ADVERTISEMENT

കോവിഡ്–19 പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ ചുമതലുള്ള ഐസിഡിഎസ് സൂപ്പർവൈസർമാരുടെ കുറവ് സാമൂഹികക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്നു. സൂപ്പർവൈസർമാരുടെ നൂറിലധികം  ഒഴിവുകൾ നിലവിലുണ്ടെങ്കിലും പിഎസ്‌സി റാങ്ക് ലിസ്റ്റില്ലാത്തതിനാൽ ഒരാളെപ്പോലും നിയമിക്കാൻ കഴിയുന്നില്ല.

ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റ് 2018 സെപ്റ്റംബറിൽ റദ്ദായതാണ്. 2018 സെപ്റ്റംബര്‍ 28നു ശേഷം ജനറൽ കാറ്റഗറിയിൽ ആർക്കും  പിഎസ്‌സി വഴി നിയമനം ലഭിച്ചിട്ടില്ല.

ഈ തസ്തികയുടെ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ച് പരീക്ഷ നടത്തിയിരുന്നെങ്കിലും ലോക്ഡൗണിൽ കുടുങ്ങി പിഎസ്‌സിയുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും തടസ്സപ്പെട്ടു.

ഒഴിഞ്ഞു കിടക്കുന്നത് 188 തസ്തിക

ആയിരത്തിമുന്നൂറിലധികം  ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇതിൽ 188 തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്  ജനറൽ കാറ്റഗറിയിലേക്കുള്ള ഒഴിവു മാത്രം 121. ബാക്കി അങ്കണവാടി വർക്കർമാരുടെ പ്രമോഷൻ തസ്തികയായി മാറ്റിവച്ചിരിക്കുകയാണ്. നിലവിലുള്ള ജീവനക്കാരെ അധികമായി ഉപയോഗിച്ചാണ് വകുപ്പിലെ ജോലിഭാരം ലഘൂകരിക്കുന്നത്.

പരീക്ഷ വൈകിച്ചതു തിരിച്ചടിയായി

വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷം ഒരു വർഷം കഴിഞ്ഞാണ് ഐസിഡിഎസ് സൂപ്പർവൈസർ  തസ്തികയിലേക്കുള്ള പരീക്ഷ പിഎസ്‌സി നടത്തിയത്. 2018 ഡിസംബറിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞ് ജനുവരി നാലിനാണ് ഒഎംആർ പരീക്ഷ നടത്തിയത്. പ്രധാന തസ്തികകളിലൊക്കെ ആറു മാസത്തിനകം പരീക്ഷ നടത്താറുണ്ടെങ്കിലും ഈ തസ്തികയിലേക്കുള്ള പരീക്ഷ സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. 

വിജ്ഞാപനം വന്നിട്ട് ഒന്നേകാൽ വർഷം

ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയുടെ ജനറൽ കാറ്റഗറി വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത് 29–12–2018ൽ ആയിരുന്നു. 17,332 പേർ അപേക്ഷ നൽകി. ഇതിൽ ഏകദേശം 8500 പേർ മാത്രമേ 2020 ജനുവരി നാലിനു നടത്തിയ പരീക്ഷ എഴുതിയിട്ടുള്ളൂ. മാർച്ച് 12ന് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ച് ഉത്തരക്കടലാസ് മൂല്യനിർണയവും ആരംഭിച്ചു. 

എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മൂല്യനിർണയം നിർത്തി.  എന്നാൽ ഏപ്രിൽ 20നു ശേഷം സംസ്ഥാനത്തെ സർക്കാർ ഒാഫിസുകൾ ഭാഗികമായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ മൂല്യനിർണയം എത്രയും പെട്ടെന്നു പൂർത്തിയാക്കി  ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയും.

