ADVERTISEMENT

കോഴ്സ് പ്രവേശനത്തിനും ഉദ്യോഗ നിയമനത്തിനും മറ്റുമുള്ള ഓൺലൈൻ ടെസ്റ്റുകൾ ‘പ്രോക്ടേഡ്’ രീതിയിലാണെന്നു പല അറിയിപ്പുകളിലും കാണുന്നു. എന്താണിത്? വീട്ടിലിരുത്തി ഓൺലൈൻ പരീക്ഷയെഴുതിച്ചാൽ ക്രമക്കേടുകൾ വരില്ലേ? പരീക്ഷ നടത്തുന്നവർക്കും എഴുതുന്നവർക്കും പല തരത്തിലും സൗകര്യപ്രദമാണ് ഓൺലൈൻ രീതി. പക്ഷേ ഇതു കേൾക്കുമ്പോൾത്തന്നെ പരീക്ഷയെഴുതുന്ന ചിലർ കൃത്രിമം കാട്ടുന്നതിനാൽ, അനർഹർ മികച്ച സ്കോർ നേടുകയും അർഹതയുള്ള സത്യസന്ധർ അന്യായമായി പിന്തള്ളപ്പെടുകയും ചെയ്യില്ലേ എന്ന സംശയമുണ്ടാകും. ക്രമക്കേടുകൾ ഒഴിവാക്കി, പരീക്ഷ നടത്തുന്നതിനുള്ള കാര്യക്ഷമമായ സമ്പ്രദായമാണ് ‘പ്രോക്ടേഡ്’ (Proctored) ഓൺലൈൻ ടെസ്റ്റുകൾ. (പ്രോക്ടർ എന്ന വാക്കിന് ‘പരീക്ഷയ്ക്കു മേൽനോട്ടം വഹിക്കുക’ (Invigilate) എന്നും അർഥമുണ്ട്).

Read also : ആവശ്യമില്ലാത്ത കാര്യങ്ങളോർത്ത് മനസ്സ് അസ്വസ്ഥതമാകാറുണ്ടോ?; രണ്ടു കാര്യങ്ങൾക്ക് ഉത്തരം തേടാൻ ശ്രമിക്കാം

സവിശേഷതകൾ

മുൻകൂട്ടി നിശ്ചയിച്ച നേരത്ത് പരീക്ഷയെഴുതുന്നയാളിന്റെ കംപ്യൂട്ടർ ഡെസ്ക്–ടോപ് പരിശോധിക്കുന്ന സോഫ്റ്റ്‌വെയർ സൂക്ഷ്മമായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കും. വെബ്ക്യാംവഴി വിഡിയോ / ഓഡിയോ റിക്കോർഡിങ്ങും നടക്കും. ഈ റിയൽ–ടൈം റിക്കോർഡിങ്ങിന്റെ ഫലങ്ങൾ പിന്നീട് വിദഗ്ധരുടെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാകും. പരീക്ഷയുടെ വിശുദ്ധി നിലനിർത്താൻ തക്ക സംവിധാനമാണിത്.

ടെസ്റ്റ് തുടങ്ങുംമുൻപ് പരീക്ഷാർഥിയുടെ മുഖമുൾപ്പെടെ പരിശോധിച്ച് ആൾമാറാട്ടമില്ലെന്ന് ഉറപ്പുവരുത്തും. റിക്കോർ‍ഡിങ്ങിനുള്ള വിഡിയോ / ഓഡിയോ സംവിധാനവുമായി കംപ്യൂട്ടർ–സ്ക്രീൻ ബന്ധപ്പെടുത്തിയിട്ടുെണ്ടന്നും സംശയാസ്പദമായതൊന്നും ഇല്ലെന്നും ഉറപ്പാക്കും. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളൊന്നും മുറിയിൽ പാടില്ല. പരീക്ഷയെഴുതുന്നയാളെ എപ്പോഴും സ്ക്രീനിൽ കാണണം. ഇവയെല്ലാം ഉറപ്പാക്കുന്ന ചുമതല പ്രോക്ടറിങ് സോഫ്റ്റ്‌വെയറിനാണ്.

