ADVERTISEMENT

'ബാൾക്കൻസിന്റെ നോസ്ട്രാഡമസ്' എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്. ബാബ വാംഗയെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് 'പ്രവചനം' എന്ന വാക്കാണ് വരുന്നതെങ്കിൽ അത്ഭുതപ്പെടാനില്ല. കാരണം, അവർ നടത്തിയ പ്രവചനങ്ങൾ അവരുടെ മരണശേഷവും ലോകം ശ്രദ്ധയോടെ കേൾക്കുന്നു. 1911ൽ ജനിച്ച ബാബാ വാംഗ 1996ലാണ് മരിച്ചത്. അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകൾ ആയിരുന്നു ബാബ വാംഗയ്ക്ക് ദശലക്ഷകണക്കിന് അനുയായികളെ നേടിക്കൊടുത്തത്. 

എല്ലാ വ‍ർഷവും അവസാനമാകുമ്പോൾ വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് വാംഗ നടത്തിയ പ്രവചനങ്ങൾ എന്ന പേരിൽ പ്രവചനങ്ങൾ എത്താറുണ്ട്. എന്നാൽ, ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാംഗ മരിച്ച് 25 വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാണെന്നതാണ് മറ്റൊരു സത്യം. എന്നാൽ, ഈ പ്രവചനങ്ങൾ എല്ലാം എവിടെ നിന്നെന്ന ചോദ്യത്തിന് അവരുടെ ജോലിക്കാരിലേക്കാണ് അനുയായികൾ വിരൽ ചൂണ്ടുന്നത്. വാംഗ പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിക്കുകയായിരുന്നു എന്നാണ് അനുയായികൾ പറയുന്നത്. അമ്പത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള കാര്യങ്ങൾ വാംഗ പ്രവചിച്ചിട്ടുണ്ടെന്നും അനുയായികൾ അവകാശപ്പെടുന്നു.

വാംഗ നടത്തിയ പ്രവചനങ്ങൾ മരണശേഷം ഫലിച്ചപ്പോൾ
1996ലാണ് ബാബ വാംഗ മരിച്ചത്. എന്നാൽ ജീവിച്ചിരുന്ന കാലത്ത് അവർ പ്രവചിച്ച പല കാര്യങ്ങളും അവരുടെ മരണശേഷം നടന്നു. സെപ്റ്റംബർ 11ലെ ഭീകരാക്രമണം, ഡയാന രാജകുമാരിയുടെ മരണം, ചെർണോബിൽ ദുരന്തം, ബ്രെക്സിറ്റ് എന്നിവ വാംഗ പ്രവചിച്ചിരുന്നതായാണ് കണക്കാക്കുന്നത്. ഇനിയും വരാനിരിക്കുന്ന നിരവധി വർഷങ്ങളിലേക്കുള്ള പ്രവചനങ്ങൾ ബാബ വാംഗ നടത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് 2024നെക്കുറിച്ച് ബാബ വംഗ നടത്തിയിട്ടുള്ള പ്രവചനങ്ങളാണ്.

2024 ൽ എന്ത് സംഭവിക്കും ? ബാബ വാംഗ നടത്തിയ പ്രവചനങ്ങൾ ഇങ്ങനെ 
റഷ്യൻ പ്രസിഡന്റെ വ്ളാഡിമിർ പുടിന് നേരെ വധശ്രമം ഉണ്ടാകുമെന്നുള്ളതാണ് 2024നെക്കുറിച്ച് ബാബ  വാംഗ നടത്തിയ പ്രവചനങ്ങളിൽ പ്രധാനപ്പെട്ടത്. ഒരു റഷ്യൻ പൗരൻ തന്നെ ആയിരിക്കും പുടിന് എതിരെ വധശ്രമം നടത്തുക എന്നാണ് വാംഗയുടെ പ്രവചനത്തിൽ പറയുന്നത്. യൂറോപ്പിലെ തീവ്രവാദമാണ് വാംഗയുടെ പ്രവചനങ്ങളിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം. 2014 ഓടെ യൂറോപ്പിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കുമെന്നാണ് അവരുടെ പ്രവചനത്തിൽ പറയുന്നത്. ഒരു വലിയ രാജ്യം ബയോളജിക്കൽ വെപ്പൺ ഉപയോഗിക്കുമെന്നും പ്രവചനത്തിൽ പറയുന്നു.

