ADVERTISEMENT

സർവകലാശാലകളിലെ ഗവേഷണങ്ങളും ഡോക്ടറേറ്റും വിവാദമാകുന്നതിന്റെ ചരിത്രം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. തന്റെ കവിതയുടെ വൃത്തം പോലും തെറ്റായി പരാമർശിച്ചിട്ടുള്ള ഡോക്ടറേറ്റ് തീസിസിനെപ്പറ്റി കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതി അർബുദമായി പടർന്ന് അങ്ങ് ശിരസ്സിലേക്കും എത്തുകയാണോ? അടുത്തിടെ നടന്ന ഡോക്ടറേറ്റ് വിവാദങ്ങൾ കേൾക്കുമ്പോൾ സാധാരണക്കാരുടെ മനസ്സിൽ അങ്ങനെയൊരു ചോദ്യമുദിക്കും. ഗവേഷണവും ഡോക്ടറേറ്റും നേരംപോക്കായി മാറുന്നത് ഗവേഷണലോകത്തിന് ഭൂഷണമല്ല. ഏതാനം പ്രബന്ധങ്ങൾ വിജയകരമായി ഗൈഡ് ചെയ്തിട്ടുള്ള അനുഭവപരിചയത്തിൽനിന്നു ശാസ്ത്രീയമായ ഗവേഷണത്തെപ്പറ്റി ചില വിവരങ്ങൾ പങ്കുവയ്ക്കുകയാണ്.. ഗവേഷണത്തെപ്പറ്റി പരക്കെയുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ ഇതുപകരിക്കുമെന്നും കരുതുന്നു.

28 വർഷം മുമ്പ്, ഒരു ഗവേഷണ വിദ്യാർഥി പ്രബന്ധത്തിന്റെ 6 കോപ്പികൾ ടൈപ്പ് ചെയ്ത് ഗൈഡിന്റെ അനുവാദത്തിനായി കാത്തുനിൽക്കുന്നു. ‘അവിടെ വച്ചിട്ട് പോകൂ, ഒന്നുകൂടി നോക്കണം’– സുഗ്രീവാജ്ഞ. വിശ്വോത്തര പുരസ്‌കാരത്തിനു വരെ പേര് നിർദേശിക്കപ്പെട്ട മഹാശാസ്ത്രജ്ഞൻ. ശിഷ്യൻ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോന്നു. അടുത്ത ദിവസം ചെന്നപ്പോൾ രണ്ടു മൂന്നിടങ്ങളിൽ പേനകൊണ്ട് അക്ഷരത്തെറ്റുകൾ തിരുത്തിയിരിക്കുന്നു. ശിഷ്യൻ അസ്വസ്ഥനായി ഈർഷ പ്രകടിപ്പിച്ചു. ഡിടിപി പ്രചാരത്തിലാവുന്നതിനും മുമ്പാണെന്നോർക്കണം. വീണ്ടും ടൈപ്പ് ചെയ്ത് പുസ്തകമാക്കാൻ ആഴ്ചകൾ പിടിക്കും. അതേരീതിയിൽത്തന്നെ സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇസ്രയേലിലെ വേസ്‌മെൻ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ആയിരുന്നു മുഖ്യപരിശോധകൻ. അദ്ദേഹം പ്രബന്ധം അംഗീകരിച്ച് ഡോക്ടറേറ്റിനു ശുപാർശ ചെയ്തു എന്നു മാത്രമല്ല, പേന കൊണ്ട് അവസാന നിമിഷം നടത്തിയ തിരുത്തലുകളുടെ ആർജ്ജവത്തെ പ്രത്യേകം പ്രശംസിക്കുകയും ഉണ്ടായി. 

‘‘മറ്റൊരാളുടെ ശ്രദ്ധക്കുറവുമൂലം നമ്മുടെ തെറ്റുകൾ രക്ഷപ്പെടും എന്ന് കരുതുന്നതാണ് ഗവേഷണത്തിലെ ഏറ്റവും വലിയ പാതകം....’’ ഗുരുനാഥന്റെ വാക്കുകൾ.