Read also : പൈലറ്റ് ആകാനാണോ മോഹം; ആദ്യ ചുവടുവയ്ക്കാം മികച്ച പരിശീലന കേന്ദ്രത്തിൽ പഠിച്ച്

തെറ്റായി എന്തെങ്കിലും സംഭവിച്ചാലുടൻ സോഫ്റ്റ്‌വെയർ അതു ചൂണ്ടിക്കാട്ടും. ഉദാഹരണത്തിന് മറ്റൊരാളുടെയോ മൊബൈൽ ഫോണിന്റെയോ സാന്നിധ്യമുണ്ടാകുക, എഴുതുന്നയാളെ സ്ക്രീനിൽ കാണാതിരിക്കുക, അയാളുടെ നോട്ടം അസാധാരണമാകുക, സ്ക്രീനിൽ മറ്റേതെങ്കിലും സൈറ്റോ ഇ–ബുക്കോ തുറക്കുക എന്നിവയെല്ലാം തിരിച്ചറിയും. മാത്രമല്ല, ഇതെല്ലാം റിക്കോർഡ് ചെയ്ത് പിന്നീട് പരിശോധനയ്ക്കു ലഭ്യമാക്കും. സെക്യൂരിറ്റി രീതിയെ മറികടന്ന് കൃത്രിമം കാട്ടുക അസാധ്യം. നല്ല കംപ്യൂട്ടർ, വെബ്ക്യാം, മൈക്ക്, ഇന്റർനെറ്റ് സ്പീഡ്, പ്രകാശമുള്ള മുറി, നിശ്ശബ്ദത, പ്ലെയിൻ പശ്ചാത്തലം എന്നിവ ഒരുക്കാൻ നിർദേശിച്ചിരിക്കും. മറ്റാരും മുറിയിൽ ഉണ്ടായിക്കൂടാ.

Read also : ജോലി പോകുമ്പോഴുള്ള വീഴ്ചയുടെ ആഘാതം കുറയ്ക്കാം; അറിഞ്ഞു വയ്ക്കാം കരിയർ കുഷ്യനിങ്ങിനെക്കുറിച്ച്

പ്രോക്ടറിന് പല രീതികളുണ്ട്. പരീക്ഷയ്ക്കു വേണ്ടതല്ലാതെ മറ്റു സൈറ്റുകൾ തുറക്കാൻ കഴിയാതെയാക്കാൻ ‘ബ്രൗസർ ലോക്ഡൗൺ’ ഉപയോഗിക്കാം. പരീക്ഷകർ ദൂരസ്ഥലത്തിരുന്ന് നോക്കിയിരിക്കെ പരീക്ഷയെഴുതിക്കുന്നത് ലൈവ് റിമോട്ട് രീതി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ഓട്ടമേറ്റഡ് പ്രോക്ടറിങ്ങുമാകാം. ലൈവ് റിമോട്ടും ആർട്ടിഫിഷ്യലും കലർത്തുന്ന ബ്ലെൻഡഡ് രീതിയുമുണ്ട്. ക്രമക്കേടുണ്ടോയെന്ന് സംശയമുള്ളപ്പോൾ പരീക്ഷകരുടെ ശ്രദ്ധയാകർഷിക്കാൻ ഇതിനു കഴിയും (ലൈവ് പോപ്–ഇൻ). പരീക്ഷയെഴുതുന്നയാൾക്ക് സൗകര്യമുള്ള സമയം (24x7x365) തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ചില ഓൺലൈൻ‌ രീതിയുമുണ്ട്. പരീക്ഷയെഴുതുന്നവരുടെ കളവു കണ്ടുപിടിക്കാനുള്ള സൂത്രമായി മാത്രം പ്രോക്ടേഡ് ടെസ്റ്റിങ്ങിനെ കണ്ടുകൂടാ. ബന്ധപ്പെട്ട എല്ലാവർക്കും സൗകര്യപ്രദമായി പരീക്ഷ നടത്താനുള്ള ഫലപ്രദമായ ഈ സമ്പ്രദായത്തിനു പ്രചാരം വർധിച്ചുവരുന്നു.

Content Summary : What is a remote proctored exam and how does it work?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com