കോട്ടയം ∙ സപ്ലൈകോ വഴി നെല്ലു സംഭരിച്ച വകയിൽ കർഷകർക്കു കൊടുക്കാനുണ്ടായിരുന്ന തുകയിൽ 40.78 കോടി വിതരണം ചെയ്തുവെന്നും ബാക്കി തുക നൽകാനുള്ള നടപടി തുടങ്ങിയെന്നും ജില്ലാ പാഡി മാർക്കറ്റിങ് ഓഫിസർ എം.എസ്.ജോൺസൺ ജില്ലാ വികസനസമിതി യോഗത്തിൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടാം കൃഷി സീസണിൽ നെല്ലു സംഭരിച്ച വകയിൽ 131.19 കോടിയാണു ജില്ലയിലെ കർഷകർക്കു നൽകാനുണ്ടായിരുന്നത്. ഇതിൽ മാർച്ച് 31 വരെ 31.78 കോടി രൂപ നൽകി. ബാക്കി തുകയിൽ 9 കോടി രൂപ കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തു.
ഇനിയുള്ള 90.41 കോടി ഇന്നു മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും പാഡി ഓഫിസർ അറിയിച്ചു. എസ്ബിഐ, ഫെഡറൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയുടെ കൺസോർഷ്യമാണു കർഷകർക്കു തുക വിതരണം ചെയ്യുന്നത്. നെല്ലു സംഭരിച്ചതിന്റെ രസീത് ബന്ധപ്പെട്ട ബാങ്ക് ശാഖകളിൽ ഹാജരാക്കുന്ന മുറയ്ക്കു പണം ലഭ്യമാകുമെന്നും പാഡി ഓഫിസർ അറിയിച്ചു. 12,502 ഹെക്ടറിൽ നിന്നായിരുന്നു രണ്ടാം സീസണിലെ നെല്ലുസംഭരണം. 12,362 കർഷകരിൽ നിന്നായി 46,326 മെട്രിക് ടൺ നെല്ലാണു സംഭരിച്ചത്.