ADVERTISEMENT

പിഎസ്‌സി പരീക്ഷകളിൽ മലയാളത്തിൽക്കൂടി ചോദ്യങ്ങൾ നൽകാൻ തീരുമാനമായെങ്കിലും പരിഷ്കാരം പൂർണതോതിൽ നടപ്പാക്കാൻ വൈകും. ചോദ്യകർത്താക്കുളുടെ ലഭ്യത, സാങ്കേതിക പദങ്ങളുടെ മലയാള പരിഭാഷ, ചോദ്യ പേപ്പറുകളുടെ സുരക്ഷിതത്വം എന്നിവയിൽ വ്യക്തത വരുത്തിയേ തീരുമാനം നടപ്പാക്കാൻ കഴിയൂ എന്നാണു പിഎസ്‌സി നിലപാട്. 

മലയാളത്തിൽ ചോദ്യം എന്നു മുതൽ?
മലയാളത്തിൽ ചോദ്യ പേപ്പർ എപ്പോൾ മുതൽ തയാറാക്കി നൽകണമെന്നു സർക്കാർ പിഎസ്‌സിയോട് ആവശ്യപ്പെട്ടിട്ടില്ല. ഇതിനകം വിജ്ഞാപനം വന്ന പരീക്ഷകൾ നിലവിലുള്ള രീതിയിൽത്തന്നെ നടത്തും. ഇനിയുള്ള വിജ്ഞാപനങ്ങളിലെ പരീക്ഷകളിലേ പരിഷ്കാരം നടപ്പാകാൻ സാധ്യതയുള്ളൂ. 

കെഎഎസ് പരീക്ഷയിൽ മലയാളത്തിൽക്കൂടി ചോദ്യ പേപ്പർ തയാറാക്കാൻ പിഎസ്‌സി തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. 200 മാർക്കിന്റെ പ്രാഥമിക പരീക്ഷയിൽ 20 മലയാളം ചോദ്യങ്ങൾക്കും 400 മാർക്കിന്റെ മെയിൻ പരീക്ഷയിൽ മുഴുവൻ ചോദ്യങ്ങൾക്കും മലയാളത്തിൽ ഉത്തരമെഴുതാനും അനുവാദമുണ്ടാകും. കെഎഎസ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാൽ മലയാളം ചോദ്യ പേപ്പർ തയാറാക്കാൻ പിഎസ്‍സിക്കു കൂടുതൽ സമയം ലഭിക്കും. അടുത്ത വർഷമേ കെഎഎസ് പരീക്ഷ നടക്കൂ. 

പ്ലസ് ടു വരെയുള്ള പരീക്ഷകളിൽ മലയാളത്തിൽ ചോദ്യം ഉടൻ
പ്ലസ് ടു വരെ അടിസ്ഥാന യോഗ്യതയുള്ള തസ്തികകളിൽ മലയാളത്തിൽ ചോദ്യ പേപ്പർ തയാറാക്കൽ ഉടൻ ആരംഭിക്കും. ഡിസംബറിലോ ജനുവരിയിലോ ഈ പരിഷ്കാരം പൂർണതോതിൽ നടപ്പാക്കാൻ കഴിഞ്ഞേക്കും. നവംബർ വരെയുള്ള പരീക്ഷകളുടെ ചോദ്യ പേപ്പർ തയാറായതിനാൽ മാറ്റം സാധ്യമല്ല. പ്ലസ് ടു വരെ യോഗ്യതയുള്ള പരീക്ഷകളുടെ ചോദ്യം മലയാളത്തിൽ തയാറാക്കുമെന്നു കഴിഞ്ഞ ഡിസംബറിൽ പിഎസ്‌സി പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം നടപ്പായിരുന്നില്ല. 

വിജ്ഞാപനങ്ങൾ ഏറെ വൈകുമെന്നും ആശങ്ക
മലയാളത്തിൽ ചോദ്യം തയാറാക്കുന്ന നടപടി വൈകുന്നത് ഉയർന്ന തസ്തികകളിലെ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു പ്രതികൂലമാകും. കോളജ് ലക്ചറർ വിജ്ഞാപനം ഈ വർഷം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ടെന്നാണു വിവരം. ഉയർന്ന സാങ്കേതിക യോഗ്യത ആവശ്യമുള്ള ധാരാളം തസ്തികകളിലേക്കും ഡിസംബറിനുള്ളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടതുണ്ട്.  

ഒാൺലൈൻ പരീക്ഷാ  മലയാളം തുടരും
ഈ ഓഗസ്റ്റ് മുതൽ ഒാൺലൈൻ പരീക്ഷകളിൽ മലയാളം ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഒാഗസ്റ്റ് 20 നു നടത്തിയ പ്ലാന്റേഷൻ കോർപറേഷൻ വെൽഫെയർ ഒാഫിസർ പരീക്ഷയിലാണു പരീക്ഷണാടിസ്ഥാനത്തിൽ മലയാളം ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്. 10 മാർക്കിനായിരുന്നു മലയാളത്തിൽ ചോദ്യഹ്ങൾ. സാങ്കേതിക പ്രശ്നങ്ങൾ ഭയന്നെങ്കിലും ബുദ്ധിമുട്ടില്ലാതെ പരീക്ഷ നടത്തി. ഈ സാഹചര്യത്തിൽ കൂടുതൽ ഒാൺലൈൻ പരീക്ഷകളിലേക്കു മലയാളത്തിൽ ചോദ്യ പേപ്പർ വ്യാപിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. 

