ADVERTISEMENT

ഞാനാണ് ഏറ്റവും നല്ലവനെന്ന് കൊടുംകുറ്റവാളി പോലും ചിന്തിക്കുന്നു. അതിന് അയാൾക്കു യുക്തിയുണ്ടായിരിക്കും. നാം അന്യരെ പഴിക്കുന്നു. നമുക്ക് കുറ്റമൊന്നുമില്ല. നാം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ശരി. മറ്റുള്ളവരുടെ ചെറിയ കുറ്റം പോലും നാം വലുതാക്കും. കുറ്റപ്പെടുത്താൻ പലപ്പോഴും കടുത്ത വാക്കുകളുപയോഗിക്കും. ആ വാക്കുകൾ അവരിലുളവാക്കുന്ന മനഃപ്രയാസത്തെപ്പറ്റി നാം ഏറെയൊന്നും ആലോചിച്ചെന്നുവരില്ല. പക്ഷേ നാം വാക്കുകൊണ്ടോ പ്രവൃത്തി‍കൊണ്ടോ വേദനിപ്പിച്ചെങ്കിൽ, നാം അക്കാര്യം മറന്നാലും വേദനയനുഭവിച്ചയാൾ മറക്കില്ല. അത് നിത്യദുഃഖമായി തുടരാം. ഇക്കാര്യമാണ് ‘കോടാലി മറന്നാലും മരം മറക്കില്ല’ എന്ന ആഫ്രിക്കൻ മൊഴിയുടെ പൊരുൾ.

എല്ലാവരും എല്ലായ്പ്പോഴും പെരുമാറുന്നത് ഇത്തരത്തിലാണെന്നു സൂചിപ്പിക്കുകയല്ല. പക്ഷേ ഈ പടുകുഴിയിൽ വീണുപോകാതെ നാം സൂക്ഷിക്കേണ്ടതുണ്ട്. അന്യരോടു ചെയ്യുന്നതു പോലെ ഞാൻ എന്നോടു ചെയ്യുന്നതായി സങ്കൽപ്പിച്ചു നോക്കിയാൽ നമ്മുടെ പെരുമാറ്റത്തിൽ നിയന്ത്രണം വരും. അന്യരോടു പറയുന്നതുപോലെ എന്നോട് പറഞ്ഞു നോക്കുന്നതും നല്ല പരീക്ഷണമാണ്. എന്നെപ്പറ്റി ചിന്തിക്കുന്നതു പോലെ അന്യരെപ്പറ്റിയും ചിന്തിച്ചു നോക്കൂ. വേദനിപ്പിച്ചിട്ട് ‘സോറി’ പറഞ്ഞു രക്ഷ പെടാമെന്നു കരുതുന്നത് ഫലപ്രദമാകണമെന്നില്ല.

ഞാനെന്ന ഭാവം പിടികൂടുമ്പോഴാണ് അന്യരുടെ കുറ്റങ്ങൾ ചികഞ്ഞെടുക്കാൻ തോന്നുക. വേദനിപ്പിക്കണമെന്ന് ഉദ്ദേശമില്ലെങ്കിലും ഫലം അങ്ങനെയായിത്തീരാം. നിമിഷനേരത്തെ പിഴവ് മറ്റൊരാളുടെ ഹൃദയത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുണ്ടാക്കിയേക്കാം. ദേഷ്യത്തിലിരിക്കുമ്പോൾ ആലോചിക്കാതെ വല്ലതുമൊക്കെ യുക്തിരഹിതമായി പറഞ്ഞ് അന്യരെ വിഷമിപ്പിക്കുന്നത്, മനസ്സുവച്ചാൽ ഒരു പരിധിവരെ തടയാൻ കഴിയും.

