ADVERTISEMENT

ചെറുപ്പം മുതൽ മാതാപിതാക്കൾക്കൊപ്പം കൃഷി ചെയ്തു ജീവിച്ച ശീലം. വലുതാകുമ്പോൾ കൃഷിശാസ്ത്രം പഠിക്കണമെന്നു മോഹിച്ചു. പക്ഷേ, സാഹചര്യങ്ങൾമൂലം പഠിക്കാൻ കഴിഞ്ഞത് ബിഎസ്‌സി ഇലക്ട്രോണിക്സ്. കൃഷി കൈവിടാതെ പഠനം മുന്നോട്ടു കൊണ്ടുപോയി. ബയോ സ്റ്റാറ്റിസ്റ്റിക്സിൽ എംഎസ്, ബയോ ഇൻഫർമാറ്റിക്സിൽ എംഫിൽ യോഗ്യതകളും നേടി.

Read Also : സഹകരണ ബാങ്ക് പരീക്ഷയിൽ ഒന്നാം റാങ്ക്; പാതിയിൽ നിലച്ച പഠനം അനു റാങ്കുകൾകൊണ്ട് വീണ്ടെടുത്തതിങ്ങനെ

പഠിക്കുക മാത്രമല്ല മലപ്പുറം വറ്റല്ലൂർ കരിഞ്ചാപ്പാടി പാറത്തൊടി വീട്ടിലെ പി. സെയ്ഫുല്ല അക്കാലത്തു ചെയ്തത്. കൃഷിയിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. അട്ടപ്പാടിയിൽ തോട്ടം പാട്ടത്തിനെടുത്ത് തക്കാളിക്കൃഷി ചെയ്തു. വിലകിട്ടാതെ നാലുലക്ഷത്തോളം രൂപ ‘മണ്ണുതിന്നു’. കടംകയറി തിരിച്ചെത്തി. കൃഷിയിൽ പ്രായോഗികതയും ശാസ്ത്രീയതയും വേണമെന്നു മനസ്സിലായത് അപ്പോഴാണ്. 

 

ലഭ്യതയും വിപണിയാഥാർഥ്യങ്ങളു മൊക്കെ പഠിച്ചശേഷം മലപ്പുറത്ത് 25 ഏക്കർ പാടം പാട്ടത്തിനെടുത്ത് തണ്ണിമത്തൻ കൃഷി ചെയ്തു. വൻ ലാഭം. ആദ്യ കൃഷിയിലെ നഷ്ടം ഉൾപ്പെടെ നികത്തി. ഇപ്പോൾ 40 ഏക്കർ സ്ഥലത്ത് നെല്ല്, വാഴ, പച്ചക്കറി, തണ്ണിമത്തൻ, ഔഷധ സസ്യങ്ങൾ ഇവയൊക്കെ കൃഷി ചെയ്യുന്നുണ്ട് സെയ്ഫുല്ലയും കുടുംബവും.

 

2019ലെ തണ്ണിമത്തൻ ദിനങ്ങൾക്കുശേഷം 3 പ്രധാന അവാർഡുകൾ സെയ്ഫുല്ലയെ തേടിയെത്തി. യുവകർഷക പുരസ്കാരം, യുവപ്രതിഭാപുരസ്കാരം, കസ്റ്റോഡിയൻ ഫാർമർ പുരസ്കാരം. 30 വയസ്സിനകം സർക്കാർ വകുപ്പുകളുടെ മൂന്ന് അംഗീകാരങ്ങൾ. പോരാത്തതിന് സ്വന്തം കൃഷിയിടത്തിൽ ഒരു ചെടിയിൽനിന്നു സെയ്ഫുല്ല കണ്ടെത്തിയ ജൈവകീടനാശിനിക്ക് കാർഷിക സർവകലാശാലയുടെ അംഗീകാരം– 25 ലക്ഷം രൂപയുടെ സ്കോളർഷിപ്. 

Read Also : ജോലിയിൽ ഉയർച്ച വേണോ?; കഴിവിനൊപ്പം അവസരവും വളർത്താൻ ഇങ്ങനെ ചെയ്യാം

ആദ്യഘട്ടത്തിൽ 2.5 ലക്ഷം രൂപ ലഭിച്ചു. ഗവേഷണം പൂർത്തിയാകുമ്പോൾ ബാക്കി തുകയും ലഭിക്കും. അപ്പോഴും ഒരു ആഗ്രഹം ബാക്കി കിടന്നു– കൃഷിയിൽ ബിരുദം. സർക്കാരിന്റെ കർഷകപുരസ്കാരം നേടുന്നവർക്ക് കാർഷികസർവകാശാലയിൽ ഒരു ബിഎസ്‌സി അഗ്രികൾചർ സീറ്റ് ഒഴിച്ചിടുന്നുവെന്ന് അറിഞ്ഞത് അപ്പോഴാണ്. നേരത്തേ പിജിയും എംഫിലും കഴിഞ്ഞയാൾ അങ്ങനെ ഇപ്പോൾ കാർഷിക സർവകലാശാലയിൽ ബിഎസ്‌സി അഗ്രികൾചർ രണ്ടാം സെമസ്റ്റർ വിദ്യാർഥിയാണ് !