Representative Image. Photo Credit : 3283197d_273 / iStockPhoto.com
Representative Image. Photo Credit : 3283197d_273 / iStockPhoto.com

ഗവേഷണം രണ്ടുതരത്തിലുണ്ട്. നേരിട്ട് പരീക്ഷണങ്ങൾ നടത്തി ഫലങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് ഒന്നാമത്തെ രീതി. ഇതുവരെ നടന്നിട്ടുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ ഒരു പ്രശ്നത്തെ താത്വികമായി നിർധാരണം ചെയ്യുന്നത് രണ്ടാമത്തേത്. ശാസ്ത്ര, സാങ്കേതിക മേഖലകളിൽ ആദ്യത്തെ മാർഗവും സാഹിത്യരംഗത്ത് രണ്ടാമത്തേതും കൂടുതലായി ഉപയോഗിക്കപ്പെടുന്നു.

ഗവേഷണം എങ്ങനെ തുടങ്ങണം? 

ഒരു വിഷയത്തിലെ പ്രത്യേക ടോപിക്കിൽ താൽപര്യം തോന്നിയവരാണല്ലോ അതിൽ ഗവേഷണം നടത്തുന്നത്. ആ വിഷയത്തിൽ കുറഞ്ഞത് ബിരുദാനന്തര ബിരുദം അനുപേക്ഷണീയം. അടുത്തതായി യോഗ്യതാപരീക്ഷ ജയിക്കണം. പഠനത്തിന് മേൽനോട്ടം വഹിക്കാമെന്നുള്ള ഗൈഡിന്റെ സമ്മതം വാങ്ങുകയാണ് ഇനി വേണ്ടത്. ഓരോ ഗൈഡും പ്രത്യേക ശാഖകളിലായിരിക്കും മികവും താൽപര്യവും പ്രകടിപ്പിക്കുക. വിദ്യാർഥിയും ഗുരുവും കൂടി നടത്തുന്ന ദീർഘമായ ചർച്ചകൾക്കൊടുവിൽ വിഷയം തീരുമാനിക്കപ്പെടുന്നു. ഈ മേഖലയിൽ അതുവരെ നടന്നിട്ടുള്ള പഠനങ്ങളെ അടിസ്ഥാനമാക്കി പുതിയ ഒരു ചോദ്യം കണ്ടെത്തുകയാണ് അടുത്ത പടി. ഇതിനെ ഗവേഷണ ചോദ്യം (Research Question) എന്നു വിളിക്കുന്നു. ഗവേഷണത്തിനാവശ്യമുള്ള സൂക്ഷ്മ വിവരശേഖരണം എപ്രകാരം സാധിക്കും, അത് പ്രായോഗികമാണോ എന്നൊക്കെ വിചിന്തനം നടത്തേണ്ടതുണ്ട്. മേൽപറഞ്ഞ ചർച്ചകളും പ്രാഥമികങ്ങളായ അന്വേഷണങ്ങളും മാസങ്ങളോ വർഷങ്ങളോ നീണ്ടേക്കാം !

Read Also : ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യത ആ ഘട്ടത്തിൽ: ഡോ. ജാനകി

