sections
MORE

മിലിട്ടറി സർവീസ് രാജിവച്ച് പഠനം; ഒടുവിൽ സ്വപ്നം പോലെ ഐപിഎസ്!

Pratheesh_Kumar
SHARE

ഹോ ഈ പരീക്ഷ തന്നെ ജയിച്ചതിന്റെ പാട് എനിക്കേ അറിയൂ...അപ്പോഴാണ് അതു വിട്ടിട്ടു വേറൊന്നിനു പഠിക്കുക...സര്‍ക്കാര്‍ മേഖലയില്‍ ഒരു ജോലിയില്‍ പ്രവേശിച്ചതിനു ശേഷം അതിനേക്കാള്‍ മികച്ച അവസരങ്ങള്‍ വരുമ്പോള്‍ ബഹുഭൂരിപക്ഷവും ചിന്തിക്കുക ഇതുതന്നെയാകും. അഥവാ പഠിച്ചു തുടങ്ങിയാല്‍ തന്നെ ജോലി ഉപേക്ഷിച്ചു പഠിക്കാന്‍ ധൈര്യം കാണിക്കുക വളരെ ചുരുക്കം പേരായിരിക്കും. കാരണം മത്സരം അതിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന ഇക്കാലത്തു കൂടു വിട്ടു കൂടുമാറ്റം അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടാണു കരിയര്‍ തിരഞ്ഞെടുക്കുക എന്നതുപോലെ പ്രാധാന്യത്തില്‍ കരിയര്‍ മാറ്റവും ഇന്നു ചര്‍ച്ച ചെയ്യപ്പെടുന്നതും കുഴപ്പിക്കുന്ന ചോദ്യങ്ങളിലൊന്നാകുന്നതും. പക്ഷേ എല്ലായിടത്തും ഉള്ളതുപോലെ ഇക്കാര്യത്തിലും ചില ഒറ്റയാന്‍മാര്‍ കാണുമല്ലോ. അങ്ങനെയൊരു ആളിനെ കുറിച്ചാണിത്. സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷ വിജയിച്ച് ഇന്ത്യന്‍ മിലിട്ടറി സര്‍വീസില്‍ ജോലി നേടിയ ശേഷം അതുപേക്ഷിച്ച് അത്രതന്നെ കഠിനമായ വഴികളുള്ള ഇന്ത്യന്‍ പൊലീസ് സര്‍വീസ് ലക്ഷ്യമിട്ടു പഠിക്കുമ്പോള്‍ ആകെയുണ്ടായിരുന്ന കൂട്ട് ആത്മവിശ്വാസം മാത്രമായിരുന്നു. ആ ഒരൊറ്റ ഘടകം കൊണ്ടു ജീവിതത്തില്‍ എത്രമാത്രം വിജയം നേടാം എന്നു പറയുകയാണ് കേരള കേഡര്‍ ഉദ്യോഗസ്ഥനും കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുമായ പ്രതീഷ് കുമാറിന്റെ വിജയഗാഥ.