സംവിധാനമൊരുക്കിത്തന്നാൽ പിഎസ്‌സി തയാർ

എം.കെ.സക്കീർ, 

പിഎസ്‍സി ചെയർമാൻ 

സംവിധാനങ്ങൾ ഒരുക്കിത്തന്നാൽ മലയാളത്തിൽ ചോദ്യ പേപ്പർ തയാറാക്കാൻ പിഎസ്‌സിക്കു ബുദ്ധിമുട്ടില്ല. എല്ലാ പരീക്ഷകളുടെയും ചോദ്യങ്ങൾ മലയാളത്തിൽക്കൂടി നൽകാൻ പിഎസ്‌സി നേരത്തേ ആലോചിച്ചതാണ്. സാങ്കേതികതടസ്സങ്ങൾ മൂലമാണു പരിഷ്കാരം നീണ്ടത്. പിഎസ്‌സിയെ നയിക്കുന്നവരാരും മലയാളഭാഷാ വിരോധികളല്ല. പിഎസ്‌സി പരീക്ഷകളുടെ ചോദ്യ പേപ്പർ തയാറാക്കുന്നത് വർഷങ്ങളുടെ അധ്യാപന പരിചയമുള്ളവരാണ്. ചോദ്യങ്ങളുടെ മലയാള പരിഭാഷകൂടി അവർക്കു ലഭ്യമാക്കാൻ കഴിഞ്ഞാൽ പ്രശ്നപരിഹാരമാകും. ഇതിനു കഴിയാതെ പോയതിനാലാണ് ഉയർന്ന തസ്തികകളിലെ ചോദ്യങ്ങൾ ഇംഗ്ലിഷിൽ മാത്രമായി തയാറാക്കിയത്. 

ശാസ്ത്ര–സാങ്കേതിക പദങ്ങൾ മലയാളത്തിലാക്കുമ്പോഴുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ സാങ്കേതിക വിജ്ഞാനഭാഷാ നിഘണ്ടു തയാറാക്കും. വൈസ് ചാൻസലർമാരുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.  

പ്രധാന ആശങ്ക സുരക്ഷയിൽ 
കെ.വി.സലാഹുദീൻ 

പിഎസ്‌‍സി മുൻ ചെയർമാൻ

പിഎസ്‌സി ചോദ്യ പേപ്പർ മലയാളത്തിൽക്കൂടി ലഭ്യമാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെങ്കിലും ചോദ്യ പേപ്പറുകൾക്ക് ഇപ്പോഴുള്ള സുരക്ഷ ഉറപ്പാക്കി വേണം പരിഷ്കാരം നടപ്പാക്കാൻ. മലയാളത്തിലും ഇംഗ്ലിഷിലും ഒരാൾതന്നെ ചോദ്യ പേപ്പർ തയാറാക്കിയാൽ പ്രശ്നമില്ല. എന്നാൽ, ഒരു ചോദ്യ കർത്താവ് ഇംഗ്ലിഷിൽ തയാറാക്കുന്നതിന്റെ മലയാളം പരിഭാഷ മറ്റൊരാളെക്കൊണ്ടു ചെയ്യിക്കുമ്പോൾ സുരക്ഷാ വീഴ്ചയ്ക്കു സാധ്യതയുണ്ട്. ചോദ്യകർത്താക്കൾ സീൽ ചെയ്തു നൽകുന്ന കവറിലാണ് ഇപ്പോൾ പിഎസ്‌സിയിലേക്കു ചോദ്യം അയയ്ക്കുന്നത്. ഈ സീൽ പൊട്ടിക്കാതെയാണ് അച്ചടിക്കാൻ സെക്യൂരിറ്റി പ്രസ്സിലേക്കു നൽകുക. അച്ചടിച്ച േശഷവും സീൽ ചെയ്ത കവറിൽ ലഭിക്കുന്ന ചോദ്യക്കടലാസുകൾ പരീക്ഷാ കേന്ദ്രത്തിൽ ഉദ്യോഗാർഥികളുടെ മുന്നിൽ വച്ചാണു തുറക്കുക. ഈ സംവിധാനങ്ങളിൽ വിട്ടുവീഴ്ച പാടില്ല. 

സാങ്കേതിക പദങ്ങൾ ഉൾപ്പെടെയുള്ളവയുടെ മലയാളം പരിഭാഷ തയാറാക്കുമ്പോൾ അർഥം മാറിപ്പോകാൻ സാധ്യതയുണ്ട്. മുൻപ് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇതൊക്കെ മുന്നിൽക്കണ്ടു വേണം പരിഷ്കാരം. സിവിൽ സർവീസ് പരീക്ഷപോലും മലയാളത്തിൽ എഴുതാൻ അവസരമുള്ളപ്പോൾ പിഎസ്‌സി പരീക്ഷ എന്തുകൊണ്ടു മലയാളത്തിൽ നടത്തിക്കൂടാ എന്നതായിരുന്നു പ്രധാന പരാതി. സിവിൽ സർവീസ് പരീക്ഷയുടെ ചോദ്യ പേപ്പർ ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമേ തയാറാക്കുന്നുള്ളൂ. മലയാളം ഉൾപ്പെടെ അംഗീകൃത  പ്രാദേശിക ഭാഷകളിൽ ഉത്തരമെഴുതാമെന്നു മാത്രം. എന്നിട്ടും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്ന മലയാളികളുടെ എണ്ണം വളരെ കുറവാണ്. 

ഭൂരിഭാഗം സർവകലാശാലാ പരീക്ഷകളും ഇംഗ്ലിഷിലാണ്. അതൊന്നും മലയാളത്തിലാക്കാൻ സമരം നടന്നുകാണാറില്ല. പഠനമാധ്യമം പൂർണമായി മലയാളത്തിലാക്കിയാലേ പിഎസ്‌സി പരീക്ഷകളും പൂർണതോതിൽ മലയാളത്തിൽ നടത്തുന്നതു വിജയിക്കൂ. 

നടപ്പാക്കാൻ വൈകിയാൽ ഇനിയും സമരം 

ആർ.നന്ദകുമാർ 

ഐക്യമലയാള പ്രസ്ഥാനം 

സമരസമിതി കൺവീനർ

പിഎസ്‌സി ഇനി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനപ്രകാരമുള്ള പരീക്ഷകൾക്ക് മലയാളത്തിൽ ചോദ്യ പേപ്പർ ലഭിക്കുമെന്നാണു പ്രതീക്ഷ. അങ്ങനെയല്ലയെങ്കിൽ മാതൃഭാഷയ്ക്കു വേണ്ടി വീണ്ടും പ്രക്ഷോഭത്തിന് ഇറങ്ങും. 

മലയാളത്തിൽ ചോദ്യ പേപ്പർ തയാറാക്കുന്നതിനു തടസ്സമായി പിഎസ്‌സി നിരത്തുന്ന ന്യായീകരണങ്ങളൊന്നും യുക്തിക്കു നിരക്കുന്നതല്ല. അതുകൊണ്ടുതന്നെയാണ് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ഈ സമരം വിജയിച്ചത്. ചോദ്യകർത്താക്കൾക്കു നല്ല പ്രതിഫലം നൽകി മലയാളത്തിൽക്കൂടി ചോദ്യം തയാറാക്കി വാങ്ങണം. മലയാളത്തിൽ ചോദ്യം തയാറാക്കിയാൽ ചോദ്യം ചോരാൻ സാധ്യതയുണ്ടെന്ന വാദവും ബാലിശമാണ്. 

ഇംഗ്ലിഷിനെ തഴയരുത് 

എ.വി.അർച്ചന, 

പട്ടം, തിരുവനന്തപുരം

പൊതുവിദ്യാലയങ്ങളിലടക്കം നല്ല ശതമാനം വിദ്യാർഥികൾ ഇംഗ്ലിഷ് മീഡിയത്തിലാണു പഠിക്കുന്നത്. സർവകശാലാ പരീക്ഷകളുടെ ചോദ്യ പേപ്പറുകളും ഇംഗ്ലിഷിലാണ്.  

ഇംഗ്ലിഷ് പൂർണമായി ഒഴിവാക്കാതെ മലയാളത്തിനൊപ്പം ഇംഗ്ലിഷിലുള്ള ചോദ്യ പേപ്പറും നൽകുകയാണു വേണ്ടത്. ചോദ്യ പേപ്പർ മലയാളത്തിലാക്കുന്നതിന്റെ പ്രശ്നങ്ങളിൽ കുടുങ്ങി വിജ്ഞാപനങ്ങൾ വൈകാൻ ഇടയാകരുത്. 

നേട്ടം സാധാരണക്കാരായ  ഉദ്യോഗാർഥികൾക്ക് 

കെ.ആർ.അഭിജിത്, 

നെയ്യാറ്റിൻകര

മലയാളം മീഡിയത്തിൽ പഠിച്ച് പിഎസ്‌സി പരീക്ഷ എഴുതുന്നവർക്ക് ഇംഗ്ലിഷിൽ മാത്രം തയാറാക്കുന്ന ചോദ്യ പേപ്പറുകൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പൊതുവിദ്യാലയങ്ങളിൽ പഠിച്ചു വരുന്ന സാധാരണക്കാരായ ഉദ്യോഗാർഥികൾക്ക് ഏറ്റവും കൂടുതൽ ഗുണകരമായി മാറുന്നതാണ് പുതിയ പരിഷ്കാരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com