ഇതിനിടയിലോ അതിനു ശേഷമോ വിദ്യാർഥി അതാതു സർവകലാശാലയിലെ മാനദണ്ഡപ്രകാരമുള്ള ഗവേഷണ പദ്ധതി (Research Methodology) അടക്കമുള്ള കോഴ്‌സുകൾ പാസാകണം. എംഫിൽ ഉള്ളവരെ യോഗ്യതാ പരീക്ഷയിൽനിന്നും ഈ അടിസ്ഥാന കോഴ്‌സുകളിൽനിന്നും മിക്ക സർവകലാശാലകളും ഒഴിവാക്കിയിട്ടുണ്ട്. എംഫിൽ പഠന കാലത്ത് അവർ ഈ കടമ്പകൾ കടന്നവരാണ് എന്നതുതന്നെ കാരണം. ഇത്രയും ആയിക്കഴിഞ്ഞാൽ ഗവേഷണത്തിന്റെ രൂപരേഖ തയാറായിക്കഴിഞ്ഞു എന്നു പറയാം. ഇനി ഡോക്ടറൽ കമ്മിറ്റിയിൽ ചർച്ചയ്ക്ക് വയ്ക്കണം. ആ വിഭാഗത്തിൽ ഡോക്ടറേറ്റ് ഉള്ള ഏതാനം പേർ ചേർന്നതാണ് കമ്മിറ്റി. രൂപരേഖ അവിടെ തിരുത്തലുകൾക്ക് വിധേയമാവുന്നു. അടുത്തപടി എത്തിക്സ് കമ്മിറ്റിയാണ്, അഭിഭാഷകൻ, സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധൻ അടക്കമുള്ളവരുടെ ചോദ്യങ്ങൾക്ക് വിദ്യാർഥിയും ഗൈഡും തൃപ്തികരമായ മറുപടി നൽകണം. ഈ പഠനം വ്യക്തികളെയോ ജീവജാലങ്ങളെയോ പ്രകൃതിയെയോ രാജ്യത്തിന്റെ പൊതു താൽപര്യങ്ങളെയോ മുറിവേൽപിക്കുന്നതല്ല എന്ന് കമ്മിറ്റിക്ക് ബോധ്യപ്പെടണം. കമ്മിറ്റി പച്ചക്കൊടി കാട്ടിയാൽ ഗവേഷണം ആരംഭിക്കാം. ഇതിന്റെ മിനിറ്റ്സ് രേഖ പ്രബന്ധത്തോടൊപ്പം പ്രസിദ്ധപ്പെടുത്തണം.

കവിയും കഥാകൃത്തും ഭാവനാ സമ്പന്നരായ ശിൽപികൾ ആണെങ്കിൽ ഗവേഷകൻ എൻജിനീയറോ ലബോറട്ടറി ജീവനക്കാരനോ ആണ്

ഗവേഷണം നടത്തുന്ന വിഷയത്തിൽ ജിജ്ഞാസുക്കളായവർ എത്തിച്ചേർന്ന നിഗമനങ്ങൾ എന്താണ് എന്നതിനെപ്പറ്റി വിശദമായ വായനയിലൂടെയും ചർച്ചകളിലൂടെയും, പരമാവധി അറിവു നേടി എഴുതിവയ്ക്കണം. പഠനം വർഷങ്ങൾ നീളുന്നതാകയാൽ, ഇടയ്ക്കുണ്ടാവുന്ന പുതിയ വാർത്തകൾ ചേർത്ത് അപ്ഡേറ്റ് ചെയ്യണം. മുൻപ് ഗവേഷണം നടത്തിയവർ ലൈബ്രറികളിൽ ദിവസത്തിൽ പതിനഞ്ചും പതിനാറും മണിക്കൂർ ഇരുന്നിട്ടുണ്ട്. കണക്കുകൂട്ടാൻ, ശക്തമായി കുലുക്കിയാൽ മാത്രം പ്രവർത്തനസജ്ജമാവുന്ന ഒരു പഴഞ്ചൻ കാൽക്കുലേറ്ററിനെ ആശ്രയിച്ചിട്ടുണ്ട്. ഇന്ന് അതിന്റെ ആവശ്യമില്ല. ലോകത്തെ ഏത് ലൈബ്രറിയും ഗൂഗിളിലൂടെ കണ്മുന്നിലെത്തുന്നു. ലോകം ചുറ്റിവരാൻ ആവശ്യപ്പെട്ടതു കേട്ട് മയിലേറി യാത്ര തിരിച്ച ബാലമുരുകനെപ്പോലെയാണ് പഴയ അന്വേഷികൾ. അമ്മയെയും അച്ഛനെയും പ്രദിക്ഷണം വച്ച് മാമ്പഴം സമ്മാനം വാങ്ങിയ ഗണപതിയാണ് പുതിയ തലമുറ.