കുടുംബം പ്രചോദനം 
ഉത്തര്‍പ്രദേശ് സാങ്കേതിക സർവകലാശാലയിലായിരുന്നു ബിടെക് പഠിച്ചത്. കുടുംബത്തില്‍ ഒരുപാടു സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ ഉണ്ടായിരുന്നതു കൊണ്ട് ആദ്യം മുതല്‍ക്കേ ആ മേഖല തന്നെയായിരുന്നു ഇഷ്ടം. ചെറുപ്പം മുതല്‍ക്കേ അതിന്റെ സാധ്യതകളും അതു സമൂഹത്തോട് എത്രമാത്രം ചേര്‍ന്നുനില്‍ക്കുന്നുവെന്നും കണ്ടാണ് വളര്‍ന്നത്. ബിടെക് പഠിക്കുമ്പോള്‍ പ്രൈവറ്റ് മേഖലയിലെ ജോലിയെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. യുപിഎസ്‌സി നടത്തുന്ന പരീക്ഷകളായിരുന്നു ലക്ഷ്യമിട്ടത്. അതില്‍ തന്നെ കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസിനോടായിരുന്നു ആദ്യം താല്‍പര്യം. ബിടെക് പഠിക്കുന്ന സമയത്തേ പരീക്ഷ പരിശീലിച്ചു തുടങ്ങിയതു കൊണ്ട് ബിടെക് കഴിഞ്ഞ് അത് പാസാകാനും ഇന്ത്യൻ ആര്‍മിയില്‍ പ്രവേശനം നേടാനുമായി. പക്ഷേ അതില്‍ എത്തിയപ്പോഴാണ് സിവില്‍ സര്‍വീസ് പരിശ്രമിച്ചാലോ എന്ന ചിന്ത വന്നത്. സിവില്‍ സര്‍വീസ് ആകും എനിക്ക് കൂടുതല്‍ ചേരുക എന്നു ശക്തമായി തോന്നിയതോടെ ജോലി ഉപേക്ഷിച്ച് അതു പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അനിശ്ചിതത്വം പക്ഷേ... 
അത്രയും നല്ലൊരു ജോലി, കഠിനമായ പരീക്ഷയിലൂടെ നേടിയ ജോലി ഉപേക്ഷിച്ചു മറ്റൊന്നിനായി പഠിക്കുമ്പോള്‍ ചുറ്റുമുള്ളവരെല്ലാം എതിര്‍ത്താണ് പറഞ്ഞത്. തെറ്റായ തീരുമാനം ആണ്, ഒന്നുകൂടി ചിന്തിക്കൂ എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ എനിക്കുറപ്പുണ്ടായിരുന്നു ആ തീരുമാനം ശരിയാണ് എന്ന്. ചുറ്റും അനിശ്ചിതത്വം വന്നപ്പോള്‍ എനിക്ക് എന്നിലുണ്ടായിരുന്ന വിശ്വാസം മാത്രമായിരുന്നു ബലം. പിന്നെ ഞാന്‍ ഉറച്ചു നിന്നപ്പോള്‍ അച്ഛനും അമ്മയും വലിയ പിന്തുണ തന്നു. പിന്നെ ഒരു സെക്കന്‍ഡ് പോലും ഫോക്കസ് തെറ്റാതെയായിരുന്നു പഠനം. 

ഫോക്കസ് അതാണ് എല്ലാം 
പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് സിവില്‍ സര്‍വീസ് വിജയത്തിലെ ആദ്യ പടി. ആ ശ്രദ്ധയും പഠിക്കാനുള്ള ഊര്‍ജ്ജവും ഉത്സാഹവും ഒരു ദീര്‍ഘനാളത്തേക്കു കണ്ടെത്താനായാല്‍ വിജയം ഉറപ്പാണ്. പരീക്ഷയെ കുറിച്ചുള്ള മിത്തുകള്‍, പരാജയപ്പെട്ടവരുടെ കഥകള്‍, ചോദ്യങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തുടങ്ങി കുറേ കാര്യങ്ങള്‍ ചുറ്റും നിന്നു നമ്മളെ സമ്മര്‍ദ്ദത്തിലാക്കാന്‍ മത്സരിക്കും. പക്ഷേ നേരത്തെ പറഞ്ഞ ആ രണ്ടു ഘടകങ്ങളും സ്വയം വിശ്വാസവും ഉണ്ടെങ്കില്‍ അവയെല്ലാം തോറ്റുപിന്‍മാറും എന്നാണ് എന്റെ അനുഭവം. 

