ADVERTISEMENT

മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും പ്രതിസന്ധിയുള്ള കാലമാണ് മക്കൾ കൗമാരത്തിലേക്കു കാലെടുത്തുവയ്ക്കുന്ന സമയം. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങളിലൂടെ കുട്ടികൾ കടന്നു പോകുന്ന സമയം കൂടിയാണ് ഇത്. ചിലർ ദേഷ്യക്കാരാകും. മറ്റ് ചിലർ ഒരു വിധത്തിലും കൈപ്പിടിയിൽ ഒതുങ്ങാത്ത വിധം മാറിക്കളയും. എന്നാൽ, ഉത്തരവാദിത്തബോധമുള്ള,  മറ്റുള്ളവരെ പരിഗണിക്കുന്ന, ശരിയും തെറ്റും തിരിച്ചറിയാൻ കഴിവുള്ള വിധത്തിലേക്ക് നമ്മുടെ മക്കൾ മാറിയാലോ. ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് സാധ്യമാണ്. ഈ പ്രായത്തിൽ കുട്ടികളുടെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് മാതാപിതാക്കളാണ്. അത് അച്ഛനമ്മമാരുമായുള്ള കുട്ടിയുടെ ശക്തമായ ബന്ധം പോലെയിരിക്കും. 

മാതാപിതാക്കളുമായി ശക്തമായ ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു കുഞ്ഞ് പൊതുവായുള്ള സന്തോഷത്തിലും സ്കൂളുകളിൽനിന്ന് നേടുന്ന വിജയത്തിലും മുൻപന്തിയിൽ ആയിരിക്കും. എന്നാൽ മാതാപിതാക്കളുമായി നല്ല ബന്ധമില്ലാത്ത ഒരു കുഞ്ഞ് പല തിന്മകളിലേക്കും തിരിയാനുള്ള സാധ്യതയുണ്ട്. മാതാപിതാക്കളിൽനിന്നു നല്ല സ്നേഹവും പരിഗണനയും ലഭിക്കാത്ത കുഞ്ഞുങ്ങൾ ലൈംഗികപരമായ പ്രവൃത്തികളിലേക്കും മദ്യവും ലഹരിമരുന്നും പരീക്ഷിക്കുന്നതിലേക്കും വഴിതെറ്റിപ്പോകാനുള്ള സാധ്യതയുണ്ട്. ഇത് ചിലപ്പോൾ ആ കുട്ടിയുടെ നാശത്തിലേക്കോ ആത്മഹത്യയിലേക്കോ നയിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ, കൗമാരക്കാരായ കുട്ടികളെ ചേർത്തുപിടിക്കാനും അവരെ നേർവഴി നടത്താനും ചില പൊടിക്കൈകളുണ്ട്.

father-mother-daughter-teenage-family-candid-parenting-triloks-shutterstock-com
Representative Image Photo Credit : Triloks / Shutterstock.com

ഓർക്കുക, നിങ്ങൾ മാതാപിതാക്കൾ മാത്രമല്ല, സുഹൃത്ത് കൂടിയാണ്
മാതാപിതാക്കൾ എപ്പോഴും ഒപ്പമുണ്ടെന്നും തങ്ങളെ മനസ്സിലാക്കുന്നുണ്ടെന്നും കുട്ടികൾക്ക് ഉറച്ച ബോധ്യം വരണം. അപ്പോൾ മാത്രമാണ് അവർ അച്ഛനോടും അമ്മയോടും കൂടുതൽ അടുക്കുകയും കാര്യങ്ങൾ തുറന്നു സംസാരിക്കുകയും ചെയ്യുക. കുട്ടികളുടെ ചെറിയ കാര്യങ്ങളിൽ അവരെ അഭിനന്ദിക്കുകയും ചേർത്തു നിർത്തുകയും ചെയ്യണം. എന്തും തുറന്ന് പറയാൻ കഴിയുന്ന ഒരു സുഹൃത്താണ് അച്ഛനും അമ്മയും എന്ന് അവർക്ക് തോന്നണം. എന്നാൽ, മാതാപിതാക്കൾ കുട്ടികളെ അടച്ചുപൂട്ടിയിടുന്നതായി അവർക്ക് തോന്നരുത്. അവർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തോന്നണം. ഒരു സുഹൃത്ത് എന്ന പോലെ സ്കൂളിലെയും ക്ലാസിലെയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം. അവർ രഹസ്യമായി പറയുന്ന കാര്യങ്ങൾ രഹസ്യമായിത്തന്നെ സൂക്ഷിക്കണം. അത് കൂടുതൽ കാര്യങ്ങൾ തുറന്നു പറയാൻ കുട്ടികളെ പ്രേരിപ്പിക്കും. പരിഗണനയ്ക്ക് ഒപ്പം, അവരുടെ സ്വകാര്യതയെ ബഹുമാനിക്കുകയും ചെയ്യണം. എന്നാൽ, കൃത്യമായ ഒരു കണ്ണ് എപ്പോഴും അവരുടെ മേൽ ഉണ്ടായിരിക്കണം. ശരിയല്ലാത്ത കാര്യങ്ങൾ കണ്ടാൽ അതിനെ ശക്തമായി എതിർക്കുകയും എന്തുകൊണ്ടാണ് അത് എതിർക്കപ്പെടുന്നതെന്ന് കുട്ടിയെ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുക.