മുൻ ലിസ്റ്റ് റദ്ദായിട്ട് ഒന്നര വർഷം

ജനറൽ കാറ്റഗറിയിലെ ഐസിഡിഎസ് സൂപ്പർവൈസർ റാങ്ക് ലിസ്റ്റ് റദ്ദായിട്ട് ഒന്നര വർഷം കഴിഞ്ഞു. 22–09–2015ലായിരുന്നു മുൻ ലിസ്റ്റ് നിലവിൽ വന്നത്. 21–09–2018ൽ റാങ്ക് ലിസ്റ്റ് റദ്ദായി.  28–09–2018നായിരുന്നു അവസാന നിയമന ശുപാർശ.  മുൻ ലിസ്റ്റിൽ നിന്ന് 601 പേർക്കു നിയമന ശുപാർശ ലഭിച്ചു. ഒാപ്പൺ മെറിറ്റിൽ എല്ലാവർക്കും നിയമന ശുപാർശ ലഭിച്ചു. ലിസ്റ്റിലെ സംവരണ വിഭാഗങ്ങളിൽപെട്ടവരുടെ നിയമന വിവരങ്ങൾ ഇനി പറയുന്നു. ഈഴവ– 545 വരെ, എസ്‌സി– സപ്ലിമെന്ററി 14 വരെ, എസ്ടി– എല്ലാവരും, മുസ്ലിം– സപ്ലിമെന്ററി 16 വരെ, ലത്തീൻ കത്തോലിക്കർ– സപ്ലിമെന്ററി 3 വരെ, ഒബിസി– സപ്ലിമെന്ററി 1 വരെ, വിശ്വകർമ– സപ്ലിമെന്ററി 5 വരെ, എസ്ഐയുസി നാടാർ– സപ്ലിമെന്ററി 3വരെ, ഹിന്ദു നാടാർ– സപ്ലിമെന്ററി 4 വരെ, എസ്‌സിസിസി– സപ്ലിമെന്ററി 2 വരെ. ധീവര വിഭാഗത്തിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവരേ നിയമന ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളൂ. 

ഇതും അവശ്യ സേവനം

കോവിഡ്–19 വ്യാപന കാലത്ത് ഐസിഡിഎസ് സൂപ്പർവൈസർമാരുടേതും അവശ്യ സേവനമാണ്. ഭക്ഷ്യസാധനങ്ങൾ തങ്ങളുടെ പരിധിയിലുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും വീടുകളിൽ എത്തിക്കുക, പ്രായമായവരുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് അറിയിക്കുക, അങ്കണവാടിയിൽ റജിസ്റ്റർ ചെയ്ത കുട്ടികൾ/ കൗമാരക്കാർ ഗർഭിണികൾ/ മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ ആരോഗ്യ സ്ഥിതി ദിവസേന ഫോൺവഴി അന്വേഷിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുക എന്നിവ ഇവരുടെ പ്രധാന ചുമതലകളാണ്. ഇതോടൊപ്പം കോവിഡ്–19മായി ബന്ധപ്പെട്ട പ്രാദേശിക വിവരശേഖരണ ചുമതലയും,  "കുടുംബങ്ങളിലേക്ക് അങ്കണവാടി"  പദ്ധതി നടത്തിപ്പ് ചുമതലയും  ഐസിഡിഎസ് ജീവനക്കാർക്കാണ്. ഈ പ്രവർത്തനങ്ങളെല്ലാം കൃത്യമായി നടക്കുന്നുവെന്നു പഞ്ചായത്ത് തലത്തിൽ ഉറപ്പു വരുത്തേണ്ടതും മേലധികാരിക്ക് റിപ്പോർട്ടുകൾ കൃത്യമായി നൽകേണ്ടതും ഐസിഡിഎസ് സൂപ്പർവൈസർമാരാണ്. ജീവനക്കാരുടെ കുറവു മൂലം പല പ്രോജക്ട് ഒാഫിസുകളിലും അധിക ചുമതല നിർവഹിക്കുകയാണ് ഇവർ. ഗ്രേഡ് പ്രമോഷൻ കൃത്യമായി നടക്കാത്തതിനാൽ ധാരാളം തസ്തികകൾ ഒഴിഞ്ഞു കിടപ്പുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com