രണ്ടാമത്തെ ശ്രമത്തില്‍ 214ാം റാങ്കോടെയാണ് പ്രതീഷ് കുമാര്‍ സിവില്‍ സര്‍വീസ് വിജയിക്കുന്നത് എവിടെ നിന്നു തുടങ്ങണം എന്ന കണ്‍ഫ്യൂഷന്‍ എല്ലാവര്‍ക്കുമുള്ളതാണ്. എങ്കിലും എപ്പോഴും കാണുമല്ലോ ഇഷ്ട വിഷയങ്ങള്‍. ജനറല്‍ സ്റ്റഡീസില്‍ നിന്ന് ആ വിഷയം തിരഞ്ഞെടുത്ത് അവിടെ നിന്നു പതിയെ പഠിച്ചു തുടങ്ങുക. കൃത്യമായ ടൈം ടേബിള്‍ പരീക്ഷയില്‍ ഉടനീളം ഞാന്‍ പാലിച്ചിരുന്നു. പക്ഷേ ആ ടൈം ടേബിള്‍ നമുക്കു താങ്ങാനാകുന്നത് ആകണം. ജനറല്‍ സ്റ്റഡീസിലെ ഹിസ്റ്ററി മുഴുവന്‍ പത്തു ദിവസം കൊണ്ടു തീര്‍ത്തേക്കാം എന്നൊന്നും കരുതരുത്. ഞാന്‍ 1857ലെ ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ സമരം പഠിച്ചു തീര്‍ക്കാന്‍ മൂന്നു ദിവസം എന്ന തരത്തില്‍ ചെറിയ ലക്ഷ്യങ്ങള്‍ വച്ചായിരുന്നു പഠിച്ചിരുന്നത്. അതു നമുക്കു സാധ്യമാക്കാനാകുമ്പോള്‍ നേടുന്ന സന്തോഷമാണ് സത്യത്തില്‍ കൂടുതല്‍ ഉത്സാഹത്തോടെ പഠിക്കാനുള്ള ത്രില്‍ നല്‍കുക. ദിവസം പത്തു മണിക്കൂറോളം പഠിച്ചിരുന്നു. പഠനത്തിന്റെ താളം തെറ്റാതിരിക്കാന്‍ ടൈം ടേബിള്‍ സൂക്ഷിക്കുന്നതു വളരെ നല്ലതാണ്. വലിയ സിലബസ് നല്‍കുന്ന സമ്മര്‍ദ്ദവും പേടിയും കുറയ്ക്കാന്‍ ടൈം ടേബിള്‍ അങ്ങേയറ്റം സഹായിക്കുമെന്നാണ് എന്റെ അനുഭവം. അതുപോലെ ചെറിയ ടൈം ടേബിള്‍ ആകുമ്പോള്‍ ലക്ഷ്യം കൈവരിക്കാനാകും. അത് നല്‍കുന്ന സന്തോഷം ചെറുതായിരിക്കില്ല. മടുപ്പില്ലാതെ പഠിക്കാനും പ്രതീക്ഷയോടെ മുന്നോട്ടു പോകാനും വലിയ പ്രചോദനമാകും എന്നാണ് എന്റെ അനുഭവം. അധ്വാനിക്കാനുള്ള മനസ്സും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ആര്‍ക്കും വിജയിക്കാവുന്ന ഒന്നായിട്ടേ എനിക്ക് സിവില്‍ സര്‍വീസ് പരീക്ഷയെ കുറിച്ച് തോന്നിയിട്ടുള്ളൂ. 

