ADVERTISEMENT

വ്യത്യസ്തമായ കഴിവുമായാണ് ഓരോ വ്യക്തിയും ജനിക്കുന്നത്. ഏതുമേഖലയിലാണ് കഴിവെന്ന് തിരിച്ചറിയുന്ന നിമിഷം അയാളുടെ തലവരമാറും. കണക്കിലുള്ള തന്റെ മികവ് തിരിച്ചറിഞ്ഞ് സ്വന്തം വിധി മാറ്റിയെഴുതിയ അനുഭവ കഥ ‘മാർക്ക് മാറ്ററല്ലിഷ്ടാ’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ്. ലോകാരോഗ്യ സംഘടനയിൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന കെ. തോമസ്. 

Read Also : പത്താംക്ലാസിൽ 239 മാർക്ക്, പഠിക്കാൻ ആഗ്രഹിച്ച കോളജിൽ ഇന്ന് നിയമാധ്യാപകൻ

ഓരോരുത്തരുടെയും ജീവിതസാഹചര്യങ്ങളും ഭൗതികസൗകാര്യങ്ങളും ഗാർഹിക അന്തരീക്ഷവുമൊക്കെയായിരിക്കാം  പരീക്ഷാഫലത്തിൽ പ്രതിഫലിക്കുന്നത്. മുന്നോട്ടുള്ള ജീവിതത്തിൽ വിജയിയാവുകയെന്നാൽ ഉന്നതസ്ഥാനങ്ങളോ ഭൗതികസമ്പത്തോ ഒന്നുമല്ലെന്ന ജീവിതയാഥാർഥ്യവും നമ്മൾ മനസിലാക്കണം. ആയിരിക്കുന്ന അവസ്ഥയിൽ പൂർണസന്തോഷം അനുഭവിക്കാനാകുമ്പോളാണ് ആരും വിജയിയാവുന്നത്. മറ്റെല്ലാം നമുക്ക് ചുറ്റുമുള്ളവരുടെ അർഥശൂന്യമായ താരതമ്യങ്ങളും വിലയിരുത്തലുകളും മാത്രം. ഓരോരുത്തർക്കും വിഭിന്ന പ്രതിഭകളാണെന്നും എല്ലാ തൊഴിലുകൾക്കും ആളുകൾവേണമെന്നും അതിനെല്ലാം  അതിന്റേതായ മഹത്വവുമുണ്ടെന്ന് മനസിലാക്കാത്തവരുടെ താരതമ്യങ്ങൾ മാത്രം

 

thomas-k-marklist

ഇടുക്കി ജില്ലയിലെ ഉപ്പുതറയ്ക്കടുത്ത് കോതപാറ എന്ന വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗ്രാമത്തിലാണ്  ഞാൻ ജനിച്ചുവളർന്നത്. മണ്ണെണ്ണ വിളക്കുകളായിരുന്നു പഠനകാലങ്ങളിൽ ഞങ്ങളുടെ ആശ്രയം. ഇപ്പോൾ വളരെയേറെ പുരോഗമിച്ചെങ്കിലും ഞങ്ങളുടെ ചെറുപ്പത്തിൽ വളരെ പിന്നോക്കം നിന്നിരുന്ന ഒരു നാടാണ് എന്റെ കോതപാറ. പാലായിലുള്ള എന്റെ  കൂട്ടുകാരൻ പണ്ട്  വീട്ടിൽ വന്നപ്പോൾ പറഞ്ഞത് അവൻ ലോകാവസാനം കണ്ടുവെന്നും ഇതിനപ്പുറത്തേക്ക് പോകാൻ ലോകമില്ലല്ലോ എന്നുമാണ്. സ്‌കൂൾ പഠനകാലങ്ങളിൽ സമീപപ്രദേശങ്ങളിലെ മലനിരകൾ കയറിയിറങ്ങിവീടുകളിൽ നിന്നും കശുവണ്ടി, കാപ്പിക്കുരു, ചക്കക്കുരു, കൊക്കോ, പഴയബുക്ക് പുസ്തകങ്ങൾ  മുതലായവ വാങ്ങിചുമന്ന് വിറ്റാണ് കുടുംബത്തെ സഹായിച്ചിരുന്നത്. വളകോട് എന്ന സ്ഥലത്ത് ഞാൻ പഠിച്ചിരുന്ന സർക്കാർ സ്‌കൂളിന്റെ പരിമിതമായ സൗകര്യങ്ങൾ, വീട്ടിലെ അവസ്ഥ, എന്റെ ജാഗ്രതക്കുറവ് അങ്ങനെ പല കാരണങ്ങൾകൊണ്ട് തൊണ്ണൂറ്റിരണ്ട്‍ കാലഘട്ടത്തിൽ പത്താംക്ലാസ് പരീക്ഷയിൽ അറുന്നൂറിൽ ഇരുന്നൂറ്റിഅറുപത് (43%) മാർക്ക് മാത്രമാണ് ഞാൻ നേടിയത്.  

