ചന്ദ്രനിൽ മരിക്കാതെ രക്ഷപ്പെട്ട യാത്രികർ മുതൽ കുട്ടികളിലെ 'വിർച്വൽ ഓട്ടിസം’ വരെ : 2023 ലെ പ്രധാന വാർത്തകൾ
Mail This Article
വിജ്ഞാനവും വിനോദവും നിറഞ്ഞ നിരവധി വാർത്തകളാണ് കുട്ടികളുടെ വിഭാഗത്തിൽ നിന്ന് 2023 ൽ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ചന്ദ്രനിൽ മരിക്കാതെ രക്ഷപ്പെട്ട യാത്രികർ, സൂര്യനിലെ കൂറ്റൻ പാമ്പ്, സ്കൂളിൽ പോകാൻ ഓട്ടോ കാത്തു നിന്നപ്പോൾ ബോറടി മാറ്റാൻ കാവാലയ്യ നൃത്തം ചെയ്ത മിടുക്കിക്കുട്ടിയുടെ വിഡിയോ, ഡോ.ദിവ്യ എസ്. അയ്യരുടേയും മകൻ മൽഹാറിന്റേയും പെയ്ന്റിങ് വിഡിയോ, കുട്ടികളിൽ 'വിർച്വൽ ഓട്ടിസം' വർധിക്കുന്നു തുടങ്ങിയവയാണ് കുട്ടികളുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട വാർത്തകൾ
ചന്ദ്രനിൽ മരിക്കാതെ രക്ഷപ്പെട്ട യാത്രികർ
വിജയിക്കാൻ വെറും 50 ശതമാനം പോലും സാധ്യതയില്ലെന്ന തിരിച്ചറിവ് ആദ്യ ചന്ദ്രയാത്രയ്ക്കുണ്ടായിരുന്നു. ഇന്നത്തെ പോലെ കംപ്യൂട്ടേഷൻ വളർന്നിട്ടില്ലാത്ത അറുപതുകളിൽ, നേരത്തs വിട്ട സർവേയർ തുടങ്ങിയ ദൗത്യങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണക്കുകൂട്ടിയ നാസയിലെ പ്രഗത്ഭരായ തലച്ചോറുകളെ വിശ്വസിച്ചായിരുന്നു ആ യാത്ര. വലിയ സാഹസികത അതിനു പിന്നിൽ ഉണ്ടായിരുന്നു. അതിതീവ്രമായ അപകട സാധ്യതകളെയാണു ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും നേരിട്ടത്. ലാൻഡിങ്ങായിരുന്നു ഏറ്റവും നിർണായകഘട്ടം. ശക്തമായ അന്തരീക്ഷമുള്ള ഭൂമി പോലൊരു ഗ്രഹത്തിൽ ഒരു വ്യോമവാഹനം ലാൻഡ് ചെയ്യാൻ എളുപ്പമാണ്. എന്നാൽ പ്രവചിക്കാനാകാത്ത അന്തരീക്ഷവും ഭൂമിയുടെ ആറിലൊന്നു മാത്രം ഗുരുത്വബലവുമുള്ള ചന്ദ്രനിൽ ലാൻഡിങ് വിജയിക്കണമെങ്കിൽ അശ്രാന്ത പരിശ്രമം വേണമായിരുന്നു.
സൂര്യനിൽ ഇഴഞ്ഞു നീങ്ങിയ കൂറ്റൻ പാമ്പ്
സൂര്യന്റെ ഉപരിതലത്തിൽ ഒരു പാമ്പ്. സൂര്യബിംബത്തിൽ അങ്ങോട്ടുമിങ്ങോട്ടും അവനങ്ങനെ ഇഴഞ്ഞുനടക്കുകയാണ്. യൂറോപ്യൻ സ്‌പേസ് ഏജൻസി കഴിഞ്ഞ വർഷം പുറത്തുവിട്ട സൂര്യന്റെ ടൈംലാപ്‌സ് വിഡിയോയിലാണ് പാമ്പിനെപ്പോലുള്ള ഒരു ഘടന ഇഴയുന്നതു പോലെയുള്ള ദൃശ്യങ്ങൾ സൂര്യോപരിതലത്തിൽ കണ്ടത്. പാമ്പിനെ അനുസ്മരിപ്പിക്കുന്നതാണു ഘടനയെന്ന് അറിഞ്ഞതോടെ സൂര്യപ്പാമ്പ് അഥവാ സോളർ സ്‌നേക് എന്ന വിളിപ്പേര് ഈ ഘടനയ്ക്കു വീണു. ലോകം മുഴുവൻ ഈ ദൃശ്യം ശ്രദ്ധേയമായി.
എന്തായിരുന്നു സംഭവം?
പ്ലാസ്മയാണു കാരണം. സൂര്യനിലെ പ്ലാസ്മ ഒരു ട്യൂബുപോലെ ഉപരിതലത്തിൽ നീങ്ങുന്നതാണ് പാമ്പിനെപ്പോലുള്ള തോന്നിയത്. സൂര്യനിലെ കാന്തിക മണ്ഡലത്തിന്റെ പിന്തുണയിലാണ് ഈ പ്ലാസ്മ ട്യൂബിന്റെ ഇഴച്ചിൽ. പദാർഥത്തിന്റെ ഒരു അവസ്ഥയായ പ്ലാസ്മ, വാതകങ്ങൾ അതീവ താപനില കടക്കുന്നതോടെയാണു സൃഷ്ടിക്കപ്പെടുന്നത്. പ്ലാസ്മയ്ക്ക് ഇലക്ട്രിക് ചാർജുണ്ടാകും. കാന്തികമണ്ഡലങ്ങളോട് ഇതു പ്രതികരിക്കുകയും ചെയ്യും. സെക്കൻഡിൽ 170 കിലോമീറ്റർ എന്ന അതിവേഗത്തിലാണു പ്ലാസ്മ സൂര്യോപരിതലത്തിൽ അന്നു സഞ്ചരിച്ചതെന്ന് ഗവേഷകർ പറയുന്നു. എന്നിട്ടും സൂര്യബിംബത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് നീങ്ങാൻ 3 മണിക്കൂർ സമയമെടുത്തു.
ഓട്ടോ കാത്തു നിൽക്കുന്ന ബോറടി മാറ്റാൻ കാവാലയ്യ നൃത്തം
സമൂഹ മാധ്യമങ്ങളിൽ തരംഗമാണ് കാവാലയ്യ എന്ന ഗാനം.അതു തീർത്ത ഓളം ഇപ്പോഴും കുറഞ്ഞിട്ടില്ല. തമന്നയുടെ നൃത്ത ചുവടുകൾ അനുകരിച്ചു കൊണ്ടുള്ള ഡാൻസുകൾ റീലുകളിൽ നിറഞ്ഞോടുകയാണ്. മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെ ഗാനത്തിനൊപ്പം ചുവടു വയ്ക്കുന്നു. കാവാലയ്യയ്ക്ക് ചടുലമായ നൃത്തവുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. പാട്ടിന്റെ അകമ്പടിയില്ലാതെ, സ്കൂൾ യൂണിഫോമിൽ ഏറെ രസകരമായാണ് ആ കുരുന്നിന്റെ ചുവടുകൾ.
അമിത ഫോൺ ഉപയോഗം, രക്ഷിതാക്കൾ ശകാരിച്ചു: ‘മിനി നയാഗ്ര വെള്ളച്ചാട്ട’ത്തിലേക്ക് ചാടി പെൺകുട്ടി
മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മാതാപിതാക്കൾ ശകാരിച്ചതിനാണ് ഒരു പെൺകുട്ടി 90 അടി ഉയരമുള്ള വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്ന് ചാടിയത്. ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ വിഡിയോ വൈറലായി. സുശ്രീ സംഗീത ഡാഷ് എന്ന ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്: ‘മൊബൈൽ ഉപയോഗിച്ചതിന് മാതാപിതാക്കളുടെ ശകാരത്തെ തുടർന്ന് പെൺകുട്ടി ഛത്തീസ്ഗഡിലെ ചിത്രകോട്ട് വെള്ളച്ചാട്ടത്തിലേക്ക് ചാടുന്നു. സ്മാർട്ട്ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. സ്‌മാർട്ട്‌ഫോണുകളെ അമിതമായി ആശ്രയിക്കുന്നതിൽനിന്ന് പിന്മാറാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക.’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോ പെട്ടെന്നുതന്നെ വൈറലായി.
അമിത മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ ക്രിയാത്മകത, വായന, വ്യായാമം, കളി എന്നിവയും ക്രമേണ ഇല്ലാതാക്കും. പഠനങ്ങൾ വെളിപ്പെടുത്തുന്നത്, പുകവലി, മദ്യപാനം, ലഹരിമരുന്ന് അഡിക്‌ഷൻ എന്നിവ ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഗെയിം അഡിക്‌ഷൻ ചികിത്സിക്കാനെന്നാണ്. കുട്ടികളിലെ ബുദ്ധിവികാസം ജനിക്കുന്നതു മുതൽ 16 വയസ്സു വരെയാണ് നടക്കുന്നത്. അതിനാൽ ഈ കാലഘട്ടത്തിൽ കുട്ടിയുടെ മൊബൈൽ ഉപയോഗം പൂർണമായും നിയന്ത്രിക്കുക.
അന്യഗ്രഹജീവി സംഘടനയുമായി ഇസ്രയേൽ ബന്ധം സ്ഥാപിച്ചു; ലോകത്തെ ഞെട്ടിച്ച ശാസ്ത്രജ്ഞൻ
ഇസ്രയേൽ ബഹിരാകാശവകുപ്പിലെ ശാസ്ത്രജ്ഞനും അതിന്റെ ഡയറക്ടറുമായിരുന്നു പ്രഫ. ഹൈം എഷേദ്. 2020ൽ കോവിഡ് ലോകത്തു പിടിമുറുക്കിയ കാലം. അപൂർവമായ ഒരു വെളിപ്പെടുത്തലുമായി എഷേദ് രംഗത്തു വന്നു. ഇസ്രയേലിനും യുഎസിനും അന്യഗ്രഹജീവികളുടെ സംഘടനയായ ഗലാറ്റിക് ഫെഡറേഷനുമായി ബന്ധമുണ്ടെന്നായിരുന്നു അത്.
ഇസ്രയേൽ ബഹിരാകാശ പദ്ധതിയുടെ നേതൃസ്ഥാനത്ത് 30 വർഷത്തോളം ഇരുന്നയാളാണ് എഷേദ്. ഇസ്രയേലിന്റെ സെക്യൂരിറ്റി പുരസ്‌കാരം 3 തവണ നേടുകയും ചെയ്തു. ഇത്രയും പ്രഗത്ഭനായ ഒരു വ്യക്തിയാണ് ഇങ്ങനെയൊരു വാദം ഉയർത്തിയതെന്നത് ലോകശ്രദ്ധ നേടി.
അമ്മ നിർബന്ധമായും മകൾക്ക് പറഞ്ഞു കൊടുക്കേണ്ട ആറു കാര്യങ്ങള്‍
കുഞ്ഞുങ്ങളുടെ ലോകം അമ്മമാരാണ്. അമ്മയിലൂടെയാണ് ഓരോ കുഞ്ഞും ലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും. ലോകം എത്രത്തോളം നല്ലതാണെന്നും എന്തൊക്കെ സാധ്യതകളാണ് കുഞ്ഞുങ്ങളെ കാത്തിരിക്കുന്നതെന്നും അവർ അറിയുന്നത് അമ്മമാരും പ്രിയപ്പെട്ടവരും നൽകുന്ന അറിവുകളിലൂടെയാണ്. ഗുഡ് ടച്ചും ബാഡ് ടച്ചുമെല്ലാം ചെറിയ പ്രായത്തിൽത്തന്നെ നമ്മൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്. എന്നാൽ, അതു മാത്രമല്ല, ഒരു പെൺകുഞ്ഞ് ഈ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, ഒരു മുതിർന്ന വ്യക്തിയായി കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അമ്മമാർ പറഞ്ഞു കൊടുത്തിട്ടില്ലെങ്കിൽ മറ്റാരും ചിലപ്പോൾ പറഞ്ഞു കൊടുത്തെന്ന് വരില്ല. അത്തരം ചില കാര്യങ്ങളെയാണ് ഇവിടെ പരാമർശിക്കുന്നത്.
‘ഇതുപോലൊരു അമ്മയെ വേറെ കിട്ടുമോ? മൽഹാറിന്റെ കുസൃതിക്കൊപ്പം കൂടി ദിവ്യ എസ്.അയ്യർ
നിറങ്ങൾ ഇഷ്ടപ്പെടാത്ത കുട്ടികൾ ഉണ്ടാകില്ല. പുസ്തകത്താളുകളെ മാത്രമല്ല, ചുവരുകളെയും ക്യാൻവാസാക്കുന്നവരാണ് ചെറുപ്രായക്കാർ. എന്നാലിവിടെ അമ്മയുടെ ദേഹമാണ് ക്യാൻവാസ്. അവിടെ വിരിയുന്നതോ വിവിധ നിറങ്ങളുടെ കൂട്ടുകൾ. അതാസ്വദിച്ചു കൊണ്ട് ചിരിക്കുന്ന അമ്മയും. ആ അമ്മ മറ്റാരുമല്ല, ഡോ.ദിവ്യ എസ്. അയ്യരാണ്. മകന്റെ കളികളിൽ ഒപ്പം കൂടിയപ്പോൾ അമ്മയ്ക്ക് അവൻ പകരം നല്കിയതോ പലതരം നിറങ്ങളുടെ ഒരു വർണ മേളം.
കാട്ടിലൂടെ പോകുന്ന, കാറിന്റെ വലുപ്പമുള്ള തേരട്ട! എട്ടരയടി നീളം, 50 കിലോ ഭാരം
തേരട്ടകളെ നമ്മൾ കണ്ടിട്ടുണ്ട്. ഇവയെ കാണുമ്പോൾ ചിലർക്കു പേടിയാകാറുണ്ട്, ആകാരത്തിൽ ഇവ കുഞ്ഞൻമാരാണെങ്കിലും. സരാന്റോഫോബിയ, മിറിയാപോഡോഫോബിയ എന്നീ പേരുകളിലാണ് തേരട്ടകളോടുള്ള ഈ ഭയം അറിയപ്പെടുന്നത്. ഈ പേടിയുള്ളവർ 30 കോടി വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും ചുറ്റിപ്പോയേനെ. അന്നു ഭീമാകാരൻമാരായ തേരട്ടകൾ ഭൂമിയിൽ വിഹരിച്ചിരുന്നു. ഒരു കാറിന്റെ അത്രയൊക്കെ വലുപ്പമുള്ളവ.
ചന്ദ്രനിൽ താമസിക്കാൻ എത്രയാകും ചെലവ്? ദിവസം വെള്ളംകുടിക്കാൻ വേണം 1.44 കോടി
ചന്ദ്രനിൽ മനുഷ്യവാസം എന്ന സ്വപ്നത്തിന് ഊർജം പകർന്നത് ചന്ദ്രയാൻ 1 ദൗത്യമാണ്; അവിടെ വെള്ളമുണ്ടെന്ന കണ്ടെത്തലോടെ. പ്രമുഖ നോളജ് വെബ്സൈറ്റായ ഹൗ സ്റ്റഫ് വർക്സ് ഡോട്ട് കോം ചന്ദ്രനിലെ കോളനികളെക്കുറിച്ച് രസകരമായ പഠനം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും, അവിടെ മനുഷ്യന് അടിസ്ഥാനപരമായി വേണ്ടി വരുന്ന അഞ്ചു കാര്യങ്ങളെക്കുറിച്ച് – ഓക്സിജൻ, വെള്ളം, ഭക്ഷണം, ഭൂമിയിലെ വായുസമ്മർദത്തിനു സമാനമായ മർദമുള്ള പാർപ്പിടം, ഊർജം. ഭൂമിയിൽ നിന്ന് അരക്കിലോ സാധനങ്ങൾ ചന്ദ്രനിലെത്തിക്കാൻ 36 ലക്ഷം രൂപ ചെലവു വരും. ഒരു ലീറ്റർ വെള്ളത്തിന്റെ ഭാരം ഒരു കിലോയാണ്. അതായത് ഒരു ലീറ്റർ വെള്ളം ചന്ദ്രനിലെത്തിക്കാൻ 72 ലക്ഷം രൂപ. മനുഷ്യൻ ദിവസം 2 ലീറ്റർ വെള്ളമെങ്കിലും കുടിക്കണമെന്നാണു പറയുന്നത്. അതായത് വെള്ളംകുടിക്കു മാത്രം ചന്ദ്ര കോളനിയിലെ ഒരാൾക്കു ദിവസം ചെലവ് 1.44 കോടി രൂപ!
കുട്ടികളിൽ 'വിർച്വൽ ഓട്ടിസം' വർധിക്കുന്നു; കാരണം മാതാപിതാക്കൾ അറിയാതെ ചെയ്യുന്ന ഈ വലിയ തെറ്റ്!
സ്വന്തം കുട്ടികൾ മിടുക്കരും ബുദ്ധിമാന്മാരുമായി വളരണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. എന്നാൽ ഈ ആഗ്രഹം മനസ്സിൽ ഇരിക്കെത്തന്നെ, കുട്ടികളെ ബുദ്ധിമാന്ദ്യമുള്ളവരായി മാറ്റുകയാണ് മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധ. കുട്ടികളിൽ വിർച്വൽ ഓട്ടിസം വർധിക്കുന്നു എന്ന വാർത്ത വിരൽചൂണ്ടുന്നത് ഇതിലേക്കാണ്.
കുട്ടികളിൽ സ്‌ക്രീൻ ടൈം കൂടുതലാകുന്നത് കൊണ്ടുണ്ടാകുന്ന ഒരു ശാരീരിക - മാനസിക അവസ്ഥയാണ് വിർച്വൽ ഓട്ടിസം. കുറച്ചു കൂടി വ്യക്തമാക്കിയാൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ് തുടങ്ങിയ ഗാഡ്‌ജെറ്റുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന അവസ്ഥ. പലപ്പോഴും മൊബൈൽ ഫോണുകളുടെ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വിർച്വൽ ഓട്ടിസം എന്ന നിലയിലേക്ക് ആ പ്രശ്നങ്ങൾ വളർന്നത് വളരെ പെട്ടെന്നാണ്.