ആ കടമ്പ വലുതാണ്, പിന്നെ പഠനം 
മെയിന്‍ പരീക്ഷയ്ക്കുള്ള പ്രധാന രണ്ടു വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ കടമ്പയാണ്. പബ്ലിക് അഡ്മിനിസ്‌ട്രേഷനും സോഷ്യോളജിയും ആയിരുന്നു ഞാന്‍ തിരഞ്ഞെടുത്തത്. വിജയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യമാണ് ഇവ. പലര്‍ക്കും പിഴവ് സംഭവിക്കാറുണ്ട് ഇവിടെ. മറ്റൊരാളെ പിന്തുടര്‍ന്നു വിഷയം തിരഞ്ഞെടുക്കരുത്. യുപിഎസ്‌സി പറയുന്ന വിഷയങ്ങളില്‍ നിന്നു നമുക്ക് ഇഷ്ടപ്പെട്ട രണ്ടോ മൂന്നോ എണ്ണം തിരഞ്ഞെടുക്കുക. എന്നിട്ട് അവയുടെ സിലബസ് വിശദമായി പഠിക്കുക. നമുക്ക് ഇഷ്ടമുള്ളതും പഠിച്ച് തീര്‍ക്കാന്‍ കഴിയുന്നതുമായ വിഷയങ്ങള്‍ ഏതെന്നു മനസ്സിലാക്കാന്‍ സാധിക്കും അന്നേരം തന്നെ. പിന്നെ അവയുടെ മുന്‍കാല ചോദ്യപേപ്പറുകള്‍ പരിശോധിക്കുക. നമുക്കു ചേരുന്ന വിഷയം ഏതെന്ന് അതോടെ ഉറപ്പിക്കാനാകും. പിന്നെ പഠിച്ചു തുടങ്ങുക. പഠിക്കുന്നതു പോലെ പ്രധാനപ്പെട്ടതാണ് നോട്‌സ് തയ്യാറാക്കുന്നതും. ചെറിയ നോട്‌സുകള്‍ ആയി വിവരങ്ങള്‍ എഴുതിവച്ചാല്‍ റിവിഷനും അതുപോലെ എഴുത്ത് ശൈലി മെച്ചപ്പെടുത്താനും സാധിക്കും. 

പിന്തുടരണം ഇവ 
രണ്ടോ മൂന്നോ പത്രങ്ങള്‍ എന്നും വായിക്കണം. ഞാന്‍ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്നിവയാണ് വായിച്ചിരുന്നത്. പൊതുവിവരങ്ങള്‍ക്കായി ഒരു പത്രവും സാമ്പത്തിക കാര്യങ്ങള്‍ അറിയുന്നതിനു മറ്റൊരു പത്രവും എന്തായാലും പിന്തുടരണം. അതില്‍ നിന്നുള്ള വിവരങ്ങള്‍ എഴുതി വയ്ക്കുകയും വേണം. സിവില്‍ സര്‍വീസ് ക്രോണിക്കിള്‍, യോജന, ന്യൂസ് ആന്‍ഡ് ഇവന്റ്‌സ് എന്നിവ സ്ഥിരമായി വായിച്ചിരുന്നു.ഫ്രണ്ട് ലൈന്‍, വേള്‍ഡ് ഫോക്കസ്, ഇപിഡബ്ല്യൂ എന്നിവയിലെ ആവശ്യമെന്നു തോന്നുന്ന ആര്‍ട്ടിക്കിള്‍ മാത്രം തിരഞ്ഞെടുത്തിരുന്നു. ദി വീക്ക്, ഇന്‍ഡ്യാ ടുഡേ എന്നിവ അത്രയും പ്രധാനപ്പെട്ട വിഷയങ്ങള് വന്നിരുന്നാല്‍ മാത്രം വായിച്ചിരുന്നവയാണ്. 

പത്രങ്ങളും മാഗസിനുകളും പോലെ പ്രധാനപ്പെട്ടതാണ് ഇന്റര്‍നെറ്റും. വളരെ വലിയ പഠന ഭാഗങ്ങളും കറന്റ് അഫയേഴ്‌സുമൊക്കെ വേഗം പഠിച്ചെടുക്കാന്‍ ഇന്റര്‍നെറ്റ്് സഹായിക്കും. ഒരുപാട് നല്ല വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റിലുണ്ട്. പക്ഷേ വിവരങ്ങളുടെ ബാഹുല്യത്തില്‍ ഇന്റര്‍നെറ്റിലൂടെയുള്ള പഠനം നമ്മുടെ സമയം കവര്‍ന്നെടുക്കാതിരിക്കാന്‍ അതീവ ശ്രദ്ധപുലര്‍ത്തണം. ഞാന്‍ ഇന്റര്‍നെറ്റിനെ വളരെ നന്നായി ഉപയോഗിച്ചിരുന്നു പഠന സമയത്ത്. 