 

പത്താം ക്ലാസ്സിൽ ഇംഗ്ലീഷ്, ഹിന്ദി, സയൻസ് വിഷയങ്ങളിൽ വളരെ കുറവ് മാർക്കാണ് ഉണ്ടായിരുന്നതെങ്കിലും കണക്കിൽ കിട്ടിയ ഭേദപ്പെട്ട മാർക്ക് അടിസ്ഥാനമാക്കി എന്റെ അഭിരുചി മനസ്സിലാക്കി എന്റെ ചേട്ടൻ എന്നെ പ്രീഡിഗ്രി കോമേഴ്‌സ് ഗ്രൂപ്പിലാണ് ചേർത്തത്. കട്ടപ്പനയിൽ അദ്ദേഹം അന്ന്  പഠിപ്പിച്ചിരുന്ന പാരലൽ കോളേജിൽത്തന്നെ എന്നെയും ചേർത്തു. കോതപാറയിൽ നിന്നും പരിമിതമായ യാത്രാസൗകര്യങ്ങളാണ് അന്നുണ്ടായിരുന്നത്. അതുകൊണ്ട് കാഞ്ചിയാർ എന്ന സ്ഥലത്തുനിന്നും അമ്മയുടെ ചേടത്തിയുടെ വീട്ടിൽനിന്നാണ് പ്രീഡിഗ്രി പഠിക്കാനായി കട്ടപ്പനയ്ക്ക് പോയത്.  പാരലൽ കോളേജിലെ പ്രീഡിഗ്രി പഠനത്തിലും മറ്റെല്ലാ വിഷയങ്ങളിലും ആദ്യതവണതന്നെ പാസ്സായെങ്കിലും ഇംഗ്ലീഷ്ഭാഷ വില്ലനായി. 

 

പ്രീഡിഗ്രിക്ക്  ഇഗ്ലീഷ് പൊട്ടി നിന്ന സമയത്താണ് ആത്മാർഥമായി അതിജീവനത്തിനായി ഒരു പരീക്ഷ എഴുതിയത്. പാൽ സൊസൈറ്റിയിൽ ജോലികിട്ടുന്നതിനുവേണ്ടി ഒരാഴ്ച നീണ്ട പരിശീലനത്തിന് ശേഷം കാലിത്തീറ്റ മുതൽ ലാക്ടോമീറ്ററും പാസ്ച്യുറൈസേഷനും ചാണകവും കുളമ്പുരോഗവും തുടങ്ങി പശുവും പാലുമായി ബന്ധപ്പെട്ട  എല്ലാത്തതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. ആ പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയെങ്കിലും ഒരാഴ്ച കൂലിയില്ലാതെ പാലളക്കാനും കുറ്റി കഴുകാനും, കൊഴുപ്പളക്കാനും ഉള്ള യോഗമേ കിട്ടിയുള്ളൂ. ഇതിനിടയിൽ ഇംഗ്ലീഷ് പരീക്ഷ രണ്ടാമതും മൂന്നാമതും എഴുതി. മൂന്നാം തവണയാണ് കരകയറിയത്.   

 

