ADVERTISEMENT

കൂട്ടുകാരെ, പൂച്ചകളെ നമ്മളെല്ലാവരും കാണാറുണ്ട് അല്ലേ.ക്യൂട്ടായ മുഖവും രോമങ്ങളും വാലുമൊക്കെയുള്ള ജീവികളാണ് പൂച്ചകൾ. മ്യാവൂ എന്നു മൃദുശബ്ദത്തിൽ കരഞ്ഞു നടക്കുന്ന ഈ ജീവികളെപ്പറ്റി കൂടുതലൊന്നറിഞ്ഞാലോ? ലോകത്തെ ഏറ്റവും ശക്തമായ ജീവികുടുംബമായ ഫെലിഡെയിൽ പെട്ടതാണ് മിട്ടുവടക്കമുള്ള പൂച്ചകൾ. ആകെ മൊത്തം നാൽപതോളം തരം ജീവികളുണ്ട് ആ കുടുംബത്തിൽ. സിംഹം ,കടുവ, നമ്മൾ പുള്ളിപ്പുലിയെന്നു വിളിക്കുന്ന ലെപ്പേഡ്, മേഘപ്പുലി, മഞ്ഞുപുലി, ജാഗ്വർ, പ്യൂമ, ചീറ്റ, ഓസിലോട്ട്, ലിങ്ക്സ് തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടും.

വീട്ടുപൂച്ചകൾ ഉത്ഭവിച്ചത് നാലു കോടി വർഷം മുൻപ് വടക്കേ അമേരിക്കയിൽ അധിവാസമുറപ്പിച്ച അതീവ ആക്രമണകാരികളായ ജീവികളിൽ നിന്നാണെന്ന് ഇടക്കാലത്തൊരു പഠനം ഇറങ്ങിയിരുന്നു. വെളിയിലേക്ക് ഉന്തി നിൽക്കുന്ന കോമ്പല്ലുകളുള്ള ഈ ജീവികൾ ലോകത്തിലെ ആദ്യത്തെ സമ്പൂർണ മാംസാഹാരികളാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇപ്പോഴത്തെ വീട്ടുപൂച്ചകളുടെ ഇരട്ടി വലുപ്പമുണ്ടായിരുന്ന ഈ ജീവികൾ അതി നിപുണരായ വേട്ടക്കാരുമായിരുന്നു. കാണ്ടാമൃഗങ്ങൾ, ഒട്ടകങ്ങൾ, പന്നികൾ, കുതിരകൾ തുടങ്ങിയ വലിയ ജീവികളെപ്പോലും വേട്ടയാടിപ്പിടിക്കാൻ ഡീഗോലുറസ് വാൻവൽകെൻബുർഘെ എന്നറിയപ്പെടുന്ന  ഇവയ്ക്ക് മിടുക്കുണ്ടായിരുന്നു. മഷറോയഡിനിസ് എന്നറിയപ്പെടുന്ന ജന്തുകുടുംബത്തിൽപെടുന്നതാണ് ഇവ.

ഇന്നത്തെ കാലത്ത് സമ്പൂർണ മാംസാഹാരികളായ ജീവികൾ സാധാരണമാണ്. എന്നാ‍ൽ ഹൈപ്പർ കാർണിവോറുകൾ എന്നറിയപ്പെടുന്ന ഈ വിഭാഗം ജീവികളുടെ തുടക്കക്കാരനായിരുന്നു പൂച്ചകളുടെ ഈ പൂർവികൻ. മാംസം കടിച്ചുപറിക്കാനും ചവച്ചരയ്ക്കാനും അനുവദിക്കുന്ന പ്രത്യേക പല്ലുകൾ ഇവയ്ക്കുണ്ടായിരുന്നു. യുഎസിലെ തെക്കൻ കലിഫോർണിയ മേഖലയിൽ, റോക്കി മൗണ്ടനുകൾ എന്നറിയപ്പെടുന്ന മലനിരകൾക്ക് പടിഞ്ഞാറുഭാഗത്തായി സാൻ ഡീഗോയ്ക്കു സമീപമുള്ള ഫോസിൽ മേഖലയി‍ൽ നിന്നായാണ് ഇവയുടെ അവശേഷിപ്പുകൾ ആദ്യം ലഭിച്ചത്. മൃഗത്തിന്റെ കീഴ്ത്താടിയെല്ല്, പല്ലുകൾ എന്നിവയാണു കണ്ടെത്തിയത്. 1980കളിൽ 12 വയസ്സുള്ള ജെഫ് എന്ന ആൺകുട്ടിയാണ് യാദൃശ്ചികമായി ഈ സൈറ്റ് കണ്ടെത്തിയത്. അന്നു മുതൽ അത് ജെഫ് ഡിസ്കവറി സൈറ്റ് എന്നറിയപ്പെടുന്നു.

കോമ്പല്ലുകൾ വെളിയിലേക്കിറങ്ങിയിരിക്കുന്ന പൂച്ചകളിൽ ഏറ്റവും പ്രശസ്തമാണ് സ്മൈലോഡോൺ എന്ന വൻപൂച്ചകൾ. പതിനായിരം വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായ  ഈ ഭീമൻപൂച്ചകളുടെയും പൂർവികനാണ്  ഡീഗോലുറസ്. ആയിരം കിലോയോളം ഭാരമുണ്ടായിരുന്ന സ്മൈലോഡോൺ പൂച്ചകൾക്ക് പത്തടിയോളം നീളവുമുണ്ടായിരുന്നു. ഡീഗോലുറസ് ഉൾപ്പെടുന്ന മഷറോയഡിനിസ് ജന്തുകുടുംബം ജന്തുശാസ്ത്രമേഖലയിൽ ഏറ്റവും കുറച്ചുമാത്രം പഠിക്കപ്പെട്ടിട്ടുള്ള വിഭാഗമാണ്. യുഎസിലും ഏഷ്യയിലെ ചില ഭാഗങ്ങളിലും മാത്രമാണ് ഇത്തരം ജീവികളുടെ ശേഷിപ്പുകൾ കണ്ടെത്തപ്പെട്ടിട്ടുള്ളത്. അതിനാൽ തന്നെ ഈ കുടുംബത്തിൽ ഉൾപ്പെട്ട ആദിമജീവികളുടെ ഫോസിലുകൾ ജൈവശാസ്ത്രജ്ഞർക്ക് വലിയ താൽപര്യമുള്ളവയാണ്. ഭൂമിയിൽ ഇന്നത്തെ കാലത്തെ സസ്തനികളുടെ പൂർവികർ പ്രത്യക്ഷപ്പെട്ട ഈയോസീൻ കാലഘട്ടത്തെക്കുറിച്ചും വിലപ്പെട്ട വിവരങ്ങൾ ഇത്തരം ഫോസിലുകളിൽ നിന്നു ലഭിക്കുമെന്നതും പ്രത്യേകതയാണ്.

English Summary:

The fascinating evolution of cats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com