ADVERTISEMENT

ഓരോ രക്ഷിതാക്കളും കുട്ടികളെ വളര്‍ത്തുന്നത് ഓരോ രീതിയിലാണ്. തങ്ങളുടെ രീതിയാണ് ശരിയെന്ന ബോധ്യത്തിലാണ് എല്ലാ രക്ഷിതാക്കളും മക്കളെ വളര്‍ത്തുന്നത്. യഥാര്‍ത്ഥത്തില്‍ പേരന്റിങ്ങിന് അങ്ങനെ കൃത്യമായി എഴുതിവെച്ച എന്തെങ്കിലും മാര്‍ഗ്ഗരേഖകളുണ്ടോ? ഇല്ലെന്ന് പറയുകയാണ് പ്രമുഖ സോഷ്യൽമീഡിയ എഴുത്തുകാരനായ ഫാസില്‍ ഷാജഹാന്‍. 'ഓരോ കുഞ്ഞിലും അനവധിയായ ഭാവങ്ങള്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. അവരെ വെറുതെ വിട്ടാല്‍ കൃത്യമായ സമയത്ത് അതെല്ലാം ഉണര്‍ന്നു വരും. അവരെ നമ്മുടെ സ്വപ്നങ്ങളിലേക്ക് പാകപ്പെടുത്തുമ്പോള്‍ അവര്‍ക്ക് അവരെ നഷ്ടപ്പെടും. അവര്‍ക്ക് നമ്മുടെ സ്‌നേഹവും കരുതലും മതി. മിനിമമായൊരു ശ്രദ്ധ മതി. മാക്‌സിമം വേണ്ട. നമ്മുടേതായ പാകപ്പെടുത്തല്‍ വേണ്ട. സദാ സമയവും മോണിറ്റര്‍ ചെയ്യപ്പെടുന്ന കുട്ടികള്‍ മറ്റൊരു 'നമ്മള്‍' ആയി മാറും എന്നതല്ലാതെ അവരായി മാറില്ല' എന്നും ഫാസില്‍ പറയുന്നു. സ്വന്തം മകനെക്കുറിച്ചും അവനിലെ മാറ്റങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഫാസില്‍ ഇക്കാര്യങ്ങള്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
'ഏറെ വൈകി ഞങ്ങളിൽ ജനിച്ച മകനാണ് റോവൽ. എങ്കിലും അവൻ ജനിച്ചത് മുതലുള്ള കഥകൾ ഞാൻ നിങ്ങളോട് പറയാറുണ്ട്. കഴിഞ്ഞ പതിനൊന്നു വർഷങ്ങൾക്കിടയിൽ അവനിൽ ഉണ്ടായ ചില മാറ്റങ്ങൾ പറയാം.

എട്ടു വയസ്സുവരെ ഞാനും സഹയും ഇല്ലെങ്കിൽ ഒരിടത്തും അവൻ പോകില്ലായിരുന്നു. ഒന്നു രണ്ടു മീറ്റർ ദൂരം ഞങ്ങൾ മാറി നിന്നാൽ മതി, അവൻ ഓടി ഞങ്ങളുടെ അരികിൽ എത്തുമായിരുന്നു. അതിൻറെ പേരിൽ അവനെ കളിയാക്കാത്തവരില്ല. എന്നാൽ ഞങ്ങൾ ഒരിക്കലും അവനെ കളിയാക്കിയില്ല. അവനെ സോഷ്യൽ ആക്കാൻ ശ്രമിച്ചതുമില്ല. ഞങ്ങളിലെ മൂന്നാമതൊരു അവയവം പോലെ ഒട്ടിനടന്ന അവൻ ഏകദേശം എട്ടു വയസ്സായപ്പോൾ ഞങ്ങളിൽ നിന്ന് താനേ അടർന്നു തുടങ്ങി. അവൻ സ്വയം സ്വതന്ത്രനായി. ദിവസങ്ങളോളം ഞങ്ങളില്ലെങ്കിലും അവന് പ്രശ്നമില്ലെന്നായി. ഒട്ടും കൂസലില്ലാതായി.

ഇത്രയും പ്രായത്തിനിടയിൽ അവനിൽ ഉണ്ടായ മാറ്റത്തിൻ്റെ മറ്റൊരു കഥ പറയാം. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന കുട്ടിയായിരുന്നു റോവൽ. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ടോക്കറ്റീവ് അല്ലാത്ത കുട്ടി. അധികമൊന്നും മിണ്ടാതെ അവൻ വളർന്നു വലുതായി. പതിനൊന്നാം വയസ്സിലേയ്ക്ക് പ്രവേശിക്കുന്നതിന് ഏകദേശം ആറുമാസം മുമ്പ് അവൻ സംസാരപ്രിയനായി. ഞാനത് പ്രത്യേകം ശ്രദ്ധിക്കുകയും എൻറെ ഉപ്പയോടും ഉമ്മയോടും അവനിപ്പോൾ നന്നായി സംസാരിച്ചു തുടങ്ങിയല്ലോ എന്ന് പറയുകയും ചെയ്തു.

