ADVERTISEMENT

‘‘പെട്ടെന്നൊരു ചായയിങ്ങെടുത്തേ!’’ 

‘‘അയ്യോ, നില്ക്കാൻ നേരമില്ല; ഞാൻ ചെന്നിട്ടുവേണം വീട്ടിൽ എന്തെങ്കിലും തുടങ്ങാൻ.’’ 

‘‘ഞാൻ ഓടിച്ചൊന്നു വായിച്ചിട്ട് അറിയിക്കാം.’’ 

‘‘ഒരു സെക്കൻഡ്.’’

നാം ഇതെല്ലാം ചുറ്റും സ്ഥിരമായി കേൾക്കുന്നു. ആർക്കും ഒന്നിനും നേരമില്ല. അല്ല, ശരിക്കും നേരമില്ലേ? അതോ നേരമില്ലെന്നു ഭാവിച്ച് ഭാവിച്ച് അങ്ങനെ വിശ്വസിച്ചുപോകുന്നതാണോ? ട്രാഫിക് സിഗ്നലിൽ ചെമപ്പു മാറി, പച്ച വരുമ്പോൾ പിന്നിൽ നിരന്നു നില്ക്കുന്ന വാഹനങ്ങളെല്ലാം ഒരുമിച്ച് ഹോണടിച്ചു ബഹളംകൂട്ടേണ്ടതുണ്ടോ? എത്ര ഹോണടിച്ചാലും മുന്നിലെ വാഹനങ്ങൾ നീങ്ങിയിട്ടേ പിന്നിലുള്ളവയ്ക്കു മുന്നോട്ടു പോകാൻ കഴിയൂ. അല്ല, ഇനി ഇത്ര തിടുക്കംകാട്ടി നിങ്ങൾ എവിടെച്ചെന്ന് എന്തു ചെയ്യാൻ പോകുന്നെന്ന് ആലോചിക്കാറുണ്ടോ? എത്തിക്കഴിഞ്ഞ് മറ്റെന്തിനെങ്കിലും വേണ്ടി കാത്തിരിക്കുകയാവാം.

ഏവർക്കുമുണ്ടാവും അടിയന്തരഘട്ടങ്ങളെന്നതു ശരി. പക്ഷേ അതല്ലാത്തപ്പോഴും മിക്കവരും ചുമ്മാ തിരക്കുകൂട്ടിക്കളയും. ക്യൂവിൽ നില്ക്കുന്ന മിക്കവരും അക്ഷമരാണ്. ‘അല്പം കഴിയുമ്പോൾ എന്റെ ഊഴവും വരും. ക്ഷമയോടെ വെറുതേ നിന്നാൽ മതി. എന്തിനു കയറുപറിക്കണം?’ എന്നു ചിന്തിച്ചാൽ നഷ്ടമൊന്നുമില്ല, ലാഭമേറെയുണ്ട്. പരിചയക്കാരുടെ സഹായത്തോടെ മറ്റുള്ളവരെ തള്ളി, ക്യൂ മറികടന്ന് വേഗം കാര്യം നേടിയതിനെപ്പറ്റി വീമ്പിളക്കുന്നവരുമുണ്ട്. അനാവശ്യധിറുതി കാട്ടുക ശീലമാക്കിയവരുടെ രക്താതിസമ്മർദ്ദം കൂടാൻ സാധ്യതയേറെ. തിടുക്കം കൂട്ടുമ്പോൾ നമ്മുടെ വേഗത്തിലെത്താത്തവരോടെല്ലാം അതൃപ്തി. വാക്കുകളിലെ വിനയം വറ്റും. ഇതു പതിവായാൽ അന്യർക്ക് നമ്മുടെ സാമീപ്യം അരോചകമാകും.

ചില വിമാനയാത്രികർ പൊതുവേ കാട്ടുന്ന  ശീലമുണ്ട്. വിമാനം ലാൻഡ് ചെയ്യുമ്പോഴേ എഴുനേറ്റു നിൽക്കും. ചിലർ ഹാൻഡ് ബാഗേജ് സൂക്ഷിച്ചിരിക്കുന്ന ഓവർഹെഡ് ബിൻ അപകടകരമായി തുറന്നുകളയും. പെട്ടിയോ മറ്റോ തെറിച്ച് ഇരിക്കുന്നവരുടെ തലയിൽ വീണാൽ എന്താകുമെന്ന ചിന്തയില്ല. ഏതാനും മിനിറ്റ് കഴിഞ്ഞ് വിമാനം പൂർണമായി നിന്നിട്ട് സമാധാനത്തോടെ ബാഗേജെടുത്തുകഴിഞ്ഞാലും തെല്ലു നേരം കൂടെക്കഴിഞ്ഞേ പുറത്തേക്കുള്ള വാതിൽ തുറന്നുകിട്ടൂ എന്നതാണ് വാസ്തവം. പക്ഷേ നാം വെറുതെ തിടുക്കംകൂട്ടും.

