ADVERTISEMENT

ഒരു സുവർണചരിത്രം അവകാശപ്പെടുന്ന കപ്പലാണ് ക്വീൻ മേരി. 1936ൽ ബ്രിട്ടനിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലേക്കായിരുന്നു കപ്പലിന്റെ ആദ്യ യാത്ര. പിന്നീട് കുറേക്കാലം കടലിലെ ആഡംബരയാത്രാക്കപ്പലായി ക്വീൻമേരി വിലസി. വിൻസ്റ്റൻ ചർച്ചിലിനെപ്പോലെയുള്ള പ്രമുഖർ ഒരുകാലത്ത് ഇതിൽ യാത്ര ചെയ്തിരുന്നു. എന്നാൽ രണ്ടാം ലോകയുദ്ധകാലത്ത് സൈനികരെ വഹിക്കാനുള്ള കപ്പലായി മാറാനുള്ള നിയോഗം ഇതിനു വന്നു ചേർന്നു.നാസി സേനയ്‌ക്കെതിരായ പോരാട്ടത്തിലാണ് ഇത് ഉപയോഗിക്കപ്പെട്ടത്.

ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ
ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

1967 ൽ ആയിരമടി നീളമുള്ള ഈ കപ്പൽ കലിഫോർണിയയിലെ ലോങ് ബീച്ചിൽ നങ്കൂരമിട്ടു. പിന്നീട് ഇതു കടൽയാത്രയ്ക്ക് ഉപയോഗിച്ചിട്ടില്ല. അന്നുമുതൽ ഇന്നു വരെ ഇതൊരു ഹോട്ടലും വിനോദസഞ്ചാരകേന്ദ്രവുമാണ്. പേടിപ്പെടുത്തുന്ന പ്രേതകഥകൾ ഇതിൽ താൽപര്യമുള്ള വിനോദസഞ്ചാരികളെ ധാരാളമായി ഇങ്ങോട്ടെത്തിക്കുന്നുണ്ട്. അൻപതോളം ദുർമരണങ്ങൾ ഈ കപ്പലിൽ നടന്നിട്ടുണ്ടന്നാണു പറയപ്പെടുന്നത്. അതിനാലാണു കപ്പലുമായി ബന്ധപ്പെട്ട് നിരവധി പ്രേതകഥകൾ പ്രചരിച്ചത്.

ക്വീൻ മേരിയിലെ പ്രേതങ്ങളെ പലരും പലതവണ കണ്ടതായി അവകാശപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഇവരിൽ പലർക്കും പേരുകളുമുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരാളാണ് വൈറ്റ് ലേഡി.അര നൂറ്റാണ്ട് മുൻപ് കപ്പലിൽ കയറിയ ഈ പ്രേതം  പിന്നീട് പോയിട്ടില്ലത്രേ. വൈറ്റ് ലേഡിയുടേതെന്ന പേരിൽ ഒരു ഫോട്ടോയും പ്രചരിച്ചിരുന്നു. ഇതു ചില പത്രങ്ങളിൽ അച്ചടിക്കുകയും ചെയ്തു. വെളുത്ത വസ്ത്രങ്ങളണിഞ്ഞ ഈ സ്ത്രീരൂപം ഫസ്റ്റ് ക്ലാസ് വിഭാഗത്തിനു മുന്നിലുള്ള സലൂണിനു സമീപത്തായാണ് കാണപ്പെടുന്നതെന്നും ചില യാത്രക്കാർ പറയുന്നു. ജോൺ ഹെൻറി എന്ന മറ്റൊരു പ്രേതവുമുണ്ട്. കപ്പലിന്റെ ബോയിലർ റൂമിലായിരുന്നു ഹെൻറി ജോലി ചെയ്തിരുന്നത്. അവിടെ എന്തോ അപകടത്തിൽ പെട്ടു മരിച്ചുപോയ ഹെൻറി പ്രേതമായി മാറുകയായിരുന്നു. കപ്പൽ സന്ദർശിക്കാൻ വരുന്നവരോട് ബീയറിനെക്കുറിച്ച് സംസാരിക്കാനൊക്കെ ഹെൻറിക്ക് താൽപര്യമാണ്.

ഗ്രംപി എന്ന പ്രേതത്തിന് കപ്പലിലെ കോണിപ്പടികളുടെ കീഴിൽ ഒളിക്കാനാണ് ഇഷ്ടം. അവിടെയിരുന്നു ആളുകളുടെ നേർക്കു മുരൾച്ച പുറപ്പെടുവിപ്പിച്ചു പേടിപ്പിക്കും. കപ്പലിന്റെ അവസാന കാലത്തെ ക്യാപ്റ്റനായിരുന്ന ട്രഷർ ജോൺസും പ്രേതമായി ഇവിടെ ചുറ്റിത്തിരിയുന്നെന്നാണു വിശ്വാസം. എന്നാൽ വിരമിച്ച ശേഷം പ്രായമായി മരിച്ച ജോൺസ് എങ്ങനെ ഇവിടെ പ്രേതമായി വരും എന്നും പലരും ചോദിച്ചിട്ടുണ്ട്. ഉത്തരമില്ലെങ്കിലും. ജോൺ പെഡർ എന്ന 18 വയസ്സുകാരന്റെ പ്രേതത്തിന് ഒരു ദുസ്വഭാവമുണ്ട്. പോകുന്നിടത്തെ മുറികളിലെ ഭിത്തികളിലെല്ലാം ഗ്രീസ് പുരണ്ട തന്റെ കൈപ്പത്തി വച്ചമർത്തി അടയാളമുണ്ടാക്കും പെഡർ.

ഇന്ന് പ്രേതങ്ങൾ കാരണം വിനോദസഞ്ചാരികൾ ധാരാളമായി ഈ കപ്പലിലേക്ക് എത്തുന്നത്. ക്വീൻമേരിയിലെ ടൂറിസം ഊർജിതപ്പെടുത്താനായി ഹാലോവീൻ ദിനത്തിൽ ഡാർക്ക് ഹാർബർ എന്ന പ്രശസ്തമായ പരിപാടിയും കപ്പലിൽ നടക്കുന്നുണ്ട്. കപ്പലിന്റെ ദുരൂഹത വളർത്താനായി പ്രേതകഥകൾക്ക് പൊടിപ്പും തൊങ്ങലും വച്ചു നല്ല പ്രമോഷനും കപ്പലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പടച്ചുവിടുന്നു. അവരുടെ വെബ്‌സൈറ്റിൽ പോലും ഇതുണ്ട്.

അമേരിക്കൻ ചിന്തകനായ ജോയി നിക്കലൊക്കെ കപ്പലിലെ പ്രേതകഥയിങ്ങനെ പ്രചരിപ്പിക്കുന്നതിന് എതിരാണ്. കപ്പലിൽ പ്രേതവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല എന്നു നിക്കൽ പറയുന്നു. മനുഷ്യമനസ്സിന് ഒരു പ്രത്യേകതയുണ്ട്. കേൾക്കുന്ന കഥകളിൽ നിന്നു സ്വയം ഓരോ അനുഭവങ്ങൾ ഉണ്ടാകുന്നതായി തോന്നുന്ന അവസ്ഥ. പാരെഡോലിയ എന്ന ഈ പ്രതിഭാസമാണ് കപ്പലിൽ കയറുന്നവരുടെ അതീന്ദ്രിയ അനുഭവങ്ങൾക്കു പിന്നിലെന്ന് നിക്കൽ പറയുന്നു.

English Summary:

The famous ghosts of the queen Mary ship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com