കാലാവസ്ഥ ദുരന്തങ്ങൾ ഒപ്പം സാമ്പത്തിക പ്രതിസന്ധിയും
പ്രകൃതിദുരന്തങ്ങളുടെ ഒരു വർഷമായിരിക്കും 2024 എന്നാണ് വാംഗ പ്രവചിക്കുന്നത്. അതിതീവ്രവും കഠിനവുമായ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകും. ആഗോളതലത്തിൽ വലിയ സാമ്പത്തിക പിരിമുറുക്കവും വാംഗ പ്രവചിക്കുന്നു. കടക്കെണിയുടെ വർദ്ധനവും രാഷ്ട്രങ്ങൾക്കിടയിലെ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ കാരണമാകും. ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്ന വിധത്തിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകും. വൈദ്യുതി നിലയങ്ങളും ജലശുചീകരണ ശാലകളും ആക്രമണലക്ഷ്യങ്ങളാകും.

ശുഭവാർത്തയും പ്രവചനത്തിൽ ഉണ്ട്
മനുഷ്യരാശിയെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന രണ്ട് രോഗാവസ്ഥകളാണ് അൽഷിമേഷ്സും കാൻസറും. ഈ രണ്ട് രോഗങ്ങൾക്കും 2024 ൽ പുതിയ ചികിത്സാരീതികൾ കണ്ടെത്തും. ക്വാണ്ടം കമ്പ്യൂട്ടിങ്ങ് മേഖലയിൽ വലിയ വളർച്ച സംഭവിക്കും. എ ഐ വിപ്ലവത്തെ അത് കൂടുതൽ ത്വരിതപ്പെടുത്തും. ഏതായാലും മലനിരകളിൽ താമസിച്ചിരുന്ന ബാബ വാംഗ ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ച് നടത്തിയ പ്രവചനങ്ങൾ അതിശയകരമായേ കാണാൻ കഴിയൂ. മറ്റൊരു പ്രധാനപ്പെട്ട വാംഗ പ്രവചനങ്ങളിൽ ഒന്ന് ലാബുകളിൽ മനുഷ്യർ ജനിക്കുമെന്നതാണ്. ഇതുകൊണ്ട് അവർ എന്താണ് കൃത്യമായി ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.ജനിക്കാൻ പോകുന്ന കുഞ്ഞിന് ലാബിൽ വെച്ച്  ജനിതക തലത്തിൽ മാറ്റം കൊണ്ടു വരാൻ കഴിയുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണോ വാംഗ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

ബാബ വാംഗ അഥവാ വാംഗേലിയ പാണ്ഡേവ ഗുഷ്തെരോവ ഒരു അന്ധയായ ബൾഗേറിയൻ വൃദ്ധ സന്യാസിനി ആയിരുന്നു. പന്ത്രണ്ടാം വയസിൽ ഒരു ചുഴലിക്കാറ്റിൽ അകപ്പെട്ട് വാംഗയുടെ കാഴ്ചശക്തി നഷ്ടമായി. ഇതിനു പിന്നാലെയാണ് വാംഗയ്ക്ക് പ്രവചിക്കാനുള്ള ശക്തി ലഭിച്ചതെന്നാണ് കരുതുന്നത്. വാംഗയെക്കുറിച്ച് അവർ തന്നെ പറയുന്ന കഥയായിരുന്നു ഇത്. എന്നാൽ, അത്തരത്തിൽ ഒരു ചുഴലിക്കാറ്റ് ആ കാലഘട്ടത്തിൽ ഉണ്ടായതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ചെറുപ്പത്തിലേ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട് അനാഥയായി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് വാംഗ പ്രശസ്തിയാർജിക്കുന്നത്. മരണത്തിനു ശേഷവും കൂടുതൽ ശക്തയായി കരുത്തോടെ വാംഗുയുടെ പ്രവചനങ്ങൾ നിലകൊള്ളുന്നു. ഏതായാലും 2024നെക്കുറിച്ചുള്ള പ്രവചനങ്ങളിൽ പുടിനെ സംബന്ധിച്ച പ്രവചനമാണ് ലോകം വലിയ ശ്രദ്ധയോടെ ഉറ്റു നോക്കുന്നത്.

English Summary:

Unveiling Baba Vanga’s Remarkable 2024 Prediction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com