കോച്ചിങിന്റെ പ്രാധാന്യം 
ഡല്‍ഹിയാണ് സിവില്‍ സര്‍വീസ് പഠനത്തിന്റെ ഹബ് എന്നാണല്ലോ പറയാറ്. പക്ഷേ ഞാന്‍ എന്റെ സ്വദേശമായ ലഖ്‌നൗവില്‍ തന്നെയായിരുന്നു കോച്ചിങിനു പോയത്. കോച്ചിങിനു പോയാല്‍ മാത്രമേ സിവില്‍ സര്‍വീസ് കിട്ടുകയുള്ളൂ എന്നില്ല. ആത്മവിശ്വാസം ഉണ്ടെങ്കില്‍ സ്വയം പഠിക്കാവുന്നതേയുള്ളൂ. കോച്ചിങിനു പോയാലും ഇല്ലെങ്കിലും നമ്മള്‍ എത്രമാത്രം പരീക്ഷയ്ക്കായി കൃത്യമായി പഠിക്കുന്നു എന്നതിലാണ് വിജയം ഇരിക്കുന്നത്.  കോച്ചിങിനു പോകുമ്പോള്‍ നമ്മുടെ സിലബസ് മുഴുവനും പഠിപ്പിച്ച് തരും അതുപോലെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പഠിക്കാതിരിക്കാനും അതുപോലെ ആവശ്യമുള്ള മെറ്റീരിയലുകള്‍ മാത്രം തിരഞ്ഞെടുക്കാനും ഉപകരിക്കും. അക്കാര്യങ്ങള്‍ മാത്രമാണ് കോച്ചിങിന് പോകുമ്പോഴും ഇല്ലാത്തപ്പോഴുമുള്ള വ്യത്യാസം. പക്ഷേ വിജയത്തിലെ അടിസ്ഥാന കാര്യം സ്വപ്രയത്‌നം മാത്രമാണ്.

എപ്പോള്‍ പഠിച്ചു തുടങ്ങണം 
എത്രയും നേരത്തെ പഠിച്ചു തുടങ്ങിയാലും അത്രയും നല്ലത്. പക്ഷേ എന്റെ അനുഭവത്തില്‍ ഡിഗ്രി കാലം ആണ് അതിന് ഏറ്റവും അനുയോജ്യം എന്നാണ് തോന്നിയിട്ടുള്ളത്. ഞാന്‍ ഡിഗ്രി സമയത്ത് കബൈന്‍ഡ് ഡിഫന്‍സ് സര്‍വീസിനു വേണ്ടിയാണ് പഠിച്ചിരുന്നത്. ആ പഠനം സിവില്‍ സര്‍വീസ് പരിശീലന കാലയളവില്‍ ഉപകാരപ്പെട്ടിരുന്നു. 