parenting-
ഫാസില്‍. ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്

ഇനി മറ്റൊരു കഥ പറയാം. ഒമ്പതു വയസ്സ് വരെ മറ്റു കുഞ്ഞുങ്ങളെ കണ്ടാൽ പ്രത്യേകിച്ച് സ്‌നേഹ പ്രകടനങ്ങൾ പ്രകടിപ്പിക്കാത്ത കുട്ടിയായിരുന്നു അവൻ. എന്നാൽ ആ പ്രായത്തിനുശേഷം അവൻ അങ്ങനെയല്ല, കുഞ്ഞുങ്ങളോട് വല്ലാത്ത ഇന്റിമസിയും അടുപ്പവും കാണിച്ചു തുടങ്ങി. കൂടെയിരുന്നു കുഞ്ഞുങ്ങളെ രസിപ്പിക്കാൻ തുടങ്ങി.

അവസാനമായി മറ്റൊരു കഥ കൂടി പറയട്ടെ; റോവലിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അവനുവേണ്ടതെല്ലാം ഞങ്ങൾ ചെയ്തു കൊടുക്കാറുണ്ടായിരുന്നു. അപ്പോൾ എല്ലാവരും പറയും, ഒരു മകനേ ഉള്ളൂ എന്ന് വെച്ച് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കരുത്. സ്പൂൺ ഫീഡിംഗ് എന്ന ഒരു വാക്കും ആളുകൾ അതിനെ കുറിക്കാൻ ഉപയോഗിക്കാറുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ഒരിക്കൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അഞ്ച് കിലോ അരി ഒറ്റയ്ക്ക് തലയിൽ വെച്ച് ഒരു കിലോമീറ്റർ ദൂരമുള്ള സ്കൂളിൽ നിന്ന് അവൻ വീട്ടിലെത്തി. അങ്ങനെ പലതും സംഭവിച്ചു. ഇപ്പോൾ അവൻ സ്വന്തമായി അവൻ്റെ ഡ്രസ്സ് അലക്കും, സ്വന്തമായി പാചകം ചെയ്തു കഴിക്കും. കിടക്ക വിരിക്കും. കടയിൽ പോയി സാധനങ്ങൾ വാങ്ങും. അങ്ങനെ നൂറു കാര്യങ്ങൾ സെൽഫ് ഇൻസ്ട്രക്ഷനോടെ സ്വന്തമായി ചെയ്യും.

സത്യത്തിൽ ഞങ്ങൾ എന്താണ് ചെയ്തത്? ഞങ്ങൾ ചെയ്തത് അവനെ "വളർത്താതിരിക്കുക" എന്ന കാര്യം മാത്രമാണ്. അവനെ ഞങ്ങൾ വെറുതെ വിട്ടു. അവൻ അവനായിട്ടു വളർന്നു. ഞങ്ങൾ അവനോടൊപ്പം മഴയിലും വെയിലിലും കാറ്റിലും പൊടിയിലും പുഴയിലും മണലിലും ചന്ത പറമ്പിലും ഗെയിമിലും കാർട്ടൂണുകളിലും അപ്ലിക്കേഷനിലും ഗാഡ്ജറ്റുകളിലും കൂടെ നിന്നു കൊടുത്തു എന്ന് മാത്രം. എന്തിനാണ് ഇതൊക്കെയും ഇവിടെ എഴുതിയത്? അതും പറയാം.

ഓരോ കുഞ്ഞിലും അനവധിയായ ഭാവങ്ങൾ ഉറങ്ങിക്കിടക്കുന്നുണ്ട്. അവരെ വെറുതെ വിട്ടാൽ കൃത്യമായ സമയത്ത് അതെല്ലാം ഉണർന്നു വരും. അവരെ നമ്മുടെ സ്വപ്നങ്ങളിലേക്ക് പാകപ്പെടുത്തുമ്പോൾ അവർക്ക് അവരെ നഷ്ടപ്പെടും. വെറുതേ വിട്ടാൽ അവർ അവരാകും.

അവർക്ക് നമ്മുടെ സ്നേഹവും കരുതലും മതി. മിനിമമായൊരു ശ്രദ്ധ മതി. മാക്സിമം വേണ്ട. നമ്മുടേതായ പാകപ്പെടുത്തൽ വേണ്ട. സദാ സമയവും മോണിറ്റർ ചെയ്യപ്പെടുന്ന കുട്ടികൾ മറ്റൊരു "നമ്മൾ" ആയി മാറും എന്നതല്ലാതെ അവരായി മാറില്ല. പാരെന്റിംഗ് തീരെ കുറവുണ്ടായിരുന്ന കാലത്തു നിന്നും ഓവർ പാരന്റിംഗിലേക്ക് നീങ്ങിയ നമ്മുടെ നിലപാടുകൾ കൊണ്ട് കുട്ടികൾ വല്ലാതെ നിയന്ത്രിക്കപ്പെടുന്നു.

