ദേശീയപാത വന്നപ്പോൾ എട്ട് മീറ്റർ താഴ്ചയിലായ റോഡ് ഉയർത്തും; ഉയരപ്പാതയുമായി ബന്ധിപ്പിക്കും
Mail This Article
തേഞ്ഞിപ്പലം ∙ ദേശീയപാതയിൽ ചേലേമ്പ്ര കാക്കഞ്ചേരി വളവിൽ ഉയരപ്പാത നിർമാണം പുരോഗമിക്കുന്നതോടെ, 8 മീറ്റർ താഴ്ചയിലായ കാക്കഞ്ചേരി– പള്ളിയാളി– ചേലൂപ്പാടം റോഡിനെ ഉയർത്തി ദേശീയപാതയുമായി ബന്ധിപ്പിക്കാൻ പ്രാഥമിക ധാരണ. ഇപ്പോൾ തന്നെ ചന്തവളപ്പിലൂടെയുള്ള ഗ്രാമീണ റോഡിലേക്ക് എൻഎച്ചിൽനിന്നുള്ള ഭാഗം ചെങ്കുത്തായി കിടപ്പാണ്. എൻഎച്ച് നിർമാണം തീരുന്നതോടെ ഈ ഭാഗം അപകടകരമായ അവസ്ഥയിലാകും. വാഹനങ്ങൾക്ക് കയറാനും ഇറങ്ങാനും കഴിയില്ല. ഇതു ചന്തയെ ബാധിക്കും. പ്രദേശത്തെ വീട്ടുകാരുടെ വഴിയും മുടങ്ങും.
പലകുറി ബന്ധപ്പെട്ടവർ തലപുകച്ചിട്ടും പരിഹാരം കാണാത്ത വിഷയമാണിത്. എന്നാൽ, ഒന്നിനു പകരം രണ്ടിടത്തായി ഗ്രാമീണ റോഡിനെ എൻഎച്ചുമായി ബന്ധിപ്പിച്ച് പ്രശ്നം പരിഹരിക്കാനാണ് ബന്ധപ്പെട്ടരുടെ യോഗത്തിലുണ്ടായ ധാരണ. ഗ്രാമീണ റോഡിൽ വാഹനങ്ങൾക്കു പ്രവേശിക്കാനും ആ റോഡിൽനിന്നു തിരിച്ചുകയറാനും വ്യത്യസ്ത റോഡുകൾ എന്ന നിലയ്ക്കാണ് 2 റോഡുകൾ പരിഗണിക്കുന്നത്. വടക്ക്, തെക്ക് വശങ്ങളിലായി എൻഎച്ച് സർവീസ് റോഡിനരികെ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലം കൂടി ലഭ്യമാക്കി പാത നിർമിക്കാനാണ് ധാരണ.
ദൂരെ നിന്നേ ഇറക്കം കുറച്ച് വലിയ കയറ്റിറക്കം ഇല്ലാതെ ചന്ത പരിസരത്ത് ഇരു വശങ്ങളിൽനിന്നുമുള്ള റോഡുകൾ ഗ്രാമീണ റോഡിൽ എത്തുംവിധമാണ് പദ്ധതി. സ്ഥലം നൽകാൻ ഭൂവുടമകൾ തയാറായാലേ പദ്ധതി നടപ്പാക്കാനാകൂ. ഇതിനായി ഭൂവുടമകളുമായി ചർച്ച നടത്തും.
എൻഎച്ച് അതോറിറ്റിയുടെയും എൻഎച്ച് നിർമാണ കരാർ കമ്പനിയുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ നിർദേശാനുസരണമാണ് കൂടിയാലോചന നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.സമീറ, വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ്, എൻ.കെ.അബ്ദുൽ ഷുക്കൂർ, ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.