മാതാപിതാക്കളേ, ഈ കാര്യങ്ങളിൽ മക്കളോടു കാണിക്കുന്ന അമിത സ്നേഹം ആപത്ത്!
Mail This Article
കുട്ടികൾ എത്ര വലുതായാലും മാതാപിതാക്കൾക്ക് അത് ഉൾക്കൊള്ളാൻ ആവില്ല. അതിനാൽ തന്നെ ഓരോ പ്രായത്തിലും കുട്ടികൾ ചെയ്യേണ്ട കാര്യങ്ങൾ, അവർ ഏറ്റെടുത്ത നടപ്പാക്കേണ്ട ചുമതലകൾ എല്ലാം അമിത സ്നേഹം കൊണ്ട് മാതാപിതാക്കൾ തന്നെ ചെയ്യും. ഇതിന്റെ ഫലം അറിയുന്നതാകട്ടെ വിദൂരഭാവിയിലും. വീട്ടുജോലികളിൽ മാതാപിതാക്കളെ സഹായിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി കണക്കാക്കരുത്. ഇത് കുട്ടികളുടെ വ്യക്തിത്വ വികസനത്തിന്റെ പല തലങ്ങളെ പോസിറ്റിവ് ആയി സ്വാധീനിക്കുന്ന കാര്യമാണ്.
സ്വന്തം പാത്രം, കളിപ്പാട്ടങ്ങൾ തുടങ്ങിയവ എടുത്തു വയ്ക്കുക, പഠന മുറി വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ ചെറിയ ടാസ്കുകൾ കൃത്യമായി ചെയ്യിക്കുന്നതിലൂടെ കുട്ടികൾ നേതൃഗുണം ഉള്ളവരും ചുമതലകൾ ഏറ്റെടുക്കാൻ മിടുക്കുള്ളവരുമായി മാറുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതിനുള്ള പ്രധാന കാരണം, കുട്ടികളെ സംബന്ധിച്ച് അവരുടെ ലോകം തങ്ങളുടെ വീടാണ്. അവിടെ നിന്നാണ് അവർ പുറം ലോകത്തേക്ക് കടക്കുന്നത്. അതിനാൽ വീട്ടിൽ ചെയ്ത് ശീലിച്ച കാര്യങ്ങളിൽ നിന്നുമാണ് മുന്നോട്ട് പോകാനുള്ള ഊർജം ലഭിക്കുന്നത്.
മൂന്നു വയസിൽ തുടങ്ങാം
പ്രായം അനുസരിച്ചാണ് കുട്ടികൾക്ക് അനുയോജ്യമായ ജോലികൾ അവരെ ഏല്പിക്കേണ്ടത്. കുട്ടിയുടെ തലച്ചോർ വികസന സന്നദ്ധത കാണിക്കുന്ന ഏകദേശം 3 മുതൽ കുട്ടികൾ അടിസ്ഥാന നിർദ്ദേശങ്ങളെയും ജോലികളെയും കുറിച്ച് മനസ്സിലാക്കാൻ തുടങ്ങുന്നു. കളിപ്പാട്ടങ്ങൾ ഉപയോഗശേഷം എടുത്തു വയ്ക്കുക, വസ്ത്രം മാറിയാൽ അലക്കാനുള്ള ബാസ്കറ്റിൽ ഇടുക തുടങ്ങിയ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ ഈ പ്രായത്തിൽ ചെയ്യിപ്പിക്കണം.