ദിവസവും കുറച്ച് സമയം തുറന്ന് സംസാരിക്കുക
കുട്ടിയുമായി കൃത്യമായ ആശയവിനിമയം എല്ലാ ദിവസവും ഉറപ്പു വരുത്തുക. അത് ചിലപ്പോൾ സ്കൂൾ വിട്ടു വന്നതിനു ശേഷമാകാം, അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോളാകാം, അതുമല്ലെങ്കിൽ ഉറങ്ങുന്നതിന് തൊട്ടുമുമ്പാകാം. ദിവസത്തിലെ മറ്റു സമയങ്ങളിലെല്ലാം മാതാപിതാക്കളെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത കൗമാരപ്രായക്കാർ ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയുമായോ അച്ഛനുമായോ തുറന്ന് സംസാരിക്കാൻ ആഗ്രഹിക്കുന്നു. അവരുടെ ഒരു ആലിംഗനം കൊതിക്കുന്നു. ഇത് മാത്രമല്ല, എല്ലാ ആഴ്ചയും അവരോടൊന്നിച്ച് പുറത്തു പോകാനോ ഒരു ഐസ്ക്രീം കഴിക്കാൻ പോകാനോ ശ്രദ്ധിക്കാം. ഒരുമിച്ച് കുറച്ചു നേരം നടക്കുന്നതും കൗമാരപ്രായത്തിലുള്ള കുട്ടിയുമായുള്ള ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും.

ഉചിതമായി ഇടപെടുക, സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിലുണ്ടായിരിക്കുക
സജീവമായും ഉചിതമായും കുട്ടികളുടെ കാര്യത്തിൽ ഇടപെടുക. കൗമാരപ്രായത്തിലേക്ക് എത്തുന്ന കുട്ടികൾ പൊതുവേ കുറച്ച് റിബൽ സ്വഭാവം കാണിക്കാറുണ്ട്. കൂടുതൽ സ്വാതന്ത്ര്യം വേണമെന്ന് അവർക്ക് തോന്നും. കുട്ടികളുടെ എടുത്തടിച്ചതു പോലെയുള്ള പെരുമാറ്റങ്ങൾ മാതാപിതാക്കളുമായി വലിയ വഴക്കിന് കാരണമാകാറുണ്ട്. നിരന്തരം അവരുമായി വഴക്കിനു പോകുന്നത് കുട്ടിയുമായുള്ള ബന്ധം വഷളാക്കും. അതേസമയം, കുട്ടികൾ എവിടെ പോകുന്നു, അവർ ആരുടെ കൂടെയാണ് സമയം ചെലവഴിക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടായിരിക്കണം. കുട്ടിയുടെ കൂട്ടുകാരുമായും അവരുടെ മാതാപിതാക്കളുമായും ബന്ധം സ്ഥാപിച്ചെടുക്കണം. അങ്ങനെയാകുമ്പോൾ കുട്ടികളുടെ സൗഹൃദവലയത്തെക്കുറിച്ചും അവർ എന്തൊക്കെ ചെയ്യുന്നു എന്നതിനെക്കുറിച്ചും നമുക്ക് ഒരു ധാരണ ലഭിക്കും. കുട്ടികൾ സ്കൂൾ വിട്ട് വരുന്ന സമയത്ത് വീട്ടിൽ ഉണ്ടായിരിക്കാനും ശ്രദ്ധിക്കണം. കാരണം, ലഹരിമരുന്ന് ഉപയോഗത്തിനും മറ്റ് അനാരോഗ്യകരമായ ബന്ധങ്ങൾക്കും കുട്ടികൾ സമയം കണ്ടെത്തുന്നത് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം മൂന്നുമണിക്കും ആറുമണിക്കും ഇടയിലുള്ള സമയത്താണ്. കാരണം, മാതാപിതാക്കൾ ജോലിക്കാർ ആണെങ്കിൽ ആ സമയത്ത് വീട്ടിൽ ഉണ്ടാകില്ല എന്നതു തന്നെ കാരണം. അതുകൊണ്ടു തന്നെ ജോലി ചെയ്യുന്ന മാതാപിതാക്കൾ ആണെങ്കിൽ ഷിഫ്റ്റ് ക്രമീകരിച്ച് കുട്ടികൾ സ്കൂൾ വിട്ടു വരുന്ന സമയത്ത് വീട്ടിലുണ്ടായിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ സുഹൃത്തുക്കൾക്ക് ഒപ്പമാണെങ്കിൽ അവിടെ മുതിർന്ന ഒരാളുടെ ശ്രദ്ധ എപ്പോഴും വേണം.