Manorama Career What are the steps in getting a Phd
Representative Image. Photo Credit : Franny-anne / iStockPhoto.com

ഗൂഗിൾ, വിക്കിപീഡിയ എന്നിവ നോക്കുന്നത് അപരാധമല്ല. അങ്ങനെ വേണം മുന്നോട്ടുപോകാൻ. പക്ഷേ മനനം ചെയ്തുവേണം വിവരങ്ങൾ സ്വീകരിക്കാൻ. അല്ലെങ്കിൽ പറ്റാവുന്ന ഗർഹണീയമായ തെറ്റു കൂടി പരാമർശിക്കാം ഗവേഷണത്തിന്റെ സംക്ഷിപ്ത രൂപമാണ് ഇന്റർനെറ്റിൽ കൊടുത്തിരിക്കുന്നത്. അത് തയാറാക്കിയ ആൾക്ക് പ്രധാനം എന്ന് തോന്നിയവ പ്രതിപാദിച്ചിരിക്കുന്നു. സൂക്ഷ്മാംശങ്ങൾ വിട്ടുപോയിട്ടുണ്ടാവാം. അത് തെറ്റിദ്ധാരണകൾക്ക് ഇടവരുത്തും. അതിനാൽ ഗവേഷണ പ്രബന്ധങ്ങളുടെ ഒറിജിനൽ രൂപം തേടിപ്പിടിച്ച് വായിക്കണം. മാർഗദർശിയായി മാത്രമേ ഗൂഗിളിനെ ഉപയോഗിക്കാവു. 

ആദ്യം വിവരിച്ച ഗവേഷണ ചോദ്യത്തിന് (Research Question), ആർജ്ജിതമായ വിജ്ഞാന സമ്പത്തിനെ കടഞ്ഞെടുത്ത സ്വന്തം നിഗമനങ്ങൾ ഉത്തരങ്ങളായി നൽകുന്നു. ഇവയെ ഹൈപോതെസിസ് എന്ന് വിളിക്കാം. ഇവിടെയും മൂന്ന് അടിസ്ഥാന പ്രമാണങ്ങൾ പരിപാലിക്കണം.

ഒന്ന്, പാർസിമോണി (Parsimony) - അഥവാ പിശുക്കിന്റെ സിദ്ധാന്തം. ഇന്നുവരെ ലോകത്ത് നിലവിലുള്ള ലഘുവായ ഉത്തരങ്ങൾ ഒന്നുംതന്നെ ഈ പ്രത്യേക സാഹചര്യത്തിൽ ഉപയുക്തമല്ല എന്നുറപ്പിച്ചതിനു ശേഷമേ സങ്കീർണമായ പുതിയ നിഗമനങ്ങളിലേക്ക് പോകാവൂ.

രണ്ട്, ടെസ്റ്റബിലിറ്റി (Testability) - പ്രബന്ധം വായിക്കുന്ന മറ്റൊരാൾക്ക്, ഈ നിരീക്ഷണങ്ങൾ ആവർത്തിച്ചു നോക്കി ബോധ്യപ്പെടാൻ വേണ്ട മാർഗരേഖകൾ പ്രബന്ധകാരൻ വിശദമാക്കിയിരിക്കണം.

മൂന്ന്, എംപിരിസിസം (Empiricism) - ഗവേഷകൻ സ്വയം നടത്തിയ നിരീക്ഷണങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. കേട്ടുകേൾവികൾ അപ്രസക്തമാണ്. കേട്ടുകേൾവികൾ സ്വീകരിക്കണം എന്ന് തോന്നുന്ന പക്ഷം പല തട്ടിലുള്ള പരിശോധനയിലൂടെ ബോധ്യം വരുത്തണം. സുന്ദരമായ ഒരു വസ്തുവിനെ കീറിമുറിക്കാതെയും അഴിച്ചുപണിയാതെയും അതിന്റെ ഘടനയും സാന്ദ്രതയും മനസ്സിലാക്കാമെന്ന് അർക്കമെഡീസിനു മുൻപ് ആരും ചിന്തിച്ചിട്ടില്ല.

സാഹിത്യ ഗവേഷണം 

സാഹിത്യ ഗവേഷണത്തിൽ ശാസ്ത്ര വിഷയങ്ങളിലെപ്പോലെ കണ്ടുപിടുത്തങ്ങൾ ലക്ഷ്യമാക്കിയുള്ള എംപിരിക്കൽ പഠനങ്ങൾക്ക് സാധ്യത കുറവാണ്. കൃതികൾ വിശകലനം ചെയ്തുകൊണ്ടുള്ള അവലോകങ്ങളും നൂതനമായ അർഥതലങ്ങൾ നിർധാരണം ചെയ്യുന്ന ബൗദ്ധികമായ അന്വേഷണങ്ങളുമാണ് നടക്കുന്നത്. പ്രബന്ധരചനയിൽ സർഗക്രിയയുടെ അംശം താരതമ്യേന കുറവാണ്. കവിയും കഥാകൃത്തും ഭാവനാ സമ്പന്നരായ ശിൽപികൾ ആണെങ്കിൽ ഗവേഷകൻ എൻജിനീയറോ ലബോറട്ടറി ജീവനക്കാരനോ ആണ്. ഗവേഷണം എന്നത് ആർജ്ജിതമായ അറിവിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന കരകൗശലം ആയിപ്പോവുന്നു പലപ്പോഴും.

.‘മറ്റു സാഹിത്യരൂപങ്ങളിൽനിന്നു വിഭിന്നമായി മലയാളത്തിൽ നിരൂപണത്തിൽ ശക്തമായ ഒരു പുതുനിര പ്രത്യക്ഷപ്പെട്ടില്ല. യുജിസി സെമിനാറുകളുടെ വിരസമായ പ്രബന്ധങ്ങളാണ് നിരൂപണമായി ഇപ്പോൾ അറിയപ്പെടുന്നത്...’ ഇതെഴുതുന്നയാളുടെ സഹപാഠിയും സാഹിത്യനിരൂപകനുമായ പ്രദീപ് പനങ്ങാട് എവിടെയോ എഴുതിയതായോർക്കുന്നു. മലയാളഭാഷയെപ്പറ്റിയുള്ള യുജിസി സെമിനാറുകളുടെ മുഴുവൻ റിപ്പോർട്ടുകളും തുലാസിന്റെ ഒരുതട്ടിൽ വച്ചുപോയാൽ പേടിക്കേണ്ടതില്ല, ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിലെ ഒന്നോ രണ്ടോ അധ്യായങ്ങൾ മറുതട്ടിൽ വച്ചാൽ മതി !

Read Also : പ്ലസ്ടു കഴിഞ്ഞോ? കോഴ്സുകൾ തിരഞ്ഞെടുക്കാം 8 കാര്യങ്ങൾ ശ്രദ്ധിച്ച്

Manorama Career What are the steps in getting a Phd
Representative Image. Photo Credit : NuPenDekDee / iStockPhoto.com

നിരൂപണസൗധം കാലപ്പഴക്കത്താൽ ക്ഷയിച്ച് പഞ്ചഭൂതങ്ങളിൽ ലയിക്കും. പുതിയ വ്യാഖ്യാനങ്ങൾ വരും. അപ്പോഴും കലാകാരനും അവന്റെ സൃഷ്ടിയും കാലാതിവർത്തിയായി തുടരും. അത് കലാകാരനു മാത്രം അവകാശപ്പെട്ട സിംഹാസനമാണ്. ലോകനാർക്കാവിൽ വച്ച് തച്ചോളി ഒതേനൻ കതിരൂർ ഗുരുക്കളോട് പറഞ്ഞുവത്രേ, തമ്പുരാൻ പൊൻകുന്തം ചാരുന്ന തൂണിൽ പീറത്തോക്കു ചാരാൻ പാടില്ല എന്ന്. ഇത് എല്ലാ സാഹിത്യരസ പരിശോധകരും ദിവസം മൂന്നുനേരം മന്ത്രം പോലെ ഉരുവിടണം. ആർജിത വിജ്ഞാനസമ്പത്തിൽനിന്നു സംശയത്തിന്റെ ഒരു വിത്തെടുത്ത് ധിഷണയിൽ പാകിമുളപ്പിച്ച് ഫലം കൊയ്യാൻ പാണ്ഡിത്യം എന്ന രാസത്വരകം ആവശ്യമാകുന്നു. അന്വേഷണാത്മകത അനുപേക്ഷണീയമാവുന്നു.

