ADVERTISEMENT

കുട്ടികളെക്കുറിച്ച് ചോദിക്കുമ്പോൾ നൂറു പരാതി പറയാൻ മിനക്കെടുന്നവർ ആയിരിക്കും മിക്ക മാതാപിതാക്കളും. കു‌ഞ്ഞ് മര്യാദക്കാരൻ ആണെങ്കിലും കുഞ്ഞിനെക്കുറിച്ച് രണ്ട് കുറ്റം പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടാത്ത ചില മാതാപിതാക്കളുമുണ്ട്. എന്നാൽ, ഇത്തരക്കാരുടെ ഇടയിൽ കർമം കൊണ്ടും കാഴ്ചപ്പാട് കൊണ്ടും വ്യത്യസ്തനാകുകയാണ് പീറ്റർ മുതബസി. ഒന്നല്ല, രണ്ടല്ല 36 കുഞ്ഞുങ്ങളെയാണ് പീറ്റർ മുതബസി ദത്തെടുത്തത്. അതും കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ. രണ്ട് വയസു മുതൽ 19 വയസു വരെയുള്ള കുട്ടികളുണ്ട് പീറ്റർ മുതബസി ദത്തെടുത്തവരിൽ.

ഏതൊരു ഹീറോയ്ക്കും വ്യത്യസ്തമായ ഒരു കഥയുണ്ടായിരിക്കും. ഉഗാണ്ടയിലെ ഗ്രാമപ്രദേശത്ത് ജനിച്ചു വളർന്ന പീറ്റർ തന്റെ പത്താം വയസിൽ വീടു വിട്ടിറങ്ങി. തലസ്ഥാനമായ കംപാലയിൽ ഒരു തെരുവുകുട്ടിയെ പോലെ അലഞ്ഞുനടന്നു. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് അടിയിൽ കിടന്ന് ഉറങ്ങി. ബസ് സ്റ്റാൻഡുകളിൽ കടല വിറ്റും മാർക്കറ്റിൽ പോയി പഴങ്ങൾ എടുത്തും തന്റെ അതിജീവനം തുടർന്നു.

മുതബസി തന്നെക്കുറിച്ച് തന്നെ പറയുന്നത് ദരിദ്രരിൽ ദരിദ്രനായി വളർന്നവൻ എന്നാണ്. ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ഒരു തെരുവ് കുട്ടിയായി മാറിയെന്നും തന്റെ ജീവിതം മാറ്റാനുള്ള ശ്രമം നടത്തുകയായിരുന്നെന്നും മുതബസി തുറന്നു പറയുന്നു. അഞ്ചു വർഷത്തോളം അദ്ദേഹം ഇങ്ങനെ തന്നെ ജീവിച്ചു. ഷോപ്പിങിന് എത്തുന്ന ആളുകളുടെ സാധനങ്ങൾ ചുമന്നു സഹായിച്ചു. അതിന് പ്രതിഫലമായി കിട്ടിയ വാഴപ്പഴം കൂട്ടുകാരുമൊത്ത് പങ്കുവെച്ച് കഴിച്ചു.

കൗമാരപ്രായത്തിൽ തന്റെ ഭാവിയെക്കുറിച്ച് മുതബസിക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഷോപ്പിങിന് എത്തുന്ന ആളുകളെ സഹായിക്കുന്നത് അയാൾ തുടർന്ന് കൊണ്ടേയിരുന്നു. ആ കാലത്ത് ജെയിംസ് എന്നയാളെ പരിചയപ്പെട്ടതും അയാളുമായി സൗഹാർദത്തിലായതും മുതബസിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. 15 വയസുള്ള മുതബസിയെ വിദ്യാഭ്യാസം നേടാൻ ജെയിംസ് സഹായിച്ചു. ചെറിയ ഒരു ക്രിസ്ത്യൻ സ്കൂളിൽ മുതബസിക്ക് ചേരാൻ ആവശ്യമായ പണം ജെയിംസ് നൽകി. അവിടെ നിന്ന് മുതബസി പടിപടിയായി വളരാൻ തുടങ്ങി. സമ്പന്നരായ കുട്ടികളുടെ ഗൃഹപാഠങ്ങൾ ചെയ്തുകൊടുത്ത് അവരുടെ പുസ്തകങ്ങൾ കടമായി വാങ്ങി.