തൊണ്ണൂറ്റിയഞ്ചിൽ കുട്ടിക്കാനം മരിയൻ കോളേജ് ആരംഭിച്ച വർഷമായിരുന്നത്കൊണ്ട് അന്ന് ബിബിഎ ബിസിഎ കോഴ്‌സുകളിൽ ആയിരുന്നു അപേക്ഷകർക്ക് പ്രിയം. അത് മനസ്സിലാക്കി എന്റെ ചേട്ടൻ ബികോം ക്ലാസിൽ ഒഴിവുണ്ടായിരുന്ന സീറ്റിൽ അഡ്മിഷൻ ലഭിക്കുന്നതിനായി പരിശ്രമിക്കുകയും അവിടെ ബികോം ആദ്യ ബാച്ചിൽ അഡ്മിഷൻ ലഭിക്കുകയും ചെയ്തു. പള്ളിക്കുന്നിൽ വാടകവീട്ടിൽ മറ്റ് കുട്ടികളോടൊപ്പം താമസിച്ചായിരുന്നു പഠനം. ബികോം പരീക്ഷ കഴിഞ്ഞപ്പോൾ ആദ്യത്തെ ജോലി ഞാനും എന്റെ സുഹൃത്ത് ശ്രീജുവും കൂടി കപ്പത്തോട്ടം കാല ഒരുക്കാൻ പോയതാണ്. പിന്നെ ഞാനും അവനും കൂടി ഏഴുകിലോമീറ്റർ നടന്ന്പശുപ്പാറ ടീ ഫാക്ടറിയിൽ നൈറ്റ് ഷിഫ്റ്റിന് പോയത്. രണ്ട്‌ രാത്രിയെ റ്റീ റോളറും ഡ്രയറും സോർട്ടറും ഒക്കെയായിട്ട് യുദ്ധം ചെയ്യേണ്ടി വന്നുള്ളൂ  മൂന്നാം ദിവസം എഴുന്നേൽക്കാൻമേലാഞ്ഞകൊണ്ടു പോകേണ്ടി വന്നില്ല. പിന്നെ പത്രവിതരണവും ചെയ്തു.

 

അഞ്ചുപൈസക്ക് വഴിയില്ലാതെ നിന്നപ്പോൾ പാറമടയിൽ ലോഡിങ്ങിനു വന്ന ലോറിയിൽ കയറി. പിന്നെ ബന്ധുവിന്റെ വീടുപണിക്കുള്ള കട്ടചുമടിൽ തുടങ്ങി സ്ഥിരം മൈക്കാട് ആയി. അങ്ങനെ പല പണികളും ചെയ്ത് റിസൾട്ടിനായി കാത്തിരുന്നു. അങ്ങനെ തൊണ്ണൂറ്റിയെട്ടിൽ ഫസ്റ്റ്ക്ലാസിനടുത്ത് മാർക്ക് നേടി ബികോം ആദ്യതവണതന്നെ പാസ്സായി. തുടർപഠനം നടത്തണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും എങ്ങനെയും ഒരു ജോലി നേടുകയെന്നത് അത്യാവശ്യമായി രുന്നതിനാൽ അന്ന് ഡൽഹിയിൽ ചെറിയ ജോലികൾ ചെയ്തിരുന്ന സഹോദരിമാരുടെ അടുത്തേക്ക് തിരിച്ചു. മഹാനഗരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന അദ്‌ഭുതകാഴ്കൾ സ്വപ്നം കണ്ടിരുന്ന ഞാൻ അവിടെയെത്തിയതോടെ നിരാശനായി. 

Read Also : പത്താംക്ലാസ് മാർക്ക് ലിസ്റ്റിൽ കണക്കിന് 7 മാർക്ക്

അവിടെ ഞങ്ങളുടെ ഒറ്റമുറിവീട്ടിൽ നിന്നും പല ജോലികൾ തേടി നടന്നു. കംപ്യൂട്ടർ പരിജ്ഞാനമോ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യമോയില്ലാതിരുന്നതിനാൽ ജീവിതം കഠിനകഠോരമായി. അങ്ങനെ ആദ്യം സിഎ ക്കാരന്റെ ഓഫിസിൽ ട്രെയിനി ആയാണ് തുടങ്ങുന്നത്. അദ്ദേഹം സിഎ ചെയ്യാൻ എന്നെ ഉപദേശിക്കുകയും അന്ന് നിലവിലുണ്ടായിരുന്ന സ്റ്റൈപന്റിന്റെ പത്തിരട്ടി നൽകാമെന്ന് പറയുകയും ചെയ്തതാണ്. പക്ഷേ എന്റെ അന്നത്തെ അവസ്ഥയിൽ ഒരു ജോലി എത്രയും പെട്ടന്ന് തരപ്പെടുത്തുകയായിരുന്നു ലക്‌ഷ്യം. അങ്ങനെ അവിടെ ഫയലുകളും റെക്കോർഡുകളും ചുമടും ഇൻകം ടാക്സ് ഓഫീസിൽ ക്യൂ നിൽപ്പും ഒക്കെയായി ആറ് മാസം. അവിടെ ഓഫിസ് സമയത്തിനുശേഷം ഓഫിസിലെ കംപ്യൂട്ടറിൽ കമ്പ്യൂട്ടർ പരിശീലനം സ്വയം ചെയ്തുതുടങ്ങി. 