പതിവുജോലികൾ ആസൂത്രണം ചെയ്താൽ തിടുക്കവും അക്ഷമയും വീഴ്ചകളും ഒഴിവാക്കാം. പത്തു മണിക്ക് ജോലിക്കെത്തേണ്ടയാൾ തെല്ലു നേരത്തേയെത്തുംവിധം പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കിയാൽ പിരിമുറുക്കമേയില്ലാതെ കൃത്യനിഷ്ഠ പാലിക്കാം. അതിനു ക്ഷമയില്ലാതെ, എല്ലാം അവസാനനിമിഷത്തേക്കു മാറ്റിവച്ചിട്ട് തിടുക്കവും തെറ്റുകളും പരാതിയും ക്ഷണിച്ചുവരുത്തുന്നവരേറെ.

വെറുംതണുപ്പനായി ഒച്ചിന്റെ മട്ടു വേണമെന്നല്ല. ചുറുചുറുക്കും ഉത്സാഹത്തോടെ വേഗം കാര്യങ്ങൾ ചെയ്തു തീർക്കുന്ന ശീലവും നിശ്ചയമായും അഭികാമ്യംതന്നെ. പക്ഷേ അതുകൊണ്ട് സ്ഥാനത്തും അസ്ഥാനത്തും ധിറുതി കൂട്ടുന്നത് അന്യർക്കു പ്രയാസം സൃഷ്ടിക്കും. അന്യരെ അകറ്റാനുംമതി.

ഒളിമ്പിക്സിലെ  100 മീറ്റർ ഓട്ടം നാമെല്ലാം അദ്ഭുതത്തോടെ കണ്ടു രസിക്കും. പക്ഷേ ആ രീതി പ്രഭാതസവാരിക്കു ചേരുമോ? മന്ദമാരുതന്റെ സുഖം കൊടുങ്കാറ്റ് പകർന്നുതരില്ല.

നാം ചെയ്ത വലിയ ജോലി എത്ര വേഗം ചെയ്തെന്നത് ജനങ്ങൾ മറക്കും; എത്ര ഭംഗിയായി ചെയ്തുവെന്നത് ഓർക്കുകയും ചെയ്യും. വെറുതേ തിടുക്കം കൂട്ടിച്ചെയ്യുമ്പോൾ, മികവു ശ്രദ്ധിക്കാതെ പോകാം. തിടുക്കത്തിൽ പറയുന്നയാളുടെ വാക്കുകൾ മറ്റുള്ളവർക്ക് നന്നായി കേൾക്കാൻ കഴിഞ്ഞെന്നു വരില്ല. വേഗം പറയുന്നതു വേഗം ചിന്തിക്കുന്നതുകൊണ്ട‌ാകണമെന്നുമില്ല.

‘തിടുക്കത്തിൽ വിവാഹം കഴിക്കൂ, സാവധാനം പശ്ചാത്തപിക്കൂ’ എന്ന് ഇംഗ്ലിഷ് നർമ്മോക്തി. ജൂലിയറ്റിനെ ഉടൻ വിവാഹം കഴിക്കണമെന്നു പറയുന്ന റോമിയോയെ ഫ്രയർ ഉപദേശിക്കുന്ന വാക്കുകൾ : ‘Wisely and slow. They stumble that run fast എന്നു ഷേക്സ്പിയർ. (വിവേകത്തോടെ സാവധാനം പോകുന്നവർ ശരവേഗക്കാരെ തട്ടിയിടും. -- റോമിയോ ആൻഡ് ജൂലിയറ്റ്, 2:3) ‘തിരക്കുകൂട്ടി പോകുന്തോറും നാം കൂടുതൽ പിന്നിലാകും’ എന്ന് ലൂവിസ് കരോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com