പതിവു തെറ്റിച്ചെടുത്ത ഒരു കളർഫുൾ സ്കൂൾ ഗ്രൂപ്പ് ഫോട്ടോ; 40 വർഷം മുൻപത്തെ സംഭവം പുനഃസൃഷ്ടിച്ച് കൂട്ടുകാർ
Mail This Article
‘നമ്മൾ മനസ്സിൽ എന്നോ ആഗ്രഹിച്ച കുഞ്ഞുകുഞ്ഞു കാര്യങ്ങൾ നമ്മൾ മറന്നാലും പടച്ചോൻ മറക്കില്ല’ എന്നൊരു ഡയലോഗ് തട്ടത്തിൽ മറയത്ത് എന്ന ചിത്രത്തിലുണ്ട്. അതുപോലെ ഏഴു കൂട്ടുകാരുടെ ഒരു കുഞ്ഞാഗ്രഹം ക്ലാസ് ടീച്ചർ നടത്തിക്കൊടുത്തതും 40 വർഷത്തിനു ശേഷം ആ സംഭവം പുനഃസൃഷ്ടിക്കാൻ അവസരം ലഭിച്ചതുമായ അനുഭവം പങ്കുവയ്ക്കുകയാണ് പന്തളം എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിലെ പൂർവവിദ്യാർഥിനികളും ഉറ്റസുഹൃത്തുക്കളുമായ അജിത, കലാഭാസ്കർ, ശോഭ, ബിന്ദു, നളിന ജെ. കുമാരി, ഉഷാകുമാരി എന്നിവർ.
പന്തളം എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ്സിന്റെ അവസാന ദിനങ്ങളിലൊന്ന്. ക്ലാസിലെ ഞങ്ങൾ ഏഴു കൂട്ടുകാർക്ക് ഒരാഗ്രഹം. ഞങ്ങളുടെ പ്രിയപ്പെട്ട ക്ലാസ് ടീച്ചർ രാജമ്മ ടീച്ചർക്കൊപ്പം ഒരു ഫോട്ടോ എടുക്കണം. ആ ഫോട്ടോയിൽ ടീച്ചറിനെപ്പോലെ ഞങ്ങൾക്കും നിറമുള്ള വസ്ത്രങ്ങളണിയണം. അങ്ങനെയൊരു ആഗ്രഹം തോന്നാനൊരു കാരണമുണ്ട്. അന്നും ഇന്നും ഫുൾ യൂണിഫോമിൽ മാത്രം സ്കൂൾ ഗേറ്റിനുള്ളിൽ പ്രവേശിക്കാൻ അനുവാദമുള്ള സ്കൂളാണ് എൻഎസ്എസ് ഗേൾസ് ഹൈസ്കൂൾ. അധ്യാപകരുടെയും മാതാപിതാക്കളുടെയും അനുവാദത്തോടെ, ആ പതിവൊന്നു തെറ്റിച്ച് എന്നും ഓർമയിൽ സൂക്ഷിക്കാൻ ഒരു ഗ്രൂപ്പ് ഫോട്ടോ സ്വന്തമാക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ക്ലാസിൽ ഞങ്ങൾ മൊത്തം 40 പേരുണ്ട്.
ഈ ആഗ്രഹവുമായി ഞങ്ങൾ ഏഴുപേരുംകൂടി രാജമ്മ ടീച്ചറെ സമീപിച്ചു. ടീച്ചർ സമ്മതം മൂളി. അങ്ങനെ, ഉച്ചവരെ മാത്രം ക്ലാസുള്ള ഒരു ദിവസം ഫോട്ടോയെടുപ്പിനു തീരുമാനിച്ചു. പന്തളത്തെ എംഎൻ സ്റ്റുഡിയോയിലാണ് പോകുന്നത്. പന്തളത്തും പരിസരപ്രദേശങ്ങളിലുമാണ് ഞങ്ങളുടെയെല്ലാം വീടെന്നതിനാൽ ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞപ്പോൾ വീട്ടിൽപ്പോയി കളർ ഡ്രസ് ഇട്ടുവരാൻ ഒട്ടും താമസിച്ചില്ല. അങ്ങനെ, മറ്റ് അധ്യാപകരോ കുട്ടികളോ അറിയാതെ ആ രഹസ്യ പദ്ധതി നടപ്പിലാക്കാനായി, ടീച്ചർ സ്കൂളിൽനിന്ന് ഇറങ്ങുന്നതും നോക്കി ഞങ്ങൾ സ്കൂൾ മതിലിനു പുറത്തു കാത്തുനിന്നു. ഒടുവിൽ ടീച്ചറെത്തി ഞങ്ങളെയും കൂട്ടി സ്റ്റുഡിയോയിൽപ്പോയി ഞങ്ങളാഗ്രഹിച്ചതു പോലെയൊരു ഫോട്ടോയെടുത്തു.
അതു കഴിഞ്ഞിട്ട് നാൽപതു വർഷമാകുന്നു. ആ ഫോട്ടോയിലൊപ്പമുണ്ടായിരുന്ന ഒരാൾ നിർഭാഗ്യവശാൽ ഇന്ന് ഞങ്ങൾക്കൊപ്പമില്ല. നാൽപതു വർഷങ്ങൾക്കിപ്പുറം ഞങ്ങൾ ആറുപേർ ചേർന്ന് ഒരിക്കൽക്കൂടി ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ കാണാൻ പോയി. ഒരാളുടെ അസാന്നിധ്യമുണ്ടെങ്കിലും 40 വർഷം മുൻപത്തെ ആ ദിവസം പുനഃസൃഷ്ടിച്ചു.
ഇന്ന് ആ ദിവസത്തെക്കുറിച്ചോർക്കുമ്പോൾ അദ്ഭുതം തോന്നുന്നുണ്ട്. കുട്ടികളുടെ ആഗ്രഹത്തിനു കൂട്ടു നിന്ന രാജമ്മ ടീച്ചറിനും മാതാപിതാക്കൾക്കും ഒരുപാട് നന്ദി. ഒരു പക്ഷേ ടീച്ചർ അന്ന് അറിഞ്ഞോ അറിയാതെയോ ഫോട്ടോയെടുക്കാൻ അനുവാദം തന്നത് കാലം കരുതിവെച്ച ഈ കൗതുകത്തിനു വേണ്ടിയാകണം. പ്രിയപ്പെട്ട ടീച്ചറിന്, അച്ഛനമ്മമാർക്ക്, ഒരുമിച്ച് ആഗ്രഹങ്ങൾ പങ്കുവച്ച പ്രിയ കൂട്ടുകാർക്ക് ഒരുപാടൊരുപാട് നന്ദി...