ADVERTISEMENT

നമ്മൾ ഒരു ദിവസം ചെയ്യുന്ന വിവിധ പ്രവൃത്തികളിലൂടെ അന്തരീക്ഷത്തിലേക്ക് കാർബൺ അടക്കമുള്ള എത്രത്തോളം വാതകങ്ങളാണ് പുറന്തള്ളപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ! എങ്കിൽ അത് കൃത്യമായി കണക്കാക്കാൻ ‘കാർബോ ഫൂട്ട്’ എന്ന മൊബൈൽ ആപ്പ് നിർമിച്ചിരിക്കുകയാണ് കാർഷിക സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും. സർവകലാശാലയിലെ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റവും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജും ചേർന്നാണ് ആപ്പ് രൂപപ്പെടുത്തിയത്. 

കാലാവാസ്ഥാ വ്യതിയാനങ്ങളെ കുറിച്ചു പഠിക്കുന്ന രാജ്യാന്തര സംഘടനയായ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐപിസിസി) മാനദണ്ഡങ്ങൾ അനുസരിച്ചാണ് ആപ്പ് രൂപപ്പെടുത്തിയത്. മനുഷ്യരുടെ വിവിധ പ്രവൃത്തികളിലൂടെ അന്തരീക്ഷത്തിലേക്ക് വലിയ അളവിൽ കാർബൺ പുറന്തള്ളപ്പെടുന്നു. ഇങ്ങനെ രൂപപ്പെടുന്ന കാർബൺ, മരങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതി സ്രോതസ്സുകളിലൂടെ കൃത്യമായി സംഭരിക്കപ്പെട്ടാലേ ‘കാർബൺ ന്യൂട്രൽ’ എന്ന ലക്ഷ്യം സാധ്യമാവുകയുള്ളൂ. ഇല്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം, ഉയർന്ന താപനില, വായുമലിനീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. 

carbon-foot-print
കുന്നംകുളം നഗരസഭയിലെ കാർബൺ ഫൂട്ട്പ്രിന്റ്.

മ്മടെ തൃശൂർ കാർബൺ ന്യൂട്രലാണോ
കാർഷിക സർവകലാശാലയിലെ സംഘം കുന്നംകുളം നഗരസഭയുടെ കാർബൺ ഫൂട്ട്പ്രിന്റ് എടുത്തപ്പോൾ ‘കാർബൺ പോസിറ്റീവ്’ ആണെന്നാണ് കണ്ടെത്തിയത്. അതായത് കാർബൺ ആധിക്യം. 50,278.70 ടൺ കാർബൺ പുറന്തള്ളപ്പെടുന്ന നഗരസഭയിൽ 35,198.32 ടൺ മാത്രമാണ് സംഭരിക്കപ്പെടുന്നത്. ബാക്കി 15,080.38 ടൺ അന്തരീക്ഷത്തിൽ തന്നെ നിൽക്കുന്നു. പുറന്തള്ളപ്പെടുന്ന കാർബൺ ആനുപാതികമായി സംഭരിക്കപ്പെടാതിരി ക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. മരങ്ങൾ, ചെറിയ ചെടികൾ, മണ്ണ് ഇവ മൂന്നുമാണ് പുറന്തള്ളപ്പെടുന്ന കാർബൺ വലിച്ചെടുക്കുന്നത്. അവയുടെ സംരക്ഷണം നമ്മുടെ നിലനിൽപ്പിന് അനിവാര്യമാണ്.

എന്താണ് കാർബോ ഫൂട്ട് ആപ്പ്
വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുതി, വാഹനം തുടങ്ങിയവയിലൂടെ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് അന്തരീക്ഷത്തിൽ എത്രത്തോളമുണ്ടെന്നും, പുറന്തള്ളപ്പെടുന്ന വാതകങ്ങൾക്ക് ആനുപാതികമായി അവ മരങ്ങളിലും മറ്റും സംഭരിക്കപ്പെടുന്നുണ്ടോ എന്നും കണ്ടെത്താനാണ് കാർബൺ ഫൂട്ട് ആപ്പ് ഉപയോഗിക്കുന്നത്. 

അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന പത്തംഗസംഘം ഒരു വർഷമെടുത്താണ് ആപ്പ് രൂപപ്പെടുത്തിയത്. ശേഖരിച്ച വിവരങ്ങൾ അനാലിസിസ് ചെയ്യാനായി ഒരു സോഫ്റ്റ്‌വെയറും നിർമിച്ചിട്ടുണ്ട്. ഒരു സ്ഥാപനത്തിലെ പ്രതിമാസ കറണ്ട് ബില്ല്, വാഹനങ്ങളുടെ ലോഗിൻ എൻട്രി എന്നിവ എഴുതി എടുത്ത് കംപ്യൂട്ടറിലേക്ക് മാറ്റിയ ശേഷം അവ അപഗ്രഥി ച്ചാണ് ഇതുവരെ കാർബൺ എമിഷൻ കണക്കാക്കിയിരുന്നത്. എന്നാൽ ‘കാർബോ ഫൂട്ട്’ ആപ്പിലേക്ക് വിവരങ്ങൾ നേരിട്ട് എന്റർ ചെയ്യാൻ കഴിയുന്നതോടെ വളരെ എളുപ്പത്തിൽ വിവരങ്ങൾ അറിയാൻ കഴിയും എന്നതാണ് പ്രത്യേകത. 

ഒരു വ്യക്തിയുടെയോ, സ്ഥാപനത്തിന്റെയോ പ്രവർത്തനഫലമായി പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവിനെയാണ് കാർബൺ ഫൂട്ട്പ്രിന്റ് എന്നു പറയുന്നത്. കാർബൺ എമിഷൻ കണക്കാക്കുന്നതിനും ചില മാനദണ്ഡങ്ങളുണ്ട്. ഊർജം, ഇൻഡസ്ട്രി, കൃഷി, മാലിന്യം തുടങ്ങിയ നാല് മേഖലകളായി തിരിച്ചാണ് ഇവയുടെ അളവ് കണക്കാക്കുന്നത്. പ്രഫ. ഡോ.പി.ഒ.നമീർ, അസി.പ്രഫസർമാരായ കെ.രസ്ന, കൃഷ്ണപ്രിയ, റഷാ മോൾ എന്നിവരുടെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്.

Content Summary :

University of Agriculture's Breakthrough: 'Carbo Foot' App Measures Carbon Footprint with IPCC Standards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com