 

ഇത്രയൊക്കെ കൃഷി അറിയാമായിട്ടും എന്തുകൊണ്ടാണ് ബിഎസ്‌സി അഗ്രികൾചർ പഠിക്കാനിറങ്ങിയത് ?

കർഷകർക്കു കൃഷിയിൽ ധാരാളം അറിവുണ്ട്. പക്ഷേ, അതൊരിക്കലും പൂർണമല്ല. കൃഷി സംസ്കാരമെന്നതി നേക്കാളുപരി ശാസ്ത്രമായി കാണണം. ബിഎസ്‌സി അഗ്രികൾചർ പഠിച്ചാൽ   കൃഷി ഓഫിസർ, മറ്റു കൃഷി അധിഷ്ഠിത ജോലികൾ എന്നിവയ്ക്കു സാധ്യതയുമുണ്ടല്ലോ. 

 

എല്ലാ കർഷകർക്കും കൃഷി ബിരുദമെടുക്കാൻ കഴിയില്ലല്ലോ ?

അതു ശരിയാണ്. പക്ഷേ, കൃഷിബിരുദമെടുത്ത കൃഷി ഓഫിസർമാരുടെ സേവനം തൊട്ടടുത്തുണ്ട്. എന്റെ കൃഷിജീവിതം മാറ്റിമറിച്ചത് മലപ്പുറം കുറുവയിലെ മുൻ കൃഷി ഓഫിസർ ശുഹൈബ് തൊട്ടിയാനാണ്. ഏതുസമയത്ത് ഏതു വിള കൃഷി ചെയ്യണമെന്നും എങ്ങനെ വിപണി കണ്ടെത്താമെന്നും അദ്ദേഹം പഠിപ്പിച്ചു. ഇത്തരം അറിവു മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കുന്ന കൃഷി ഓഫിസറാകാൻ ഞാനും ആഗ്രഹിക്കുന്നു.

 

ബിഎസ്‌സി അഗ്രികൾചർ പഠിക്കുന്നവർക്കുള്ള തൊഴിൽസാധ്യതകൾ വിശദമായി മനസ്സിലാക്കിയിട്ടുണ്ടോ ?

സർക്കാരിൽത്തന്നെ കൃഷിമേഖലയിൽ ധാരാളം ഒഴിവുകളുണ്ട്. ഒട്ടേറെ സ്വകാര്യ വളം, കീടനാശിനി കമ്പനികളിലും അവസരമുണ്ട്. സ്വയം സംരംഭകരായി ശമ്പളത്തിന്റെ പതിന്മടങ്ങു വരുമാനം നേടുകയെന്ന സാധ്യതയുമുണ്ട്.

 

കൃഷി സംബന്ധിച്ച കാഴ്ചപ്പാടിൽ എന്തു മാറ്റമാണു വേണ്ടത് ?

ജൈവകൃഷി എന്ന ആശയം നല്ലതു തന്നെ. പക്ഷേ, അതുമാത്രമെന്ന ചിന്ത നമ്മുടെ കാർഷികമേഖലയെ പിന്നാക്കം കൊണ്ടുപോകും. വിളകൾക്കു വേണ്ട പോഷണം ഉറപ്പാക്കാൻ വളവും മറ്റും നൽകി ശാസ്ത്രീയമായ കൃഷിരീതികൾ തന്നെ വേണം. ഇല്ലെങ്കിൽ വിളവിനു ഗുണമുണ്ടാവില്ല.

 

കൃഷിയിലും കൃഷിപഠനത്തിലും ഇറങ്ങാൻ താൽപര്യമുള്ള ചെറുപ്പക്കാർക്കുള്ള ഉപദേശം ?

എല്ലാവരും ചെയ്യുന്ന കൃഷിയിൽ നമ്മൾ കൂടി പോയി മത്സരിക്കാൻ നിൽക്കരുത്. പുതിയ സാധ്യതകൾ കണ്ടെത്തണം. ഉദാഹരണത്തിന് കൊയ്ത്തുകഴിഞ്ഞാൽ പാടങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. ആ സമയത്ത് തണ്ണിമത്തൻ കൃഷി ചെയ്യാം. 100 കോടി രൂപയുടെ വിപണിയാണത്. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന തണ്ണിമത്തൻ വലിയ വില കൊടുത്തു വാങ്ങുകയാണ് നമ്മളിപ്പോൾ. കൃഷിയെ ഇത്തരത്തിൽ ശാസ്ത്രീയമായി സമീപിക്കണം.

 

Content Summary : From Farmer to Scholar: Saifullah's Inspiring Journey to BSc Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT