ADVERTISEMENT

മൂന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നുള്ള ഒരധ്യായത്തിന്റെ ചിത്രവും കുറിപ്പും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു. സമത്വമെന്ന ആശയം തുടങ്ങി വെക്കേണ്ടത് കുടുംബങ്ങളില്‍ നിന്നാണെന്ന് വ്യക്തമാക്കുന്ന ചിത്രമായിരുന്നു ചര്‍ച്ചയായത്. അമ്മ ഭക്ഷണമുണ്ടാക്കും അച്ഛന്‍ ജോലിക്ക് പോകും എന്നൊക്കെയുള്ള പതിവു രീതികളില്‍ നിന്നു മാറി ഇരുവരുമൊരുമിച്ച് അടുക്കള ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രത്തിന് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്. ഇത് മാറ്റത്തിന്റെ തുടക്കമാകട്ടെയെന്ന് കുറിച്ചുകൊണ്ട് നിരവധിയാളുകളാണ് സോഷ്യല്‍മീഡിയയില്‍ അഭിപ്രായം പങ്കിട്ടത്. 

ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറായ മനോജ് വെള്ളനാട് എഴുതിയ കുറിപ്പില്‍ സഹപ്രവര്‍ത്തകയായ നഴ്‌സ് അവരുടെ മകളെക്കുറിച്ച് പറഞ്ഞ അനുഭവം കൂടി പങ്കുവെച്ചു. 'ബോളും ബാറ്റും വച്ച് കളിക്കുന്നത് ആണ്‍കുട്ടികളാണ്. പാവ വച്ച് കളിക്കുന്നത് പെണ്‍കുട്ടികള്‍. വീട്ടില്‍ ഭക്ഷണം പാചകം ചെയ്യുന്നത്, വീട് വൃത്തിയാക്കുന്നത് ഒക്കെ അമ്മയുടെ ജോലിയാണ്. ജോലിക്ക് പോയി പൈസ കൊണ്ടുവരുന്നതാണ് അച്ഛന്റെ കടമ'. ഇങ്ങനെയൊക്കെയാണ് മകളെ സ്‌കൂളില്‍ നിന്ന് പഠിപ്പിക്കുന്നതെന്നാണ് പരാതി പോലെ ആ നഴ്‌സ് പറഞ്ഞത്. 

എനിക്കും ബോള്‍ വച്ച് കളിക്കുന്നത് ഇഷ്ടമാണല്ലോയെന്നും ആണ്‍കുട്ടികള്‍ മാത്രമാണോ ബോള്‍ വച്ച് കളിക്കേണ്ടതെന്നും പെണ്‍കുട്ടി വീട്ടിലെത്തി അമ്മയോട് ചോദിച്ചു. നമ്മുടെ വീട്ടില്‍ അമ്മയും ജോലിക്ക് പോകുന്നുണ്ടല്ലോ. അതെന്താ എന്നും കുട്ടി സംശയിക്കുന്നു. 'ഇതാണ് കാലാകാലങ്ങളായി തുടര്‍ന്ന് വന്ന വിദ്യാഭ്യാസ രീതികള്‍. കുഞ്ഞിലേ മുതല്‍ ശീലിച്ചത് അങ്ങനെയായത് കൊണ്ടു നമ്മള്‍ മുതിര്‍ന്നവര്‍ക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നില്ല. പക്ഷെ കുട്ടികള്‍ അങ്ങനെയല്ലാ. ഫ്രഷാണ് തലച്ചോര്‍. അവര്‍ ഇക്കാര്യങ്ങളൊക്കെ മൈക്രോസ്‌കോപ്പിക് ലെവലില്‍ ഗ്രാസ്പ് ചെയ്യും. അതാണ് ആ കുഞ്ഞിനെ അന്നത്തെ ക്ലാസ് കണ്‍ഫ്യൂഷനില്‍ ആക്കിയത് ’ എന്നും മനോജ് വെള്ളനാടിന്റെ കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 

ഒന്നു രണ്ടു വര്‍ഷം മുമ്പ്, മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ഒരു നഴ്‌സ് പറഞ്ഞു കേട്ടതാണ്. ആ സമയം അവരുടെ മകള്‍ ഒന്നിലോ രണ്ടിലോ ആണ് പഠിക്കുന്നത്. കുട്ടിയെ സ്‌കൂളില്‍ പഠിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഒരു പരാതി പോലെ പറഞ്ഞതാണവര്‍. ബോളും ബാറ്റും വച്ച് കളിക്കുന്നത് ആണ്‍കുട്ടികളാണ്. പാവ വച്ച് കളിക്കുന്നത് പെണ്‍കുട്ടികള്‍. വീട്ടില്‍ ഭക്ഷണം പാചകം ചെയ്യുന്നത്, വീട് വൃത്തിയാക്കുന്നത് ഒക്കെ അമ്മയുടെ ജോലിയാണ്. ജോലിക്ക് പോയി പൈസ കൊണ്ടുവരുന്നത് അച്ഛന്റെ കടമ. ഇതാണ് സ്‌കൂളില്‍ പഠിപ്പിച്ചത്. 

അന്ന് ആ കുട്ടി സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്ന് അമ്മയോട് ചോദിച്ചു, അമ്മേ, എനിക്ക് ബോള്‍ വച്ച് കളിക്കുന്നതല്ലേ ഇഷ്ടം. ആണ്‍കുട്ടികള്‍ മാത്രമാണോ ബോള്‍ വച്ച് കളിക്കേണ്ടത്? നമ്മുടെ വീട്ടില്‍ അമ്മയും ജോലിക്ക് പോകുന്നുണ്ടല്ലോ. അതെന്താ? ഇതാണ് കാലാകാലങ്ങളായി തുടര്‍ന്ന് വന്ന വിദ്യാഭ്യാസ രീതികള്‍. കുഞ്ഞിലേ മുതല്‍ ശീലിച്ചത് അങ്ങനെയായത് കൊണ്ടു നമ്മള്‍ മുതിര്‍ന്നവര്‍ക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നില്ല. പക്ഷെ കുട്ടികള്‍ അങ്ങനെയല്ലാ. ഫ്രഷാണ് തലച്ചോര്‍. അവര്‍ ഇക്കാര്യങ്ങളൊക്കെ മൈക്രോസ്‌കോപ്പിക് ലെവലില്‍ ഗ്രാസ്പ് ചെയ്യും. അതാണ് ആ കുഞ്ഞിനെ അന്നത്തെ ക്ലാസ് കണ്‍ഫ്യൂഷനില്‍ ആക്കിയത്. 

ഇപ്പോള്‍ ഇതാ പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ പോകുന്നു. ഈ ചിത്രത്തിലുള്ളത് മൂന്നാം ക്ലാസിലെ മലയാള പാഠപുസ്തകമാണെന്ന് കേള്‍ക്കുന്നു. ആ പടം കണ്ടപ്പോള്‍ ഓര്‍ത്തതാണ് അന്ന് ആ നഴ്‌സ് പറഞ്ഞ കാര്യങ്ങള്‍. മാറ്റങ്ങള്‍ പതിയെ പടി കടന്നു വരുന്നുണ്ട്. 

English Summary:

Viral Textbook Image Prompts Debate on Gender Equality in Family Roles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com