നിരൂപണം എല്ലാത്തരത്തിലും ഗവേഷണം ആണെന്ന് നേരത്തേ പറഞ്ഞല്ലോ. വായനയുടെ അടിസ്ഥാനത്തിൽ നിരൂപണം മുമ്പോട്ട് കൊണ്ടുപോകാൻ നിഷ്പക്ഷമായ നിഗമനങ്ങൾ ഉണ്ടാവണം. അവയെ മൗലികമായി പരിശോധിക്കുന്നതാവണം പ്രസ്താവങ്ങൾ. കൊയ്‌ലോയുടെ ‘ആൽക്കെമിസ്റ്റ്’ കുൽസിതസാഹിത്യമാണെന്ന് ഒരാൾ എഴുതിയാൽ അത് സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാവണം.

ആധുനിക കവിത്രയത്തെക്കാൾ കാവ്യഗുണസമ്പന്നൻ ചങ്ങമ്പുഴ ആണെന്ന് ചുമ്മാ വിളിച്ചു പറഞ്ഞാൽപ്പോരാ, അതിന് ഉപോൽബലകമായ പ്രമാണം കാണിക്കണം, വാദമുഖങ്ങളെ സാധൂകരിക്കണം. 

കലാകാരന്മാരെയും കൃതികളെയും താരതമ്യം ചെയ്യാൻ പലമാർഗങ്ങളും ഉപയോഗിക്കാം. പ്രചാരം, എത്ര ഭാഷയിലേക്ക് മൊഴിമാറ്റപ്പെട്ടു, എത്ര പതിപ്പുകൾ ഇറങ്ങി, മറ്റ് കലാരൂപങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ടോ? (ഉദാ: സിനിമ, നാടകം, കഥാപ്രസംഗം, പാട്ടുകൾ) അടിസ്ഥാന കാവ്യദോഷങ്ങൾ കാരണം വീണുപോയ നെഗറ്റിവ് മാർക്കുകൾ എന്നിങ്ങനെ പലതും. ഇതിന്റെയൊക്കെയടിസ്ഥാനത്തിലാവണം പ്രസ്താവങ്ങൾ നടത്തുന്നത്.

അതിജീവനമാണ് ഇനിയൊരു അളവുകോൽ

നൂറുവർഷം മുമ്പ്, മുപ്പത്തിയെട്ടാം വയസ്സിൽ കഥാവശേഷനായ സുബ്രഹ്മണ്യ ഭാരതിയുടെ വരികൾ ഇപ്പോഴും സംഗീതത്തിലും പുതിയ സിനിമയിലും ഒക്കെ ഉൾപ്പെടുത്തുന്നു എന്നുകാണുന്നത് കാലാതിവർത്തിത്വം. കൃതിയെപ്പറ്റി ഗവേഷകൻ സ്വീകരിക്കുന്ന പ്രാഥമിക നിഗമനങ്ങൾ ഹൈപോതെസിസ് ആയിത്തീരുന്നു. ശാസ്ത്രീയ ഗവേഷണത്തിലെപ്പോലെ തന്നെ സാഹിത്യ ഗവേഷണത്തിലും അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട്. ഈ അന്വേഷണങ്ങളുടെ ഫലപാകമാണ് ഗവേഷണ റിപ്പോർട്ട് അല്ലെങ്കിൽ പ്രബന്ധം. പുതിയ ചിന്തകൾ മുളപൊട്ടുന്നു, പുതിയ പരീക്ഷണങ്ങൾക്ക് വേദിയൊരുങ്ങുന്നു. ഇതിനെല്ലാം ആദ്യം വേണ്ടത് മുൻവിധികളില്ലാത്ത അന്വേഷകന്റെ നിരീക്ഷണപാടവമാണ്. വിജ്ഞാനാർജനത്തിനുള്ള ക്ഷമയും പ്രധാനം തന്നെ. അല്ലെങ്കിൽ കണ്ടെത്തിയത് എന്താണെന്നു മനസ്സിലാക്കാനോ വിശദീകരിക്കാനോ കഴിയാതെവന്നേക്കാം.

