എൽഡിസി: ഏതു ജില്ല തിരഞ്ഞെടുക്കണം? അപേക്ഷയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
Mail This Article
സർക്കാർ വകുപ്പുകളിലെ എൽഡി ക്ലാർക്ക് തസ്തികയിലെ പിഎസ്‌സി പരീക്ഷയ്ക്കുള്ള വിജ്ഞാപനം വന്നു. 10–ാം ക്ലാസ് യോഗ്യതയുള്ള തസ്തികയിലേക്ക് ജനുവരി 3 വരെ അപേക്ഷിക്കാം. പ്രായപരിധി 18-36. വിവിധ വിഭാഗങ്ങൾക്കുള്ള പ്രായപരിധി ഇളവുകൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിലാണു നിയമനം. ഒന്നുകിൽ സ്വന്തം ജില്ലയിൽ അപേക്ഷിക്കാം, അതല്ലെങ്കിൽ മത്സരം കുറവുള്ള (ഉദ്യോഗാർഥികളുടെ എണ്ണം കുറവുള്ള) ജില്ല തിരഞ്ഞെടുക്കാം. സ്വന്തം സമുദായത്തിന് ഏറ്റവും സാധ്യതയുള്ള ജില്ല നോക്കി അപേക്ഷിക്കുന്നതിലും തെറ്റില്ല.
ഓരോ ജില്ലയിലും കഴിഞ്ഞതവണ അപേക്ഷിച്ച ഉദ്യോഗാർഥികളുടെ എണ്ണവും നടന്ന നിയമന ശുപാർശകളുടെ എണ്ണവും ഇതിനായി പരിഗണിക്കാം. പ്രധാന ജില്ലകളിലെല്ലാം ഒന്നര ലക്ഷത്തിലേറെ വീതം അപേക്ഷകരുണ്ടായിരുന്നു. തിരുവനന്തപുരത്ത് 1.98 ലക്ഷം പേരാണ് കഴിഞ്ഞതവണ പരീക്ഷയെഴുതിയത്.
കാസർകോട്, ഇടുക്കി, പത്തനംതിട്ട, വയനാട് തുടങ്ങിയ ജില്ലകളിലായിരുന്നു ഉദ്യോഗാർഥികൾ ഏറ്റവും കുറവ്; ഒരു ലക്ഷത്തിൽ താഴെ. അതേസമയം ഈ ജില്ലകളിൽ നിയമനങ്ങളും വളരെ കുറച്ചേ നടന്നിട്ടുള്ളൂ. വളരെ കുറച്ചു നിയമനങ്ങൾ മാത്രം നടക്കുന്ന ജില്ലയിൽ മത്സരിച്ചിട്ടു വലിയ പ്രയോജനം ഉണ്ടാകണമെന്നില്ല. അതിനാൽ അപേക്ഷിക്കുന്നതിന് മുൻപ് ഓരോ ജില്ലയിലെയും നിയമനനില കൂടി പരിശോധിക്കണം. രണ്ടോ മൂന്നോ ജില്ലകളിൽ ഒരുമിച്ചാകും പരീക്ഷ നടത്തുക. ഓരോ ജില്ലയ്ക്കും വ്യത്യസ്തമായ കട്ട്ഓഫ് മാർക്ക് ആയിരിക്കും. നോർമലൈസേഷൻ, സ്റ്റാൻഡേഡൈസേഷൻ എന്നിവ ഉണ്ടാവുകയുമില്ല. കട്ട്ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി നിയമനം നടത്തും.
അപേക്ഷ: ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ഇവ:
∙ അപേക്ഷകർ പിഎസ്‌സി വെബ്സൈറ്റ് മുഖേന വൺടൈം റജിസ്ട്രേഷൻ പൂർത്തിയാക്കണം. പേരുവിവരങ്ങളും യോഗ്യതയും വിലാസവും രേഖപ്പെടുത്തുക, ഫോട്ടോ അപ്‌ലോഡ് ചെയ്യുക എന്നിവയാണ് വൺടൈം റജിസ്ടേഷന്റെ ഭാഗമായി ചെയ്യാനുള്ളത്.
∙ നേരത്തേ റജിസ്ട്രേഷൻ പൂർത്തിയാക്കിയവരാണെങ്കിൽ പ്രൊഫൈലിലെ ഫോട്ടോയിലുള്ള തീയതി 10 വർഷം മുൻപുള്ളതല്ലെന്ന് ഉറപ്പാക്കണം. പഴയതെങ്കിൽ ആ ഫോട്ടോ മാറ്റുകയും വേണം.
∙ 6 മാസത്തിലേറെയായി പിഎസ്‌സി പരീക്ഷകളൊന്നും എഴുതിയിട്ടില്ലെങ്കിൽ പ്രൊഫൈലിലെ ‘ഡിക്ലറേഷൻ’ എന്ന ഭാഗത്ത് ‘ആഡ് ന്യൂ’ ചേർത്ത് പുതിയ ഡിക്ലറേഷൻ കൊടുക്കേണ്ടിവരും.
∙ മറ്റുള്ളവരെ ഏൽപിക്കാതെ ഉദ്യോഗാർഥികൾ നേരിട്ടു തന്നെ അപേക്ഷിക്കാനും അവസാന തീയതിയായ ജനുവരി 3 വരെ നീട്ടിവയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക.
∙ വിജ്ഞാപനം വന്ന സ്ഥിതിക്ക് എത്രയും വേഗം അപേക്ഷിക്കുക, ഇന്നുതന്നെ പരിശീലനം തുടങ്ങുക. കഴിഞ്ഞ എൽഡിസി മെയിൻ പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കി പഠിച്ചുതുടങ്ങാം.