ADVERTISEMENT

സൈബർ ചക്രവാളത്തിലേക്കു വളരുന്ന മിക്ക സ്റ്റാർട്ടപ്പുകളും ലോഗിൻ ചെയ്യുന്നത് ഒരേ കീപാഡിൽനിന്നാകും; സൗഹൃദങ്ങളിൽനിന്ന് ! പഠനകാലത്ത് ആരംഭിക്കുന്ന ഒട്ടെല്ലാ സ്റ്റാർട്ടപ് സംരംഭങ്ങളുടെയും വളർച്ചയ്ക്കൊപ്പം അവരുടെ സൗഹൃദവും വളരും, ഷട്ട് ഡൗണുകളില്ലാതെ. ചിലപ്പോഴൊക്കെ സൗഹൃദം നിലനിർത്തിക്കൊണ്ടു തന്നെ സ്ഥാപകർ പലവഴി പിരിയും. വീണ്ടും പല കമ്പനികളായി വളരും. സൗഹൃദങ്ങളിലൂടെ രൂപപ്പെടുന്ന സ്റ്റാർട്ടപ് ലോകത്തെക്കുറിച്ചുള്ള ചാറ്റ് ആകട്ടെ ഇക്കുറി ‘കരിയർ ഗുരു’വിൽ. ടോട്ടോ ലേണിങ് ഫൗണ്ടറും സിഇഒയുമായ ജോഫിൻ ജോസഫും റിയാഫൈ ടെക്നോളജീസ് സഹസ്ഥാപകൻ ജോസഫ് ബാബുവും പറയുന്നതു കേൾക്കാം.

Read Also : ഫയർമാനിൽ നിന്ന് ഐഎഎസ് ഓഫിസർ 


സൗഹൃദത്തിൽനിന്ന് സ്റ്റാർട്ടപ്പിലേക്ക്

 

ജോസഫ് ബാബു: ഫ്രണ്ട്സിനൊപ്പമാണു മിക്കവരും സ്റ്റാർട്ടപ് തുടങ്ങുക; റിയാഫൈയുടെ കഥയും അങ്ങനെ തന്നെ. ഞങ്ങളിൽ 4 പേർ പ്ലസ്ടു വരെ ഒരേ സ്കൂളിലായിരുന്നു. കോളജിൽ മറ്റു 2 പേർ കൂടി ചേരുന്നു. ഞങ്ങൾ ടെക്നോളജി ബിൽഡ് ചെയ്തു. കമ്പനി തുടങ്ങണമെന്നു തോന്നി. എല്ലാവരും ടെക്നോളജിയിൽ ഭയങ്കര പാഷനേറ്റ്. ഒരുമിച്ച് ഒരുപാടു നേരം ചെലവിടാൻ പറ്റിയവർ.

 

ജോസഫ് ബാബു
ജോസഫ് ബാബു.

ജോഫിൻ ജോസഫ്: സ്റ്റാർട്ടപ് എന്നതു വിവാഹബന്ധം പോലെയാണ് ! ഉയർച്ചതാഴ്ചകളുണ്ടാകും, അഭിപ്രായഭിന്ന തകളും കടമ്പകളുമുണ്ടാകും. മുന്നോട്ടുപോകണമെങ്കിൽ പരസ്പരവിശ്വാസവും മനസ്സിലാക്കലും കൂടിയേ തീരൂ. രസകരമായ ഒരു കാര്യം– വിവാഹ ജീവിതത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതിരിക്കുന്നതാണു നല്ലതെങ്കിലും സ്റ്റാർട്ടപ് യാത്രയിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകുന്നതാണു നല്ലത് ! അഭിപ്രായവ്യത്യാസങ്ങളിലൂടെയും സംവാദങ്ങളിലൂടെയുമാണ് മികച്ച ആശയങ്ങളുണ്ടാകുന്നത്. അവസാനം, ഒരുമിച്ചു ഭക്ഷണം കഴിച്ച്, കൂളാകണം... ഇതെല്ലാം സാധ്യമാകുന്നതു സുഹൃത്തുക്കൾക്കാണ് !

 

എന്തൊക്കെയാ നേട്ടങ്ങൾ ?

 

ജോസഫ് ബാബു: ഞങ്ങൾ 6 പേർ. ജോൺ മാത്യു, നീരജ് മനോഹരൻ, കെ.വി.ശ്രീനാഥ്, ബെന്നി സേവ്യർ, ബിനോയ് ജോസഫ്, പിന്നെ ഞാനും. 2013 ൽ കമ്പനി തുടങ്ങി. ഇപ്പോഴും ഒരുമിച്ചുണ്ട്. പരസ്പരം മനസ്സിലാക്കാനാകും. ഓരോരുത്തരുടെയും ശക്തിയും ദൗർബല്യവും എന്താണെന്നു നല്ല ധാരണയുണ്ട്. പൊതുവായ ലക്ഷ്യമുണ്ട്. ഞങ്ങൾ ഒരുമിച്ചു പഠിച്ചു, കമ്പനി തുടങ്ങി, വിവാഹിതരായി, കുട്ടികളായി. ഇപ്പോൾ വലിയൊരു ഫാമിലി പോലെയായി. ഫ്രണ്ട്ഷിപ്പും ടെക്നോളജിയുമാണു ഞങ്ങളുടെ ഫൗണ്ടേഷൻ. 

