ADVERTISEMENT

വൃത്തിയുടെ പേരിൽ ചൂയ്ങ് ഗം വിൽപന പടിയ്ക്കു പുറത്താക്കിയ ഒരു രാജ്യമുണ്ട്. അതും നമ്മുടെ ഏഷ്യാ ഭൂഖണ്ഡത്തിൽ. ഏതാണെന്ന് അറിയാമോ? ലോകത്ത് ക്ലീൻ നഗരങ്ങളിൽ മുന്നിലുള്ള സിംഗപ്പൂർ തന്നെ. രാജ്യം ശുചിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി 1992ലാണ് ചൂയിങ്ഗത്തിനു നിരോധനം ഏർപ്പെടുത്തിയത്. ഇതു പ്രകാരം രാജ്യത്ത് ആരും ചൂയിങ് ഗം വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല. 

എന്നാൽ പിന്നീടു ചില ഇളവുകൾ വരുത്തി. ചികിത്സാ ആവശ്യങ്ങൾക്കുള്ള ചൂയിങ് ഗം ഉപയോഗിക്കാൻ അനുമതി നൽകി. എന്നാൽ ഇതിനു ഡോക്ടറുടെ സാക്ഷ്യപത്രം വേണം. സിംഗപ്പൂരിലേക്കു പോകുന്നവർക്കു സ്വകാര്യ ആവശ്യത്തിനായി വളരെ കുറഞ്ഞ അളവിൽ ചൂയിങ് ഗം കൊണ്ടുപോകാം. എന്നാൽ വിൽപന നിയമവിരുദ്ധമാണ്. അനധികൃതമായി ചൂയിങ്ഗം വിൽക്കുകയോ പൊതുസ്ഥലങ്ങളിൽ ചവച്ചു തുപ്പുകയോ ചെയ്താൽ ഭീമമായ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും.

മറ്റു ചില പ്രത്യേകതകളും സിംഗപ്പൂർ നിയമത്തിലുണ്ട്. മറ്റൊരാളുടെ വൈഫൈ ഉപയോഗിക്കുന്നത് ഇവിടെ ഹാക്കിങ്ങായാണു കണക്കാക്കുന്നത്. പിഴയും മൂന്നുവർഷം വരെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. പൊതുസ്ഥലങ്ങളിൽ പാട്ടു പാടുന്നതിനും നിയന്ത്രണമുണ്ട്. ഭാഷ മോശമായാൽ നടപടി കടുക്കും. ഭക്ഷണ അവശിഷ്ടങ്ങൾ പ്രാവുകൾക്ക് കൊടുക്കുന്ന രീതിയും ഇവിടെ വേണ്ട. പൊതുസ്ഥലങ്ങളിലോ വീടുകളിലോ പ്രാവുകൾക്കു ഭക്ഷണം നൽകുന്നതും ശിക്ഷാർഹമാണ്. തടവും പിഴയും ലഭിച്ചേക്കാം. 

മറ്റൊരാളെ അലോസരപ്പെടുത്തുന്ന വിധം സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുക, പൊതുഗതാഗതത്തിനു തടസമുണ്ടാക്കും വിധം പട്ടം പറത്തുക, പൊതുസ്ഥലങ്ങളിൽ തുപ്പുക, അശ്ലീലകരമായ ഉള്ളടക്കമുള്ള ഡിവിഡി–പുസ്തകങ്ങൾ–ചിത്രങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുക, പൊതു ശുചിമുറികളിൽ ഫ്ലഷ് ചെയ്യാൻ മറക്കുക, വീട്ടിൽ നഗ്നമായി നടക്കുക, പൊതുസ്ഥലങ്ങളിലെ അന്യായമായ ചുമരെഴുത്ത്, ഗതാഗതനിയമങ്ങൾ പാലിക്കാതെ അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുക തുടങ്ങിയവയ്ക്കും കനത്ത ശിക്ഷ ലഭിക്കും. കുറ്റകൃത്യം ആവർത്തിക്കുന്നതിനനുസരിച്ചു ശിക്ഷ ഉയരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com