ADVERTISEMENT

നാസയുടെ ജൂണോ മിഷൻ പകർത്തിയ ശ്രദ്ധേയമായ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു.വ്യാഴഗ്രഹം അഥവാ ജൂപ്പിറ്ററിന്റെ ചിത്രങ്ങളാണിവ. വ്യാഴത്തിന്റെ ഉപരിതലത്തിൽ പരസ്പരം കലരാൻ വെമ്പുന്നതുപോലെ തൊട്ടുതൊട്ടുനിൽക്കുന്ന രണ്ട് കൊടുങ്കാറ്റുകളെ ചിത്രത്തിൽ കാണാം. ജൂണോയുടെ ക്യാമറായ ജൂണോ ക്യാം 2021 നവംബറിൽ പകർത്തിയ ചിത്രമാണിത്. വാതകഭീമനായ വ്യാഴഗ്രഹത്തിൽ കൊടുങ്കാറ്റുകളും വായുചലനങ്ങളും സാധാരണയാണ്. ജൂപ്പിറ്ററിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതയായ ഗ്രേറ്റ് റെഡ് സ്പോട് ഇത്തരത്തിൽ സ്ഥിരമായി നിൽക്കുന്ന കൊടുങ്കാറ്റാണ്.

ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ അഥവാ വ്യാഴം.സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. ഒന്നും, രണ്ടുമല്ല 95 ചന്ദ്രൻമാരാണ് ഈ ഗ്യാസ് വമ്പനെ വലംവയ്ക്കുന്നത്. ഗാനിമീഡ്, യൂറോപ്പ, ലോ, കലിസ്റ്റോ എന്നിവരാണ് ഇവയിലെ പ്രമുഖൻമാർ. വ്യാഴത്തിന്‌റെ ചന്ദ്രൻമാരിൽ ഒന്നായ ഗാനിമീഡിന്‌റെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യം ഇടയ്ക്ക് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു .ചൊവ്വാഗ്രഹത്തെക്കാൾ അൽപം വലുപ്പം കുറഞ്ഞ ഗാനിമീഡിൽ ഭൂമിയിൽ എല്ലാ സമുദ്രങ്ങളിലുമുള്ള വെള്ളത്തേക്കാൾ കൂടുതൽ ജലസമ്പത്ത് ഉണ്ടെന്ന് ശാസ്ത്രജ്ഞർ പണ്ടുമുതൽ തന്നെ സംശയിക്കുന്നുണ്ട്.സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനാണ് ഗാനിമീഡ്. 

ജൂപ്പിറ്ററിലെ ഒരു ദിവസത്തിനു ഭൂമിയിലെ 10 മണിക്കൂറോളം ദൈർഘ്യമേ ഉള്ളൂ. വാതകപടലങ്ങൾ പിന്നിട്ട് ജൂപ്പിറ്ററിന്റെ ഉൾക്കാമ്പിലെത്തിയെന്നിരിക്കട്ടെ, എത്രയാണ് അവിടത്തെ താപനിലയെന്നറിയാമോ?വെറും 35,000 ഡിഗ്രി സെൽഷ്യസ്. ഗുരുത്വാകർഷണം കൂടിയതിനാൽ എന്തിനെയും വലിച്ചടുപ്പിക്കും. ഭൂമിയുടെയും അവിടത്തെ ജനങ്ങളുടെയും ബോഡിഗാർഡ് കൂടിയാണ് ഈ വല്യേട്ടൻ ഗ്രഹമെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. പലപ്പോഴും ഭൂമിക്കു നേരെ വരുന്ന ചില ഭീകരൻ ഛിന്നഗ്രഹങ്ങളെ ജൂപ്പിറ്റർ വഴിതിരിച്ചുവിട്ടിട്ടുണ്ട്, ചിലതിനു നേരെ സ്വന്തം വിരിമാറുകാട്ടി നമ്മെ രക്ഷിക്കുകയും ചെയ്തു. 1994ൽ നമുക്ക് നേരെ വന്ന ഷൂമാക്കർ ലെവി എന്ന വാൽനക്ഷത്രത്തെ പിടിച്ചെടുത്തത് ജൂപ്പിറ്ററാണ്. 

വ്യാഴത്തിന് ഒരു കാലത്ത് വലയങ്ങളുണ്ടായിരുന്നെന്നും ഇവ പിന്നീട് അപ്രത്യക്ഷമായതാണെന്നും ഇടയ്ക്ക് സിദ്ധാന്തങ്ങളുണ്ടായിരുന്നു. ഈയുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഈയിടെ ബഹിരാകാശത്തേക്ക് അയച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് പകർത്തിയ വ്യാഴഗ്രഹത്തിന്റെ ചിത്രം ഇടയ്ക്കു ശ്രദ്ധേയമായിരുന്നു. ശനിയുടെ പോലെ വ്യക്തമല്ലെങ്കിലും സൗരയൂഥത്തിലെ ഏറ്റവും വലിയ വാതകഭീമനായ വ്യാഴത്തിന്റെ മങ്ങിയ നിലയിലുള്ള വലയങ്ങൾ  ജയിംസ‌്‌വെബ് ചിത്രങ്ങളിൽ കാണാമായിരുന്നു.

English Summary:

NASA's Juno Spacecraft Snaps Stunning Storms on Jupiter 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com