മക്കൾക്ക് മികച്ച മാതൃകയാകുക, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക
പൊതുവേ കുട്ടികൾ മാതാപിതാക്കളെയാണ് അനുകരിക്കുക. അതുകൊണ്ടുതന്നെ അവർക്ക് മികച്ച മാതൃകയായിരിക്കാൻ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കണം. നിങ്ങൾ എന്താണോ ചെയ്യുന്നത് അതു തന്നെയായിരിക്കും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ മക്കൾ അനുകരിക്കുക. അതുകൊണ്ടു തന്നെ ഉയർന്ന ജീവിതനിലവാരം പുലർത്താനും ശ്രദ്ധിക്കണം. നിങ്ങൾ മക്കളെക്കുറിച്ച് എന്താണോ ആഗ്രഹിക്കുന്നത്, അതെല്ലാം മക്കൾ സ്വന്തമാക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്. മക്കൾ അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മാതാപിതാക്കളുടെ പിന്തുണയോടു കൂടി നേടിയെടുക്കട്ടെ. കൗമാരക്കാരായ മക്കളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്താണെന്ന് തിരിച്ചറിഞ്ഞ് അതിനൊപ്പം നിൽക്കാൻ മാതാപിതാക്കൾക്ക് കഴിയണം.  ഒപ്പം കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കണം. ദിവസം ഒരു നേരമെങ്കിലും കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം. ഒരു ദിവസം നടന്ന സംഭവവികാസങ്ങളെക്കുറിച്ച് ഒരുമിച്ചിരുന്ന് സംസാരിക്കാൻ അത് വളരെ നല്ലതാണ്. മാതാപിതാക്കൾക്ക് ഒപ്പം ഒരുമിച്ചിരുന്ന് സംസാരിക്കാൻ എല്ലാ ദിവസവും കുട്ടികൾക്ക് കഴിയുന്നുണ്ടെങ്കിൽ അത് അവരുടെ സന്തോഷത്തെയും വിജയത്തെയും ബാധിക്കും.

laptop-teenage-study-time-absolute-india-shutterstock-com
Representative Image Photo Credit : Absolute India / Shutterstock.com

കുട്ടികളുടെ നല്ല കേൾവിക്കാരാകുക, സ്വയം ശ്രദ്ധിക്കാൻ പ്രാപ്തരാക്കുക
കുട്ടികളുടെ പ്രശ്നങ്ങൾ ശ്രദ്ധയോടെ കേൾക്കാൻ മാതാപിതാക്കൾക്ക് കഴിയണം. അവർക്ക് വേണ്ടി സമയം മാറ്റിവയ്ക്കണം. അവരുടെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് നമുക്ക് ധാരണയില്ലെങ്കിൽ അവരുടെ കാര്യത്തിൽ കൃത്യമായ ഇടപെടലുകൾ നടത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ കുടുംബത്തിൽ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കണം. കുട്ടിയുടെ സ്കൂളിലെ വിശേഷങ്ങളും കൂട്ടുകാരുടെ വിശേഷങ്ങളും ചോദിച്ചറിയണം. ഒപ്പം സ്വയം കൂടുതൽ ശ്രദ്ധിക്കാനും സ്വന്തം ആരോഗ്യത്തിന് കൂടുതൽ പരിഗണന നൽകാനും കുട്ടികളെ പ്രാപ്തരാക്കണം. നന്നായി ഉറങ്ങാനും നല്ല ഭക്ഷണം കഴിക്കാനും ശീലിപ്പിക്കണം. കൗമാരപ്രായത്തിൽ കാപ്പി കുടി ഒരു ശീലമാക്കാത്തതാണ് നല്ലത്. കാരണം, ഇത് ഉറക്കത്തെ ബാധിക്കാൻ സാധ്യതയുണ്ട്. അതുപോലെ ഒരുപാട് നേരം മൊബൈൽ ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തണം. പ്രത്യേകിച്ച് ഉറങ്ങാൻ പോകുന്ന സമയത്ത് മൊബൈൽ ഉപയോഗിക്കാൻ ഒരിക്കലും അനുവദിക്കരുത്. അത് ഉറക്കത്തെ തടസപ്പെടുത്തുകയും കണ്ണിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും. കുട്ടികൾ ഉപയോഗിക്കുന്ന കംപ്യൂട്ടർ വീട്ടിൽ ഒരു പൊതുവിടത്തിൽ വേണം വെയ്ക്കാൻ. കൗമാരപ്രായക്കാരെ ഒരു സുഹൃത്തിനെപ്പോലെ ചേർത്തു നിർത്തുകയാണ് വേണ്ടത്. കാരണം, അവർ എല്ലാ കാര്യങ്ങളും പറയാൻ ആഗ്രഹിക്കുന്നത് സുഹൃത്തുക്കളോടാണ്. മാതാപിതാക്കൾ തനിക്ക് വലിയ പിന്തുണ നൽകുന്നുണ്ടെന്ന് ബോധ്യപ്പെട്ടാൽ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ അവർ തയാറാകും. വലിയ സമ്മർദ്ദങ്ങളില്ലാതെ കുട്ടിയുടെ കൗമാരകാലം നമുക്ക് അതിജീവിക്കാനും കഴിയും.

കുട്ടികളുടെ ആരോഗ്യത്തിലും വേണ്ടേ ശ്രദ്ധ? ആരോഗ്യ.വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ

English Summary:

Why spending quality time with your children is important?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com