പ്രബന്ധരചനയും മൂല്യനിർണയവും 

ഗവേഷണത്തിന്റെ രൂപരേഖ സമർപ്പിച്ച് അംഗീകാരം നേടിക്കഴിഞ്ഞാൽ മൂന്ന് മുതൽ ആറു വരെ വർഷംഎടുത്താണ് പ്രബന്ധം സമർപ്പിക്കുന്നത്. ന്യായമായ കാരണങ്ങൾ അവതരിപ്പിച്ചുകൊണ്ട് കൂടുതൽ സമയം ആവശ്യപ്പെട്ടാൽ സർവകലാശാലകൾ പലപ്പോഴും അനുവദിക്കാറുമുണ്ട്. അതിനു ശേഷം പ്രബന്ധത്തിന്റെ സംക്ഷിപ്ത രൂപം (synopsis) സമർപ്പിക്കുന്നു. ഇതിനിടെ ഏതാനം ലഘു പ്രബന്ധങ്ങൾ അംഗീകൃത ജേണലുകളിലോ ദേശീയ കോൺഫറൻസുകളിലോ അവതരിപ്പിക്കുകയും വേണം. താഴെപ്പറയുന്നവ മൗലികമായ രചനയോ കണ്ടെത്തലോ ആണെന്നും മുമ്പൊരിടത്തും പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നുമുള്ള വിദ്യാർഥിയുടെയും ഗൈഡിന്റെയും സത്യവാങ്മൂലത്തോടെയാണ് ഏതൊരു പ്രബന്ധവും ആരംഭിക്കുന്നത്.

Read Also : അന്ന് പത്താം ക്ലാസിൽ 276 മാർക്ക്; ഇന്ന് ബിർള കമ്പനിയിലെ ഉദ്യോഗസ്ഥൻ, ‘മാർക്ക് മാറ്ററല്ലിഷ്ടാ’

ഗൈഡും വിദ്യാർഥിയും ചേർന്ന് ഈ രംഗത്തെ വിശ്രുതൻമാരായ പണ്ഡിതന്മാരുടെ ലിസ്റ്റ് കൊടുക്കുന്നു. വിദേശത്തുനിന്നുള്ള ഒരു എക്സാമിനർ എങ്കിലും ഉണ്ടാവണം. (പ്രാദേശിക ഭാഷകളുടെ കാര്യത്തിൽ അങ്ങനെയൊരു നിബന്ധന ഉണ്ടാവാനിടയില്ല). ലിസ്റ്റിൽ നിന്നു വിസി തിരഞ്ഞെടുക്കുന്ന നാലുപേരോട് പരിശോധകൻ ആവാനുള്ള സമ്മതം ആരാഞ്ഞുള്ള കത്തും പ്രബന്ധത്തിന്റെ സംക്ഷിപ്ത രൂപവും അയച്ചുകൊടുക്കും. അവർ സമ്മതം അറിയിച്ചാൽ പ്രബന്ധം പരിശോധനയ്ക്കായി നൽകും.