വട്ടന്‍ ചോദ്യങ്ങളില്ലാത്ത അഭിമുഖം 
ചിരിയോടെ പങ്കുവയ്ക്കാനാകുന്ന രസകരമായ ചോദ്യങ്ങളൊന്നുമില്ലാത്ത ഒരു അഭിമുഖമായിരുന്നു എന്റേത്. പതിനഞ്ച്-ഇരുപത് മിനുട്ട് നീണ്ട അഭിമുഖം പോസിറ്റിവ് ആയിട്ടാണ് തോന്നിയത്. കുറച്ചുകൂടി ഗൗരവമേറിയ ചോദ്യങ്ങളായിരുന്നു നേരിടേണ്ടി വന്നത് എന്നായിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ സാമൂഹിക പിന്നോക്കാവസ്ഥയെ കുറിച്ചുള്ളതായിരുന്നു ഓര്‍മയില്‍ നില്‍ക്കുന്ന പ്രധാന ചോദ്യം. എന്താണ് അതിന്റെ കാരണങ്ങള്‍ എന്നു രണ്ടോ മൂന്നോ പോയിന്റില്‍ പറഞ്ഞു വയ്ക്കാനായി. അതേപ്പറ്റി ചെറിയൊരു ചര്‍ച്ചയും നടന്നു. എന്തുതന്നെ ആയാലും അഭിമുഖത്തില്‍ നമ്മള്‍ സത്യസന്ധത പുലര്‍ത്തണം. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അറിയാത്തൊരു ചോദ്യമാണെങ്കില്‍ അറിയില്ല എന്നുതന്നെ പറയണം. അഭിമുഖം നടത്തുന്നവരോട് കള്ളംപറയാനും തര്‍ക്കിക്കാനും നില്‍ക്കരുത്. പരീക്ഷയ്ക്കു പഠിക്കുമ്പോള്‍ തന്നെ അഭിമുഖത്തിനും വേണ്ടി തയ്യാറെടുപ്പ് നടത്തണം. ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും പിന്നെ വിജയികളായവരോട് ചോദിച്ച ചോദ്യങ്ങളും കണ്ടെത്തി സ്വയം ഉത്തരങ്ങള്‍ പറഞ്ഞ് ശീലിക്കുന്നത് ഉപകരിക്കും. എസ്എസ്ബി അഭിമുഖം സിവില്‍ സര്‍വീസിനേക്കാള്‍ ബുദ്ധിമുട്ടേറിയതാണ് എന്നാണ് എനിക്ക് അതിനുശേഷം മനസ്സിലായത്. അതുകൊണ്ടാകണം കുറച്ചുകൂടി ലളിതമായിരുന്നു അഭിമുഖം എന്നാണ് എനിക്ക് അനുഭവപ്പെട്ടത്. 

യുപിയില്‍ നിന്നു കേരളത്തിലേക്ക് 
കേഡര്‍ ഏതു വേണം എന്ന ഘട്ടം വന്നപ്പോള്‍ കേരളം ഓപ്ഷന്‍ ആയി കൊടുത്തത് തന്നെയാണ്. സ്വന്തം നാട്ടില്‍ നിന്ന് ഒരുപാട് ദൂരെയാണ്, ഭാഷയും സംസ്‌കാരവും ഭക്ഷണവും എല്ലാം ഒരുപാടു വ്യത്യാസപ്പെട്ടിരിക്കുന്ന ഒരിടം തന്നെയാണ്. പക്ഷേ ജോലി ചെയ്യാന്‍ പറ്റിയ അന്തരീക്ഷം ഇവിടെയുണ്ട്. ജനങ്ങളെല്ലാം വിദ്യാസമ്പന്നരാണ്. നമ്മുടെ ഭാഗത്തു നിന്നു നല്ല പ്രവൃത്തികളുണ്ടായാല്‍ അര്‍ഹിക്കുന്ന ബഹുമാനം തരും, സ്‌നേഹവും. അതു രണ്ടും കേരളത്തിലെ ജനങ്ങള്‍ എന്നും നല്‍കിയിരുന്നു, ഇപ്പോഴും നല്‍കുന്നുമുണ്ട്. എല്ലാത്തിനും ഉപരിയായി കേരളം ഇന്ത്യയുടെ ഭാഗമാണല്ലോ. ഒരു ഓള്‍ ഇന്ത്യ സര്‍വീസിലേക്കു വരുമ്പോള്‍ എവിടെ ജോലി ചെയ്യാനും മനസ്സ് തയ്യാറെടുത്തിരിക്കണമല്ലോ.

മലയാളം കട്ടിയേറിയ ഭാഷയാണ്. പക്ഷേ തുറന്ന മനസ്സും പഠിക്കാനുള്ള താല്‍പര്യവുമുണ്ടെങ്കില്‍ ഭാഷ പഠിച്ചെടുക്കാവുന്നതേയുള്ളൂ. മലയാളം വായിക്കാന്‍ പഠിച്ച ശേഷം പിന്നെ സംസാരിക്കാനുള്ള തയ്യാറെടുപ്പായിരുന്നു. ആദ്യം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഭാഷ പഠിക്കാന്‍ ഞാന്‍ നല്ല ഉത്സാഹം കാണിച്ചപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കും സഹായിക്കാന്‍ തോന്നി. അങ്ങനെയാണ് മലയാളം എനിക്ക് വഴങ്ങിയത്. 