 

പകൽ കംപ്യൂട്ടർ ഓപ്പറേറ്ററോട് ചോദിച്ചും കണ്ടും മനസിലാക്കുന്ന കാര്യങ്ങൾ വൈകിട്ട് സ്വയം ചെയ്ത് നോക്കി. അത്യാവശ്യം കംപ്യൂട്ടർ ഉപയോഗം വളരെപ്പെട്ടെന്ന് തന്നെ പഠിച്ചെടുത്തു. ഹിന്ദി ഭാഷ തീരെ അറിയില്ലായിരുന്നെങ്കിലും ദൈനംദിന ഉപയോഗത്തിലൂടെ ഹിന്ദി വശമാക്കി. പക്ഷേ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുമ്പോൾ വിറയൽ മാറാൻ നാളുകളെടുത്തു. സ്ഥിരമായ ഇംഗ്ലീഷ് പത്രപാരായണമാണ് നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ പിന്നീട് സഹായിച്ചത്.   

 

അവിടെനിന്നും എത്തിപ്പെട്ടത് രത്നവ്യാപാരിയായ സേട്ടിന്റെ കമ്പനിയിൽ. എന്നെ ഞാൻ വിമൽകുമാറെന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞപോലെ ഞാൻ എന്നെ തന്നെ അക്കൗണ്ടന്റ് എന്നായിരുന്നു വിളിച്ചിരുന്നത്. പാവം മനുഷ്യരോടുള്ള സേട്ടൂന്റെ സ്നേഹവാത്സല്യങ്ങളിൽ മനം മടുത്താണ് കരിസ്മാറ്റിക്  ഓഫീസിൽ എത്തിയത്. അവിടേയും ഒരു ഗുമ്മിന് അക്കൗണ്ടന്റ് എന്നൊക്കെ പറയുമായിരുന്നെകിലും മൈക്കും സ്പീക്കറും പാട്ടുപുസ്തകവും ബ്രെഡ്ഡും വെള്ളവും ഒക്കെ ചുമക്കുന്നതും അക്കൗണ്ടന്റിന്റെ ഡ്യൂട്ടി ആയിരുന്നു. ജോലിയോടൊപ്പം എംകോം വിദൂരവിദ്യാഭ്യാസത്തിന് ശ്രമിച്ചെങ്കിലും പലകാരണങ്ങളാൽ പാതിവഴിയിൽ ഉപേക്ഷിച്ചു. എങ്കിലും മറ്റ് ജോലികളോടൊപ്പം അക്കാലങ്ങളിൽ ചാർട്ടേഡ് അക്കൗണ്ടന്റ്മാരുടെ ഓഫീസുകളിൽ  പാർട്ട് ടൈം ജോലികൾ ചെയ്തിരുന്നത് പിന്നീട് സഹായകരമായി. ജോലിയോടൊപ്പം തന്നെ പാർട്ട് ടൈം ആയി പല പല ഓഫിസുകളിലേയും കണക്കുകൾ കൈകാര്യം ചെയ്തിരുന്നു അക്കാലങ്ങളിൽ.

 

2004 ൽ ഡൽഹിയിലെ പ്രശസ്തമായ ജീസസ് ആൻഡ് മേരി സ്കൂളിൽ കരാറിടിസ്ഥാനത്തിൽ അക്കൗണ്ടന്റ് ആയി. അതിനുശേഷം ചേതനാലയ എന്ന എൻജിഒയിൽ ഫിനാൻസ് മാനേജരായി ആറുവർഷം. ഇക്കാലങ്ങളിലൊക്ക നല്ലവരായ പലരുടെയും മാർഗനിർദേശങ്ങൾ സഹായകരമായി. ഗ്രാമാന്തരീക്ഷത്തിൽ ദരിദ്ര പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന എന്നിലെ അപകർഷതാബോധവും ആത്മവിശ്വസമില്ലായ്മയും മറികടക്കാൻ പല ഘട്ടങ്ങളിലും നല്ലവരായ സഹപ്രവർത്തകരുടെയും  സുഹൃത്തുക്കളുടെയും പ്രോത്സാഹനങ്ങളാണ് സഹായിച്ചത്. ഇതിനിടയിൽ പഠനത്തിൽനിന്നുള്ള നീണ്ട ഇടവേളക്ക് ശേഷം 2008 ൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും വിദൂരവിദ്യാഭ്യാസത്തിലൂടെ ഫിനാൻസിൽ എംബിഎ കരസ്ഥമാക്കി. വിവാഹശേഷം ഭാര്യയിൽ നിന്നും ലഭിച്ച പിന്തുണയാണ് എംബിഎ വിജയകരമായി പൂർത്തീകരിക്കുവാൻ സഹായകമായത്. ആദ്യകുട്ടി ഉണ്ടായമാസമാണ് എംബിഎ അവസാന സെമസ്റ്റർ പരീക്ഷകളും പ്രോജെക്ട്കളും പൂർത്തീകരിക്കുന്നത്. 

