ADVERTISEMENT

സാങ്കേതികവിദ്യ, സാമൂഹികശാസ്ത്രം, സമ്പദ്‌വ്യവസ്ഥ... ഒറ്റനോട്ടത്തിൽ നേരിട്ട് ബന്ധമില്ലാത്ത മേഖലകൾ. എന്നാൽ, ഇവ മൂന്നും ചേർത്തുള്ള ഗവേഷണത്തിനു വിനീത് ജോൺ സാമുവലിനു (23) ലഭിച്ചത് ലോകത്തെ എണ്ണം പറഞ്ഞ ഫെലോഷിപ്പുകളിലൊന്നായ ജർമൻ ചാൻസലേഴ്സ് ഫെലോഷിപ്. അടൂർ സ്വദേശിയും ഡൽഹി സെന്റർ ഫോർ പോളിസി റിസർച് ഫെലോയുമായ വിനീത് ഉൾപ്പെടെ ഇന്ത്യയിൽനിന്ന് 5 പേർ മാത്രം. മാസം 2.5 ലക്ഷം രൂപ വരെ സ്റ്റൈപ്പൻഡ്. ജർമനിയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ലോകോത്തര അധ്യാപകർക്കൊപ്പം ഒരു വർഷം ഗവേഷണം. ഒപ്പം വർഷത്തിൽ മൂന്നു തവണ ഗവേഷണത്തെക്കുറിച്ചും മറ്റും ജർമൻ ചാൻസലറുമായി സംവദിക്കാനും അവസരം.

വേണം, നേതൃപാടവം

ഒരു വർഷത്തോളം നീളുന്നതാണു തിരഞ്ഞെടുപ്പു പ്രക്രിയ. റിസർച് പ്രപ്പോസലിൽ ഏറ്റവും പുതിയ ആശയങ്ങൾ വേണം. സാമൂഹിക പ്രസക്തിയുമുണ്ടാകണം. ജർമനിയിൽ ഗവേഷണ അവസരമുള്ള വിദ്യാഭ്യാസ, വിദ്യാഭ്യാസേതര സ്ഥാപനങ്ങളുമായി ബന്ധപ്പെടണം. മെന്ററെയും കണ്ടെത്തണം. അവർ അവസരം തന്നാൽ ഫെലോഷിപ്പിന് അപേക്ഷിക്കാം.

പഠനകാലത്തും അതിനു ശേഷവും വിവിധ സ്ഥാപനങ്ങളുടെ നയരൂപീകരണത്തിൽ പങ്കാളിയാകാൻ വിനീതിന് അവസരം ലഭിച്ചിരുന്നു. നേതൃപാടവം തെളിയിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഗുണമായി.

സാധാരണ ജർമനിയിലാണ് ഇന്റർവ്യൂവെങ്കിലും ഇത്തവണ കോവിഡ് കാരണം ഓൺലൈനായി നടത്തി. ഒരു മണിക്കൂറിലേറെ നീണ്ട ഇന്റർവ്യൂവിൽ പ്രോജക്ടിന്റെ സാധ്യതകളും അക്കാദമിക് അറിവുമാണ് അളന്നതെന്ന് വിനീത് പറയുന്നു.

ടിസ്സ്, നാഷനൽ ലോ സ്കൂൾ...

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്സ്) ഹൈദരാബാദ് ക്യാംപസിൽനിന്നു സാമൂഹിക ശാസ്ത്രത്തിൽ ബിരുദവും ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽനിന്നു പബ്ലിക് പോളിസിയിൽ പിജിയും നേടിയ വിനീത് നിലവിൽ ഏഷ്യ ഡെമോക്രസി നെറ്റ്‌വർക് ഫെലോ ആണ്. പഠന കാലത്തു കർണാടക, ആന്ധ്ര സർക്കാരുകളുടെ നിയമരൂപീകരണ പ്രോജക്ടുകളിൽ പങ്കാളിയായിട്ടുണ്ട്.

യുഎൻഡിപി ഗ്ലോബൽ പ്രോഗ്രാം മുൻ ഡയറക്ടർ ജോൺ സാമുവലിന്റെയും ആർക്കിയോളജിസ്റ്റ് എലിസബത്ത് തോമസിന്റെയും മകനാണ്. സഹോദരി അനുഗ്രഹ.

ഇപ്പോൾ അപേക്ഷിക്കാം

അടുത്ത ജർമൻ ചാൻസലേഴ്സ് ഫെലോഷിപ്പിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. പൊളിറ്റിക്സ്, ഇക്കണോമിക്സ്, മീഡിയ, അഡ്മിനിസ്ട്രേഷൻ, കൾചർ തുടങ്ങിയ മേഖലകളിൽ അക്കാദമിക് പശ്ചാത്തലം ഉണ്ടാകണം. ഡിഗ്രി പാസായി 12 വർഷം കഴിയാൻ പാടില്ല.

വെബ്സൈറ്റ്:  www.humboldt-foundation.de/buka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com