ആക്ഷേപിക്കപ്പെടുന്നവർക്കു ചെയ്യാവുന്നത് അതിലെ വേദന എന്നെന്നും മനസ്സിൽ കൊണ്ടുനടക്കാതിരിക്കുന്നതാണ്. ജീവിതം മുന്നോട്ട് ഉന്മേഷത്തോടെ പോകണം. അതിനു തടസ്സമാകുന്നതിനെ മനസ്സിൽ നിന്നു നീക്കുന്നതാവും നല്ലത്. വഴിയിലെ ഭ്രാന്തൻ നമ്മെ നോക്കി മോശമായി സംസാരിച്ചാൽ, അതോർത്ത് മനഃസുഖം ഇല്ലാതാക്കുന്നത് എന്തു ഗുണമാണ് ചെയ്യുക? നല്ല അനുഭവങ്ങളോർക്കുകയും അവ ആഹ്ലാദകരമായ ജീവിതത്തിന് സഹായകമാക്കുകയുമാകാം.

ബലൂൺ പരീക്ഷണത്തിന്റെ കഥ കേൾക്കുക, 50 പേരുടെ സദസ്സ്. എല്ലാവർക്കും ഓരോ ബലൂൺ കൊടുത്തു. മാർക്കർ പേനകൊണ്ട് ബലൂണിൽ സ്വന്തം പേരെഴുതാൻ ആവശ്യപ്പെട്ടു. തുടർന്ന് ബലൂണുകളെല്ലാം ശേഖരിച്ച് അടുത്തുള്ള മുറിയിൽ കൂട്ടിയിട്ടു. ഓരോരുത്തരും സ്വന്തം പേരെഴുതിയ ബലൂൺ കണ്ടെടുക്കാൻ ആവശ്യപ്പെട്ട് അഞ്ചു മിനിറ്റ്  നല്കി. ആരും സംസാരിക്കരുതെന്നും, മറ്റാരെയും ബലൂൺ കണ്ടെത്താൻ സഹായിക്കരുതെന്നും  വ്യവസ്ഥയുണ്ടായിരുന്നു. എല്ലാവരും തിടുക്കം കൂട്ടി, ധിറുതിയിൽ കൂട്ടിയിടിച്ചു തപ്പിയെങ്കിലും ആർക്കും ബലൂൺ കിട്ടിയില്ല.

തുടർന്ന് പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം. ബലൂൺ കൂട്ടിയിട്ട മുറിയിലേക്കു പോകുക. കിട്ടുന്ന ബലൂൺ അതിന്റെ പേരുകാരനെ ഏൽപ്പിക്കുക. അതിവേഗം ബലൂണുകളെല്ലാം ഉടമകൾക്കു കിട്ടി. സ്വന്തം ബലൂൺ കണ്ടെത്താൻ ശ്രമിച്ചതുപോലെ നാമെല്ലാം സുഖം കണ്ടെത്താൻ ശ്രമിക്കുകയാണ്. പലപ്പോഴും വിജയം അകലെ. എന്നാൽ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അന്യർക്ക്  സുഖം പകർന്നാൽ, അതുവഴി നമുക്കും സുഖം കൈവരിക്കാനാവും. ചുറ്റും സുഖമെങ്കിൽ നമുക്കും സുഖം. അന്യരുടെ സുഖം എന്റെയും സുഖമെന്നു തിരിച്ചറിയണമെന്നു  മാത്രം.

‘‘പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;

പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?’’ എന്ന് ഉള്ളൂർ (പ്രേമസംഗീതം)

ഏതും പറയുന്നതിനു മുൻപ് മൂന്നു ചോദ്യങ്ങൾ ചോദിക്കണമമെന്ന പ്രശസ്തരീതിയുണ്ട്. ഇത് സത്യമാണോ, ഇത് നന്മയുടെ കാര്യമാണോ, ഇത് കേൾവിക്കാരനു ഗുണം ചെയ്യുന്നതാണോ എന്ന മൂന്നു ചോദ്യങ്ങൾ. മൂന്നിനും അതെ എന്നാണ് ഉത്തരമെങ്കിൽ ധൈര്യമായി പറയുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com