ADVERTISEMENT

ചേവായൂർ∙ 120 കിലോമീറ്റർ സ്വയം ഓട്ടോ ഓടിച്ചാണ് ഇന്നലെയും മലപ്പുറം കോടൂർ ആൽപ്പറ്റകുളമ്പ വില്ലൻഹൗസിലെ ജാഫർ കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് ചെയ്യാൻ എത്തിയത്. ആഴ്ചയിൽ 3 ദിവസം മുടങ്ങാതെ എത്തുന്ന ജാഫറിന് സഹായി ഭാര്യയാണ്. ഇന്നലെ ഡയാലിസിസിന് ബൈകാർബ് പൗഡർ വാങ്ങി നൽകുകയായിരുന്നു. എഫ് 6 ഡയലൈസറും ഫിസ്റ്റുല നീഡിലുമാണ് തിങ്കളാഴ്ച വരുമ്പോൾ പുറത്തുനിന്നു വാങ്ങേണ്ടത്. കാൽസ്യം, ഫോസ്ഫറസ്, യൂറിക് ആസിഡ് ടെസ്റ്റുകൾ എന്നിവ പുറത്തെ ലാബിൽനിന്ന് ചെയ്യണം. 

എല്ലാ മാസവും ഈ ടെസ്റ്റുകൾ നടത്തണം. 160 മുതൽ 250 രൂപ വരെയാണ് പുറത്തെ ലാബിൽ ഈടാക്കുന്നത്. ആകെ ചെലവ് 1800 രൂപയോളം വരും.  ഇതെല്ലാമായി വന്നാലേ ഇനി ഡയാലിസിസ് നടക്കൂ എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഒരു ഡയലൈസർ 10 മുതൽ 12 തവണ വരെ ഉപയോഗിക്കാമെങ്കിലും രക്തം കട്ട പിടിച്ചാൽ വീണ്ടും പുതിയതു വാങ്ങണം. ഓട്ടോ സ്വന്തമാണ്, പെട്രോൾ ചെലവ് മാത്രം 500 രൂപയോളം വരും. ബസിൽ കയറാൻ വിഷമം ഉള്ളതിനാലാണ് ഓട്ടോയിൽ വരുന്നതെന്ന് 14 വർഷമായി ഡയാലിസിസ് ചെയ്യുന്ന ജാഫർ പറഞ്ഞു. 3 മക്കളാണുള്ളത്. 

∙ ഈങ്ങാപ്പുഴയിലെ മുഹമ്മദ് 18 വർഷമായി ഡയാലിസിസ് ചെയ്യുന്നു. ഇന്നലെ പൗഡറും നീഡിലുമായി 300 രൂപയാണ് ചെലവായത്. അടുത്ത തവണ പുറത്തുനിന്നു വാങ്ങാൻ കുറിപ്പു നൽകിയിട്ടുണ്ട്. അടുത്ത ഡയാലിസിസിന് ഉപകരണങ്ങളും മരുന്നിനുമായി 1500 മുതൽ 2000 രൂപ വരെ ചെലവ് വരും. മഞ്ഞപ്പിത്തം ഉള്ളതിനാൽ വേറെ തന്നെ ഡയാലിസിസ് യന്ത്രമാണ് ഉപയോഗിക്കുന്നത്. ഇതു ശുദ്ധീകരിക്കാനുള്ള മരുന്നും വാങ്ങിക്കൊടുക്കണം. 

∙ കുറ്റിക്കാട്ടൂരിലുളള ഉണ്ണിക്കൃഷ്ണൻ രണ്ടര വർഷമായി വൃക്കരോഗിയാണ്. ഇന്നലെ എഫ് 6 ഡയലൈസറും മറ്റെല്ലാ മരുന്നും പുറത്തുനിന്നു വാങ്ങുകയായിരുന്നു. മാവൂരിൽ നിന്നുള്ള സൈനബയും അനുബന്ധ ഉപകരണങ്ങളും മരുന്നും 1500 രൂപ മുടക്കി വാങ്ങിയാണ് ഇന്നലെ ഡയാലിസിസ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ തന്നെ പലരും എല്ലാം പുറത്തുനിന്നു വാങ്ങിയാണ് ഡയാലിസിസ് ചെയ്തത്. തിങ്കളാഴ്ചയും ഡയാലിസിസ് പ്രശ്നത്തിനു പരിഹാരമായില്ലെങ്കിൽ കലക്ടറെ നേരിട്ടു കണ്ട് അവസ്ഥ ബോധിപ്പിക്കുമെന്നും രോഗികൾ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com