ADVERTISEMENT

ഒരു പരിസ്ഥിതി ദിനം കൂടെ കടന്നു പോയിരിക്കുന്നു. കേവലം ഒരു മരം നടീലിൽ ഒതുങ്ങാതെ കുട്ടികളെ എങ്ങനെ പ്രകൃതിയോട് കൂടുതൽ അടുപ്പിക്കാം എന്ന് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം അവർ വീടിനു പുറത്തു ചെലവഴിക്കുന്ന സമയം വളരെയധികം കുറഞ്ഞിരിക്കുന്നു. ടിവിയും കംപ്യൂട്ടറും ഇന്റർനെറ്റും ടാബും മൊബൈലും ഒക്കെയായി അവർ വീടിന്റെ അകത്തളങ്ങളിലേക്ക് ഉൾവലിഞ്ഞിരിക്കുന്നു.

Read Also: കളറാക്കാം സ്കൂൾ കാലം; കൂട്ടുകാരെ, ഈ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ചെയ്താലോ

തെരുവുകളിലും വീടിനു പുറത്തും കളിക്കുന്ന കുട്ടികളുടെ ഫോട്ടോ എടുത്ത് പ്രശസ്തനായ ഒരു ജാപ്പനീസ് ഫോട്ടോഗ്രാഫർ ആണ്‌ കെയ്‌ക്കി ഹഗിനോയ (Keiki haginoya-1994). ഇരുപത് വർഷത്തോളം അദ്ദേഹം നിരന്തരം വീടിന് പുറത്ത് കളിക്കുന്ന കുട്ടികളുടെ ഫോട്ടോകളെടുത്തു. എന്നാൽ പിന്നീട് എപ്പോഴോ കുട്ടികൾ ക്യാമറയ്ക്ക് മുന്നിൽ നിന്ന് അപ്രത്യക്ഷരായി. ഫോട്ടോയുടെ ലഭ്യത വളരെ കുറഞ്ഞു. ഇതിനെ കുറിച്ച് അദ്ദേഹം പറയുന്നത് ‘‘ഒന്നുകിൽ പുറം ലോകം അവർക്ക് ആകർഷണീയമല്ലാതായി, അതല്ലെങ്കിൽ വീടിന്റെ അകത്തളങ്ങൾ അവർക്ക് കൂടുതൽ ആകർഷണീയമായി’’ എന്നാണ്.

മുൻകാലങ്ങളിൽ ഒരുപാട് സമയം കുട്ടികൾക്ക് പ്രകൃതിയുമായി നേരിട്ടിടപഴകാൻ സമയം കിട്ടിയിരുന്നു, നടന്നുകൊണ്ട് സ്കൂളിൽ പോകുക, കുളത്തിൽ നിന്ന് കുളിക്കുക, കൃഷിപ്പണിയിൽ മുതിർന്നവരെ സഹായിക്കുക, പാടത്തും പറമ്പിലുമൊക്കെ കളിക്കുക എന്നു തുടങ്ങി കുട്ടികളുടെ കളികളെല്ലാം തന്നെ പ്രകൃതിയുമായി നേരിട്ടിടപഴകിക്കൊണ്ടായിരുന്നു. എന്നാൽ ഇന്ന് കുട്ടികൾക്ക് പ്രകൃതിയുമായുള്ള നേരിട്ടുള്ള ബന്ധം വളരെ കുറഞ്ഞു വന്നിരിക്കുന്നു. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവരിലും! ലോക ജന സംഖ്യയുടെ പകുതിയും ഇന്ന് നഗരങ്ങളിലാണ് താമസിക്കുന്നത് എന്നത് കൂടെയാണ് അതിന്റെ ഒരു പ്രധാന കാരണം.

Photo Credit: SolStock/ Istockphoto
Photo Credit: SolStock/ Istockphoto

റിച്ചാർഡ് ലൂവ് (Richard Louv) എന്ന അമേരിക്കൻ പ്രകൃതി ശാസ്ത്രജ്ഞൻ ‘Last child in the woods’ എന്ന അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ പുസ്തകത്തിൽ Nature deficit disorder (പ്രകൃതിയില്ലാ രോഗം) നെ കുറിച്ച് പറയുന്നുണ്ട്. കുട്ടികൾക്ക് പ്രകൃതിയുമായി നേരിട്ട് ബന്ധമില്ലാതാകുന്നതുകൊണ്ട് അവരിലുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. കുട്ടികൾ മണ്ണിൽ കളിക്കുന്നതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത് കേവലം ഒരു കളിയായിട്ടല്ല മറിച്ച് അത് അവരുടെ ഭാവിയിലേക്കുള്ള ഒരു ഇൻവെസ്റ്റ്മെന്റ് ആയാണ്.

പ്രകൃതിയും പോഷകങ്ങളും ആയി വളരെ വലിയ ബന്ധംതന്നെയുണ്ട്. ശരീരത്തിൽ സൂര്യ പ്രകാശം നേരിട്ട് ഏൽക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് വിറ്റാമിൻ ഡി. അസ്ഥികളുടെ കരുത്തു കൂട്ടുന്നതു മുതൽ രോഗപ്രതിരോധശേഷി വരെ ഉണ്ടാക്കാൻ ഇത് സഹായിക്കുന്നു.

കുട്ടികൾ പ്രകൃതിയുമായി നേരിട്ടിടപഴകാത്തത് അവരിൽ വിഷാദരോഗങ്ങൾ, തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ട്, ഒറ്റപ്പെടൽ, വിശപ്പില്ലായ്മ, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട്, അമിതവണ്ണം തുടങ്ങിയവക്ക് കാരണമാവുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പ്രകൃതിയുമായി നേരിട്ടിടപഴകിയുള്ള കളികൾ പരിഹാരമാവുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

പ്രകൃതിയുമായി കുട്ടികൾ നേരിട്ട് ഇടപഴകുന്നത് അവരിൽ ശ്രദ്ധ, അനുകമ്പ, മറ്റുള്ളവരുമായുള്ള ആരോഗ്യകരമായ ബന്ധം സ്ഥാപിക്കൽ, ക്രിയാത്മകത, ജീവിത നൈപുണികളിലെ പുരോഗതി തുടങ്ങി കുട്ടികളുടെ പഠിക്കാനുള്ള കഴിവിൽ വരെ പുരോഗതി ഉണ്ടാക്കുന്നതായി കണ്ടു വരുന്നു. ശാരീരിക മാനസിക ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിൽ ഇത് വളരെയധികം സഹായകമാവുന്നു.

children-playing-football-park

രക്ഷിതാക്കൾക്ക് പ്രകൃതിയെ കുറിച്ചുള്ള അകാരണമായ ഭയവും അമിതമായ കരുതലും അവരുടെ കുട്ടികളെ കളിയിൽ ഏർപ്പെടുന്നതിൽ നിന്നും പുറംലോകവുമായി സംവദിക്കുന്നതിൽ നിന്നും അകറ്റുന്നതിന് കാരണമാവുന്നു എന്നാൽ വളരെ ചെറിയ കാര്യങ്ങളിലൂടെത്തന്നെ വലിയ നേട്ടം നമുക്ക് കൈവരിക്കാം.

1. കുട്ടികളുമായി ദിവസവും അൽപ സമയമെങ്കിലും പ്രകൃതിയുമായി നേരിട്ടിടപഴകാൻ അവസരമുണ്ടാക്കുക. രാവിലെയോ വൈകിട്ടോ അൽപം നടക്കാം.

2. വീട്ടിൽ കുട്ടികളെയും കൂട്ടി ഒരു അടുക്കള തോട്ടം നിർമിക്കാം.

3. ഒഴിവു ദിവസങ്ങളിൽ നീന്തൽ പഠിപ്പിക്കാം. സ്വിമ്മിങ് പൂളുകളിൽ മെമ്പർഷിപ്പെടുത്തോ വീടിനടുത്തുള്ള കുളങ്ങളിലോ പുഴകളിലോ സുരക്ഷിതമായി നീന്തൽ പഠിപ്പിക്കാം.

3. ഒഴിവു സമയത്തു കുട്ടികളുമൊത്തു പാടത്തും പറമ്പിലുമൊക്കെ ഒന്ന് നടക്കാനിറങ്ങാം.

4.പ്രകൃതിയുമായി ബന്ധപ്പെട്ട ക്യാംപുകളിൽ പങ്കെടുക്കാൻ കുട്ടികളെ അനുവദിക്കാം.

5. കുട്ടികളുമൊത്തു ട്രക്കിങ്ങിനോ ഹയ്ക്കിങ്ങിനൊ പോകാം.

6. കുട്ടികൾ മണ്ണിലിറങ്ങി കളിക്കുന്നത് പ്രോത്സാഹിപ്പിക്കാം, ഉദാഹരണത്തിന് സൈക്കിൾ ചവിട്ടുക, സുരക്ഷിതമായി മരത്തിൽ കയറുക, മണ്ണിൽ ചവിട്ടി നടക്കുക, മീൻ പിടിക്കുക, തൈകൾ നടുക, അവ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാം.

7. ഫ്ലാറ്റുകളിൽ ജീവിക്കുന്നവർക്ക് ചെറിയ രീതിയിലുള്ള ഇൻഡോർ ഗാർഡൻ സെറ്റ് ചെയ്യാം അതിന്റെ ഉത്തരവാദിത്തം കുട്ടികളെ ഏൽപ്പിക്കാം.

8. ബീച്ചുകളിലോ പാർക്കുകളിലോ അവരുമായി സമയം ചെലവഴിക്കാം. 

ഇത്തരം ചെറിയ ചെറിയ കാര്യങ്ങളിലൂടെ അവരുടെ ശാരീരിക മാനസിക ആരോഗ്യ സംരക്ഷണവും പ്രകൃതി സംരക്ഷണത്തിന്റെ വലിയ പാഠങ്ങളും കുട്ടികളെ പഠിപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com