ADVERTISEMENT

സ്കൂളിലെ ചില അധ്യാപകരുടെ കർക്കശസ്വഭാവവും ശിക്ഷാ രീതികളും വിദ്യാർഥികളെ വല്ലാതെ ആശങ്കാകുലരാക്കാറുണ്ട്.എന്നാൽ പഠനകാലത്ത് പേടിയോടെ കണ്ടിരുന്ന പല അധ്യാപകരുടെയും ഉദ്ദേശശുദ്ധി പല വിദ്യാർഥികളും തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും. അതുപോലുണ്ടായ തിരിച്ചറിവിനെക്കുറിച്ചും അധ്യാപികയുടെ പ്രത്യേക ശിക്ഷണരീതിയിലൂടെ മികച്ച കൈയ്യക്ഷരം സ്വന്തമാക്കാൻ സാധിച്ചതിനെക്കുറിച്ചുമുള്ള ഓർമകൾ  ഗുരുസ്മൃതി എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് കാർത്തിക വി. നായർ.

 

Read Also : സൈക്കിൾ ആക്സിഡന്റും പയ്യന്റെ നിർത്താതെയുള്ള കരച്ചിലും; നന്ദി പ്രേമ മിസ്സ്

ഒരുപാട് അധ്യാപകരുടെ പേരുകൾ ഓർമയിൽ സൂക്ഷിച്ചിട്ടുണ്ട്. അക്ഷര മുറ്റത്തേക്ക് കൈപിടിച്ചു കയറ്റിയ അങ്കണവാടിയിലെ പദ്മാവതി ടീച്ചറാണ് അധ്യാപികയുടെ  വട്ടക്കണ്ണാടിയുമായി ആദ്യം ഓർമയിലേക്ക് വന്നത്. കരഞ്ഞും പിണങ്ങിയും കയറിച്ചെന്ന വിദ്യാലയത്തിൽ നിറഞ്ഞ ചിരിയുമായി കാത്തു നിന്ന അനുപമ സിസ്റ്ററുടെ മുഖം ഇന്നും ഓർമയിൽ എവിടെയോ ഉണ്ട്. ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും ഇന്നും ഞാൻ ആ മുഖം തേടുന്നുമുണ്ട്. ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം മനസ്സിലുണ്ട്.

 

മറക്കാൻ കഴിയാത്ത ഒരുപാട് അധ്യാപകർ ജീവിതത്തിലുണ്ട്. ജൂനിയർ സ്കൂളിലെ ഗിരിജ ടീച്ചറുടെ വാത്സല്യത്തണലിൽ നിന്ന് കുട്ടി പാവാടയിലേക്ക് മാറിയ കാലം. സെന്റ് തെരേസ് ജീവിതത്തിന്റെ ഒരു വലിയ ഭാഗം കഴിയാറാകുന്നു. കുറുമ്പിന്റെയും കുരുത്തക്കേടിന്റെയും കാലത്ത്  ചേച്ചിമാർ പറഞ്ഞ് പേടിപ്പിക്കുന്ന ഒരു പേരുണ്ട്. ‘ഇന്ദ്രാണി ടീച്ചർ ’.

 

‘കുരുത്തക്കേടൊക്കെ അഞ്ചാം ക്ലാസിൽ എത്തും വരെയേ ഉള്ളൂ. അഞ്ച്‌ എയിൽ ഇന്ദ്രാണി ടീച്ചറാണ്. നല്ല നുള്ള് കിട്ടുമ്പോൾ എല്ലാം ശരിയായിക്കോളും’.  ചേച്ചിമാർ സ്ഥിരം പറഞ്ഞ് ടീച്ചറുടെ നിഴലെങ്ങാനും സ്കൂൾ മുറ്റത്ത് കണ്ടാൽ പോലും ആ വഴിക്ക് പോവാൻ പേടിയായിരുന്നു. അഞ്ചാം ക്ലാസ് വരെ നേരെ കണ്ടിട്ട് പോലുമില്ല. ടീച്ചറിന്റെ കയ്യിലൂടെ ക്ലാസ്സിനു പുറത്തേക്ക് പറന്ന് പോകുന്ന പുസ്തകങ്ങളുടെ കഥ കേട്ടുകേട്ട് നാലാം ക്ലാസ്സിലെ വേനൽ അവധിക്ക് ഞാൻ കണ്ട സ്വപ്നങ്ങളിൽ പലതിലും പല പുസ്തകങ്ങളും പറന്ന് നടന്നിരുന്നു.

 

അഞ്ചാം ക്ലാസെത്തി. കഞ്ഞി പിഴിഞ്ഞ് വടിവൊത്ത കോട്ടൺ സാരിയുടുത്ത് കട്ടിക്കണ്ണട വച്ച് കൈയിലൊരു ഇംഗ്ലിഷ് പുസ്തകവുമായി അന്ന് ടീച്ചർ കയറി വന്നത് അഞ്ചാം ക്ലാസ് എ യിലേക്ക് മാത്രമല്ല എന്റെ ഹൃദയത്തിലേക്ക് കൂടിയാണ്.  ബാലരമയും അമർചിത്രകഥയും നിറഞ്ഞ വീട്ടിലെ വടക്കേ അറയിലേക്ക് ചിൽഡ്രൻസ് ഡൈജസ്റ്റ് കയറി വന്നത് ആ കാലത്താണ്.

 

“ശ്രീരാമ ഭക്ത ഹനുമാനെ പേടി സ്വപ്നം കാണല്ലേ ” എന്ന് തുടങ്ങുന്ന പ്രാർഥനയ്‌ക്കൊപ്പം കിടക്കും മുമ്പ്  ഒരു ഇംഗ്ലിഷ് പ്രാർഥന കൂടി സ്ഥാനം പിടിച്ചത് പിന്നീടാണ്. റീത്താമ്മ ടീച്ചർ മലയാളം കഥയുടെയും കവിതയുടെയും ലോകത്തേക്ക് കൈപിടിച്ചു നടത്തിയപ്പോൾ ഇംഗ്ലിഷ് ഭാഷയെ സ്നേഹിക്കാൻ പഠിപ്പിച്ചത് ഇന്ദ്രാണി ടീച്ചറാണ്. പേടിയോടെയെങ്കിലും ഒരുപാട് സ്നേഹിച്ചിരുന്നു ടീച്ചറിനെയും അവരുടെ ക്ലാസ്സുകളെയും. 

Read Also : കണക്കിന് പാസ്മാർക്ക് മാത്രം; ‘കുഞ്ഞോളേ നീ തോറ്റില്ലല്ലോടീ’ എന്ന് മാഷിന്റെ സന്തോഷം

കുറച്ചേറെ കർക്കശക്കാരി ആയിരുന്നെങ്കിലും എല്ലാവരോടും നല്ല സ്നേഹമായിരുന്നു ടീച്ചറിന്. കോപ്പി എഴുതിയില്ലെങ്കിൽ പുസ്തകങ്ങൾ പറന്നിരുന്നു എന്നത് സത്യമായിരുന്നെങ്കിലും കയ്യക്ഷരം ആണ് നമ്മുടെ വ്യക്തിത്വത്തെ നിർണയിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്. ഇന്നും എന്റെ കയ്യക്ഷരത്തിന്റെ ക്രെഡിറ്റ് ടീച്ചർക്കാണ്. ഞങ്ങൾ ഡിപിഇപി  സിലബസിന്റെ ഗിനിപ്പന്നികൾ ആയിരുന്നതുകൊണ്ട് അഞ്ചിലും ആറിലും ഏഴിലും  ടീച്ചർ ഞങ്ങൾക്കൊപ്പം ക്ലാസ് ടീച്ചർ ആയി കൂടെ വന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത 3 വർഷങ്ങൾ. ഞാൻ എന്ന വ്യക്തി രൂപപ്പെട്ട 3  വർഷങ്ങൾ. എഴുത്തിന്റെ, വായനയുടെ, പുസ്തകങ്ങളുടെ ലോകത്തേക്ക് എന്നെ കൈപിടിച്ച് നടത്തിയ വർഷങ്ങൾ.

 

ഇപ്പോൾ വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു. എന്റെ അച്ഛനെ കാണുമ്പോൾ ഇപ്പോഴും മറക്കാതെ ടീച്ചർ എന്നെ തിരക്കാറുണ്ട് എന്നറിയുമ്പോൾ സന്തോഷം തോന്നാറുണ്ട്.  ഈ വർഷങ്ങൾ എത്ര കുട്ടികൾക്ക് വഴികാട്ടിയായ അധ്യാപികയാണ്. ഇന്നും എന്നെയും ഓർക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു അഭിമാനം തോന്നാറുണ്ട്.  ആ ഓർമകളിൽ സ്ഥാനം പിടിക്കാനായല്ലോ എന്നോർത്ത്.  

 

“ ഹേ ക്യാത്ത് , യുവർ ഹാൻഡ് റൈറ്റിംഗ് ലുക്ക്സ് ലൈക് പ്രിന്റഡ് ”  എന്ന് സായിപ്പ്  കോംപ്ലിമെൻറ് തരുമ്പോൾ എപ്പോഴൊക്കേയൊ പറന്ന് പോയ ചില കോപ്പി പുസ്തകങ്ങളും മെലിഞ്ഞു നീണ്ട കൈകളും ഇളം നിറമുള്ള കോട്ടൺ സാരിയും ഓർമകളിൽ വീണ്ടും വീണ്ടും കയറി വരാറുണ്ട്.

 

Career Gurusmrithi Series - Karthika V.Nair Talks About Her Favorite Teacher

 

പ്രിയ വായനക്കാരേ, അധ്യാപകരെക്കുറിച്ചുള്ള ഉള്ളു തൊടുന്ന അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com