 

അങ്ങനെ പല ഘട്ടങ്ങളിലായി നേടിയ യോഗ്യതകളുടെയും വൈദഗ്ദ്യങ്ങളുടെയും അനുഭവജ്ഞാനത്തിന്റേയും പിൻബലത്തിലാണ് 2012 ൽ ലോകാരോഗ്യ സംഘടനയിൽ ജോലിക്കായി അപേക്ഷിക്കുന്നത്. എഴുത്ത്പരീക്ഷയിലും, ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷയിലും വിജയിച്ചെങ്കിലും, അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആറുപേരിൽ മറ്റെല്ലാവരും സിഎ , ഐസിഡബ്ല്യൂഎ  ഒക്കെയാണെന്നറിഞ്ഞതോടെ എന്നിലെ അപകർഷതാബോധവും ആത്മവിശ്വാസമില്ലായ്മയും അവിടെ നിന്നും മുങ്ങാൻ എന്നോട് മന്ത്രിച്ചെങ്കിലും പെട്ടെന്ന് എന്നെക്കുറിച്ചു ഒരാൾ മറ്റോരോളോട് ഒരിക്കൽ പറഞ്ഞ ഒരു വാചകം ഓർമ്മ വന്നു  “Thomas is as good as a Chartered Accountant”    ആ അഭിമുഖം തീരുന്നതുവരെ ഇടക്കിടക്ക്  ആ വാചകം ഞാൻ  എന്നോടുതന്നെ  പറഞ്ഞുകൊണ്ടിരുന്നു.  

Read Also : അന്ന് 10–ാം ക്ലാസിൽ 282 മാർക്ക്, ഇന്ന് അഞ്ചു ഭാഷകൾ സംസാരിക്കുന്ന

അങ്ങനെ ആ അഭിമുഖം ആത്മവിശ്വാസത്തോടെ ധൈര്യപൂർവം നേരിട്ട് 2012 ൽ ഡൽഹിയിലുള്ള ലോകാരോഗ്യ സംഘടനയുടെ ഇന്ത്യൻ പ്രതിനിധിയുടെ ഓഫിസിൽ  ജോലിയിൽ പ്രവേശിച്ചു. അവിടെയെത്തിയതിന് ശേഷം പല തസ്തികകളിലേക്കുള്ള  മത്സരപ്പരീക്ഷകളിലൂടെ അവിടെ അക്കൗണ്ടിങ്, പ്ലാനിങ്, പ്രോഗ്രാം എന്നീ മേഖലകളിൽ പത്ത് വർഷത്തോളം സേവനം ചെയ്തു. ഇതിനിടയിൽ ലോകാരോഗ്യ സംഘടനയുടെ എമർജൻസി റെസ്പോൺസ് ദൗത്യസംഘത്തിന്റെ ഭാഗമായി ബഗ്ലാദേശിലും ജനീവയിലും പല തവണ സേവനം ചെയ്യുന്നതിനായും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലയളവിൽത്തന്നെ Chartered Institute of Public Finance and Accountancy (CIPFA), UK യിൽ നിന്നും International Public Finance Management Diploma  കരസ്ഥമാക്കി. ആശയങ്ങളെ പ്രായോഗിക തലത്തിൽ ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യങ്ങൾ ആയതുകൊണ്ട് പൊതുവേ ആളുകൾ പാതിവഴിയിൽ ഉപേക്ഷിക്കുന്ന കോഴ്സ് ആയിരുന്നെങ്കിലും എനിക്ക് എല്ലാ സെമെസ്റ്ററുകളും ആദ്യത്തവണതന്നെ പൂർത്തിയാക്കാനും റെക്കോർഡ് മാർക്ക് നേടാനാവുകയും ചെയ്തു.