സോഷ്യല്‍ മീഡിയയും പൊലീസും 
നമ്മള്‍ ആരാണ്, എന്താണ് ചെയ്യുന്നത് എന്നൊക്കെ സോഷ്യല്‍ മീഡിയയിലൂടെ കാണിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ അല്ല. അതെല്ലാം വ്യക്തിപരമായ താല്‍പര്യമാണ്. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ പ്രവൃത്തി നല്ലതാണെങ്കില്‍ ജനങ്ങള്‍ സ്‌നേഹവും ബഹുമാനവും തരും. അതിനു സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തേണ്ട കാര്യമില്ല. 

പക്ഷേ സോഷ്യല്‍ മീഡിയയ്ക്ക് വലിയ സ്വാധീനമുള്ള ഇക്കാലത്ത് പൊലീസും ജനങ്ങളും തമ്മില്‍ സൗഹാര്‍ദ്ദപരമായ ഒരിടം ഉള്ളത് നല്ലതാണ്. പൊലീസിന്റെ വിവിധ തരത്തിലുള്ള സോഷ്യല്‍ മീഡിയ പേജുകള്‍ പോസിറ്റിവ് ആയിട്ടാണ് തോന്നിയിട്ടുള്ളത്. അതുപോലെ പൊലീസിന് ഒരിക്കലും മാധ്യമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും സാധിക്കില്ല. ജനാധിപത്യത്തിന്റെ കണ്ണും കാതും മാധ്യമങ്ങള്‍ ആണ്. അതുകൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനും അവരെ വിവരങ്ങള്‍ ധരിപ്പിക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നായി പൊലീസിന് മാധ്യമങ്ങളെ ഉപയോഗിക്കേണ്ടതുണ്ട്. അത് ചെയ്യുന്നുമുണ്ട്. 

കണ്ണൂര്‍ എസ്പി പോസ്റ്റ്
എഎസ്പി ആയിരിക്കേ തലശ്ശേരിയില്‍ ജോലി ചെയ്തിട്ടുണ്ട്. അന്ന് കണ്ണൂര്‍ ഒരുപാടു സംഘര്‍ഷഭരിതമായ സ്ഥലമായിരുന്നു. ഇന്നു സ്ഥിതി മാറി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ചു മനസ്സിലാക്കിയ പൊതുപ്രവര്‍ത്തകരും അതിനേക്കാളുപരി ജനങ്ങളും അതിലേക്കു നാടു തിരിച്ചു പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വ്വം കൈക്കൊള്ളുന്നുണ്ട്. അതിനുവേണ്ടി പൊലീസ് നടത്തുന്ന ശ്രമങ്ങള്‍ക്കെല്ലാം അവരുടെ വലിയ പിന്തുണയുമുണ്ട്. എസ്പി ആയി ജോലി ചെയ്ത പാലക്കാടും മലപ്പുറത്തുമെല്ലാം ജനങ്ങളുടെ മനോഭാവം ഇങ്ങനെ തന്നെയായിരുന്നു. സഹകരണ മനോഭാവവും സ്‌നേഹവുമുള്ള മനുഷ്യര്‍ ഉള്ളതുകൊണ്ട് വലിയ ജില്ലകളിലെ പൊലീസിനെ നന്നായി നയിക്കാനായി. കണ്ണൂരും അതുതന്നെയാണ് അനുഭവപ്പെടുന്നത്. 