ഹൈസ്കൂളിനും യൂണിവേഴ്സിറ്റിക്കും ഇടയിലുള്ള ഒരു വർഷത്തെ ചെറിയ ഇടവേളയിൽ മുതബസി ദുരിതാശ്വാസ പ്രവർത്തകനുമായി. 1990കളുടെ മധ്യത്തിൽ നടന്ന വംശഹത്യയെ തുടർന്ന് റുവാണ്ടൻ അഭയാർത്ഥി ക്യാമ്പുകളിൽ ദുരിതാശ്വാസ പ്രവർത്തകനായി. അതിനു ശേഷം ബിരുദപഠനം പൂർത്തിയാക്കി. ഉഗാണ്ട, യു കെ, യു എസ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തിനു ശേഷം, കംപാഷൻ ഇന്റർനാഷണൽ എന്ന നോൺ-പ്രോഫിറ്റ് സ്ഥാപനത്തിന്റെ മാനേജർ ആയി. 

ക്രൂരനായ അച്ഛനിൽ നിന്ന് ഓടിയൊളിച്ച ബാല്യം 
മുതബസിയുടെ പിതാവ് ഒട്ടും മര്യാദയില്ലാത്ത ആളായിരുന്നു. പിതാവിന്റെ ക്രൂരതകളിൽ മനം നൊന്താണ് മുതബസി ചെറിയ പ്രായത്തിൽ വീടു വിട്ടിറങ്ങിയത്. താനും തന്റെ പിതാവിനെ പോലെയാകുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. കുട്ടികളെ ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അവിവാഹിതനും കറുത്ത വർഗക്കാരനുമായ തനിക്ക് അതിന് അനുവാദം ലഭിക്കുമോ എന്ന് അദ്ദേഹം സംശയിച്ചു. എന്നാൽ, അമേരിക്കക്കാരനായ തന്റെ സഹപ്രവർത്തകൻ കറുത്ത വംശജയായ കുട്ടിയെ ദത്തെടുത്തത് മുതബസിയെ മാറ്റി ചിന്തിപ്പിച്ചു. നോൺ-പ്രോഫിറ്റ് സംഘടനയിൽ പ്രവർത്തിക്കുന്ന താൻ കുട്ടികളെ സഹായിക്കുന്നതിൽ എത്രത്തോളം അർപ്പണബോധവുള്ളവനാണെന്ന് മുതബസി സ്വയം ചോദിച്ചു തുടങ്ങി. ഇത്രയും കാലം ചെയ്തതിനേക്കാൾ കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹത്തിനു തോന്നി. അത്രയും കാലം കുട്ടികൾക്കു വേണ്ടതെല്ലാം ചെയ്ത് നിശ്ചിത അകലത്തിൽ അവരെ നിർത്തുകയായിരുന്നു മുതബസി. എന്നാൽ അതിൽ നിന്ന് മാറി ചിന്തിക്കണമെന്ന് അദ്ദേഹത്തിനു തന്നെ തോന്നിത്തുടങ്ങി.

ഇപ്പോൾ 49 വയസുള്ള മുതബസി കഴിഞ്ഞ 18 വർഷമായി യു,എസിൽ ആണ് താമസിക്കുന്നത്. യു.എസിൽ എത്തിയ സമയത്ത് ഈ രാജ്യം എത്ര സമ്പന്നവും എത്ര വികസിതവുമാണെന്ന് കണ്ട് താൻ ഞെട്ടിപ്പോയെന്നും എന്നാൽ, ഇവിടെയുള്ളവർക്ക് അവരുടെ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നെന്നും മുതബസി പറയുന്നു. അതുകൊണ്ടു തന്നെ ഒക്​ലഹോമ നഗരത്തിലെ ദത്തെടുക്കൽ ഏജൻസിയിൽ ചെന്ന് കുട്ടികളുടെ മെന്റർ ആയി പ്രവർത്തിക്കാമെന്ന് പറഞ്ഞു. എന്നാൽ, എന്തുകൊണ്ട് കുട്ടികളെ ദത്തെടുത്തു കൂടായെന്നും തനിച്ച് ജിവിക്കുന്ന പുരുഷന് കുട്ടികളെ ദത്തെടുക്കാമെന്നും ഒരു സാമൂഹ്യപ്രവർത്തക പറഞ്ഞപ്പോൾ മുതബസി മാറി ചിന്തിച്ചു. കുട്ടികളെ ദത്തെടുക്കുന്നതിന് മുന്നോടിയായി ലഭിച്ച ക്ലാസുകൾ തന്നിലെ ട്രോമയെ മാറ്റാൻ മുതബസിയെ സഹായിച്ചു. തനിക്ക് ഒരു നല്ല പിതാവാകാൻ കഴിയുമെന്ന് മനസിലാക്കിയ അദ്ദേഹം കൗമാരപ്രായക്കാർക്കായി നൗ ഐ ആം നോൺ ഫൗണ്ടേഷൻ എന്ന സംഘടന ആരംഭിച്ചു. 

ദേഷ്യക്കാരെ കൈപ്പിടിയിലൊതുക്കി വാക്കുകൾ കൊണ്ട് പ്രചോദിപ്പിച്ചു 
കോപം കൊണ്ട് അലറിവിളിക്കുന്ന സ്വഭാവക്കാരനായ അഞ്ചു വയസുകാരനെ ആയിരുന്നു മുതബസി ആദ്യമായി ദത്തെടുത്തത്. എന്നാൽ, അവരുടെ കോപത്തെ നിയന്ത്രിക്കാൻ ആദ്യം സ്വയം നിയന്ത്രിച്ചു. ആ കുഞ്ഞിന്റെ കോപത്തിന് എന്താണ് കാരണമാകുന്നതെന്ന് അറിയാൻ ശ്രമിച്ചു. അത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ കുഞ്ഞിനെ നന്നായി വളർത്താൻ കഴിഞ്ഞു. ചെറുപ്പത്തിൽ ജെയിംസിനും കുടുംബത്തിനും ഒപ്പം താമസിച്ചത് മുതബസിയെ വളരെ സ്വാധീനിച്ചു. ജീവിത്തതിൽ എല്ലാ കാര്യങ്ങളും തരണം ചെയ്യാൻ ധൈര്യശാലിയാണ് താനെന്ന് കുറിച്ചുവെച്ചത് അദ്ദേഹത്തിന് ജീവിതത്തിൽ വലിയ പ്രചോദനമായി. ദൃഢപ്രതിജ്ഞകൾ എഴുതി സൂക്ഷിക്കുന്നത് മുതബസിക്ക് ശീലമായിരുന്നു. ഇത് കുട്ടികൾക്കും പകർന്നു നൽകി. അവർ പ്രധാനപ്പെട്ടവരാണെന്നും അവർ തനിച്ചല്ലെന്നും അവർ പ്രത്യേകതയുള്ളവരാണെന്നും നിരന്തരം അവരോട് പറഞ്ഞ് കുട്ടികളെ പ്രചോദിതരാക്കി.

കുട്ടികളുടെ ചെറിയ നേട്ടങ്ങൾ ആഘോഷിച്ചു അവരുമായി സൗഹൃദത്തിലായി 
തന്റെ പരിചരണത്തിലുള്ള കുട്ടികളെ എപ്പോഴും തന്നോട് ചേർത്തു നിർത്താൻ മുത്തബസി ശ്രദ്ധിച്ചു. കുട്ടികളുടെ ചെറിയ നേട്ടങ്ങൾ പോലും ആഘോഷമാക്കി അവർക്ക് ആത്മവിശ്വാസം പകർന്നു കൊടുത്തു. താൻ വളരെ ദരിദ്രമായ സാഹചര്യങ്ങളിൽ നിന്നാണ് വന്നത്. ട്രോമയെ മറികടന്നത് എങ്ങനെയെന്ന് തനിക്കറിയാം. എന്നാൽ പലപ്പോഴും തന്റെ കുട്ടികൾ ഇങ്ങനെ ആയിരിക്കണമെന്ന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ ചെറിയ കാര്യത്തിലും അവർക്ക് തണലാകാൻ ശ്രമിച്ചു. എന്തെങ്കിലും കാര്യങ്ങളിൽ പരാജയപ്പെട്ടാൽ ആ കാര്യത്തേക്കാൾ പ്രാധാന്യം കുട്ടിക്കാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ചെറിയ കാര്യങ്ങളിലൂടെ അവരോടുള്ള വിശ്വസ്തതയും സ്നേഹവും പ്രകടിപ്പിക്കാൻ തനിക്ക് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. അതുമാത്രമല്ല, പലപ്പോഴും കൗമാരപ്രായക്കാരെ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന സംശയവുമായി നിരവധി മാതാപിതാക്കളാണ് മുതബസിയുടെ അടുത്തെത്തുന്നത്. കാരണം, ആ പ്രായത്തിലുള്ള കുട്ടിയെ കൈകാര്യം ചെയ്യുകയെന്നത് അത്രയേറെ വിഷമം പിടിച്ച കാര്യമാണ്. ഈ പ്രായത്തിലുള്ള കുട്ടികളോട് പെരുമാറുമ്പോൾ അവരുടെ കാഴ്ചപ്പാട് അറിയാനാണ് ശ്രമിക്കേണ്ടത്. ഹോർമോൺ വ്യത്യാസം ഉണ്ടാകും. ബഹുമാനക്കുറവ് ഉണ്ടാകും. അതൊക്കെ അറിഞ്ഞ് വേണം കൗമാരക്കാരോട് പെരുമാറേണ്ടത്. അക്കാര്യങ്ങൾ ഒക്കെ മനസിലാക്കി വേണം കുട്ടികളുമായി ഇടപഴകേണ്ടത്

English Summary:

Adoptive dad of 36 shares his secrets to raising happy kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com