ഇറാഖിലെ യുഎസ് ബേസിനു മുകളിൽ തെന്നിനീങ്ങുന്ന ‘പ്രേതം’! യുഎഫ്ഒ സംശയ വിഡിയോ പുറത്തുവിട്ടു
Mail This Article
2018 ൽ ഇറാഖിലെ യുഎസ് സൈനികത്താവളത്തിനു മുകളിലൂടെ തെങ്ങിനീങ്ങുന്ന ജെല്ലിഫിഷ് പോലൊരു വസ്തു. സമൂഹമാധ്യമങ്ങളിൽ കൗതുകം പടർത്തിയ വിഡിയോയെക്കുറിച്ച് പല വാദങ്ങളും ഉയരുന്നുണ്ട്. കലാകാരനും സിനിമാസംവിധായകനുമായ ജെറമി കോർബെല്ലാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഇൻകർഷൻ എന്നു പേരിട്ടിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോ പിന്നീട് മറ്റു സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. പറക്കും തളികകളും അന്യഗ്രഹ ജീവികളും വീണ്ടും ചർച്ചയാകുന്ന സമയത്താണ് ഈ വിഡിയോ ഇറങ്ങിയിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. പറക്കുന്ന അജ്ഞാത വസ്തു യുഎസ് സൈനികത്താവളത്തിനു മുകളിൽ തെങ്ങിനീങ്ങിയെന്നും പിന്നീട് ഒരു തടാകത്തിൽ മുങ്ങിയെന്നും കോർബൽ പറയുന്നു. അതിനു ശേഷം അത് 45 ഡിഗ്രി ചെരിവിൽ അതിവേഗത്തിൽ ആകാശത്തേക്കു പോയെന്നും അവർ പറയുന്നു. ഈ പേടകം വ്യക്തമായി കാണാനായില്ലെന്നും നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ച് ഇതു നിരീക്ഷിക്കാൻ ബുദ്ധിമുട്ടായിരുന്നെന്നും കോർബൽ പറയുന്നു. വിഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തുന്നുണ്ട്. മുൻപും ജെറമി കോർബൽ യുഎഫ്ഒ സംബന്ധിച്ച വിഡിയോകൾ പുറത്തുവിട്ടിട്ടുണ്ട്.