 

ജോഫിൻ ജോസഫ്: തീർച്ചയായും മികച്ച സൗഹൃദവും വ്യക്തിബന്ധങ്ങളും കടുത്ത സാഹചര്യങ്ങളിലും മുന്നോട്ടുപോകാൻ സഹായിക്കും. മറ്റാരെയും വേദനിപ്പിക്കാതെ തന്നെ വിയോജിക്കാം. അത്തരം യാത്ര വളരെ രസകരവുമാണ്.

 

ന്യൂനതകളുണ്ടോ ?

 

ജോസഫ് ബാബു: പ്രതികൂലമായി ഒന്നും തോന്നിയിട്ടില്ല. ഫ്രണ്ട്സ് ആയതുകൊണ്ടുതന്നെ ആർക്കും പരസ്പരം വേദനിപ്പിക്കാൻ താൽപര്യമുണ്ടാകില്ല. ഞങ്ങളുടെ തുടക്ക കാലത്ത്, എന്തു കാര്യവും വിരുദ്ധ അഭിപ്രായം വന്നാൽ ഉപേക്ഷിക്കുകയാണു ചെയ്തിരുന്നത്. വിരുദ്ധ അഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും മുന്നോട്ടുപോകണമെന്നും പിന്നീടു പഠിച്ചു. 

 

ജോഫിൻ ജോസഫ്: വൈകാരികമായി വളരെയേറെ അടുപ്പമുണ്ടാകുന്നതു തീരുമാനങ്ങൾ എടുക്കുന്നതിനെ ബാധിക്കാൻ സാധ്യതയുണ്ട്. അതു നല്ലതല്ല. സുഹൃത്തുക്കളും കുടുംബങ്ങളുമെല്ലാം വളരെയേറെ അടുത്തശേഷം ഒരു പിളർപ്പോ ഭിന്നതയോ ഉണ്ടായാൽ പ്രത്യാഘാതം വർധിക്കുകയും ചെയ്യും.

 

ആരാകണം ഐഡിയൽ കോ–ഫൗണ്ടർ

 

ജോസഫ് ബാബു: സ്റ്റാർട്ടപ്പിൽ എല്ലാ ദിവസവും വെല്ലുവിളികളാണ്. അതു സാഹസികമായി ഏറ്റെടുക്കാൻ കഴിയുന്നയാളാകണം കോ ഫൗണ്ടർ. ആഴത്തിൽ വിലയിരുത്താനുള്ള ശേഷിയുണ്ടാകണം. ബിസിനസ് മികവു വേണം; ടീമിനെ കൈകാര്യം ചെയ്യാനുള്ള നേതൃശേഷിയും. 

 

ജോഫിൻ ജോസഫ്: നമ്മുടെ ലക്ഷ്യങ്ങളും വീക്ഷണവും പങ്കുവയ്ക്കുന്നവരാകണം സഹസ്ഥാപകരും. എന്താണു നമുക്കു ജീവിതത്തിൽ ആവശ്യം, എന്താണ് ആഗ്രഹം തുടങ്ങിയ കാര്യങ്ങളിലെല്ലാം സമാനതകൾ ഉണ്ടാകണം. 

 

പിളരുന്ന സൗഹൃദ സ്റ്റാർട്ടപ്പുകൾ

 

ജോസഫ് ബാബു: കൃത്യമായി കാരണം പറയാൻ കഴിയില്ല. വർഷങ്ങൾ കഴിയുന്തോറും എല്ലാവർക്കും മാറ്റങ്ങളുണ്ടാകാം. കുടുംബ, സാമൂഹിക സാഹചര്യങ്ങൾ മാറാം. സ്റ്റാർട്ടപ്പ് വളരുന്നതിനൊപ്പം ഓരോ വ്യക്തിയും വളരുന്നുണ്ട്. വ്യത്യസ്തമായ ലക്ഷ്യങ്ങൾ വന്നേക്കാം, സഹസ്ഥാപകരുടെ ആഗ്രഹങ്ങളും മുൻഗണനകളും മാറുന്നതാകാം വേർപിരിയലിനു കാരണം.

 

ജോഫിൻ ജോസഫ്: ചിലപ്പോൾ, രണ്ടാമതൊരു സ്റ്റാർട്ടപ് ചെയ്യുമ്പോൾ വേണ്ട സ്കിൽ സെറ്റ് വേറൊന്നാകാം. അപ്പോൾ വഴിമാറി നടക്കേണ്ടിവരാം. മറ്റു ചിലപ്പോൾ, ദീർഘകാലം ഒരുമിച്ചു ജോലി ചെയ്തു മടുത്തതു കൊണ്ടുമാകാം!

 

പേരന്റിങ് പ്ലാറ്റ്ഫോമാണു ടോട്ടോ ലേണിങ്. റെസിപ്പി ആപ്പായ കുക്ക് ബുക്ക് പോലെയുള്ള സോഫ്റ്റ്‌വെയർ ഉൽപന്നങ്ങളാണു റിയാഫൈ ടെക്നോളജീസിന്റെ മേഖല. 

 

Content Summary : Joffin and Joseph share their success stories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com