പാരന്റിങ് എന്നത് ഓരോരുത്തരുടെയും ഇഷ്ടവും തീരുമാനവും ആണ്. അതിനാൽ ആരുടെ പാരൻ്റിംഗ് ആണു ശരി എന്ന് പറയാൻ മറ്റൊരു ആൾക്ക് അധികാരമില്ല. അതിനാൽ ഞങ്ങൾ ചെയ്തതാണ് ശരി എന്ന അവകാശവാദമല്ല ഇത്. എല്ലാ പാരൻ്റിംഗും ശരികൾ തന്നെ. എന്നാൽ നിരന്തരം നിയന്ത്രിക്കപ്പെടുകയും മോണിറ്റർ ചെയ്യപ്പെടുകയും ചെയ്യുന്ന കുട്ടികൾക്ക് ഭാവിയിൽ സ്വന്തം തീരുമാനമെടുക്കാനും നിലപാടുള്ളവരാകാനും ഡിസിഷൻ മെയ്ക്കിങ്ങ് ആവശ്യമുള്ള തൊഴിലുകളിൽ ഏർപ്പെടാനും ബുദ്ധിമുട്ട് അനുഭവപ്പെടും എന്ന് മനശാസ്ത്ര പഠനങ്ങൾ പറയുന്നു.

അല്ലെങ്കിലും ഒന്നാലോചിച്ചു നോക്കൂ, ഭാവിയിൽ നമ്മൾ രായിത്തീരും എന്ന് നമ്മുടെ ബാല്യകാലത്ത് നമുക്ക് അറിയാമായിരുന്നോ? നമ്മുടെ മാതാപിതാക്കൾ പാകപ്പെടുത്തിയ ഇടത്താണോ നാം പിന്നീട് എത്തിച്ചേർന്നത്?

അതൊക്കെ ഓർത്താൽ ചിരിയും കൗതുകവും തോന്നും. ജീവിതം എന്നത് പലപ്പോഴും നിഗൂഢമായ ഒന്നാണ്. പിടി തരാത്ത ഒരു സമസ്യയാണ്. കൗമാരത്തിനുശേഷം അത് നമ്മെ നടത്തിക്കുന്ന വഴികൾ തികച്ചും വിചിത്രമാണ്. പോകുന്ന മാർഗ്ഗങ്ങളും എത്തിച്ചേരുന്ന ലക്ഷ്യങ്ങളും അനിശ്ചിതങ്ങളുടെ പാരാവാരമാണ്.

എന്തൊക്കെ തൊഴിലുകൾ ചെയ്തിക്കുന്നു. ഏതേതെല്ലാം ദേശങ്ങളിൽ കൂടുകൂട്ടിയിരിക്കുന്നു. എന്തെന്തെല്ലാം അറിവുകേടുകൾ. എന്തുമാത്രം തിരിച്ചറിവുകൾ. സ്വപ്നഭംഗങ്ങൾ. തിരുത്തലുകൾ. തികച്ചും പുതിയ മേച്ചിൽ പുറങ്ങൾ.

അതുകൊണ്ടാണ് ഓരോ മനുഷ്യരുടെയും ജീവിതം എന്നത് തികച്ചും നിഗൂഢമാണ് എന്നു പറഞ്ഞത്. ഒരു പരിധിവരെയല്ലാതെ നമുക്ക് അതിനുമേൽ നിയന്ത്രണമില്ല. ഇനി വളർന്നുവരുന്ന കുഞ്ഞുങ്ങളുടെ മേലും ഇതേ പ്രകൃതിനിയമം തന്നെയാണ് നടപ്പിലാകാൻ പോകുന്നത്. നമ്മുടെ ഭാവനകളിലൊതുങ്ങാത്ത ഒരു ലോകമാണ് അവരെ കാത്തിരിക്കുന്നത്. നമ്മുടെ ഡിജിറ്റൽ ലോകത്തെക്കുറിച്ച് നമ്മുടെ രക്ഷിതാക്കൾക്ക് ചിന്തിക്കാൻ കഴിയാതിരുന്നത് പോലെ!
അതിനാൽ അവരുടെമേൽ അമിത വാശി വേണ്ട. കുറച്ചൊക്കെ അവർ അവരായി തന്നെ വളരട്ടെ. വല്ലാതെ പിടിച്ചു വെക്കേണ്ട.'

English Summary:

A Prominent Social Media Writer Advocates Minimalist Parenting for a Child’s True Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com