തുടക്കത്തിൽ അച്ഛനമ്മമാർക്ക് ഒരു സഹായം എന്ന നിലയ്ക്ക് ചുമതലകൾ പരിചയപ്പെടുത്താം. കുട്ടി സഹായിക്കുന്നതിൽ താൽപ്പര്യം കാണിക്കുകയോ അല്ലെങ്കിൽ വീട്ടുജോലികൾ അനുകരിക്കുകയോ ചെയ്യുകയാണെങ്കിൽ, പ്രായത്തിന് അനുയോജ്യമായ കൂടുതൽ ജോലികൾ പരിചയപ്പെടുത്തുക. ഏകദേശം 5 മുതൽ 6 വയസ്സ് വരെ പ്രായത്തിൽ തന്റെ പഠനമേശ ക്രമീകരിക്കുക അല്ലെങ്കിൽ ഒരു ചെറിയ ചൂൽ ഉപയോഗിച്ച് തൂത്തുവാരുക തുടങ്ങിയ ടാസ്കുകൾ നൽകാം. കുട്ടിയുടെ ശാരീരിക കഴിവുകളും ഏകോപനവും വിലയിരുത്തുന്നതിന് ഇത്തരം ടാസ്കുകൾ സഹായിക്കും.
ഇനിയല്പം ഹെവി ടാസ്ക് ആകാം
7 വയസു മുതലുള്ള പ്രായം കുടുംബത്തിന്റെ പ്രവർത്ത രീതി, പാചകം, ഭക്ഷണ രീതികൾ എന്നിവയെല്ലാം പരിചയപ്പെടുത്തുന്നതിനുള്ളതാണ്. വീട്ടിലേക്ക് വാങ്ങുന്ന പച്ചക്കറികൾ , മറ്റ് ആവശ്യവസ്തുക്കൾ എന്നിവ ഏകീകരിച്ച് വയ്ക്കുക, ഫ്രിഡ്ജ് , ഡൈനിംഗ് ടേബിൾ എന്നിവ ക്രമീകരിക്കുക തുടങ്ങി ക്രമീകരണവുമായി ബന്ധമുള്ള കൂടുതൽ ടാസ്കുകൾ ഈ സമയത്ത് നൽകാം. വീട്ടുജോലികൾ പരിചയപ്പെടുത്തുന്നത് ഉത്തരവാദിത്തം പഠിപ്പിക്കുകയും കുടുംബത്തിൽ താൻ നേതൃത്വം നൽകി ചെയ്യേണ്ട കാര്യങ്ങളുണ്ടെന്നു മനസിലാക്കാൻ സഹായിക്കുകയും ചെയ്യും.
ജോലികൾ എങ്ങനെ നിർവഹിക്കണമെന്ന് അവരെ പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ പരിശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്യുക. പ്രായത്തിനനുയോജ്യമായ ജോലികൾ മാത്രം കുട്ടികൾക്ക് നൽകാൻ ശ്രമിക്കുക. . ചെറിയ കുട്ടികളോട് ഉറക്കം കഴിഞ്ഞെഴുന്നേറ്റാൽ കിടക്ക വൃത്തിയാക്കി ഇടാൻ പഠിപ്പിക്കുമ്പോൾ അല്പം വലിയ കുട്ടികളെ വീടിന്റെ അകം വൃത്തിയാക്കുക, പത്രങ്ങൾ കഴുകുക തുടങ്ങിയ ടാസ്കുകൾ ഏല്പിക്കാം. വൃത്തി, ചിട്ട എന്നിവയെല്ലാം ജീവിതശൈലിയുടെ ഭാഗമാക്കാൻ ഇത് സഹായിക്കും.
ഓർമ്മിക്കുക, ഓരോ കുട്ടിയും വ്യത്യസ്കത രാണ്. അതിനാൽ വീട്ടുജോലികൾ പരിചയപ്പെടുത്തുമ്പോൾ കുട്ടികളുടെ വ്യക്തിഗത സന്നദ്ധതയും കഴിവുകളും പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. ജോലി ചെയ്യിക്കുക എന്നതിലുപരി ഇത് വ്യക്തിത്വ വികസനത്തിന്റെ ഭാഗമായുള്ള പരിശീലനമായി കാണുക. ചെറുതായി തുടങ്ങുകയും ക്രമേണ ഉത്തരവാദിത്തങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നത് വീട്ടുജോലികളോട് നല്ല മനോഭാവം വളർത്തിയെടുക്കാൻ സഹായിക്കും.