 

വിവിധ തസ്തികകിളിലേക്ക് മത്സരിച്ചു 2022 ൽ സ്വിറ്റസർലണ്ടിൽ ജനീവയിലുള്ള ലോകാരോഗ്യ സംഘടനയുടെ  മുഖ്യകാര്യാലയത്തിലെ എമർജൻസി റെസ്‌പോൺസ് ഡിവിഷനിൽ പ്രോജക്റ്റ് മാനേജ്‌മന്റ് ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെമ്പാടുമുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമാകുവാനും, ഐക്യരാഷ്ട്ര സംഘടനയുടെ മറ്റു ഏജൻസികൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാനും എന്റെ പത്താം ക്ലാസിലേയോ പന്ത്രണ്ടാം ക്ലാസിലേയോ മാർക്കുകളോ തോൽവികളോ പ്രതിബന്ധമായതേയില്ല. 

 

മത്സരപരീക്ഷകളിൽ നേടിയ മാർക്കുകൾ മാത്രമല്ല നമ്മുടെ ജീവിതഗതിയെ നിർണ്ണയിക്കാൻ പോകുന്നതെന്നും മാർക്ക് കുറഞ്ഞുപോയതിൽ ആകുലരാകേണ്ടതില്ലെന്നും നമ്മുടെ മക്കൾ തീർച്ചയായും മനസിലാക്കണം. എന്റെ മക്കൾ ഇപ്പോൾ പഠിക്കുന്നത് സ്വിറ്റ്‌സർലന്റിൽ ആണ്. അവരുടെ പഠനനിലവാരത്തെ മൂല്യനിർണ്ണയം നടത്തുന്നത് കേവലം അവരുടെ മത്സരപ്പരീക്ഷാ മാർക്കുകൾ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. ഓരോ വിഷയത്തിലും അവരുടെ പ്രയത്നവും ആശയങ്ങളുടെ പ്രായോഗിക ഉപയോഗവും (effort & application) കൂടി കണക്കിലെടുത്താണ്. 

 

പഠിച്ചുകൂട്ടി വലിയമാർക്കുകൾ നേടുകയും പ്രായോഗികതലത്തിൽ ആ ആശയങ്ങളെ ഉപയോഗിക്കുവാൻ അറിയാതിരിക്കുകയും ചെയ്‌താൽ ആത്യന്തികമായി അതൊരു ഉന്നതവിജയം ആകുന്നില്ല. അതുപോലെ തന്നെ ഓരോരുത്തർക്കും വിഭിന്നങ്ങളായ പ്രതിഭകളാണുള്ളത്. അതുകൊണ്ടുതന്നെ അവർ ഓരോ വിഷയവും മനസിലാക്കുവാനായി എത്രമാത്രം പ്രയത്നിക്കുന്നു എന്നതും പരീക്ഷാ മാർക്കുകൾക്കൊപ്പം വിലയിരുത്തേണ്ടതാണ്. കേവലം മത്സരപരീക്ഷകളിലെ മാർക്കുകളുടെ താരതമ്യം വിഭിന്നപ്രതിഭകളുള്ള കുട്ടികളുടെ മനോവീര്യം തകർക്കുന്ന വിധത്തിലാവരുത്.  

 

മത്സരപ്പരീക്ഷകളിലെ മാർക്കുകൾക്കുപരി ഓരോരുത്തരുടെയും വിഭിന്നങ്ങളായ കഴിവികളും അഭിരുചിയും കുട്ടികളുടെ താൽപര്യവും മനസിലാക്കി അവരെ മുന്നോട്ടു നയിക്കുകയാണ് വേണ്ടത്. അങ്ങനെ മുന്നോട്ട് പോകുമ്പോൾ പത്തിലോ പന്ത്രണ്ടിലോ മാർക്ക് കുറഞ്ഞാലും തുടർപഠനകാലത്ത് കൂടുതൽ ശോഭിക്കാനാവും. പത്തിലെയോ പന്ത്രണ്ടിലെയോ മാർക്കുകൾ ബിരുദമോ ബിരുദാനന്തരബിരുദമോ നേടിക്കഴിയുന്നതോടെ തീരെ അപ്രസക്തമാകും. മുന്നോട്ട് പഠിക്കാനാവാത്തവർക്കും മത്സരപ്പരീക്ഷകളിൽ പിന്നിലായവർക്കും വിജയിക്കാനാവുന്ന അനന്തസാധ്യതകളും നമുക്ക് ചുറ്റും തന്നെയുണ്ട്.