ഇഷ്ടം പുസ്തകങ്ങളോട് 
പുസ്തകങ്ങളോട് ഭ്രാന്തമായ ഇഷ്ടമാണ്. ഒരുപാട് പുസ്തകങ്ങള്‍ വായിക്കാറുണ്ട്. ടെക്‌നോളജി, ഗാഡ്‌ജെറ്റ് എന്നിവയെ കുറിച്ചുള്ള പുതിയ കാര്യങ്ങള്‍ അറിയാന്‍ വലിയ കൗതുകമാണ്. അത്തരത്തിലും വായനയുണ്ട്. പിന്നെ ഏറ്റവും പുതിയ കാര്യം ഫിറ്റ്‌നസ് ശ്രദ്ധിക്കാന്‍ തുടങ്ങി എന്നതാണ്. കരിയറിലും ജീവിതത്തിലും ഫിറ്റ്‌നസ് ഏറെ പ്രധാനപ്പെട്ട കാര്യമാണല്ലോ.  അവയൊക്കെയാണ് ജീവിതത്തില്‍ ജോലിക്കപ്പുറം ചെയ്യുന്നതും അതിന്റെ തിരക്ക് നല്‍കുന്ന ക്ഷീണത്തില്‍ നിന്നു മാറാനും സഹായിക്കുന്ന കാര്യങ്ങള്‍. എങ്കിലും ഏറ്റവും ഇഷ്ടപ്പെട്ട ഹോബി വീട്ടുകാരോടും കൂട്ടുകാരോടുമൊപ്പം പുറത്തുപോകുന്നതാണ്. വീട്ടില്‍ നിന്ന് ഒരുപാട് അകലെ ആയതുകൊണ്ട് ഇപ്പോള്‍ അതെല്ലാം മിസ് ചെയ്യുന്നു. 

കേസും കരിയറും 
എട്ടു വര്‍ഷത്തോളമായി സര്‍വീസ് ആരംഭിച്ചിട്ട്. ഒട്ടനവധി കേസുകളില്‍ നല്ല റിസല്‍ട്ട് നേടിയെടുക്കാനായി. ആന്റി പൈറസി സെല്‍ മേധാവി ആയിരിക്കെയാണ് പ്രേമം സിനിമയുടെ വ്യാജ സിഡി കേസ് വരുന്നത്. വലിയ കേസ് ആയിരുന്നു അത്. ഏറെ ശ്രമകരമായാണ് കുറ്റക്കാരെ പിടികൂടിയത്. പാലക്കാട് എസ്പി ആയിരിക്കെയാണ് നമ്മളെ എല്ലാവരേയും ഒരുപാടു വിഷമിപ്പിച്ചു കൊണ്ട് ആദിവാസി യുവാവായ മധുവിന്റെ കൊലപാതകം നടക്കുന്നത്. അതിലും എല്ലാ പ്രതികളേയും പിടിക്കാനായി. മാവോയിസ്റ്റ് വിഷയത്തിലും ഇടപെടാനായി. 

സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനാകുന്നു എന്നത് വലിയൊരു അനുഭവമാണ്. സൈബര്‍ ഇടങ്ങളിലെ സുരക്ഷയെ കുറിച്ച് ആയിരക്കണക്കിന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കാനുള്ള അവസരം കിട്ടി. 

കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് തടയാനും പീഡനം നടത്തുന്നവരെ പിടികൂടാനുമുള്ള സംസ്ഥാന തല സംഘത്തില്‍ അംഗമാണ് ഞാനും. ഏതൊരു കുട്ടിയേയും സംബന്ധിച്ച ഏറ്റവും ഹീനമായ ഈ അവസ്ഥയ്ക്കു തടയിടാനും അവര്‍ക്ക് നീതി ഉറപ്പാക്കാനുമുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നത് വ്യക്തിപരമായി സംതൃപ്തി നല്‍കുന്ന കാര്യമാണ്. ഓരോ കേസുകളും നമ്മളെ ഒരുപാട് വിഷമിപ്പിക്കുമ്പോഴും അവ ചെറുക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാകാനാകുന്നു എന്ന ആശ്വാസമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA