്കി രൂപകൽപന ചെയ്തിട്ടുള്ള ഈ കെട്ടിടത്തിന്റെ നിർമാണത്തിലും മികവും ആകർഷകത്വവും ഉറപ്പാക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ ഡിസൈൻ മാത്രമല്ല, ഇവിടത്തെ വിദ്യാർഥിനികളുടെ യൂണിഫോം ഡിസൈനും ക്ലാസിയാണ്; അത് ഒരുക്കിയതോ, പ്രമുഖ ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയും!
പ്രത്യേകതകളേറെ...
∙ വായുസഞ്ചാരം സുഗമമാക്കുന്നതിനായി ഓവൽ ഷേപ്പിലാണ് സ്കൂൾ കെട്ടിടം ഒരുക്കിയിട്ടുള്ളത്.
∙ ചൂടിനെ ഒരുപരിധിവരെ തടയാൻ സാധിക്കുന്ന, പ്രാദേശികമായി തന്നെ ലഭ്യമായ യെലോ സാൻഡ്സ്റ്റോൺ ഉപയോഗിച്ചാണ് സ്കൂൾ കെട്ടിടം നിർമിച്ചിട്ടുള്ളത്. അവ കൊത്തിമിനുക്കിയതാകട്ടെ നാട്ടുകാരായ കൽപണിക്കാരും.
∙ ജാളികൾ തീർത്തുള്ള ഡിസൈനും വലിയ നടുമുറ്റവും കൂടുതൽ കാറ്റും വെളിച്ചവുമേകുന്നതോടൊപ്പം തണുപ്പും നിലനിർത്തുന്നു.
∙ കാർബൺ പുറന്തള്ളൽ കുറഞ്ഞതും പ്രാദേശികമായി ലഭ്യമായതുമായി മിക്ക നിർമാണ വസ്തുക്കളും ചൂടിനെ പ്രതിരോധിക്കാൻ കെൽപുള്ളവയാണ്. (ജയ്സൽമിർ ഫോർട്ടിന്റെ നിർമാണത്തിൽ ഉൾപ്പെടെ ഉപയോഗിച്ചിട്ടുള്ളവയാണ് പലതും.)
∙ 6 അടിയെക്കാൾ മുകളിലായി നിർമിച്ച ജനലുകൾ ക്ലാസ്മുറികളിൽ നേരിട്ട് വെയിലേൽക്കാതിരിക്കാൻ സഹായകമാകുന്നു.
∙ റീസൈക്കിൾ ചെയ്തെടുത്ത പൊട്ടിയ ടൈലുകൾ, സൂര്യവെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതിനായി മേൽക്കൂരയിൽ പാകിയിട്ടുണ്ട്.
∙ സ്കൂളിലേക്ക് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാനായി മേൽക്കൂരയിൽ സ്ഥാപിച്ച സോളർ പാനലുകളും കെട്ടിടത്തിന് തണലായി തീരുന്നു.