Read Also : അന്ന് പത്താം ക്ലാസിൽ 276 മാർക്ക്; ഇന്ന് ബിർള കമ്പനിയിലെ ഉദ്യോഗസ്ഥൻ

മത്സരപ്പരീക്ഷകളിലെ ജയപരാജയങ്ങൾ തികച്ചും അപേക്ഷികം മാത്രമാണെന്ന് പലരുടെയും ജീവിതകഥകൾ തെളിയിക്കുമ്പോൾ മാർക്ക് കുറഞ്ഞതിന് നമ്മളെന്തിന് ആകുലപ്പെടണം. ജീവിതത്തിന്റെ നാൽക്കവലകളിൽ നിന്നും നമ്മുടെ വഴികൾ തിരഞ്ഞെടുത്ത് മുന്നോട്ട് പോവുക എന്നതാണ് പ്രധാനം. നമ്മുടെ ജീവിതത്തിൽ ഗുരുതരമായ ചില തോൽവികളും വലിയ നിരാശകളും അപമാനകരമായ നാണക്കേടും ഉണ്ടാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കണം. നമ്മളാരും തെറ്റുകൾ വരുത്തുന്നതിൽ നിന്ന് മുക്തരല്ല. ആരും ഒരിക്കലും പൂർണ്ണരല്ല, അതിനാൽ തോൽവികളേയും അതിജീവിക്കാൻ നമ്മൾ സ്വയം തയാറെടുക്കണം. നമ്മൾ ആശയക്കുഴപ്പത്തിലാകുമ്പോൾ ആത്മവിശ്വാസം വീണ്ടെടുക്കുക, കാരണം കുറ്റബോധവും നാണക്കേടും നമ്മളെ സ്വയം മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും, അവയ്ക്ക് നമ്മുടെ സമാധാനം തകർക്കാനും കഴിയും. 

 

നമ്മുടെ ഉത്തരവാദിത്തം നമ്മൾ തന്നെ ഏറ്റെടുക്കുകയും സാഹചര്യങ്ങൾ എന്തുതന്നെയായാലും അവ പരിഹരിക്കാനും വീണ്ടെടുക്കാനും നമുക്ക് കഴിയുന്നതെല്ലാം ചെയ്യുക. ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങളിൽ ചിലത് കഠിനമായ വീഴ്ചകളിൽ നിന്നാണെന്ന് ഓർക്കുക. ചിലപ്പോൾ നമ്മൾ വളരുന്നത് നമ്മുടെ വേദനകളിലൂടെയാകാം. മത്സരപ്പരീക്ഷകളിലെ മാർക്ക്, സ്ഥാനമാനങ്ങൾ, സൗന്ദര്യം, സമ്പത്ത്, പ്രശസ്തി എന്നിവയാൽ പലപ്പോഴും വിജയത്തെ നിർവചിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഇത്തരം അളവുകോലുകളിൽ നമ്മൾ വിശ്വസിക്കരുത്. നമ്മുടെ വിജയം നമ്മുടെ സന്തോഷം, സംതൃപ്തി, സമാധാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ലോകം നൽകുന്ന മറ്റൊരു നിർവചനവും അംഗീകരിക്കരുത്, കാരണം അത് സങ്കടപ്പെടുന്ന ഹൃദയവുമായി ശൂന്യമായ വഴികളിലേക്ക് നമ്മളെ നയിക്കും. എന്താണ് നിങ്ങൾക്ക് ആഴത്തിലുള്ള സന്തോഷം നൽകുന്നത്? എന്താണ് നമ്മുടെ അഭിനിവേശം വർദ്ധിപ്പിക്കുകയും നമ്മുടെ ലക്ഷ്യം നിറവേറ്റുകയും ചെയ്യുന്നത്? നമ്മുടെ ജീവിതത്തിന് അർത്ഥം കൊണ്ടുവരുന്നതും വളരാൻ നമ്മളെ വെല്ലുവിളിക്കുന്നതും എന്താണ്? ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരു ജീവിതം പിന്തുടരുക, നിങ്ങൾ യഥാർത്ഥ വിജയം കണ്ടെത്തും.

 

Content Summary : Career - Column - Markmattarallishta - K.Thomas Share his career experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT