ഹോബികളെ പ്രോൽസാഹിപ്പിക്കൂ; കുട്ടികൾ മിടുക്കരാകട്ടെ

Mail This Article
കുട്ടികളെ ഒന്നിനും നിർബന്ധിക്കാതിരിക്കുക എന്നത് പ്രധാനമാണ്. വ്യത്യസ്‌ത പ്രവർത്തനങ്ങളെപ്പറ്റി അന്വേഷിക്കാനും സ്വയം മനസ്സിലാക്കാനും അവർക്കു സമയം നൽകുക. അവർ ഹോബികളിൽ മുഴുകട്ടെ, അതിൽ പരീക്ഷണങ്ങൾ നടത്തട്ടെ. അതിലെ നേട്ടങ്ങൾ എത്ര ചെറുതായാലും വലുതായാലും പ്രോൽസാഹിപ്പിക്കാൻ മടി കാട്ടരുത്.
അനുകൂലമായ ചുറ്റുപാട് സൃഷ്ടിക്കുക
കുട്ടികളുടെ താൽപര്യവും അഭിരുചികളും പ്രകടിപ്പിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുക. അവർക്ക് മാതാപിതാക്കളിൽനിന്നും മുതിർന്നവരിൽനിന്നും പിന്തുണയും പ്രോത്സാഹനവും ലഭിക്കണം. അവരുടെ നേട്ടങ്ങളെ ആഘോഷിക്കുക. കൂടുതൽ ഉൽസാഹത്തോടെ കാര്യങ്ങൾ ചെയ്യാനുള്ള പ്രോത്സാഹനമാണത്. ഒപ്പം കഴിവുകൾ മെച്ചപ്പെടുത്താനും സാധിക്കും.
ഹോബികൾ പ്രോത്സാഹിപ്പിക്കുക
കുട്ടികളുടെ സാമർഥ്യവും മത്സരബുദ്ധിയും വളർത്തിയെടുക്കുന്നതിലപ്പുറം ഹോബികളെ എങ്ങനെ സർഗാത്മകമായി കൈകാര്യം ചെയ്യാമെന്നു മനസ്സിലാക്കികൊടുക്കുക. അവരുടെ വൈദഗ്ധ്യം വളർത്തിയെടുക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുക്കാതെ ഹോബികളിൽ സർഗാത്മകത, ഭാവന, എന്നിവയ്ക്കും പ്രാധാന്യം നൽകുക.
സ്ഥിരോൽസാഹികളാകട്ടെ
ഒരു ഹോബിയിൽ മുന്നേറാൻ ക്ഷമയും പരിശ്രമവും പരിശീലനവും ആവശ്യമാണ്. കുട്ടികൾക്ക് പല രീതിയിലുള്ള വെല്ലുവിളികളും തിരിച്ചടികളും നേരിടേണ്ടി വന്നേക്കാം, എന്നാൽ മുതിർന്നവർ പ്രോത്സാഹനവും മാർഗ്ഗനിർദേശങ്ങളും നൽകണം. നിശ്ചയദാർഢ്യത്തോടെ മുന്നേറാൻ അവരെ സഹായിക്കേണ്ടത് അനിവാര്യമാണ്.
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിട്ടുകൊടുക്കുക
കുട്ടികൾക്ക് ഹോബികൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുക. ചെറിയ ചെറിയ തീരുമാനങ്ങൾ എടുക്കാനുള്ള അവസരം കൊടുക്കുന്നതു വഴി പതിയെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം കുട്ടികളിൽ വളർത്തിയെടുക്കാം. നിങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്.
സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുക
ഹോബിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലോ ക്ലബ്ബുകളിലോ ഒരേ താൽപര്യമുള്ള സമപ്രായക്കാരുമായോ ഇടപെഴകാൻ കുട്ടികൾക്ക് അവസരം നൽകുക. മറ്റു കുട്ടികളുമായി സംസാരിക്കുമ്പോൾ അവരുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും കുട്ടികൾക്കു മനസ്സിലാകുന്നു. അതോടൊപ്പം അവരുടെ സൗഹൃദവലയവും വലുതാകുന്നു.
ക്ഷമയും സഹകരണവും ഉള്ളവരായിരിക്കുക
കുട്ടികളുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും അഭിരുചികളും സമയമെടുത്താണ് വികസിക്കുകയെന്നു മനസ്സിലാക്കുക. കുട്ടികൾ വ്യത്യസ്ത ഹോബികളിൽ ഏർപ്പെടുമ്പോൾ, അതു മാറ്റാനുള്ള സ്വാതന്ത്ര്യവും അവർക്കുണ്ട് എന്നു മനസ്സിലാക്കുക. കുറ്റപ്പെടുത്താതെ, താല്‍പര്യമുള്ള ഹോബികൾ തിരഞ്ഞെടുക്കാൻ കൂടെ നിൽക്കുക. ഇക്കാര്യങ്ങൾ മനസ്സിൽ വച്ചു വേണം കുട്ടികളെ സമീപിക്കാൻ. കുട്ടികളുടെ ഇഷ്ടങ്ങളും കാഴ്ചപ്പാടുകളും താൽപര്യങ്ങളും അഭിരുചിയും മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിച്ചു കൂടെ നിൽക്കുക. ഓരോ നേട്ടത്തിലും ചെറിയ സമ്മാനങ്ങൾ നൽകുന്നത് അവർക്ക് കൂടുതൽ പ്രചോദനമാകുമെന്നു മറക്കേണ്ട.