ADVERTISEMENT

സൗരയൂഥത്തിലെ അഞ്ചാം ഗ്രഹമായ ജൂപ്പിറ്റർ അഥവാ വ്യാഴം ഏറ്റവും വലിയ ഗ്രഹമാണ്. സൗരയൂഥത്തിലെ മറ്റ് എല്ലാ ഗ്രഹങ്ങളുടെയും ഭാരം കൂട്ടിനോക്കിയാൽ അതിന്റെ രണ്ടര ഇരട്ടി ഭാരം വരും. ഭൂമി, ചൊവ്വ, ശുക്രൻ, ബുധൻ ഗ്രഹങ്ങൾ ടെറസ്ട്രിയൽ അഥവാ ഉറച്ച പ്രതലമുള്ളവയായി പരിഗണിക്കപ്പെടുമ്പോൾ ജൂപ്പിറ്ററും ശനിയും ഗ്യാസ് ജയന്റ് അഥവാ വാതകഭീമൻ ഗണത്തിലാണ് ഉൾപ്പെടുന്നത്. വ്യാഴഗ്രഹത്തിന്റെ മിക്കവാറും ഭാഗവും ഗ്യാസ് ആണെന്നതാണു കാരണം. അതിനാൽ ഭൂമിയിലെ പോലെ നിങ്ങൾക്ക് ജൂപ്പിറ്ററിൽ നടക്കാൻ പറ്റില്ല. വാതകങ്ങൾ നിറഞ്ഞതിനാൽ ആർത്തലയ്ക്കുന്ന കൊടുങ്കാറ്റുകൾ ഇവിടെയുണ്ട്. 

ജൂപ്പിറ്ററിലുണ്ടാകുന്ന വമ്പൻ മിന്നലുകളാണ് അന്തരീക്ഷ കാർബണിൽ നിന്നു വജ്രങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്നത്. തുടർന്ന് ഇവ മഴപോലെ പൊഴിയും.  ജൂപ്പിറ്റർ അഥവാ വ്യാഴഗ്രഹത്തിന്റെ മിഴിവേറിയ ചിത്രങ്ങൾ നാസ പുറത്തുവിടാറുണ്ട്. ഇവയി‍ൽ കണ്ണിന്റെ ആകൃതിയിൽ ചുവന്ന ഒരു പൊട്ടുണ്ട്. ഗ്രേറ്റ് റെഡ് സ്പോട് എന്നറിയപ്പെടുന്ന ഇത് ഗ്രഹത്തിലെ കൊടുങ്കാറ്റും ചുഴലിക്കാറ്റും അടിക്കുന്ന ഒരു പ്രദേശമാണ്. 350 വർഷത്തിലേറെ പഴക്കമുള്ള, ഭൂമിയേക്കാൾ വിസ്തൃതിയുള്ള ഈ പ്രദേശം ശാസ്ത്രജ്ഞൻ‌മാരുടെ നിരന്തര ശ്രദ്ധ നേടുന്ന ഇടവുമാണ്. എന്നാൽ ഈയടുത്ത് വിട്ട ഒരു ചിത്രത്തിൽ ഈ സ്പോടിന്റെ പശ്ചാത്തലത്തിൽ ഒരു ബിന്ദു പോലെ അമൽതിയ എന്ന ചെറുചന്ദ്രനെ കണ്ടത് വലിയ ശ്രദ്ധ നേടി.

Image Credit: ewg3D/ Istock
Image Credit: ewg3D/ Istock

ഇതിനു താഴെ വെളുത്ത നിറത്തിൽ വെളുത്ത പൊട്ടുപോലെ മറ്റൊരു പ്രദേശവുമുണ്ട്. ഇതാണ് റെഡ് സ്പോട് ജൂനിയർ.  ഈ റെഡ്സ്പോട് ജൂനിയറാണ് ചിത്രം  പുറത്തുവന്നപ്പോൾ മുതലുള്ള സംസാര വിഷയം. എന്തെന്നോ, ഇതിന്റെ നിറം ഇടയ്ക്കിടെ മാറുന്നു. 20 വർഷങ്ങൾക്കു മുൻപ് മൂന്നു കൊടുങ്കാറ്റുകൾ കൂടിച്ചേർന്നാണ് റെഡ്സ്പോട്  ജൂനിയർ രൂപമെടുത്തത്. ആദ്യം വെളുത്ത നിറമായിരുന്നു ഇതിന്. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ കടുംചുവപ്പ് നിറമായി. പിന്നീട് നിറം മങ്ങി വെള്ളയായി. ഇപ്പോൾ വീണ്ടും ഇതു ചുവക്കാൻ തുടങ്ങിയെന്നാണു നാസ പറയുന്നത്. എന്താകും കാരണം? ഉത്തരം നാസയ്ക്കുമറിയില്ല. എന്തെങ്കിലും രാസപ്രവർത്തനം മൂലമാകാമെന്നാണ് അവർ പറയുന്നത്.

മണിക്കൂറിൽ 560 കിലോമീറ്റർ എന്ന വേഗത്തിലാണ് ഗ്രേറ്റ് റെഡ്സ്പോട് ജൂനിയറിൽ കാറ്റടിക്കുന്നത്. ഭൂമിയിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കൊടുങ്കാറ്റായ ഹരികെയ്ൻ ഗസ്റ്റിന് പോലും മണിക്കൂറിൽ 405 കിലോമീറ്ററായിരുന്നു വേഗം. അപ്പോൾ ജൂപ്പിറ്ററിലെ കൊടുങ്കാറ്റിന്റെ കരുത്ത് പ്രത്യേകം പറയേണ്ടല്ലോ. അവിടെങ്ങാനും പെട്ടാൽ കുഴങ്ങിയതു തന്നെ. ഭൂമിയിൽ 24 മണിക്കൂറിൽ ഒരു ദിവസം ആകുമല്ലോ, എന്നാൽ ജൂപ്പിറ്ററിൽ 10 മണിക്കൂർ മതി. ഒട്ടേറെ ഉപഗ്രഹങ്ങളുണ്ട് ജൂപ്പിറ്ററിന്. ലോ, ഗാനിമീഡ്, കലിസ്റ്റോ,യൂറോപ്പ എന്നിവയാണ് ഇതിൽ ഏറ്റവും പ്രശസ്തം. ജൂപ്പിറ്ററിൽ ജീവനുണ്ടാകാൻ സാധ്യത തീരെയില്ലെങ്കിലും ഉപഗ്രഹങ്ങളിൽ സാധ്യതയുണ്ട്.

English Summary:

Unveiling Diamond Rain on Jupiter: NASA's Stunning Discoveries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com