 Dr. Hari S. Chandran
ഡോ. ഹരി എസ്.ചന്ദ്രൻ

മൂല്യനിർണയം നടത്തി റിപ്പോർട്ട് വരാനുള്ള സമയം ചിലപ്പോൾ നീളാം. റിപ്പോർട്ടുകളിൽ അഭിപ്രായഭിന്നതകൾ ഉള്ള പക്ഷം പ്രബന്ധം മാറ്റിയെഴുതി സമർപ്പിക്കേണ്ടിയും വന്നേക്കാം. ഇത്രയും കടമ്പകൾ കടന്നാൽ, പരിശോധകരിൽ ഒരാൾ ചെയർമാനായി പരീക്ഷാബോർഡ് രൂപവൽക്കരിച്ച് വൈവ നടത്തുന്നു. മിക്ക ഇടങ്ങളിലും ഇത് ഓപ്പൺ വൈവ ആയിട്ടാണ് നടത്തുന്നത്. പരിശോധകന്റെ മാത്രമല്ല സദസ്സിന്റെയും ചോദ്യങ്ങൾക്ക് വിദ്യാർഥി തൃപ്തികരമായി മറുപടി നൽകണം. ഇതോടെ പരീക്ഷ പൂർത്തിയാവുന്നു. ഗവേഷകനു ഡോക്ടറേറ്റ് നൽകാൻ സദസ്സ് ശുപാർശ നടത്തുന്നു.

മൂല്യനിർണയത്തിലെ അപാകങ്ങൾ 

ഒരു പ്രത്യേക വിഷയത്തിൽ പേരെടുത്ത പ്രഫസർമാർ മിക്കവാറും സഹപാഠികളോ സുഹൃത്തുക്കളോ ഗുരുശിഷ്യന്മാരോ തങ്ങളുടെ കീഴിലുള്ള മറ്റ് ഗവേഷകരുടെ എക്സാമിനർമാരോ ആവുന്നു. ഇത് മൂല്യനിർണയത്തെ സ്വാധീനിച്ചേക്കാം. പരിശോധനയ്ക്കായി ലഭിക്കുന്ന അനേകം പ്രബന്ധങ്ങൾ വായിച്ച് വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള സമയക്കുറവുമൂലം, റിപ്പോർട്ട് കൊടുക്കാനുള്ള അവസാന തീയതി അടുക്കുമ്പോൾ അനുകൂലമായിട്ടുള്ള ഒരു മറുപടി അയയ്ക്കുന്നു. എതിരഭിപ്രായം രേഖപ്പെടുത്തി പുലിവാൽ പിടിക്കേണ്ട എന്ന് കരുതുന്നവരും കുറവല്ല. പ്രശസ്തനും ഉദ്യോഗസ്ഥപ്രമുഖനുമായ ഗൈഡിന്റെ കീഴിൽ രചിക്കപ്പെട്ട പ്രബന്ധത്തിന്റെ മാറ്റുരയ്ക്കാനോ അതിനെ വിമർശിക്കാനോ പരിശോധകർക്ക് ധൈര്യം കുറയുന്നു. പേരെടുത്ത എഴുത്തുകാരുടെ മേന്മകുറഞ്ഞ രചനകൾപോലും പ്രസിദ്ധീകൃതമാവുന്നതുപോലെ ഇവയും കടന്നുകൂടുന്നു. ഓപ്പൺ വൈവ പരീക്ഷയിൽ പങ്കെടുക്കാനായി പുറത്തുനിന്നും ആരും വരാറില്ല. ക്ഷണിതാക്കളായി എത്തുന്നത് മിക്കപ്പോഴും ഗവേഷകന്റെയും ഗൈഡിന്റെയും അഭ്യുദയകാംക്ഷികളായിരിക്കും. ഡോക്ടറേറ്റ് ലബ്ധിക്കിനിയെന്തുവേണം !

(ലേഖകൻ ചെങ്ങന്നൂർ ഡോ. കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കൺസൽറ്റന്റ് സൈക്കോളജിസ്റ്റും ഗവേഷണവിഭാഗം കോഓർഡിനേറ്ററുമാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com