ADVERTISEMENT

എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ച യുഎസിൽ ‘ദേശീയ അന്യഗ്രഹ സംസ്കാര’ ദിനമാണ്. എത്ര വിചിത്രമായ ദിനമല്ലേ. യുഎസിലെ ഏലിയൻ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിനമാണിത്. 1947. മെക്സിക്കോയുമായി അതിർത്തി പങ്കിടുന്ന യുഎസ് സംസ്ഥാനമായ ന്യൂമെക്സിക്കോയിലെ റോസ്‌വെൽ പട്ടണത്തിനു സമീപം  തകർന്നുവീണ ഒരു അജ്ഞാത വാഹനത്തിന്റെ അവശിഷ്ടങ്ങൾ നാട്ടുകാർക്കു ലഭിച്ചു. അജ്ഞാത വസ്തുക്കളായിരുന്നു ആ അവശിഷ്ടങ്ങളിൽ.

area-51-unmasked-the-truth-behind-americas-top-secret-alien-testing-ground2
Representative image. Photo Credits:: : simonbradfield/ istock.com

നാട്ടുകാർ തദ്ദേശ അധികൃതരെ വിവരമറിയിച്ചെങ്കിലും എത്തിയത് യുഎസ് സൈന്യമാണ്. അവർ അവശിഷ്ടങ്ങൾ കൈക്കലാക്കി അവിടെനിന്നു പോയി. അവിടെ തകർന്നുവീണത് അന്യഗ്രഹപേടകമാണെന്ന പ്രചാരണം താമസിയാതെ ശക്തമായി. കാലാവസ്ഥാ നിരീക്ഷണ ബലൂണായിരുന്നു ഇതെന്ന് ആദ്യകാലത്ത് പറഞ്ഞ യുഎസ് പ്രതിരോധവകുപ്പ് പിൽക്കാലത്ത് അഭിപ്രായം മാറ്റി. ശീതയുദ്ധത്തിന്റെ ഭാഗമായി പ്രോജക്ട് മൊഗൂൾ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട വാഹനമാണ് ഇതെന്നാണ് പിന്നീട് ഇവർ പറഞ്ഞത്. 

നിലപാടുകളിലെ വൈരുധ്യം കൂടുതൽ സംശയം ഈ സംഭവത്തെക്കുറിച്ച് ഉണ്ടാക്കി. റോസ്‌വെൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. അമേരിക്കൻ പൊതുബോധത്തിലേക്ക് യുഎഫ്ഒ ചിന്തയുടെ വിത്തുകൾ ആഴത്തിലെറിഞ്ഞു റോസ്‌വെൽ. അന്നു റോസ്‌വെലിൽ തകർന്നുവീണ വാഹനത്തിന്റെ അവശിഷ്ടം ഏരിയ 51ൽ അതീവ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും ഇതിലെത്തിയ അന്യഗ്രഹജീവികൾ ഇപ്പോഴും അവിടെ യുഎസിന്റെ പരീക്ഷണങ്ങൾക്കു വിധേയരാകുകയാണെന്നും കഥകളും ഉപകഥകളും ഒട്ടേറെ. ഇന്ന് യുഎഫ്ഒ പട്ടണം എന്ന പേരിലാണു റോസ്‌വെൽ അറിയപ്പെടുന്നത്. ഗൂഢവാദ സിദ്ധാന്തങ്ങൾക്ക് പഞ്ഞമില്ലാത്ത നാടാണ് യുഎസ്. 

area-51-unmasked-the-truth-behind-americas-top-secret-alien-testing-ground1
Representative image. Photo Credits:: : Credit:mrdoomits/ istock.com

∙ഏരിയ 51
യുഎസിലെ നെവാഡയിലുള്ള മരുപ്രദേശത്ത് ഗ്രൂം തടാകക്കരയിലാണ് ഏരിയ 51. അമേരിക്കൻ അന്യഗ്രഹ അഭ്യൂഹകഥകളിലെ ഏറ്റവും രഹസ്യകേന്ദ്രം. ഭൂമിയിലെത്തുന്ന അന്യഗ്രഹജീവികളെ അമേരിക്ക രഹസ്യമായി പാർപ്പിക്കുന്ന സ്ഥലമാണിതെന്ന് ഗൂഢസിദ്ധാന്തക്കാർ വാദിക്കുന്നു. ഏരിയ 51ന്റെ രഹസ്യം കണ്ടെത്താനായി ഈ മേഖലയിൽ നിർബന്ധിതമായി പ്രവേശിക്കുമെന്ന് പറഞ്ഞ് ‘സ്റ്റോം ഏരിയ 51’ എന്ന ക്യാംപെയ്നും യുഎസിൽ നടക്കാറുണ്ട്.

ഉയർന്നു പറക്കുന്ന വിമാനങ്ങൾ ഉപയോഗിച്ച് സോവിയറ്റ് യൂണിയനെ നിരീക്ഷിക്കാനായി 1954ൽ ‘യു2’ പദ്ധതിക്ക് യുഎസ് രൂപം നൽകിയിരുന്നു. ഇതിന്റെ പരീക്ഷണങ്ങൾക്കുള്ള അതീവ രഹസ്യകേന്ദ്രമെന്ന രീതിയിലാണ് ഏരിയ 51 വികസിപ്പിച്ചത്. 30 ലക്ഷം ഏക്കർ വിസ്തീർണമുള്ള ഏരിയ 51ൽ 3.5 കിലോമീറ്റർ വരെ നീളമുള്ള റൺവേകളും ഉണ്ട്. ഇവിടേക്കുള്ള റോഡ് ഒരു ചെക് പോസ്റ്റ് വരെയാണുള്ളത്. പിന്നെ ആർക്കും മുന്നോട്ടുപോകാനാകില്ല. കൂറ്റൻ കമ്പിവേലികൾ, ക്യാമറകളും അത്യാധുനിക സെൻസറുകളുമടങ്ങിയ സുശക്തമായ നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. ഏരിയ 51 യു എസ് മാപ്പുകളിൽ അടയാളപ്പെടുത്തിയിട്ടില്ല. 1989ൽ റോബർട് ലാസർ എന്ന വ്യക്തിയാണ് ഏരിയ 51നെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പെരുപ്പിച്ചത്. താൻ അവിടെ ജോലിയെടുത്തിട്ടുണ്ടെന്നും അന്യഗ്രഹജീവികളെ നേരിട്ടു കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Area 51 Unmasked: The Truth Behind America's Top-Secret Alien Testing Ground?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com