ADVERTISEMENT

തിരുവനന്തപുരം ∙ സ്മാർട് റോഡ് നിർമാണം നടത്തുന്ന റോഡുകളിൽ റോഡ് കുഴിക്കലും ഗതാഗതം വഴി തിരിച്ചു വിടലും തോന്നും പോലെ. ചെന്തിട്ട– അട്ടക്കുളങ്ങര റോഡിൽ ഓട നിർമാണത്തിനായി കൂറ്റൻ കുഴിയെടുക്കുന്ന വിവരം അറിയിച്ചില്ലെന്ന് വ്യാപാരികൾ പറഞ്ഞു. വഴുതക്കാട് ഭാഗത്ത് അപ്രതീക്ഷിതമായി  ഇന്നലെ വൈകിട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നൂറു കണക്കിന് യാത്രക്കാരെ വലച്ചു. സ്ഥിരം വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ചെന്തിട്ട– അട്ടക്കുളങ്ങര റോഡിന്റെ ഒരു വശത്ത് ഓട നിർമിക്കുന്നത്. ഇതിനായി മണ്ണുമാന്തി ഉപയോഗിച്ച് കുഴി എടുത്തതു കാരണം ക‌ടയുടമകൾക്കോ ഉപഭോക്താക്കൾക്കോ കടക്കുള്ളിലേക്കു കടക്കാനായില്ല. ചില വ്യാപാരികൾ കട തുറന്നതേ ഇല്ല.

മുൻകൂട്ടി അറിയിക്കാതെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ കുഴി എടുത്തതിനെതിരെ പ്രതിക്ഷേധിക്കുമെന്ന ഘട്ടമെത്തിയപ്പോൾ താൽക്കാലിക നടപ്പാലം ഒരുക്കി കരാറുകാരൻ തടിതപ്പി. കോട്ടൺഹിൽ ഭാഗത്തു നിന്ന് തമ്പാനൂരിലേക്കു പോകാനെത്തിയ വാഹനങ്ങളെയാണ്  വനം ആസ്ഥാനത്തിനു മുന്നിൽ നിന്ന് പൊലീസ് വഴി തിരിച്ചു വിട്ടത്. ഇതുകാരണം യാത്രക്കാർക്കു കിലോമീറ്ററുകളോളം അധികം സഞ്ചരിക്കേണ്ടി വന്നു. തമ്പാനൂരിലേക്കു പോകാൻ വെള്ളയമ്പലം ചുറ്റി പോകാനായിരുന്നു  നിർദേശം. മാനവീയം വീഥി അടച്ചിട്ടിരിക്കുന്നതിനാൽ യാത്രക്കാർ വെള്ളയമ്പലത്തെ കുരുക്കിൽ പെട്ടു. 

ഇന്ന് ഗതാഗത ക്രമീകരണം
തിരുവനന്തപുരം ∙ സ്മാർട്ട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട്  ബേക്കറി ജംക്‌ഷനിൽ നിന്നു വഴുതക്കാട് വരെയുള്ള വൺവേ റോഡിൽ ഇന്നു രാത്രി 8 മുതൽ ഞായറാഴ്ച രാത്രി 8 വരെ  ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.ക്രമീകരണം ഇങ്ങനെ: വെള്ളയമ്പലം – മേട്ടുക്കട തൈക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വെള്ളയമ്പലം– മ്യൂസിയം– പബ്ലിക് ലൈബ്രറി– പഞ്ചാപുര. ബേക്കറി ഫ്ലൈ ഓവർ– പനവിള– മോഡൽ സ്കൂൾ വഴി പോകണം. തമ്പാനൂർ ഫ്ലൈ ഓവർ ഭാഗത്തു നിന്നു വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട കെഎസ്ആർടിസി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തമ്പാനൂർ– മോഡൽ സ്കൂൾ– ബേക്കറി ഫ്ലൈ ഓവർ– പാളയം– മ്യൂസിയം വഴിയാക്കി. 

ബേക്കറി ജംക്‌ഷനിൽ നിന്നു വഴുതക്കാട്– എസ്എംസി ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കറി ജംക്‌ഷൻ –വിമെൻസ് കോളജ് ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് വഴുതക്കാട് വഴി പോകണം. ബേക്കറി ജംക്‌ഷനിൽ നിന്നു വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ‍ബേക്കറി ജംക്‌ഷൻ– ആർബിഐ– നന്ദാവനം– മ്യൂസിയം വഴി. എസ്എംസി ഭാഗത്തു നിന്ന സാനഡു ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വഴുതക്കാട് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഡിപിഐ– വിമെൻസ് കോളജ് ജംക്‌ഷൻ  വഴി പോകണം .ജഗതിയിൽ – ബേക്കറി ജംക്‌ഷൻ ഭാഗത്തേക്കുള്ള വാഹനങ്ങൾ വിമെൻസ് കോളജ് ജംക്‌ഷൻ– പനവിള വഴിയാണ് പോകേണ്ടത്. ബേക്കറി ജംക്‌ഷൻ -വിമെൻസ് കോളജ് റോഡിൽ രണ്ടു വരി ഗതാഗതം അനുവദിച്ചു. പരാതികൾ 04712558731,9497930055, എന്നീ ഫോൺ നമ്പരുകളിൽ‍ അറിയിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com